യു.പി പിടിക്കാന്‍ ഒരുക്കങ്ങളുമായി കോണ്‍ഗ്രസ്; മുഴുവന്‍ സമയ പ്രവര്‍ത്തനത്തിന് 30,000 കേഡര്‍മാര്‍

തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി തുടക്കം കുറിച്ചിട്ടുണ്ട്. കാര്‍ഷിക ലോണ്‍ എഴുതിത്തള്ളല്‍, മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍, യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും അലവന്‍സ്, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന.

Update: 2021-09-16 13:16 GMT
Advertising

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനം ശക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി 30,000 കേഡര്‍മാരെ പാര്‍ട്ടി പരിശീലനം നല്‍കി പുറത്തിറക്കും. ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി 100 ക്യാമ്പുകള്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 30 വരെയാണ് പരിശീലനം. നേരത്തെ 25,000 കേഡര്‍മാര്‍ക്ക് 11 ദിവസം പരിശീലനം നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി തുടക്കം കുറിച്ചിട്ടുണ്ട്. കാര്‍ഷിക ലോണ്‍ എഴുതിത്തള്ളല്‍, മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍, യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും അലവന്‍സ്, സൗജന്യ വൈദ്യുതി തുടങ്ങിയ വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് യു.പിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വിവിധ ജില്ലകളില്‍ നേരിട്ടെത്തി പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം തേടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും പാര്‍ട്ടി നേരത്തെ തന്നെ വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

ഡിസംബറില്‍ പ്രകടന പത്രിക പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ എം.പി പി.എല്‍ പുനിയ, സുപ്രിയ ശ്രിനാതെ, വിവേക് ബന്‍സാല്‍, അമിതാഭ് ദുബെ, പി.സി.സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, നിയമസഭാ കക്ഷി നേതാവ് ആരാധനാ മിശ്ര മോന എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News