ശബരിമല അയ്യപ്പന്റെ ഹരിവരാസനം കീര്‍ത്തനത്തിലെ പിഴവ് തിരുത്തും
ഹരിവരാസനത്തിന്റെ രചന നിര്‍വഹിച്ച കോന്നോത്ത് ജാനകിയമ്മയുടെ ചെറുമകന്‍ കൂടിയായ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ അംഗമായ ഹരിവരാസനം ട്രസ്റ്റാണ് കീര്‍ത്തനം പുനരാവിഷ്‌കരിക്കുന്നതിന്റെ ചിലവ് വഹിക്കുക.
ശബരിമലയില്‍ നടയടപ്പിന് മുമ്പായി ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്ന ഹരിവരാസനം കീര്‍ത്തനത്തിലെ പിഴവുകള്‍ തിരുത്തി പുതിയത് ചിട്ടപ്പെടുത്താന്‍ നടപടി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അംഗമായ ഹരിവരാസനം ട്രസ്റ്റാണ് കീര്‍ത്തനത്തിലെ പിഴവ് തിരുത്തി സമര്‍പ്പിക്കുന്നത്.
ശബരിമല അയ്യപ്പന്റെ ഉറക്ക് പാട്ടായാണ് ഹരിവരാസന കീര്‍ത്തനത്തെ കണക്കാക്കുന്നത്. എന്നാല്‍ ശ്രീകോവിലില്‍ ആലപിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി 1975 ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ സിനിമയിലെ ഗാനമാണ് ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിക്കുന്നത്. വരികള്‍ക്കിടയിലെ സ്വാമി എന്ന പദം ഒഴിവാക്കിയും അരി വിമര്‍ദ്ദനം എന്നത് അരിവിമര്‍ദ്ദനമെന്ന് തെറ്റായിയാണ് ഗാനത്തില്‍ ഉഛരിക്കുന്നത്.
ഹരിവരാസനത്തിന്റെ രചന നിര്‍വഹിച്ച കോന്നോത്ത് ജാനകിയമ്മയുടെ ചെറുമകന്‍ കൂടിയായ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ അംഗമായ ഹരിവരാസനം ട്രസ്റ്റാണ് കീര്‍ത്തനം പുനരാവിഷ്‌കരിക്കുന്നതിന്റെ ചിലവ് വഹിക്കുക. ഗായകന്‍ യേശുദാസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കീര്‍ത്തനം വീണ്ടും ആലപിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ മാസം 30 ന് എറണാകുളത്തെത്തുന്ന യേശുദാസിനെകൊണ്ട് കീര്‍ത്തനം പാടി റെക്കോര്‍ഡ് ചെയ്യാനാണ് ശ്രമം. മകര വിളക്കിന് മുമ്പ് പുതിയ കീര്‍ത്തനം സമര്‍പ്പിക്കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.