ആദിവാസികളുടെ കുടിവെള്ളം തടഞ്ഞു; റിസോര്‍ട്ടുകളുടെ ജലചൂഷണത്തിന് അധികൃതരുടെ ഒത്താശ
കൃഷി ആവശ്യത്തിന് ജലമുപയോഗിക്കരുതെന്ന കലക്ടറുടെ ഉത്തരവിന്‍റെ മറവില്‍ അട്ടപ്പാടിയില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചു.
കൃഷി ആവശ്യത്തിന് ജലമുപയോഗിക്കരുതെന്ന കലക്ടറുടെ ഉത്തരവിന്‍റെ മറവില്‍ അട്ടപ്പാടിയില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചു. കുടിവെള്ളാവശ്യത്തിന് കൂടി ഉപയോഗിക്കുന്ന പട്ടിമാളം ഊരിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. എന്നാല്‍, കാര്‍ഷിക - വാണിജ്യാവശ്യങ്ങള്‍ക്കായി ഭവാനിപ്പുഴയില്‍ നിന്ന് റിസോര്‍ട്ടുകളും വന്‍കിട ഫാമുകളും ജലചൂഷണം തുടരുകയും ചെയ്യുന്നു. മീഡിയവണ്‍ അന്വേഷണം.
കോട്ടത്തറക്കടുത്ത് പട്ടിമാളം ഊരിലെ നൂറ്റമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല. പോഷകാഹാരത്തിനായി ഏര്‍പ്പെടുത്തിയ കമ്യൂണിറ്റി കിച്ചനില്‍ പാചകത്തിനായി ഭവാനിപ്പുഴയില്‍ നിന്ന് കിലോമീറ്ററുകളോളം വെള്ളം ചുമന്നെത്തിക്കണം. കുടിവെള്ളാവശ്യത്തിന് വേണ്ടി കൂടി നിര്‍മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ വൈദ്യുതി കണക്ഷന്‍ പഞ്ചായത്തധികൃതരടെ നിര്‍ദേശപ്രകാരം കെഎസ്ഇബി വിച്ഛേദിച്ചതാണിതിന് കാരണം.
ഭവാനിപ്പുഴയുടെ തീരത്തുള്ള മിക്ക റിസോര്‍ട്ടുകളും കാര്‍ഷികാവശ്യത്തിനായി ജലചൂഷണം ചെയ്യുന്നുണ്ട്. തമിഴ്നാട് സ്വദേശികളുടെ വന്‍കിട ഫാമുകളും സര്‍ക്കാര്‍ ഭൂമിയിലും പുഴ പുറമ്പോക്കിലും പമ്പ് ഹൌസുകള്‍ സ്ഥാപിച്ച് ജലചൂഷണം തുടരുന്നു. എന്നാല്‍ ആദിവാസികളുടെ കൃഷിയും കുടിവെള്ളവും മാത്രമാണ് അധികൃതരുടെ കണ്ണില്‍പെടുന്നുള്ളൂ.