റിയാസ് മൗലവി വധം: വിധി ഇന്ന്

2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ സംഘ്പരിവാർ പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്

Update: 2024-03-07 01:23 GMT
Advertising

കാസർകോട്: പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ ഇന്ന് വിധി പറയും. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറയുന്നത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവിയെ സംഘ്പരിവാർ പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്.

മുഹമ്മദ് റിയാസ് മൗലവിയെ പള്ളിക്ക് അകത്തെ മുറിയിൽ അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.

കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയിൽ സമർപ്പിച്ചത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.

സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്.

കോവിഡ് മൂലവും ജഡ്ജിമാര്‍ സ്ഥലം മാറിപ്പോയത് കാരണവും കേസ് പല തവണ മാറ്റിവെക്കേണ്ടി വന്നു. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയാണ് കെ.കെ. ബാലകൃഷ്ണൻ. ഫെബ്രുവരു 29ന് വിധി പറയേണ്ടിയിരുന്ന കേസ് ജഡ്ജിയുടെ അസൗകര്യം കാരണം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News