വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്

വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസിന്‍റെ തിരക്കിട്ട നടപടി

Update: 2022-06-06 02:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ വിജയ് ബാബുവിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് പൊലീസിന്‍റെ തിരക്കിട്ട നടപടി. കേസില്‍ നടൻ സൈജു കുറുപ്പിനെ കൊച്ചി പൊലീസ് ചോദ്യം ചെയ്തു. വിദേശത്ത് ഒളിവിൽ കഴിഞ്ഞ വിജയ് ബാബുവിന് സഹായം ചെയ്തെന്ന സംശയത്തിലാണ് നടപടി. ശനിയാഴ്‌ചയാണ് അന്വേഷണ സംഘം മൊഴി എടുത്തത്.

വിജയ് ബാബുവിനെതിരെ കേസ് വരും മുമ്പാണ് സഹായം ചെയ്തതെന്ന് സൈജു കുറുപ്പ് മൊഴി നല്‍കിയതായാണ് സൂചന. ബലാത്സംഗ പരാതി അറിഞ്ഞില്ലെന്നും ദുബൈയിലേക്ക് പോയപ്പോൾ ക്രെഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൊടുക്കണമെന്ന് കുടുംബം അറിയിച്ചതനുസരിച്ചു ആണ് നൽകിയത് എന്നുമാണ് സൈജു കുറുപ്പിന്‍റെ വിശദീകരണം. കാർഡ് കൊടുത്തതിനു ശേഷമാണ് കേസ് വിവരം മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതെന്നും സൈജു കുറുപ്പ് മൊഴി നല്‍കി.

നിലവിൽ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി നിർദേശം. അന്വേഷണവുമായി വിജയ് ബാബു സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ, ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് നിലവിൽ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ഒരു മാധ്യമങ്ങളിലും പ്രതികരിക്കരുതെന്നും നിർദേശമുണ്ട്.

ഉഭയകക്ഷി സമ്മതപ്രകാരമായിയുന്നു ലൈംഗിക ബന്ധമെന്നും സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിൽ എന്നുമായിരുന്നു വിജയ് ബാബു മൊഴി നൽകിയത്. കൂടാതെ ഒളിവിൽ പോകാൻ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ വിജയ് ബാബു വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News