'ഞാൻ ഡോക്ടറാണ്, എനിക്ക് ഭാര്യയും മകളുമുണ്ട്': വിമാനത്തില്‍ ലൈംഗികാതിക്രമം കയ്യോടെ പിടിച്ചപ്പോള്‍ യുവതിയുടെ കാലുപിടിച്ച് പ്രതി

ആദ്യമായാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും കരിയര്‍ നശിപ്പിക്കരുതെന്നും പരാതി നല്‍‌കരുതെന്നും ഡോക്ടര്‍ യാചിച്ചെന്ന് യുവതി

Update: 2022-06-20 08:43 GMT
Advertising

വിമാനത്തില്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി യാത്രക്കാരി. ജിദ്ദയിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് അതിക്രമം നടന്നതെന്ന് യുവതി ട്വീറ്റ് ചെയ്തു. യുവതി വിമാനക്കമ്പനിക്കും എയർപോർട്ട് പൊലീസിനും പരാതി നൽകുകയും ചെയ്തു.

തഞ്ചാവൂർ സ്വദേശിയായ മധ്യവയസ്കനായ ഡോക്ടര്‍ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. സൗദി അറേബ്യയിലെ ഒരു ആശുപത്രിയിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. ലൈംഗികാതിക്രമത്തിനെതിരെ പ്രതികരിച്ചപ്പോള്‍ ആദ്യമായാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചതെന്നും കരിയര്‍ നശിപ്പിക്കരുതെന്നും പരാതി നല്‍‌കരുതെന്നും ഡോക്ടര്‍ യാചിച്ചെന്ന് യുവതി ട്വീറ്റില്‍ വിശദീകരിച്ചു. പരാതി നല്‍കിയെങ്കിലും രാജ്യത്തിന് പുറത്തുജീവിക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാവാനുള്ള സമയമില്ല. അക്രമി മാപ്പ് പറഞ്ഞതിനാല്‍ താന്‍ പരാതി പിന്‍വലിച്ചെന്നും യുവതി വ്യക്തമാക്കി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കാനാണ് താന്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തുന്നതെന്നും യുവതി വിശദീകരിച്ചു.

യുവതിയുടെ ട്വീറ്റിലെ പ്രസക്ത ഭാഗങ്ങള്‍

ജിദ്ദയിൽ നിന്ന് ചെന്നൈയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു ഞാന്‍. വിൻഡോ സീറ്റിലാണ് ഇരുന്നത്. എന്‍റെ കൂടെ വേറെ ആരും ഉണ്ടായിരുന്നില്ല. അതിനിടെ ശരീരത്തില്‍ എന്തോ ഉരസുന്നതായി തോന്നി. എന്‍റെ സ്കാർഫ് ശരീരത്തില്‍ സ്പര്‍ശിക്കുന്നതാണ് എന്നാണ് ആദ്യം കരുതിയത്. വീണ്ടും അതേ ഉരസൽ അനുഭവപ്പെട്ടു. അനങ്ങാതെ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ നോക്കി. ഒരു കൈപ്പത്തി പിൻവലിയുന്നത് കണ്ടു. വീണ്ടും ഇത് ആവര്‍ത്തിച്ചതോടെ ഞാൻ ദേഷ്യവും ഭയവും കൊണ്ട് വിറച്ചു. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു.

ഞാൻ ഉടനെ എഴുന്നേറ്റ് തൊട്ടുപിന്നിൽ ഇരിക്കുന്ന ആളോട് ചോദിച്ചു. ഉടനെ അയാള്‍ സോറി മാഡം, അറിയാതെ പറ്റിയതാണെന്നു പറഞ്ഞു. പ്രശ്നമാക്കരുതെന്ന് അപേക്ഷിച്ചു.

ഞാന്‍ ഉടനെ തന്നെ വിമാനത്തിലെ ക്രൂവിന് സമീപം കുതിച്ചെത്തി. വനിതാ ജീവനക്കാര്‍ എനിക്ക് വെള്ളം നല്‍‌കി ആശ്വസിപ്പിച്ചു. അതിനുശേഷം ക്രൂവിലെ ഒരംഗം അയാളോട് ചോദിക്കാന്‍ ചെന്നു.

പരാതി നല്‍കണമെന്ന് ഞാന്‍ പറഞ്ഞു. പരാതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പറഞ്ഞ് ക്രൂവിലെ ഒരു പുരുഷ അംഗം എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. എന്നാല്‍ പരാതി നല്‍കുമെന്ന തീരുമാനത്തില്‍ ഞാൻ ഉറച്ചുനിന്നു.

അതിനിടയിൽ ഞാൻ സീറ്റിലേക്ക് തിരിച്ചു ചെന്നപ്പോൾ അക്രമി ആ സീറ്റില്‍ ഉണ്ടായിരുന്നില്ല. ആളെ തിരിച്ചറിയാൻ വനിതാ ജീവനക്കാർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ ആളെ തിരിച്ചറിഞ്ഞു. അയാള്‍ മറ്റൊരു സീറ്റിലേക്ക് മാറി ഇരുന്നിരുന്നു.

ജീവനക്കാർ അയാളുടെ പാസ്‌പോർട്ട് എടുത്തു. വിമാനം ഇറങ്ങിയപ്പോൾ സിആർപിഎഫ് ജവാന്മാരും വിമാനത്താവള ജീവനക്കാരും അക്രമിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നെ അവര്‍ ആശ്വസിപ്പിച്ചു. ഞാൻ പൊലീസിലും പരാതി നൽകണമെന്ന് എല്ലാവരും (പ്രത്യേകിച്ച് വനിതാ ജീവനക്കാർ) നിർബന്ധിച്ചു. എന്നെയും പ്രതിയെയും എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞാന്‍ പരാതി നൽകി. പരാതി നൽകരുതെന്ന് അക്രമി ആ സമയം മുഴുവന്‍ എന്നോട് യാചിച്ചുകൊണ്ടേയിരുന്നു.

"ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു കുറ്റം ചെയ്യുന്നത്. ഞാൻ ഡോക്ടറാണ്. എന്റെ കരിയർ നശിക്കും. എനിക്ക് ഭാര്യയും മകളുമുണ്ട്" എന്നിങ്ങനെ അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു. വിദ്യാസമ്പന്നരായിട്ടും ഇങ്ങനെയൊക്കെ ചെയ്യുന്നവരോട് എനിക്ക് വെറുപ്പാണ്.

തഞ്ചാവൂര്‍ സ്വദേശിയാണ് അയാള്‍. കമ്മ്യൂണിറ്റി ഹെൽത്ത് മെഡിസിനിൽ എംഡിയുണ്ട്. തഞ്ചാവൂർ മെഡിക്കൽ കോളജിൽ പഠിച്ചു. അച്ഛൻ ഡോക്ടറാണ്. സഹോദരൻ ഡോക്ടറാണ്. ജിദ്ദയിൽ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അയാള്‍ ചികിത്സിച്ച സ്ത്രീ രോഗികളോട് എനിക്ക് സഹതാപം തോന്നുന്നു.

ഈ അവസരത്തിൽ സൌദി എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പരാതി നല്‍കാന്‍ സഹായിച്ച പൊലീസിനും നന്ദി പറയുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കാന്‍ എന്‍റെ ഈ അനുഭവം സ്ത്രീകളെ പ്രചോദിപ്പിക്കുമെന്ന് കരുതുന്നു. അക്രമി എന്നോട് മാപ്പ് പറഞ്ഞതിനാല്‍ പരാതി പിൻവലിക്കേണ്ടി വന്നു. അടുത്ത 10 ദിവസത്തേക്ക് വ്യക്തിപരമായ അത്യാവശ്യ കാര്യത്തിനായി ചെന്നൈയിലാണ്. കോടതിയില്‍‌ ഹാജരാകാനുള്ള സമയമില്ല. രാജ്യത്തിന് പുറത്ത് താമസിക്കുന്നവരെ സംബന്ധിച്ച് നിയമപരമായ നടപടി സ്വീകരിക്കുന്നതിലെ തടസ്സം ഇതാണ്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News