'മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ'; പി.ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കി മകന്‍

എം. സ്വരാജിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വാട്സാപ്പ് സ്റ്റാറ്റസാക്കി

Update: 2025-03-10 06:28 GMT
Editor : Lissy P | By : Web Desk
p jayarajan,jain raj,CPM,KERALA,latest malayalam news,സിപിഎം സംസ്ഥാന സമ്മേളനം, പി ജയരാജന്‍
AddThis Website Tools
Advertising

കണ്ണൂര്‍: പി.ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ അതൃപ്തി പരസ്യമാക്കി മകൻ ജെയ്ൻ രാജ്. എം.സ്വരാജിന്റെ വാചകം വാട്സാപ്പ് സ്റ്റാറ്റസാക്കി. 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ' എന്ന സ്വരാജിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ് പങ്കുവെച്ചത്. പ്രതിഷേധവുമായി നിരവധി പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.

കഴിഞ്ഞ തവണയും ഇടം നേടാനാവാതെ പോയ ജയരാജന്‍ ഇക്കുറി സെക്രട്ടറിയേറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയുണ്ടായ വിവാദങ്ങളും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയുമാണ് ജയരാജന് വിനയായത്.ഒരുകാലത്ത് കണ്ണൂർ സിപിഎമ്മിലെ അവസാന വാക്കായിരുന്നു പി.ജയരാജൻ. വാഴ്ത്തുപാട്ടും വീരാരാധനയും ഒക്കെയായി പി.ജയരാജനെ ഒരു സംഘം കൊണ്ടാടി. ഒടുവിൽ അതുതന്നെ ജയരാജന് വിനയായി. പി.ജയരാജൻ പാർട്ടിക്ക് മേലെ പറക്കുന്നു എന്ന തോന്നൽ ഉണ്ടായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു.

ജില്ലാ സമ്മേളനത്തിൽ ജയരാജനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം ഉയര്‍ന്നു. ജയരാജനെതിരായ പരാതി പാർട്ടി നേതൃത്വം പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിക്കില്ലെന്ന് അന്നേ ഉറപ്പായിരുന്നു. പാർട്ടിയിൽ പി.ജയരാജനേക്കാൾ ജൂനിയറായ എം.വി ജയരാജൻ ഒടുവിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി.ജയരാജൻ തിരിച്ചുവരാനും സാധ്യതയില്ല.

അടുത്ത സമ്മേളനക്കാലം ആകുന്നതോടെ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ പി .ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാകും. ഫലത്തിൽ ഇനി സംസ്ഥാന സെക്രട്ടറിയേറ്റിൽ പി.ജയരാജന് ഇടമില്ലെന്ന് അർത്ഥം. പാർട്ടി തീരുമാനത്തിനെതിരെ ജയരാജൻ പരസ്യ പ്രതിഷേധത്തിന് പുറപ്പെടാൻ സാധ്യത ഒട്ടുമില്ല. എന്നാൽ ജയരാജനെ അനുകൂലിക്കുന്ന റെഡ് ആർമി പോലുള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രതിഷേധം ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തതിലെ വിയോജിപ്പ് അറിയിച്ച് പി.ജയരാജനും മേഴ്സിക്കുട്ടിയമ്മയും നേരത്തെ രംഗത്തെത്തിയിരുന്നു.സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പാനലിനോടാണ് വിയോജിപ്പറിയിച്ചത്.വോട്ടെടുപ്പ് ആവശ്യമില്ല എന്നും വിയോജിപ്പുണ്ടെന്നും പി ജയരാജൻ അറിയിച്ചു. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News