സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ നാലുപേരെ കൂടി ഉള്‍പ്പെടുത്തി
രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്...
കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ നാലുപേരെ കൂടി ഉള്‍പ്പെടുത്തി. രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍ എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് സ്‌ക്രീനിംഗ് കമ്മിറ്റി അധ്യക്ഷന്‍.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍, ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അജയ്മാക്കന്‍ എന്നിവരാണ് സമിതിയില്‍ നേരത്തേ ഉള്‍പ്പെടുത്തിയിരുന്നവര്‍. സംസ്ഥാന നേതൃത്വം നല്‍കുന്ന സ്ഥാനാര്‍ത്ഥികളുടെ പാനല്‍ സ്‌ക്രീനിംഗ് കമ്മിറ്റി വിദഗ്ധ പരിശോധനയ്ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കും. അതിനു ശേഷമായിരിക്കും ചുരുക്കിയ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കുക.
സോണിയാഗാന്ധി അധ്യക്ഷയായ തെരഞ്ഞെടുപ്പ് സമിതിയാകും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. കേരളത്തില്‍ നിന്നും പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി മാത്രമാണ് തെരഞ്ഞെടുപ്പ് സമിതിയിലെ സ്ഥിരം അംഗം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും സമിതിയിലെ സ്ഥിരം അംഗമാണ്. കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാന്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.