സർക്കാർ കോളേജുകളിൽ 36 പ്രിൻസിപ്പൽമാർക്ക് താൽകാലിക നിയമനം

വിരമിച്ച അഞ്ചുപേരും നിയമനം വേണ്ട എന്ന് ആവശ്യപ്പെട്ട രണ്ടുപേരും ഒഴികെയുള്ളവർക്കാണ് നിയമനം നൽകിയത്

Update: 2023-08-23 15:10 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: സർക്കാർ കോളേജുകളിൽ 36 പ്രിൻസിപ്പാൾമാർക്ക് താൽക്കാലിക നിയമനം നൽകി. വിരമിച്ച അഞ്ചുപേരും നിയമനം വേണ്ട എന്ന് ആവശ്യപ്പെട്ട രണ്ടുപേരും ഒഴികെയുള്ളവർക്കാണ് നിയമനം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.

നാളേയ്ക്കകം നിയമനം ഉറപ്പാക്കണമെന്ന് സർക്കാറിന് ട്രൈബ്യൂണലിന്‍റെ കർശന നിർദ്ദേശം ഉണ്ടായിരുന്നു. സ്ഥിരം പ്രിൻസിപ്പാൾ നിയമനത്തിന് നടപടിക്രമങ്ങൾ എത്രയും വേഗം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

ഈ മാസം മൂന്നാം തിയതിയാണ് 43 അംഗ പട്ടികയിൽ നിന്നും താൽക്കാലിക നിയമനം നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. പിറ്റേന്ന് തന്നെ നിയമനം നടത്തുമെന്ന ഉറപ്പ് ഉന്നതവിദ്യാഭ്യാസ മന്ത്രിയും നൽകി. എന്നാൽ നിയമനത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണ് ഇപ്പോൾ സർക്കാരിന്‍റെ നിലപാട്. 43 അംഗ പട്ടികയിൽ 5 അധ്യാപകർ വിരമിച്ചവരാണ്. ഇവരുടെ നിയമനം സംബന്ധിച്ച കാര്യത്തിൽ എങ്ങനെ മുന്നോട്ടു പോകണം എന്ന് ആരാഞ്ഞ് സർക്കാർ ട്രൈബ്യൂണലിനെ സമീപിച്ചു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത്.

പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ നിയമനം നടത്തിയാൽ അത് ചട്ടലംഘനമാകുമോ എന്നാണ് സർക്കാരിന്‍റെ ചോദ്യം. രണ്ട് കത്തുകൾക്കും മറുപടി ലഭിച്ചതിനുശേഷം നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കൂടുതൽ പ്രതിസന്ധി ഒഴിവാക്കാനാണ് ഇടപെടലെന്നും വിശദീകരണമുണ്ട്. എന്നാൽ നിയമനം മനഃപൂര്‍വം വൈകിപ്പിക്കാനാണ് സർക്കാർ നീക്കം എന്ന് അധ്യാപകർ കുറ്റപ്പെടുത്തിയിരുന്നു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News