മകനെ ആക്രമിക്കുന്നത് തടഞ്ഞ പിതാവ് മര്‍ദനമേറ്റ് മരിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

വീടിന് മുന്നിൽ മകനെയും സുഹൃത്തിനെയും മർദിക്കുന്നത് കണ്ട് തടയാനെത്തിയ വിമൽ കുമാറിനെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നു.

Update: 2022-08-21 10:07 GMT
Advertising

ആലുവ നീറിക്കോട് സ്വദേശി വിമല്‍ കുമാറിന്റെ മരണത്തില്‍ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. നീറിക്കോട് സ്വദേശികളായ നിധിൻ, തൗഫീഖ് എന്നിവരാണ് പിടിയിലായത്. മകനെ മർദിക്കുന്നത് തടയുന്നതിനിടെയാണ് വിമൽകുമാർ കുഴഞ്ഞുവീണ് മരിച്ചത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതികളെ പിടികൂടിയത്.

ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലംപറമ്പില്‍ വീട്ടില്‍ വിമല്‍ കുമാർ (54 ) ആണ് മരിച്ചത്.  ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീഖുമാണ് വിമല്‍ കുമാരിന്‍റെ മകൻ രോഹിനെ മര്‍ദ്ദിച്ചത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് രോഹിൻ പറയുന്നു.

റോഡിൽ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാൻ പോയ മകനും സുഹൃത്തും ബൈക്ക് യാത്രികരുമായി വാക്കുതർക്കം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു. ബൈക്കിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നിൽ മകനെയും സുഹൃത്തിനെയും മർദിക്കുന്നത് കണ്ട് തടയാനെത്തിയ വിമൽ കുമാറിനെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നു. മകനെ മര്‍ദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാനായി വീട്ടില്‍ നിന്നും ഓടിയെത്തിയതാണ് വിമല്‍. ഇതിനിടെ യുവാക്കൾ വിമലിനെയും മർദ്ദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വിമൽ കുമാറിനെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീറിക്കോട് താന്തോണിപ്പുഴയുടെ തീരത്ത് രാത്രികാലങ്ങളിൽ ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. 



Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News