സാബു എം ജേക്കബിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പി.വി ശ്രീനിജൻ എംഎൽഎ

കിറ്റെക്‌സിലെ പരിശോധനകളെ ചൊല്ലി സാബു എം ജേക്കബും ശ്രീനിജനും തമ്മിൽ പലവട്ടം വാക്‌പോര് നടത്തിയിരുന്നു. പരിശോധനകൾക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ ആണെന്നും ശ്രീനിജൻ ട്വന്റി 20യെ തകർക്കാൻ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവർത്തിച്ചു.

Update: 2022-05-16 10:07 GMT
Advertising

കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബിനെ പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജൻ പിൻവലിച്ചു. ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമെന്നും ഒരാൾക്ക് കൊടുക്കാനാണെന്നും പറഞ്ഞിട്ട പോസ്റ്റാണ് പിൻവലിച്ചത്. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശ്രീനിജൻ എഫ്ബി പോസ്റ്റ് പിൻവലിച്ചത്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ ട്വന്റി 20 യോട് വോട്ട് തേടും മുന്നേ പി.വി.ശ്രീനിജൻ ഉൾപ്പെടെയുള്ളവർ മാപ്പു പറയണമെന്ന് സാബു എം.ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ഇതിനോടാണ് ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമെന്ന് ആവശ്യപ്പെട്ട് ശ്രീനിജൻ സാമൂഹിക മാധ്യമം വഴി പരിഹസിച്ചത്.

കിറ്റെക്‌സിലെ പരിശോധനകളെ ചൊല്ലി സാബു എം ജേക്കബും ശ്രീനിജനും തമ്മിൽ പലവട്ടം വാക്‌പോര് നടത്തിയിരുന്നു. പരിശോധനകൾക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ ആണെന്നും ശ്രീനിജൻ ട്വന്റി 20യെ തകർക്കാൻ ശ്രമിക്കുകയാണെന്നും സാബു പലകുറി ആവർത്തിച്ചു. ഈ ആരോപണങ്ങൾക്കെല്ലാം പി.വി.ശ്രീനിജൻ മറുപടിയും നൽകി. പലപ്പോഴും സിപിഎം പിന്തുണയും ശ്രീനിജന് ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി തൃക്കാക്കര പിടിക്കാൻ കൈമെയ് മറന്ന് രംഗത്തുള്ള സിപിഎം ട്വന്റി20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

അതേസമയം ട്വന്റി 20 പിന്തുണ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. ട്വന്റി 20ക്ക് ഒരിക്കലും ഇടതിനോട് ചേരാനാവില്ലെന്ന് സുധാകരൻ പറഞ്ഞു. തൃക്കാക്കരയിൽ യുഡിഎഫ് വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ പി.ടി തോമസ് നേടിയതിനെക്കാൾ കൂടുതൽ വോട്ടുകൾ നേടി ഉമ തോമസ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News