ക്രിമിനൽ നിയമങ്ങളിൽ മാറ്റംവരുത്തിയുള്ള മൂന്ന് ബില്ലുകൾ ഇന്ന് രാജ്യസഭ പരിഗണിക്കും

പാർലമെന്റിലെ സസ്പെൻഷൻ നടപടിക്കെതിരെ ഇൻഡ്യ മുന്നണി ഇന്ന് മാധ്യമങ്ങളെ കാണും.

Update: 2023-12-21 01:23 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: ക്രിമിനൽ നിയമങ്ങളിൽ മാറ്റംവരുത്തിയുള്ള മൂന്ന് ബില്ലുകൾ ഇന്ന് രാജ്യസഭ പരിഗണിക്കും. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷ, ഭാരതീയ സാക്ഷ്യ എന്നീ മൂന്ന് ബില്ലുകൾ ലോക്സഭ ഇന്നലെ പാസാക്കിയിരുന്നു. പാർലമെന്റിലെ സസ്പെൻഷൻ നടപടിക്കെതിരെ ഇൻഡ്യ മുന്നണി ഇന്ന് മാധ്യമങ്ങളെ കാണും.

പ്രതിപക്ഷമില്ലാത്ത സഭയിൽ പ്രധാനപ്പെട്ട എല്ലാ ബില്ലുകളും എത്രയും പെട്ടെന്ന് പാസാക്കിയെടുക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ചൊവ്വാഴ്ചയും ബുധനാഴ്ചയും ആയി നടന്ന ചർച്ചയ്ക്കൊടുവിലാണ് ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധമേതുമില്ലാതെ മൂന്ന് ക്രിമിനൽ നിയമങ്ങളും പൊളിച്ചെഴുതുന്ന ബില്ലുകൾ കേന്ദ്രസർക്കാർ പാസാക്കിയത്. ഈ മൂന്നു ബില്ലുകൾക്കൊപ്പം ടെലി കമ്മ്യൂണിക്കേഷൻ ബില്ലും ഇന്ന് രാജ്യസഭ പരിഗണിക്കും.

അംഗങ്ങളുടെ സസ്പെൻഷൻ നടപടിയിലും പാർലമെന്റിലെ സുരക്ഷാവീഴ്ചയിലും ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാകാതെ വന്നതോടെ സഭ നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇൻഡ്യ മുന്നണി. നാളെ ജന്തർ മന്തറിൽ സമരം നടത്തുന്നതിന് മുന്നോടിയായി ഇന്ന് സഭാ നടപടികൾ ബഹിഷ്കരിച്ച് മാധ്യമങ്ങളെ പ്രതിപക്ഷ എംപിമാർ കാണും. രാവിലെ 11 മണിക്ക് പാർലമെന്റില്‍ നിന്ന് കാൽനടയായി എത്തിയാണ് വിജയ് ചൗക്കിൽ നേതാക്കൾ മാധ്യമങ്ങളെ കാണുക.

പാർലമെന്റ് ശൈത്യകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവും സേവനവും സംബന്ധിച്ച ബില്ലും ഇന്ന് ലോക്സഭ പരിഗണിക്കും. എന്നാൽ ഉപരാഷ്ട്രപതിയെ പ്രതിപക്ഷം അപമാനിച്ചു എന്ന ആരോപണം മുൻനിർത്തിയാകും നിലവിലെ സമ്മർദ്ദത്തെ ബിജെപി ഉൾപ്പെടുന്ന ഭരണപക്ഷം പ്രതിരോധിക്കുക. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News