പാലക്കാട് ആര്‍.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു
മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
പാലക്കാട്: മേലാമുറിയിൽ ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ആര്‍എസ്എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയില്‍ കയറി വെട്ടുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് എസ്.കെ.എസ് ഓട്ടോഴ്സ് എന്ന സ്ഥാപനത്തിൽ കയറി ആറംഗ സംഘം ശ്രീനിവാസനെ വെട്ടിയത്. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.
ഉപയോഗിച്ച ബൈക്കുകള്‍ വില്‍ക്കുന്ന ഷോറൂം നടത്തുകയായിരുന്നു ശ്രീനിവാസൻ. മൂന്ന് ഇരുചക്ര വാഹനങ്ങളിൽ എത്തിയ ആറു പേരാണ് കൊലപാതകം നടത്തിയത്. പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശ്രീനിവാസന് ജീവനുണ്ടായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.
എഡിജിപി വിജയ് സാഖറെ പാലക്കാടേക്ക്
പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് പിന്നാലെ ജില്ലയില്‍ ക്യാമ്പ് ചെയ്ത സ്ഥിതിഗതികൾ നിയന്ത്രിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പാലക്കാടേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സാഖറെയെ പാലക്കാടേക്ക് അയച്ചത്. ജില്ലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. എറണാകുളം റൂറലിൽ നിന്ന് ഒരു ബറ്റാലിയൻ ഉച്ചക്ക് തന്നെ പാലക്കാട്ടേക്ക് തിരിച്ചു. കൂടാതെ രണ്ട് കമ്പനി സേനയെ കൂടി ജില്ലയിലെ വിവിധയിടങ്ങളില്‍ വിന്യസിച്ചു. ഉത്തര മേഖല ഐജിയുടെ നേതൃത്വത്തിലാണ് സുരക്ഷ വിപുലീകരിച്ചത്. തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന ഇന്‍റലിന്‍ജന്‍സ് മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കി.
ബിജെപിയുടെയും എസ്ഡിപിഐയുടെയും പ്രധാന നേതാക്കളുടെ പട്ടിക തയ്യാറാക്കി പ്രത്യേക സുരക്ഷ ഒരുക്കും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്രകോപന സന്ദേശങ്ങൾക്കെതിരെ പൊലീസ് നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഇത്തരത്തിലുള്ള ഗ്രൂപ്പുകളും ഗ്രൂപ്പ് അഡ്മിൻമാരും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഇന്നലെ കൊലപാതകം ഉണ്ടായിട്ടും കാര്യമായ സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ജനങ്ങളുടെ ജീവന് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
പാലക്കാട് നിരോധാനാജ്ഞ
പാലക്കാട് ജില്ലയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 20ആം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.