ഉമ്മന്‍ചാണ്ടിയുടെ സഹായിക്ക് പണം നല്‍കി; സരിതയുടെ മൊഴി ശരിവെച്ച് ബിജു
സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി ശരിവെച്ച് ബിജു രാധാകൃഷ്ണന്‍.
ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് പണം നല്‍കിയെന്ന് സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്റെ മൊഴി. നേരത്തെ സരിത എസ് നായരും ഇതേ രീതിയില്‍ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ തലസ്ഥാനത്ത് മന്ത്രിമാക്ക് പങ്കാളിത്തമുള്ള പഞ്ചനക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നതായും ബിജു മൊഴി നല്‍കി.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 7 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍ പറയുകയും ഇത് അനുസരിച്ച് തോമസ് കുരുവിളയ്ക്ക് 1.10 കോടി രൂപ ഡല്‍ഹിയില്‍ വെച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വെച്ചും കൈമാറിയെന്നുമാണ് സരിത എസ് നായര്‍ മൊഴി നല്‍കിയിരുന്നത്. ഡല്‍ഹി ചാന്ദിനി ചൌക്കില്‍ നടന്ന ഇടപാട് തന്റെ അറിവോടെയാണ് നടന്നതെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ഇടപാടിനായുള്ള പണം ധീരജ് എന്നയാള്‍ വഴി ഏര്‍പ്പാടാക്കിയതും താനാണ്. പണം കൈമാറിയ വിവരം ടീം സോളാര്‍ ജനറല്‍ മാനേജര്‍ മോഹന്‍ദാസ് മുഖേന സരിത തന്നെ അറിയിക്കുകയും ചെയ്തു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിക്ക് സമീപം പഞ്ചനക്ഷത്ര വേശ്യാലയം പ്രവര്‍ത്തിച്ചിരുന്നുവെന്നും ബിജു മൊഴി നല്‍കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നു. മന്ത്രിമാരായിരുന്ന കെ പി അനില്‍കുമാര്‍, കെ ബി ഗണേഷ്കുമാര്‍, എംഎല്‍എമാരായ ഹൈബി ഈഡന്‍, പിസി വിഷ്ണുനാഥ്, എഡിജിപി എ പദ്മകുമാര്‍ തുടങ്ങിയവരാണ് സംഘാടകര്‍. രാഷ്ട്രീയ, ഉദ്യോഗസ്ഥ, സെക്സ് മാഫിയ സരിത നായരെയും ദുരുപയോഗം ചെയ്തു. സരിതയെ പിന്തുടര്‍ന്ന് ചെന്ന തന്നെ 6 ദിവസം വെള്ളം പോലും തരാതെ ഈ കേന്ദ്രത്തില്‍ പീഡിപ്പിച്ചെന്നും ബിജു പറഞ്ഞു. കെ സി വേണുഗോപാലിന് ടീം സോളാര്‍ കമ്പനിയുമായി വ്യക്തമായ ബന്ധം ഉണ്ടായിരുന്നു. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ് മന്ത്രാലയത്തിന്റെ അംഗീകാരം നേടുന്നതിനടക്കം 35 ലക്ഷം രൂപ കെ സി വേണുഗോപാലിന് കൈമാറിയെന്നും ബിജു മൊഴി നല്‍കി.