മുംബൈയിൽ കനത്തമഴ: കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണ് യുവതി മരിച്ചു
അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്
മുംബൈ: കനത്ത മഴയിൽ മുംബൈയിൽ കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണ് ഒരു സ്ത്രീ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈ ഗ്രാന്റ് റോഡിലായിരുന്നു അപകടം നടന്നത്. നാലുനിലകളുള്ള റുബിനിസ മൻസിൽ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാൽക്കണിയുമാണ് ഇന്ന് രാവിലെ തകർന്നുവീണത്. കെട്ടിടം തകരുമ്പോൾ 35-40 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഡിസാസ്റ്റർ കൺട്രോൾ അറിയിച്ചു.
മുംബൈ അഗ്‌നിശമന സേനയും പൊലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇതിനിടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പരിക്കേറ്റവരെ അടുത്തുള്ള ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും ബിഎംസി ഡിസാസ്റ്റർ കൺട്രോൾ അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ മുംബൈയിലും മുംബൈ മെട്രോപൊളിറ്റൻ മേഖലയിലും കനത്ത മഴയാണ് പെയ്തത്.