'സ്വന്തമായി പാർട്ടിയുണ്ടാക്കാനില്ല, ജനങ്ങൾ പാർട്ടിയായാൽ പിന്നിലുണ്ടാകും': പി.വി അൻവർ
'ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം'
നിലമ്പൂർ: ചന്തക്കുന്നിലെ പൊതുയോഗത്തിൽ സർക്കാരിനും പൊലീസിനുമെതിരായ വിമർശനം തുടർന്ന് പി.വി അൻവർ എംഎൽഎ. താൻ സ്വന്തമായി പാർട്ടിയുണ്ടാക്കാനില്ലെന്നും ജനങ്ങൾ പാർട്ടിയായാൽ കൂടെയുണ്ടാകുമെന്നും അൻവർ പറഞ്ഞു. 'എൻ്റെ കക്കാടംപൊയിലിലെ പാർക്കിൻ്റെ ഫയൽ മുഖ്യമന്ത്രിയുടെ മേശപ്പുറത്താണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പഠനം നടത്തി, പാർക്ക് നിൽക്കുന്നത് ദുരന്ത സാധ്യതയുള്ള പ്രദേശത്തല്ല എന്ന് റിപ്പോർട്ട് നൽകി. അതിനാൽ പാർക്ക് പ്രവർത്തിപ്പിക്കുന്നതിൽ ഒരു തടസവുമില്ല.
പക്ഷേ അവിടെ മതിലുകൾ കെട്ടണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻഐടിയിലെ എൻജിനീയർമാർ നൽകിയ പ്ലാൻ മുഖ്യമന്ത്രിക്ക് നൽകിയിട്ട് ഒരാഴ്ചയായി. ആ ഘട്ടത്തിലാണ് ജനങ്ങൾക്ക് വേണ്ടി ഇക്കാര്യങ്ങൾ ഞാൻ വിളിച്ചുപറയുന്നത്.'- അൻവർ പറഞ്ഞു.
'എവിടെയെങ്കിലും വെടിയേറ്റ് ഞാൻ വീണേക്കാം, ഞാൻ ജയിലിൽ പോയേക്കാം. പക്ഷെ നിങ്ങൾ പിന്തിരിയരുത്. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണമെന്നും യുവാക്കൾ പോരാട്ടം തുടരണ'മെന്നും അൻവർ കൂട്ടിച്ചേർത്തു.