മുണ്ടക്കൈ ദുരന്തം: ബെയ്‌ലി പാലം നാളെ സജ്ജമാകും; രക്ഷാപ്രവർത്തനം വേഗത്തിലാകും
പുഴയ്ക്ക് കുറുകെ 190 അടി നീളത്തിലാണ് പാലം
കല്പറ്റ: ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം നാളെ രാവിലെ സജ്ജമാകും. പാലത്തിന്റെ പണി നിലവിൽ പുരോഗമിക്കുകയാണ്. 190 അടി നീളത്തിലാണ് പുഴയ്ക്ക് കുറുകെ പാലം പണിയുന്നത്. 10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ച് സൈന്യത്തിന്റെ എഞ്ചിനീയർ വിഭാഗമാണ് പാലം നിർമിക്കുന്നത്. നിലവിൽ പുഴയുടെ പകുതിയോളം ദൂരം പൂർത്തിയാക്കിയ പാലം നാളെ രാവിലെയോടെ തയാറാകുമെന്നാണ് കരുതുന്നത്.
പാലത്തിന്റെ പണി പൂർത്തിയായാൽ ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് എളുപ്പത്തിൽ എത്താനാകും. മുണ്ടക്കൈ ഭാഗത്ത് കുടുങ്ങി കിടക്കുന്നവരെ വേഗത്തിൽ രക്ഷപെടുത്താൻ സാധിക്കും. നിലവിൽ പുഴയുടെ മറുവശത്തുനിന്ന് ലഭിക്കുന്ന മൃതദേഹങ്ങൾ ഉൾപ്പടെ വടം ഉപയോഗിച്ചാണ് ഇപ്പുറത്തെത്തിക്കുന്നത്. ഇവിടെയുണ്ടായിരുന്ന പാലം ഉരുൾപൊട്ടലിൽ ഒലിച്ചുപോയതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയത്.