എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് വൈദികർ
ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ കത്തിനെ മാനിക്കുന്നുവെന്നും വൈദികർ പറഞ്ഞു
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് വൈദികർ. ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ കത്തിനെ മാനിക്കുന്നുവെന്നും വൈദികർ പറഞ്ഞു. ഈസ്റ്ററിന് മുൻപ് കുർബാന നടപ്പാക്കണമെന്നാണ് മാർപാപ്പ എറണാകുളം-അങ്കമാലി അതിരൂപതക്ക് നൽകിയ നിർദേശം.
ഇന്നലെയാണ് മാർപാപ്പയുടെ കത്ത് പുറത്തു വന്നത്. അതിരൂപതയിലെ മേജർ ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്ക് എഴുതിയ കത്തിലാണ് ഏകീകൃത കുർബാന നടപ്പാക്കണമെന്ന കാര്യം ഫ്രാന്‍സിസ് മാർപ്പാപ്പ ഉന്നയിച്ചത്. എന്നാൽ എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങൾ എന്താണെന്ന് മാർപാപ്പക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്ന് അതിരൂപതയിലെ വൈദികർ പറഞ്ഞു. ജനാഭിമുഖ കുർബാന തന്നെ തുടരാനാണ് തീരുമാനം. കുർബാന വിഷയം വീണ്ടും മാർപാപ്പയെ ധരിപ്പിക്കാൻ ആണ് തീരുമാനം.
സിറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് കുർബാന ഏകീകരണത്തിന് പിന്നിൽ ഉള്ളതെന്നും വൈദികർ ആരോപിച്ചു. ഇന്ന് ബിഷപ്പ് ഹൗസിൽ ചേർന്ന വൈദികരുടെ യോഗത്തിൽ ഫാദർ ആന്‍റണി കരിയിൽ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാൻ സാധിച്ചില്ല. അതിനാൽ എന്നാൽ മറ്റൊരു ദിവസം യോഗം ചേർന്ന് ഔദ്യോഗിക തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് വൈദികർ അറിയിച്ചു. അതേസമയം ഏകീകൃത കുർബാന നടപ്പാക്കണമെന്ന സിനഡ് തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സഫാ സംരക്ഷണ സമിതി നടത്തുന്ന നിരാഹാരസമരം തുടരുകയാണ്.