അനുമതി കിട്ടിയാലും തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തിയറ്റുകള്‍ തുറക്കില്ലെന്ന് ലിബര്‍ട്ടി ബഷീര്‍
സര്‍ക്കാര്‍ അനുമതി നല്‍കിയാലും തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് ഉടമകള്‍ വ്യക്തമാക്കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ തിയറ്റുകള്‍ തുറക്കില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. ഫിക്സഡ് ചാര്‍ജ്, അറ്റകുറ്റപ്പണിക്ക് സഹായം എന്നിവയാണ് ആവശ്യം.
ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതടക്കം കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും. കടകളുടെ പ്രവൃത്തി സമയം വര്‍ധിപ്പിക്കുന്നതും വാക്സിന്‍ വേഗത്തില്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതും യോഗം പരിഗണിച്ചേക്കും.
കോവിഡ് രോഗതീവ്രത കുറഞ്ഞ് വരുന്നുവെന്ന് വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നത്. തിയറ്ററുകള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണ്. തിയറ്റര്‍ തുറക്കാന്‍ അനുകൂലമായ സാഹചര്യമാണെന്ന് സിനിമാമന്ത്രി കഴിഞ്ഞ ദിവസം പറയുകയുണ്ടായി.