കുട്ടനാട്ടിലെ പ്രളയബാധിത മേഖല പിണറായി സന്ദര്‍ശിക്കില്ല
കുട്ടനാടിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവലോകന യോഗത്തില്‍ തീരുമാനിക്കും. യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കുട്ടനാട്ടിലെ പ്രളയബാധിത മേഖല മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കില്ല. ആലപ്പുഴയില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. രാവിലെ 10ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി 12 ന് തിരുവനന്തപുരത്തേക്ക് മടങ്ങും. കുട്ടനാടിന് പ്രത്യേക ദുരിതാശ്വാസ പാക്കേജ് അനുവദിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അവലോകന യോഗത്തില്‍ തീരുമാനിക്കും. യോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
കുട്ടനാട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്ക ദുരിതം ആരംഭിച്ച് മൂന്നാഴ്ചയിലധികം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെത്തുന്നത്. വണ്ടാനം മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന അവലോകന യോഗത്തില്‍ ജില്ലയിലെ മന്ത്രിമാരും എം.എല്‍.എമാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ദുരിതാശ്വാസ പാക്കേജ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാവുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നേരത്തെ അറിയിച്ചിരുന്നു. ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതിനെതിരെ കോണ്‍ഗ്രസും ബി.ജെ.പിയുമടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ അവലോകന യോഗത്തിനായി ജില്ലയില്‍ എത്തുമ്പോഴും ക്യാമ്പ് സന്ദര്‍ശനം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.