മോശം പ്രകടനം; തകര്‍ന്നടിഞ്ഞ് സഞ്ജുവിന്‍റെ ലോകകപ്പ് സ്വപ്നങ്ങള്‍

26 വയസ് മാത്രമാണ് സഞ്ജുവിന്റെ പ്രായം ഇനിയും അതുകൊണ്ടു തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം തിരുവന്തപുരം പുല്ലുവിള സ്വദേശി ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സിയണിയുമെന്ന്, നമ്മുക്ക് ആ സ്വപ്‌നം അങ്ങനെയെങ്ങ് മടക്കിവെക്കേണ്ട''

Update: 2021-07-30 11:09 GMT
Editor : Nidhin | By : Web Desk
Advertising

' ഏതൊരു മനുഷ്യനും നായകനാകാൻ ഒരവസരം ലഭിക്കാറുണ്ട് അതായിരുന്നു സഞ്ജുവിന് ഈ പര്യടനത്തിൽ ലഭിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ പര്യടനത്തിൽ സഞ്ജുവിന് മുന്നിൽ തുറന്നിട്ടത് ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി-20 ലോകകപ്പ് ജേഴ്‌സിയണിയാനുള്ള അവസരമായിരുന്നു. സഞ്ജുവിനെ പോലെ തന്നെ നിരവധി മലയാളികളും ആ സ്വപ്‌നം മനസിൽ കണ്ടിരുന്നു. പക്ഷേ ഏകദിന പരമ്പരയിൽ കിട്ടിയ അവസരത്തിൽ ഒന്ന് മിന്നിക്കത്തിയെങ്കിലും പരമ്പരയിൽ സഞ്ജുവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ടീമിലെ എട്ട് താരങ്ങൾ മടങ്ങിയതോടെ പ്രതിസന്ധിയിലായ ഇന്ത്യൻ ടീമിൽ ധവാൻ കഴിഞ്ഞാൽ ഏറ്റവും പരിചയസമ്പന്നരായ ബാറ്റ്‌സ്മാരിലൊരാളാണ് സഞ്ജു. 'ഇതുപോലെയുള്ള പ്രതിസന്ധിഘട്ടങ്ങളിൽ യത്ഥാർഥ നായകൻമാർ' ഉണ്ടാകുമെന്ന് കരുതിയ ക്രിക്കറ്റ് ആരാധകർ സഞ്ജുവിൽ അത്തരമൊരു നായകനെ കണ്ടിരുന്നു എന്നതാണ് വാസ്തവം. സഞ്ജുവിനെ ആദ്യ ഏകദിനത്തിൽ ടീമിൽ ഉൾപ്പെടാതെയിരുന്നപ്പോൾ ഇന്ത്യ മുഴുവനുണ്ടായ പ്രതിഷേധം ആ പ്രതീക്ഷയുടെ തെളിവാണ്.

ശ്രീലങ്കയുമായുള്ള ട്വന്റി-20 പരമ്പരയിൽ 3 മത്സരങ്ങളിൽ നിന്നായി 11.33 ആവറേജിൽ 34 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. രണ്ട് ഫോറും ഒരു സിക്‌സുമടങ്ങിയ ആ ഇന്നിങ്‌സിൽ അവസാനമത്സരത്തിൽ റൺസൊന്നും നേടാതെയാണ് സഞ്ജു മടങ്ങിയത്. 94.44 ആണ് സഞ്ജുവിന്റെ പര്യടനത്തിലെ സ്‌ട്രൈക്ക് റേറ്റ്.

ട്വന്റി-20 പരമ്പരയിൽ രണ്ട് പ്രാവശ്യവും ലെഗ് സിപിന്നറായ വനിന്ദു ഹസരങ്കയാണ് സഞ്ജുവിന് തലവേദന സൃഷ്ടിച്ചത്. ഹസരങ്കയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയായിരുന്നു രണ്ടു പ്രാവശ്യവും സഞ്ജുവിന്റെ മടക്കം.

സഞ്ജുവിന്റെ കഴിവിൽ ആരും സംശയം പ്രകടിപ്പിക്കുന്നില്ലെങ്കിലും സഞ്ജുവിന്റെ സ്ഥിരതയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. സഞ്ജു ഇതുവരെ 10 ട്വന്റി-20 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. ഒരു ഏകദിനവും. 2015 ൽ അരങ്ങേറിയിട്ടും ഇന്ത്യയ്ക്ക് വേണ്ടി വെറും 11 മത്സരങ്ങളിൽ മാത്രം സഞ്ജുവിന് കളിക്കാനായതിൽ പ്രധാനകാരണം ഈ സ്ഥിരതയില്ലായ്മയാണ്. 10 മത്സരങ്ങളിൽ നിന്ന് 117 റൺസ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. 19,6,8,2,23,15,10,27,7,0 എന്നിങ്ങനെയാണ് കഴിഞ്ഞ 10 മത്സരങ്ങളിൽ സഞ്ജു നേടിയത്. മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ പറഞ്ഞത് ഇങ്ങനെയാണ് '' സഞ്ജു പലപ്പോഴും ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടാത്തതിന് കാരണം ഇതാണ്; അവൻ ഒരു മത്സരത്തിൽ നന്നായി റൺസെടുക്കും പക്ഷേ അടുത്തമത്സരങ്ങളിൽ ആ ഫോം നിലനിർത്താൻ സഞ്ജുവിന് കഴിയാറില്ല എന്നതാണ് ''.

സഞ്ജുവിന് ഏറ്റവും കൂടുതൽ തവണ പുറത്തായിട്ടുള്ളത് 20 റൺസിനും 30 റൺസിനും ഇടയിലാണ്. ഐപിഎല്ലിൽ 27 പ്രാവശ്യമാണ് സഞ്ജു 20നും 30റൺസിനും ഇടയിൽ സഞ്ജു പുറത്തായത്.

സഞ്ജുവിനെ പ്രകടനത്തെകുറിച്ച് ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യയുടെ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് പറഞ്ഞതിങ്ങനെ

'' സഞ്ജുവിന് ബാറ്റ് ചെയ്യാൻ അത്ര എളുപ്പമുള്ള സാഹചര്യമല്ല ശ്രീലങ്കയിൽ ഉണ്ടായിരുന്നത്. ഏകദിനത്തിൽ അവസരം കിട്ടിയപ്പോ അവൻ നന്നായി കളിച്ചു. ആദ്യ ട്വന്റി-20യിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായി. പക്ഷേ അവസാന രണ്ട് മത്സരങ്ങളിലും സഞ്ജു പരാജയപ്പെട്ടു. കളിക്കുവാൻ ബുദ്ധിമുട്ട് നിറഞ്ഞ പിച്ചായിരുന്നു എങ്കിലും, ഈ പരമ്പരയിലെ തന്റെ പ്രകടനത്തെക്കുറിച്ചോർത്ത് തീർച്ചയായും സഞ്ജുവിന് നിരാശ തോന്നും''.

എന്നിരുന്നാലും സെപ്റ്റംബറിൽ പുനരാംരഭിക്കുന്ന ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജുവിന് ഒരിക്കൽകൂടി തന്റെ കഴിവുകൾ കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരമാണ്. 26 വയസ് മാത്രമാണ് സഞ്ജുവിന്റെ പ്രായം ഇനിയും അതുകൊണ്ടു തന്നെ നമ്മുക്ക് പ്രതീക്ഷിക്കാം തിരുവന്തപുരം പുല്ലുവിള സ്വദേശി ലോകകപ്പിൽ ഇന്ത്യൻ ജേഴ്‌സിയണിയുമെന്ന്, നമ്മുക്ക് ആ സ്വപ്‌നം അങ്ങനെയെങ്ങ് മടക്കിവെക്കേണ്ട''

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News