എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍; രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ സംവിധാനം

Update: 2025-03-23 04:07 GMT
Editor : Lissy P | By : Web Desk
എട്ടാം ക്ലാസില്‍ മിനിമം മാര്‍ക്ക് രീതി ഈ വര്‍ഷം മുതല്‍; രൂപരേഖ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്
AddThis Website Tools
Advertising

തിരുവനന്തപുരം: ഈ വർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കുന്ന മിനിമം മാർക്ക് രീതിയുടെ സമയക്രമവും രൂപരേഖയും പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. മിനിമം മാർക്ക് നേടാൻ കഴിയാത്ത വിദ്യാർഥികളുടെ പട്ടിക ഏപ്രിൽ ആദ്യവാരം തയ്യാറാക്കി അവസാനവാരം വീണ്ടും പരീക്ഷ നടത്തും.പരീക്ഷ മൂല്യനിർണ പ്രവർത്തനങ്ങൾക്ക് വിരമിച്ച അധ്യാപകരുടെ കൂടി സേവനം ഉപയോഗപ്പെടുത്താനും തീരുമാനമായി.

സ്കൂൾ വിദ്യാഭ്യാസത്തിൻറെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സംസ്ഥാനത്ത് മിനിമം മാർക്ക് സംവിധാനം കൊണ്ടുവരുന്നത്. ഇതിന്‍റെ ആദ്യഘട്ടം ഈ വർഷം എട്ടാം ക്ലാസിൽ നടപ്പിലാക്കുകയാണ്. ആകെയുള്ള 50 മാർക്കിൽ 40 മാർക്ക് എഴുത്ത് പരീക്ഷയ്ക്കാണ്.ഇതിൽ 12 മാർക്ക് ലഭിക്കാത്ത വിദ്യാർഥികളുടെ ലിസ്റ്റ് ഏപ്രിൽ 5 ന് മുൻപ് തയ്യാറാക്കും. അതിന് സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗീകാരം നൽകുകയും 6, 7 തീയതികളിൽ അധിക പിന്തുണ ആവശ്യമുള്ള വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി യോഗം സംഘടിപ്പിക്കുകയും ചെയ്യും.

ഏപ്രിൽ 8 മുതൽ 24 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആകും ഈ കുട്ടികൾക്ക് വേണ്ടിയുള്ള അധിക പിന്തുണാ ക്ലാസ്സ് നടത്തുക. രാവിലെ 9.30 മുതൽ 12.30 വരെയാണ് പരിശീലനം നൽകുന്നത്. ശേഷം 27, 28 തീയതികളിൽ ഇവർക്കായി വീണ്ടും പരീക്ഷ നടത്തുകയും നിലവാരം മെച്ചപ്പെട്ടവരെ വിജയിപ്പിക്കുകയും ചെയ്യും. ഇന്നലെ നടന്ന ക്യൂഐപി യോഗത്തിൽ വിഷയം ചർച്ച ചെയ്തു. അധ്യാപക സംഘടനകൾ ഈ തീരുമാനത്തോട് യോജിച്ചു എങ്കിലും അവധിക്കാലത്ത് അധ്യാപകരെ നിർബന്ധിച്ച് ജോലിചെയ്യിക്കാൻ കഴിയില്ല എന്ന് മന്ത്രിയെ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നതിനാൽ അധ്യാപകരെ ലഭിക്കുക ശ്രമകരമായിരിക്കും എന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി വിരമിച്ച അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ബിആര്‍സി ട്രയിനർമാരുടേയും സിആര്‍സി കോർഡിനേറ്റർമാരെയും പരിപാടിയിലേക്ക് ഉൾപ്പെടുത്തും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News