ട്വിറ്ററിൽ 'പൊരിഞ്ഞ പോര്'; നടി ഗായത്രി രഘുറാമിനെ സസ്‌പെൻഡ് ചെയ്ത് ബി.ജെ.പി

പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വിശദീകരണം

Update: 2022-11-23 07:53 GMT
Editor : Lissy P | By : Web Desk
ട്വിറ്ററിൽ പൊരിഞ്ഞ പോര്; നടി ഗായത്രി രഘുറാമിനെ  സസ്‌പെൻഡ് ചെയ്ത് ബി.ജെ.പി
AddThis Website Tools
Advertising

ചെന്നൈ: പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നടിയും ബി.ജെ.പി നേതാവുമായ ഗായത്രി രഘുറാമിനെ സസ്പെന്‍ഡ് ചെയ്തു.  പാർട്ടിയുടെ സാംസ്കാരിക വകുപ്പ് അധ്യക്ഷ കൂടിയാണ്  ഗായത്രി രഘുറാം. ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തതെന്ന് പാർട്ടി അധ്യക്ഷൻ അണ്ണാമലൈ അറിയിച്ചു. 

ഗായത്രി രഘുറാമും വ്യവസായ സെല്ലിന്റെ ഉപനേതാവ് എ.സെൽവകുമാറും തമ്മിൽ ട്വിറ്റർ  വാക് പോരുണ്ടായിരുന്നു. ട്വിറ്ററിൽ തന്നെ ആക്രമിക്കുന്ന രീതിയിൽ സെൽവകുമാര് ട്രോളുകൾ ഷെയർ ചെയ്യുന്നതായി ഗായത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പാർട്ടിയുടെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്തതിനാണ് ഗായത്രി രഘുറാമിനെ സസ്പെൻഡ് ചെയ്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ഇന്നലെയാണ് സസ്‌പെൻഡ് ചെയ്തതായി ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ പ്രസ്താവന പുറത്തിറക്കിയത്.

സസ്‌പെൻഷൻ ഉത്തരവിന് മറുപടിയായി ഗായത്രി രഘുറാം ആരുടേയും പേരെടുത്തു പറയാതെ നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. "ആദ്യ ദിവസം മുതൽ അവൻ എപ്പോഴും എന്നെ പുറത്താക്കാൻ ആഗ്രഹിച്ചു. ഞാൻ ശക്തമായി തിരിച്ചുവരും എന്നായിരുന്നു ട്വീറ്റ്. 

'മണ്ടന്മാർക്ക് മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു വിശദീകരണം നൽകേണ്ടതില്ല. അവർ  ശുദ്ധരല്ല. അവർക്ക് വേണമെങ്കിലും എന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കാം. ട്വീറ്റ് ചെയ്യുന്ന  രീതിയിലൂടെ  അവര്‍ സ്വയം  വെളിപ്പെടുകയാണ്'..മറ്റൊരു ട്വീറ്റില്‍ ഗായത്രി വ്യക്തമാക്കി.

മറ്റൊരു നേതാവായ ഒബിസി തലവൻ ട്രിച്ചി സൂര്യയെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.  സംസ്ഥാന ഒബിസി മേധാവി ട്രിച്ചി സൂര്യയും ന്യൂനപക്ഷ മേധാവി ഡെയ്സി ചരണും തമ്മിലുള്ള ഓഡിയോ സംഭാഷണം ചോർന്നതിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ഡെപ്യൂട്ടി ഹെഡ് കനഗസബപതിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായി മറ്റൊരു പ്രസ്താവനയിൽ അണ്ണാമലൈ പറഞ്ഞു. സംഭാഷണം ചോർന്നതിനെ കുറിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് ട്രിച്ചി സൂര്യയെ പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയിട്ടുള്ളത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News