സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍; രോഗികള്‍ വലഞ്ഞു

Update: 2018-05-29 02:02 GMT
Editor : Sithara
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍; രോഗികള്‍ വലഞ്ഞു
Advertising

മെഡിക്കല്‍ കോളജ് ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുന്നു. ഇന്നലെ രാത്രി വൈകി സമരം പ്രഖ്യാപിച്ചതുകൊണ്ട് മിക്ക രോഗികളും ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ ഇല്ലെന്ന് അറിഞ്ഞത്. ഡോക്ടര്‍മാരുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുമ്പോള്‍ സമരം ശക്തമാക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Full View

അധിക ഡ്യൂട്ടി സമയത്ത് ഹാജരാകാതിരുന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് കെജിഎംഒഎ ഇന്നലെ രാത്ര പെട്ടെന്ന് സമരം പ്രഖ്യാപിച്ചത്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം വൈകിട്ട് വരെ ആക്കിയ തീരുമാനം അംഗീകരിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. ഒപി വിഭാഗം പ്രവര്‍ത്തിക്കില്ലെന്ന് സാധാരണക്കാരായ ജനങ്ങള്‍ അറിയുന്നത് രാവിലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ മാത്രം.

പിജി ഡോക്ടര്‍മാരേയും എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരേയും ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞത് മൂലം ജനങ്ങളുടെ ദുരിതം കുറച്ച് കുറഞ്ഞെങ്കിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തത് മൂലം പല രോഗികളും തിരികെ മടങ്ങി. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ ആശുപത്രിയിലെത്തിയ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലായി. തിരുവനന്തപുരത്ത് ആര്‍ദ്രം മിഷനുമായി ബന്ധപ്പെട്ട് ഡിഎംഒ വിളിച്ച യോഗം ഡോക്ടര്‍മാര്‍ ബഹിഷ്കരിച്ചു.

നാളെ മുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമേ ചികിത്സ നല്‍കൂവെന്ന് വ്യക്തമാക്കിയിട്ടുള്ള ഡോക്ടര്‍മാര്‍ 18 മുതല്‍ കിടത്തി ചികിത്സ നല്‍കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News