അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിന്‍റെ ഭാര്യയ്ക്ക് ഇ.ഡിയുടെ സമന്‍സ്
നേരത്തെ വര്‍ഷയുടെ ചില സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു
മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന് ഇ.ഡിയുടെ നോട്ടീസ്. ഭൂമി കുംഭകോണ കേസിലാണ് സമന്‍സ്. ചോദ്യംചെയ്യലിന് എപ്പോള്‍ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.
നേരത്തെ വര്‍ഷയുടെ ചില സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു. വര്‍ഷയുടെയും സഞ്ജയ് റാവത്തിന്‍റെ രണ്ട് അനുയായികളുടെയും ഉള്‍പ്പെടെ 11 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പത്രചൌള്‍ ഭവന നിര്‍മാണ പദ്ധതിയിലെ ക്രമക്കേടുകൾ അനുവദിച്ചതിന് റാവത്ത് കുടുംബത്തിന് ഒരു കോടിയിലധികം രൂപ ലഭിച്ചെന്നാണ് ഇ.ഡിയുടെ ആരോപണം. ചേരിനിര്‍മാര്‍ജനത്തിനായുള്ള ഭവന പദ്ധതിയായിരുന്നു പത്രചൌള്‍.
ആരോപണങ്ങൾ നിഷേധിച്ച സഞ്ജയ് റാവത്ത്, തന്നെ വായുസഞ്ചാരം ഇല്ലാത്ത മുറിയിലാണ് ഇ.ഡി കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇ.ഡി ഇക്കാര്യം നിഷേധിച്ചു. എയർകണ്ടീഷൻ ചെയ്ത മുറിയിലാണ് സഞ്ജയ് റാവത്തിനെ പാർപ്പിച്ചിരിക്കുന്നതെന്ന് ഇ.ഡി പറഞ്ഞു.
സഞ്ജയ് റാവത്ത് രാജ്യസഭാംഗവും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയുമാണ്. ഇ.ഡിയുടെ നടപടി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് റാവത്തും പാർട്ടിയും ആരോപിച്ചു. താന്‍ തല കുനിക്കില്ലെന്നും എന്തു സംഭവിച്ചാലും ശിവസേന വിടില്ലെന്നും സഞ്ജയ് റാവത്ത് അറസ്റ്റിന് മുന്‍പ് വ്യക്തമാക്കിയിരുന്നു.
Summary- Arrested Shiv Sena MP Sanjay Raut's wife Varsha Raut has been summoned by the Enforcement Directorate on money laundering charges in an alleged land scam