പാലക്കാട്ട് കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു
കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചാമത്തെ ആളാണ് കടന്നൽ, തേനീച്ചയുടെ ആക്രമണത്തില്‍ മരിക്കുന്നത്
പാലക്കാട്: കരിമ്പയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ കരിമ്പ സ്വദേശി പി കെ രാജപ്പൻ ആണ് മരിച്ചത്. കൂടിളകിവന്ന കാട്ടുതേനീച്ചക്കൂട്ടം ടാപ്പിംഗ് നടത്തുകയായിരുന്ന തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു.
രാവിലെ 7.30 ഓടെ മരുതുംകാട് തേനമല എസ്റ്റേറ്റിലാണ് കാട്ടുതേനീച്ചയുടെ ആക്രമണം ഉണ്ടായത്. പതിവുപോലെ ടാപ്പിംഗ് ജോലിക്ക് എത്തിയ തൊഴിലാളികളെ കൂടിളകി വന്ന കാട്ടുതേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ രണ്ടു തൊഴിലാളികൾ ചികിത്സയിലാണ്. ജില്ലയിൽ കഴിഞ്ഞ പതിനഞ്ചാം തീയതി കടന്നൽ കുത്തേറ്റ് വൃദ്ധൻ മരിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ അഞ്ചാമത്തെ ആളാണ് കടന്നൽ, തേനീച്ച ആക്രമണങ്ങളിലായി പാലക്കാട് ജില്ലയിൽ മരിക്കുന്നത്.