ചോദ്യം ചെയ്യലിനിടെ കെ വിദ്യക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
നാളെ ഉച്ചയോടെ വിദ്യയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
പാലക്കാട്: വ്യാജരേഖാ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള വിദ്യക്ക് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം. തുടർന്ന് ആംബുലൻസിൽ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. നിർജലീകരണം സംഭവിച്ചതാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
വിദ്യക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഗ്ലൂക്കോസ് നൽകി അൽപസമയത്തിനകം ആശുപത്രി വിടാമെന്നും ഡോക്ടർമാർ പറഞ്ഞു. വിശ്രമം ആവശ്യമായ സാഹചര്യത്തിൽ ഇനി ഇന്നത്തേക്ക് ചോദ്യം ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിവരം. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചിട്ടില്ലെന്ന മൊഴിയിൽ ഉറച്ച് നിൽക്കുകയാണ് വിദ്യ.
അതേസമയം, വിദ്യയുടെ ഫോൺ പരിശോധിക്കാൻ സൈബർ വിദഗ്‌ധൻ ഉടൻ അഗളിയിലെത്തും. ഫോണിലെ പല ഇ-മെയിലുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇത് വീണ്ടെടുക്കനാണ് സൈബർ വിദഗ്ധൻ എത്തുന്നത്.
നാളെ ഉച്ചയോടെ വിദ്യയെ വീണ്ടും കോടതിയിൽ ഹാജരാക്കും. വിദ്യയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കാസർകോട് കരിന്തളം കോളജിലെ വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് വിദ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നീലേശ്വരം പൊലീസ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നാളെ കോടതി നിലപാട് അറിയിക്കും.
ഗസ്റ്റ് ലക്ചറർ ജോലി നേടുന്നതിന് വ്യജപ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ കഴിഞ്ഞദിവസം രാത്രിയാണ് വിദ്യയെ കോഴിക്കോട് മേപ്പയ്യൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയ വിദ്യയെ ജൂലൈ ആറ് വരെ റിമാൻഡിൽ വിട്ടിരുന്നു.
ആദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിൽ അയയ്ക്കുകയും ചെയ്തു. കസ്റ്റഡി കാലാവധിക്ക് ശേഷം ശനിയാഴ്ച 2.45ന് കോടതിൽ ഹാജരാകാൻ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കാവ്യാ സോമൻ നിർദേശിച്ചിട്ടുണ്ട്.