മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ട്?, നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി?; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുലിന്റെ പരിഹാസം
ന്യൂഡൽഹി: അദാനിയുടെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന ഹിൻഡൻബെർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി പാർലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെട്ടത് എന്തുകൊണ്ടെന്ന് വ്യക്തമായെന്ന് പരിഹസിച്ച രാഹുൽ നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി? എന്ന ചോദ്യമുയർത്തി സർക്കാറിനെ പ്രതിരോധത്തിലാക്കി.
പുതിയ സാഹചര്യത്തിൽ വിഷയം സുപ്രീംകോടതി സ്വമേധയാ പരിശോധിക്കുമോ എന്നും രാഹുൽ തന്റെ വീഡിയോ സന്ദേശത്തിലൂടെ ചോദിച്ചു. അദാനിയെ നരേന്ദ്ര മോദിയുടെ രാജ്യത്തെ സംവിധാനങ്ങളും വഴിവിട്ട് സഹായിക്കുന്നു എന്ന പ്രചാരണം ശക്തമാക്കാൻ രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് ഹിൻഡൻബെർഗ് ആയുധമാകുകയാണ്.
ഹിൻഡൻബർഗ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ അദാനിക്കെതിരെയടക്കം ജോയിൻറ് പാർലമെൻററി സമിതി (ജെ പി സി) അന്വേഷണം എന്ന ആവശ്യം കോൺഗ്രസും പ്രതിപക്ഷവും ശക്തമാക്കിയിരുന്നു. തൻറെ ഭർത്താവിന് പങ്കാളിത്തമുള്ള മറ്റൊരു കമ്പനിയെ വഴിവിട്ട് സഹായിച്ചു എന്ന തെളിവും ഹിൻഡൻബർഗ് നൽകുന്ന സാഹചര്യത്തിൽ മാധബി ബുച്ചിനെ പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ നിക്ഷേപങ്ങളുടെ എല്ലാ വിവരവും സെബിയെ താൻ അറിയിച്ചതാണെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് ഹിൻഡൻബർഗ് വ്യക്തിഹത്യ നടത്തുകയാണെന്നുമായിരുന്നു മാധബി ബുച്ചിൻറെ പ്രതികരണം. അതേസമയം വിദേശത്തെ ദുരൂഹ കമ്പനികളിൽ എന്തിന് നിക്ഷേപം നടത്തിയെന്ന് മാധബി വിശദീകരിച്ചില്ല.