ശ്രീലങ്കൻ പൗരന്‍റെ പുറം പൊള്ളിച്ച കേസ്; കോസ്റ്റ് ഗാർഡിനെതിരെ അന്വേഷണം നടത്താൻ ഉത്തരവ്

കൊച്ചി നാർകോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പൊള്ളലേറ്റ എല്‍.വൈ നന്ദന

Update: 2021-04-25 05:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

മത്സ്യബന്ധന ബോട്ടില്‍ മയക്കുമരുന്ന്‌ കടത്തിയതിന്‌ പിടിയിലായ ശ്രീലങ്കൻ പൗരന്‍റെ പുറം പൊള്ളിച്ച കേസില്‍ കോസ്റ്റ് ഗാർഡിനെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. കൊച്ചി നാർകോട്ടിക് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് പൊള്ളലേറ്റ എല്‍.വൈ നന്ദന. തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ് ഉത്തരവ്. കോസ്റ്റ് ഗാർഡിന്‍റെ പെട്രോളിംഗ് ഡ്യൂട്ടിയിലുള്ള ബോട്ടിൽ ഭക്ഷണം പാകം ചെയ്യുന്ന ചട്ടിയിൽ കിടത്തിയാണ് പ്രതിയുടെ പുറം പൊള്ളിച്ചത്.

തന്നെ ഗുരുതരമായി പൊള്ളലേല്‍പ്പിച്ച വിവരം പ്രതി നേരത്തെ കോടതിയോട് തുറന്നുപറഞ്ഞിരുന്നു. വെള്ളിയാഴ്‌ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജിന്റെ മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കിയപ്പോഴാണ്‌ ശ്രീലങ്കന്‍ പൗരനായ എല്‍.വൈ.നന്ദന തനിക്കുണ്ടായ ധാരുണാനുഭവം തുറന്ന്‌ പറഞ്ഞത്‌. കേസ്‌ പരിഗണിച്ച അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ കെ.ബിജു മേനോന്‍ പ്രെതിയെ ഉടന്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട്‌ നിര്‍ദ്ദേശിച്ചു.

ഉച്ചയ്‌ക്ക്‌ 12.25 ഓടെ പ്രതിയെ കോടതിയില്‍ നേരിട്ട്‌ ഹാജരാക്കി. സിംഹള ഭാഷ മാത്രം സംസാരിക്കാനറിയുന്ന പ്രതി തമിഴും ഇംഗ്ലീഷും അറിയാവുന്ന കൂട്ടുപ്രതി റാനില്‍ ജയന്ത ഫെര്‍ണാടയുടെ സഹായത്തോടെയാണ്‌ കോടതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്‌. തമിഴ്‌ അറിയാവുന്ന അഡ്വ.എസ്‌.ശ്രീലതയും ഇക്കാര്യത്തല്‍ കോടതിയെ സഹായിച്ചു.

അറസ്റ്റ്‌ ചെയ്‌തപ്പോള്‍ കോസ്‌റ്റ്‌ ഗാര്‍ഡിന്റെ പെട്രോളിങ്‌ ബോട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ചുട്ടുപൊള്ളുന്ന ചട്ടിയില്‍ തന്നെ മലര്‍ത്തി കിടത്തുകയായിരുന്നുവെന്നാണ്‌ നന്ദന കോടതിയില്‍ പറഞ്ഞത്‌. പുറം മുഴുവന്‍ പൊള്ളിയതിനാല്‍ ഷര്‍ട്ട്‌ പോലും ഇടാന്‍ കഴിയാത്ത അവസ്ഥയിലാണ്‌. തുടര്‍ന്ന്‌ കോടതി ഇടപെട്ട്‌ പ്രതിയുടെ പുറത്തെ പൊള്ളലിന്‍റെ ഫോട്ടോയും എടുപ്പിച്ചു.സി.ആര്‍.പി.190 പ്രകാരമുള്ള തുടര്‍ നടപടിക്കായി നന്ദനയെ തിരുവനന്തപുരം ചീഫ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു. അതിന്‌ ശേഷം ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ഫോട്ടോഗ്രാഫും കോടതിയില്‍ ഹാജരാക്കണമെന്ന്‌ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജ്‌ നിര്‍ദ്ദേശിച്ചു.

കൊച്ചി നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ആറ്‌ പ്രതികളാണ്‌ ഉള്ളത്‌. ശ്രീലങ്കന്‍ മത്സ്യബന്ധന ബോട്ടില്‍ നിന്ന്‌ എ.കെ.47 തോക്കും വെടിക്കോപ്പുകളും സഹിതം വിഴിഞ്ഞം തുറമുഖത്തുനിന്നാണ ഇവരെ മയക്കുമരുന്നുമായി പിടികൂടിയത്‌.കേസിലെ ഒന്നാം പ്രതിയാണ്‌ നന്ദന. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ഹാജരാക്കുമ്പോള്‍ പ്രതിയുടെ ശരീരം ടൗവലുകൊണ്ട്‌ പുതച്ചിരുന്നു. ഇത്‌ നീക്കിയാണ്‌ തന്‍റെ പുറത്തെ പൊള്ളല്‍ കോടതിയെ കാണിച്ചത്‌.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News