ശ്രുതിയെ വേട്ടയാടി ദുരന്തങ്ങൾ; പ്രതിശ്രുതവരൻ ജെൻസൺ മരിച്ചു
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു
കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങൾ നഷ്ടമായ ചൂരൽമല സ്വദേശിയായ ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരിച്ചു. വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്പലവയൽ ആണ്ടൂർ സ്വദേശിയാണ് ജെൻസൺ.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിന് സമീപത്തായിരുന്നു അപകടം. ജെൻസൺ ആണ് വാഹനമോടിച്ചിരുന്നത്. ശ്രുതിയും കാറിലുണ്ടായിരുന്നു. കാലിനു പരുക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൺ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തലയോട്ടിയുടെ പുറത്തും അകത്തുമായുണ്ടായ അനിയന്ത്രിത രക്തസ്രാവവും മരണത്തിന് കാരണമായി.
ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും ശ്രുതിക്ക് നഷ്ടപ്പെട്ട്പ്പോൾ താങ്ങായി കൂടെയുണ്ടായിരുന്നത് ജെൻസൻ മാത്രമായിരുന്നു.ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് തന്റെ പ്രയപ്പെട്ടവരെ കവർന്നെടുത്ത് ഉരുൾ ഒലിച്ചിറങ്ങിയത്. ഡിസംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനായി കരിതിയിരുന്ന നാലര ലക്ഷം രൂപയും 15 പവനും അടുത്തിടെ പണിപൂർത്തിയാക്കിയ വീടും ഓർമ്മയുടെ മണ്ണടരുകളിലേക്ക് ആഴ്ന്നിറങ്ങി. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണു വാഹനാപകടം. ശ്രുതിയുടെ ബന്ധു ലാവണ്യയ്ക്കും പരുക്കേറ്റിരുന്നു.