സ്‌കൂളുകളും കോളേജുകളും തുറക്കുന്നു; ഞായറാഴ്ച നിയന്ത്രണം തുടരും, ആരാധനയ്ക്ക് അനുമതി

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്

Update: 2022-02-04 10:41 GMT
Advertising

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരി 21ന് സ്‌കൂളുകൾ അടച്ചത്. അതേസമയം, ഞായറാഴ്ചത്തെ ലോക്ഡൗണിന് സമാനമായ നിയന്ത്രണം തുടരാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനം. എന്നാല്‍, ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്‌. ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ ഇളവ് അനുവദിച്ചത്.

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ 14 മുതല്‍ ആരംഭിക്കും. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും ഏഴിന് ആരംഭിക്കും. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.

ഞായറാഴ്ചകളിൽ ആരാധനാലയങ്ങളിൽ 20 പേർക്ക് പ്രവേശനം അനുവദിക്കും. ഇത്തവണ ആറ്റുകാൽ പൊങ്കാല നടത്തേണ്ടെന്നും കോവിഡ് അവലോകനയോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട 'സി' കാറ്റഗറിയില്‍ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയില്‍ 10 ജില്ലകളുണ്ട്. എ കാറ്റഗറിയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. കാസര്‍കോട് ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News