സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭയുടെ ഇടയ ലേഖനം

ജനാധിപത്യ സംവിധാനത്തിൽ ലാറ്റിൻ കത്തോലിക്കർക്ക് അർഹമായ പ്രാധിനിത്യം നൽകുന്നില്ലെന്ന് ഇടയ ലേഖനത്തിൽ പറയുന്നു

Update: 2023-11-03 12:17 GMT
Advertising

കൊച്ചി: സർക്കാരിനെതിരെ ലത്തീൻ സഭയുടെ ഇടയ ലേഖനം. ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതി നിഷേധിക്കപ്പെടുന്നു. ബിഹാറിലെ പോലെ കേരളത്തിലും സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടപ്പാക്കണം. ജനാധിപത്യ സംവിധാനത്തിൽ ലാറ്റിൻ കത്തോലിക്കർക്ക് അർഹമായ പ്രാധിനിത്യം നൽകുന്നില്ലെന്നും ഇടയ ലേഖനത്തിൽ പറയുന്നുണ്ട്.

കത്തോലിക്ക ദിനമായി ഡിസംബർ 3ന് സഭക്ക് കീഴിലെ പള്ളികളിൽ വായിക്കാനുള്ള ഇടയലേഖനത്തിലാണ് സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി സഭ രംഗത്തെത്തിയത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ വെല്ലുവിളി നേരിടുകയാണ് കത്തോലിക്ക സഭ. കോർപ്പറേറ്റ് അനുകൂല വികസനങ്ങൾക്കാണ് സർക്കാർ താത്പര്യം പ്രകടിപ്പിക്കുന്നത്. തീരദേശത്തെ മത്സ്യ തൊഴിലാളികളെ പോലും സംരക്ഷിക്കുന്നതിന് വേണ്ടിയിട്ടുള്ള നിലപാടല്ല സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഇടയ ലേഖനത്തിൽ പറയുന്നു.

ജനാധിപത്യ സംവിധാനങ്ങളിലും ഭരണനിർവഹണ തലത്തിലും മതിയായ പങ്കാളിത്തം ലത്തീൻ സമുദായങ്ങൾക്ക് ലഭിക്കുന്നില്ല. തീരദേശ ജനതയുടെ ഉപജീവന സാധ്യതകൾ നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിനുദാഹരങ്ങളാണ് മുതലപ്പൊഴിയും വിഴിഞ്ഞവുമെല്ലാം. ക്രൈസ്തവരുടെ വിദ്യാഭ്യാസ സാമൂഹിക അവസ്ഥ പഠിച്ച് പരിഹാരം നിർദേശിക്കാൻ നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ട് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്നും പറയുന്നുണ്ട്.

ഇതിനു പുറമെ കേന്ദ്രസർക്കാരിനെതിരെയും ഇടയ ലേഖനത്തിൽ വിമർശനമുണ്ട്. യു.പി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദളിത് പിന്നോക്കകാർ വലിയരീതിയിലുള്ള ആക്രമണം നേരിടുകയാണ്. ഇത് അവസാനിപ്പിക്കുന്നതിനുള്ള നടപടി കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ഭരണഘടന നൽകുന്ന സംരക്ഷണം എല്ലാവർക്കും ഉറപ്പു വരുത്തണമെന്നും ലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News