വിവാദങ്ങളൊഴിഞ്ഞു; കോണ്‍ഗ്രസില്‍ തരൂര്‍ ശക്തനാവുന്നു

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തരൂരിന്റെ വരവ് കോണ്‍ഗ്രസിനകത്തും പുറത്തും പലര്‍ക്കും അത്ര തൃപ്തികരമായിരുന്നില്ല.ഇതിനിടയില്‍ ഐ.പി.എല്‍ ഓഹരിവിവാദം, ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം തുടങ്ങി വിടാതെ പിന്തുടര്‍ന്ന വിവാദങ്ങള്‍ തരൂരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

Update: 2021-08-19 07:53 GMT
വിവാദങ്ങളൊഴിഞ്ഞു; കോണ്‍ഗ്രസില്‍ തരൂര്‍ ശക്തനാവുന്നു
AddThis Website Tools
Advertising

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ പാര്‍ട്ടിക്കകത്തും ദേശീയ രാഷ്ട്രീയത്തിലും ശശി തരൂര്‍ ശക്തനാവുന്നു. ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സുനന്ദയുടെ മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി വിധിച്ചത്. തനിക്കെതിരായ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിട്ടാണ് തരൂര്‍ നിരപരാധിത്വം തെളിയിച്ചിരിക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിലേക്കുള്ള തരൂരിന്റെ വരവ് കോണ്‍ഗ്രസിനകത്തും പുറത്തും പലര്‍ക്കും അത്ര തൃപ്തികരമായിരുന്നില്ല.ഇതിനിടയില്‍ ഐ.പി.എല്‍ ഓഹരിവിവാദം, ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണം തുടങ്ങി വിടാതെ പിന്തുടര്‍ന്ന വിവാദങ്ങള്‍ തരൂരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ഐ.പി.എല്‍ ഓഹരിവിവാദവുമായി ബന്ധപ്പെട്ടാണ് സുനന്ദ പുഷ്‌കറിന്റെ പേര് ആദ്യമായി ഉയര്‍ന്നുവന്നത്. സുനന്ദ തരൂരിന്റെ ബിനാമിയാണെന്നായിരുന്നു ആരോപണം. യു.പി.എ മന്ത്രിസഭയില്‍ തരൂരിന്റെ സ്ഥാനം നഷ്ടപ്പെടുത്തുന്നതിലാണ് ഈ വിവാദങ്ങള്‍ കലാശിച്ചത്.

ഇതിന് പിന്നാലെ 2010 ഓഗസ്റ്റ് 22ന് ഇരുവരും വിവാഹിതരായി. വിവാഹത്തിന് ശേഷവും ഇവര്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. താരപരിവേഷമുള്ള ദമ്പതികളായി ഇവര്‍ നിരന്തരം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 2013 അവസാനത്തോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീണതായി സൂചനകളുണ്ടായത്. പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ ചൊല്ലി പ്രശ്നങ്ങളുണ്ടായി എന്നായിരുന്നു ചില വാര്‍ത്തകള്‍. 2014 ജനുവരി 16ന് മെഹറും സുനന്ദയും ട്വിറ്ററില്‍ പരസ്പരം ഏറ്റുമുട്ടി. തരൂര്‍ സുഹൃത്തുമാത്രമാണെന്ന് മെഹറും തരൂരിനെ തട്ടിയെടുക്കാന്‍ വന്ന ഐ.എസ് ചാരയാണ് മെഹറെന്ന് സുനന്ദയും ആരോപിച്ചു. ട്വിറ്റര്‍ യുദ്ധത്തിന്റെ തൊട്ടടുത്ത ദിവസം തീര്‍ത്തും അപ്രതീക്ഷിതമായി 2014 ജനുവരി 17ന് ലീലാപാലസ് ഹോട്ടലില്‍ സുനന്ദപുഷ്‌ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തി.

സുനന്ദയുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നത് തരൂരിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി. ഉറക്ക ഗുളിക അമിത അളവില്‍ കഴിച്ചതാണ് സുനന്ദയെ മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. അസ്വഭാവിക മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ തരൂര്‍ പ്രതിക്കൂട്ടിലായി. സുനന്ദയുടെ പിതാവും സഹോദരനും മകനും ഉള്‍പ്പടെയുള്ള കുടുംബം തരൂരിനൊപ്പം നിന്നു. എയിംസ് ആശുപത്രിയിലായിരുന്നു സുനന്ദയുടെ പോസ്റ്റ് മോര്‍ട്ടം നടന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തനിക്കുമേല്‍ സമ്മര്‍ദം ഉണ്ടായിരുന്നതായി ആരോപിച്ച് സുനന്ദയെ പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ സുധീര്‍ ഗുപ്ത രംഗത്തെത്തി. സുനന്ദയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ ഉണ്ടായിരുന്നു എന്നാല്‍ അതൊന്നും മരണത്തിന് കാരണമല്ല. പക്ഷെ രണ്ട് പാടുകള്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇഞ്ചെക്ഷന്‍ വെച്ചതിന്റെ പാടും അടിയേറ്റതിന് സമാനമായ പാടിലുമാണ് ഡോക്ടര്‍ക്ക് സംശയം തോന്നിയത്.

ഇതിന് പിന്നാലെ ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യം സ്വാമി തരൂരിനെതിരെ ആരോപണവുമായി രംഗത്തെത്തി. റഷ്യന്‍ നിര്‍മിത വിഷം ഉപയോഗിച്ചതായി സംശയുണ്ടെന്നായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ ആരോപണം. എന്നാല്‍ സുനന്ദയുടെ ആന്തരികാവയവങ്ങള്‍ ലണ്ടനില്‍ പരിശോധനക്കയച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്‌മണ്യം സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളി. ബി.ജെ.പി നേതാക്കളും കേന്ദ്രസര്‍ക്കാരിനെ പിന്തുണക്കുന്ന മാധ്യമങ്ങളും സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ദൂരൂഹത ആരോപിച്ച് പലപ്പോഴും തരൂരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പക്വത കൈവിടാത്ത പ്രതികരണങ്ങളിലൂടെയാണ് തരൂര്‍ എല്ലാ വിമര്‍ശനങ്ങളെയും നേരിട്ടത്. ഒടുവില്‍ ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ച തരൂര്‍ പാര്‍ട്ടിക്കകത്തും പുറത്തും കൂടുതല്‍ ശക്തനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ ശക്തനായൊരു നേതാവില്ലാത്ത പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി രാജിവെച്ച ശേഷം പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്റ് വന്നിട്ടില്ല. സോണിയാ ഗാന്ധിയാണ് ഇപ്പോള്‍ ആക്ടിങ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ 23 നേതാക്കളില്‍ ഒരാളായിരുന്നു തരൂര്‍. അദ്ദേഹത്തിന്റെ പേര് പലപ്പോഴും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നെങ്കിലും സുനന്ദയുടെ മരണത്തിലെ ദുരൂഹതയും കേസും ചൂണ്ടിക്കാട്ടി പാര്‍ട്ടിക്കകത്തുള്ളവര്‍ തന്നെ തള്ളുകയായിരുന്നു. എന്നാല്‍ കുറ്റവിമുക്തനായെത്തുന്ന തരൂര്‍ ഇത്തരം ആരോപണങ്ങള്‍ക്കെല്ലാം അതീതനാണ്. മോദിയെ മുന്‍നിര്‍ത്തി ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളെ മറികടക്കാന്‍ തരൂരിനെപ്പോലെ അന്താരാഷ്ട്ര മുഖമുള്ള ഒരു നേതാവ് അനിവാര്യമാണെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്. അതേസമയം കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം തരൂരിന്റെ പുതിയ നീക്കങ്ങളെ എങ്ങനെ നേരിടുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കെ.സി വേണുഗോപാലാണ് നിലവില്‍ എ.ഐ.സി.സിയുടെ ഓഫീസ് ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അടക്കം പരിപാടികളും പ്രസ്താവനകളും തയ്യാറാക്കുന്നത് അദ്ദേഹമാണ്. തരൂരിനെപ്പോലുള്ള ഒരാള്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ കരുത്തനായി എത്തുന്നത് ഇവര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്നതും പ്രധാനമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News