'പണം, സ്വർണം, മദ്യം'; തെലങ്കാനയിൽ റെയ്ഡിൽ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 412.46 കോടിയായി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ സംസ്ഥാനത്ത് വ്യാപക റെയ്ഡ് നടത്തുന്നത്.
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിൽ നടന്ന റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം 400 കോടി കടന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിവരെയുള്ള 24 മണിക്കൂറിനിടെ മാത്രം 16.16 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഒക്ടോബർ ഒമ്പത് മുതൽ പണം, സ്വർണം, മദ്യം തുടങ്ങി 412.46 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ 103 കോടി രൂപ മൂല്യമുള്ള പണവും സ്വർണവുമായിരുന്നു പിടിച്ചെടുത്തത്. ഒക്ടോബർ ഒമ്പതിന് മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പരിശോധന തുടങ്ങിയത്. 24 മണിക്കൂറിനിടെ 5.60 കോടി രൂപയാണ് ക്യാഷായി പിടിച്ചെടുത്തത്. ഇതുവരെ പണമായി മാത്രം പിടിച്ചെടുത്തത് 145.32 കോടി രൂപയാണ്.
ഒക്ടോബർ 30 രാവിലെ ഒമ്പത് മുതൽ 31 രാവിലെ ഒമ്പത് വരെയുള്ള 24 മണിക്കൂറിനിടെ 2.76 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളാണ് പിടിച്ചെടുത്തതെന്ന് ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസ് അറിയിച്ചു.
251 കിലോഗ്രാം സ്വർണം, 1080 കിലോഗ്രാം വെള്ളി, 165 കോടിയുടെ ഡയമണ്ട്, പ്ലാറ്റിനം അടക്കം 165 കോടിയുടെ വിലപിടിപ്പുള്ള വസ്തുക്കളും 39.82 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.