പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി; നീട്ടിയത് തിങ്കളാഴ്ച വരെ
സി ബി എസ് ഇ സിലബസില്‍ പഠിച്ച രണ്ട് വിദ്യാർഥികൾ ആണ് തിയതി നീട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
എറണാകുളം: പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി തിങ്കളാഴ്ച അഞ്ച് മണിവരെ നീട്ടി. തിയതി നീട്ടണമെന്നാവശ്യപ്പെട്ട് സി ബി എസ് ഇ സിലബസില്‍ പഠിച്ച വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജവിജയരാഘവന്‍റെ ഉത്തരവ്. സിബിഎസ് ഇയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നും ചൂണ്ടികാട്ടിയാണ് ഹരജി നല്‍കിയത്.
എന്നാല്‍ പരീക്ഷാഫലം ഇന്നുച്ചക്ക് പ്രസിദ്ധീകരിച്ചുവെന്ന് സി ബി എസ് ഇ അറിയിച്ചതിനെ തുടര്‍ന്നാണ് അപേക്ഷ സമർപ്പിക്കേണ്ട തിയതി ഹൈക്കോടതി നീട്ടിയത്. നാല് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി ഓൺലൈൻ അപേക്ഷ നൽകുന്നതിനുളള സമയപരിധി ഇന്ന് വരെ നീട്ടിയിരുന്നു. ആദ്യം 18 ആയിരുന്നു അവസാന തീയതി എങ്കിലും പിന്നീട് സമയം നീട്ടുകയായിരുന്നു.