ലക്ഷണമൊത്ത നോവല്‍ എഴുതാന്‍ ചാറ്റ് ജി.പി.ടിക്ക് കഴിയേണ്ടതാണ് - അജയ് പി. മങ്ങാട്ട്
യന്ത്രങ്ങള്‍ മനുഷ്യന്റെ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കി വെച്ചതായതുകൊണ്ട് യന്ത്രങ്ങള്‍ക്ക് സര്‍ഗാത്മക രചന നടത്താനുള്ള അവസരം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. കോഴിക്കോട് വെച്ച് നടന്ന മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ 'മലയാള നോവല്‍ പുതിയ ഭാവനാഭൂപടങ്ങള്‍' എന്ന തലക്കെട്ടില്‍ നടന്ന ചര്‍ച്ചയില്‍ അജയ് പി. മങ്ങാട്ട് സംസാരിച്ചതിന്റെ സംക്ഷിപ്ത രൂപം. റിപ്പോര്‍ട്ട്: മുഹമ്മദ് നിഷാദ്
ശംസുദ്ദീന്‍ മുബാറക് (മോഡറേറ്റര്‍) : രണ്ടായിരത്തിനു ശേഷം നോവലില്‍ മാത്രമല്ല, മലയാളിയുടെ സാമൂഹിക ജീവിതത്തിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുള്ള കാലമാണ്. സാങ്കേതികവിദ്യയുടെ വരവോടുകൂടി ആഗോള മലയാളി എന്ന രീതിയിലേക്ക് മലയാളി മാറിയിട്ടുണ്ട്. പല രാജ്യങ്ങളില്‍ ജീവിക്കുന്നു. ജോലി ചെയ്യുന്നു. പല സാഹിത്യങ്ങളും വായിക്കാന്‍ പറ്റുന്നു. പല ഭക്ഷണ ശീലങ്ങള്‍, അങ്ങനെ പലതരത്തിലും ആഗോള മലയാളി എന്ന രീതിയില്‍ മലയാളി മാറിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചില നോവലിനെക്കുറിച്ച് നിരൂപകരൊക്കെ മലയാള നോവലില്‍ മലയാളിത്തം നഷ്ടപ്പെടുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളുന്നയിക്കാറുണ്ട്. അതില്‍ ഏറ്റവും പഴി കേട്ടത് കെ.ആര്‍ മീരയാണ്. ആരാച്ചാറില്‍ മലയാളിത്തമില്ല എന്ന് പറയുന്ന വിമര്‍ശനമുണ്ടായിരുന്നു. ഈ വിമര്‍ശനത്തില്‍ നിന്ന് ഒഴിഞ്ഞിരുന്ന ആളല്ല അജയ് പി. മങ്ങാട്ട്. അദ്ദേഹത്തിന്റെ 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവലില്‍ പല തരത്തില്‍ മലയാളികളായ കഥാപാത്രങ്ങള്‍ വരുന്നുണ്ട്, എഴുത്തുകാര്‍ വരുന്നുണ്ട്. എങ്കില്‍ പോലും ഒരു മലയാളിത്തമില്ല എന്ന വിമര്‍ശനം ആ നോവലിനും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയൊരു ആഗോള മലയാളി എന്ന രീതിയിലേക്ക് മലയാളിയുടെ ഭാവുകത്വവും വായനയും ജീവിതവും തന്നെ മാറുമ്പോള്‍, ഒരു മലയാളിത്തം എന്ന തരത്തിലേക്ക് നമ്മളതിനെ ചുരുക്കി കാണേണ്ട ആവശ്യമുണ്ടോ?
ഈ ചോദ്യത്തില്‍ രണ്ട് കാര്യങ്ങളാണ്: ഒന്ന്, ആഗോള സ്വതം. പിന്നൊന്നുള്ളത്, മലയാളിത്തം. ചില ആശയങ്ങള്‍ക്ക് കുറച്ചു കഴിയുമ്പോള്‍ അതിന്റെ സ്വഭാവത്തിലൊരു വ്യത്യാസം വരും. നിലവില്‍ ആഗോളവത്കരണം എന്നുള്ളതിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന ഒരാള്‍ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആണ്. അദ്ദേഹം മാത്രമല്ല, ലോകത്തെ ഏകദേശം എല്ലാ ഫാഷിസ്റ്റ് ഭരണകൂടത്തിലുള്ള ആളുകളും ആഗോളവത്കരണത്തിന് എതിരാണ്. 'അമേരിക്ക ഫസ്റ്റ്' എന്നുള്ളതാണ് ട്രംപിന്റെ ഒരു പ്രധാന മുദ്രാവാക്യം തന്നെ. ആഗോളവത്കരണത്തിന്റെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍ മാര്‍ക്കറ്റ് ഓപ്പണ്‍ ആയതോടു കൂടി പോരാടാന്‍ എല്ലാവര്‍ക്കും തുല്യ അവസരം തന്നു തുടങ്ങി എന്നതാണ്. ആദ്യകാലത്ത് ഒരു പാശ്ചാത്യ മേധാവിത്വം ഉണ്ടായിരുന്നെങ്കിലും ചൈന പോലെയുള്ള രാജ്യങ്ങള്‍ അമേരിക്കയടക്കം വരുന്ന രാജ്യങ്ങളുടെ മാര്‍ക്കറ്റ് പിടിച്ചടക്കി കഴിഞ്ഞപ്പോള്‍ ആഗോളവത്കരണത്തിന് അതിന്റെ വക്താക്കള്‍ കൊടുത്ത പുരോഗമന സ്വഭാവം ഇല്ലാതാവുകയും അത് തിരസ്‌കരിക്കപ്പെടേണ്ട ഒരാശയമായി മാറുകയും ചെയ്തു. ആഗോളവത്കരണം എന്ന ഒരു ആശയത്തിന്റെ വശം അതാണ്.
സാഹിത്യത്തിലേക്ക് വരുമ്പോള്‍, വാണിജ്യ നാഗരികത എന്നതാണ് സാഹിത്യത്തിന്റെ ഏറ്റവും വലിയ ഒരു ഊര്‍ജ്ജം എന്ന് പറയുന്നത്. ഉദാഹരണം പറഞ്ഞാല്‍, മധ്യകാലത്തെ വാണിജ്യ നാഗരികതയുടെ കേന്ദ്രം എന്ന് പറയുന്ന നഗരങ്ങളാണ് ബാഗ്ദാദ്, അലക്‌സാന്‍ഡ്രിയ തുടങ്ങിയവയൊക്കെ. മധ്യകാലത്ത് വാണിജ്യ നാഗരികതയുടെ കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളാണവ. അവിടേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കച്ചവടത്തിനായും മറ്റും വന്ന ആളുകള്‍ കൊണ്ടുവന്ന അനുഭൂതികളും, ആശയങ്ങളും, സ്വപ്നങ്ങളും സമാഹരിച്ചാണ് നമ്മളിന്ന് വായിക്കുന്ന 1001 രാവുകള്‍ എഴുതപ്പെട്ടിട്ടുള്ളത്. അത് ഒരു ആള്‍ എഴുതിയതല്ല എന്നതുകൊണ്ടാണ് ഒരു നോവല്‍ ആയിട്ട് കണക്കാക്കപ്പെടാത്തത്. നോവലിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ അത് ഒരാള്‍ എഴുതണം എന്നതാണ്. അതിനൊരു വ്യക്തിനിഷ്ടമായ ഘടകമുണ്ട്. മറ്റു പല ആളുകള്‍ പറഞ്ഞ കഥകള്‍ ഒരുമിച്ച് ചേര്‍ത്ത ഒരു പുസ്തകമായിട്ടാണ് നമ്മള്‍ ഇന്ന് അത് വായിക്കുന്നത്. അതിന്റെ കേന്ദ്രമെന്ന് പറയുന്നത് അക്കാലത്തെ ഏറ്റവും വലിയ കോസ്‌മോ-പൊളിറ്റന്‍ സിറ്റിയായിട്ടുള്ള ബാഗ്ദാദ് ആണ്. ആ സാഹിത്യത്തിലെ ആശയങ്ങളും, ആ കഥകളിലെ സംഭവങ്ങളൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതാണ്. അത് അവിടേക്ക് വരുന്നത് വാണിജ്യ നാഗരികതയുടെ ഒരു ഉല്‍പന്നമായിട്ടാണ്. വാസ്തവത്തില്‍ ഈ ലോകത്ത് നമ്മുടെ കയ്യിലുള്ള അറിവിന്റെയും സാഹിത്യത്തിന്റെയും വലിയ ഒരു പ്രത്യേകത എന്താണെന്ന് വെച്ചാല്‍, നമ്മളതിനെ ഏതെങ്കിലും രീതിയിലുള്ള മതിലുകളുടെ അകത്ത് കിടത്താന്‍ ഉദ്ദേശിച്ചാല്‍ അതൊക്കില്ല എന്നതാണ്. മലയാളിത്തം എന്ന ആശയം പോലും അതിന്റെ അടിസ്ഥാനം എന്ന് പറയുന്നത് നമ്മുടെയെല്ലാം ഉള്ളിലുള്ള ജാതിമൂല്യമാണ്. ജാതിയിലാണ് സത്യത്തില്‍ ശുദ്ധി എന്ന സങ്കല്‍പം വരുന്നത്. വേറൊന്നിലും നമുക്കതിനെ കാണാന്‍ സാധിക്കില്ല. ജാതിക്കകത്ത് നിന്നാണ് തനിമ എന്ന വാക്കു പോലും ഉത്ഭവിക്കുന്നത്. തനിമ എന്ന് പറഞ്ഞാല്‍ തനിച്ചുനില്‍ക്കുക എന്നാണ് അര്‍ഥം വരുന്നത്. തനിച്ച് നില്‍ക്കുക എന്ന് കേള്‍ക്കുമ്പോള്‍ രസമൊക്കെ തോന്നുമെങ്കിലും മറ്റെന്തെങ്കിലും ആയിട്ട് വിനിമയം ചെയ്യാത്ത, കൂടിക്കലരാത്ത ഒന്നിനും ഒരു ഭംഗിയും ഉണ്ടാവില്ല. അതില്‍ നിന്ന് ഒന്നും നമുക്ക് നല്‍കാനും സാധിക്കില്ല. അതുകൊണ്ടാണ് നമ്മള്‍ വാതില്‍ തുറന്നിട്ട് പുറത്ത് നിന്ന് വരുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്.
മലയാളികള്‍ക്ക് മാത്രമായിട്ട് ഒരു ഭാവുകത്വ പരിസരമുണ്ട് എന്ന് വിശ്വസിക്കുന്നില്ല. കാരണം, മലയാളി തന്നെ പലതാണ്. മധ്യ തിരുവിതാംകൂറിലുള്ള ആളുകള്‍ മലബാറിലേക്ക് വരുമ്പോള്‍ പരസ്പരം ഒരുപാട് പങ്കുവെക്കാനുണ്ട്. ഇങ്ങനെ വീതം വെക്കലിലൂടെ പര്‌സപരം കലര്‍ന്ന് അതെന്തായെന്ന് തിരിച്ചറിയാന്‍ കഴിയാതെയാവും.
കോഴിക്കോട് പോലെയുള്ള ഒരു നഗരത്തിന്റെ പൗരാണികതയുടെ ഫലം എന്താണ്? ഗ്രീക്കുകാര്‍ കച്ചവടം നടത്തുന്ന കാലം മുതല്‍ ഈ നഗരം ലോകവുമായി ബന്ധിതമാണ്. അത് ഈയടുത്ത് ഉണ്ടായ ഒരു സംഗതിയല്ല. അതായത് ഭാവുകത്വം എന്നുള്ളത് ആ രീതിയില്‍ പിന്നോട്ട് പോയിരുന്നു. നിങ്ങള്‍ക്ക് തനിച്ചൊരു മലയാളിത്തമുണ്ട്, അല്ലെങ്കില്‍ തറവാടിത്തമുണ്ട് എന്ന് പറയുമ്പോള്‍ അതിനകത്തൊരു കുഴപ്പമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പുറമെ നിന്നുള്ളതും, അയല്‍പക്കത്തുനിന്നുള്ളതും, അടുത്ത പട്ടണത്തില്‍ നിന്നുള്ളതും, അടുത്ത നാട്ടില്‍ നിന്നുള്ളതും, അടുത്ത ഭാഷയില്‍ നിന്നുള്ളതും എല്ലാം സ്വീകരിക്കുകയും, അതില്‍ കലര്‍പ്പുണ്ടാവുകയും ചെയ്യുമ്പോഴാണ് അതിനൊരു സൗന്ദര്യം വരുന്നത്. നമ്മള്‍ തേനും വിനാഗിരിയും ചേര്‍ക്കുമ്പോള്‍ ഔഷധമായിട്ട് മാറുന്നത് പോലെയാണത്. ഒറ്റക്ക് കിട്ടുമ്പോള്‍ തേന്‍ എന്നത് മധുരമുള്ള ഒരു പലഹാരം മാത്രമാണ്. ഈയൊരു കലര്‍പ്പിനകത്ത് നിന്നിട്ടാണ് എല്ലാ എഴുത്തുകാരും സാഹിത്യമുണ്ടാക്കുന്നത്. വിശുദ്ധി എന്ന് പറയുന്ന ഒരു സംഗതിയുണ്ട്. കേരളത്തിന്റെ പുറത്ത് പോയത്‌കൊണ്ടാണ് കുമാരനാശാന് അതുവരെ ഉണ്ടായിരുന്ന ഭാവുകത്വത്തെ നിന്ദിക്കാന്‍ കഴിയുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കൃതിയെക്കുറിച്ചുള്ള ആരോപണത്തിന് ഞാന്‍ മറുപടി പറയുന്നത് ശരിയല്ല, വായനക്കാരാണ് അതിനെ വിലയിരുത്തേണ്ടത്. എന്നെ സംബന്ധിച്ചിടത്തോളം, മലയാളികള്‍ക്ക് മാത്രമായിട്ട് ഒരു ഭാവുകത്വ പരിസരമുണ്ട് എന്ന് വിശ്വസിക്കുന്നില്ല. കാരണം, മലയാളി തന്നെ പലതാണ്. മധ്യ തിരുവിതാംകൂറിലുള്ള ആളുകള്‍ മലബാറിലേക്ക് വരുമ്പോള്‍ പരസ്പരം ഒരുപാട് പങ്കുവെക്കാനുണ്ട്. ഇങ്ങനെ വീതം വെക്കലിലൂടെ പര്‌സപരം കലര്‍ന്ന് അതെന്തായെന്ന് തിരിച്ചറിയാന്‍ കഴിയാതെയാവും. ബിരിയാണിയൊക്കെ കഴിക്കുന്ന ആളുകളാണ് നമ്മള്‍. ബിരിയാണിയിലുള്ള അത്ര കലര്‍പ്പ് വേറെ ഏതെങ്കിലും ഭക്ഷണ പദാര്‍ത്ഥത്തിലുണ്ടോ? ബിരിയാണിയുടെ ഒറിജിനാലിറ്റി എന്ന് പറയുന്നത് തന്നെ ആ ഒരു കലര്‍പ്പാണ്. കലര്‍പ്പ് കൃത്യമായ അളവില്‍ ചേരുമ്പോള്‍ അത് രുചിയുള്ള ഒന്നായി മാറും. അതുകൊണ്ടാണ് സാഹിത്യത്തെക്കാള്‍ വലിയ കലയാണ് പാചകം എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞത്.
2023 ല്‍ എത്തിനില്‍ക്കുകയാണ്, ഇനിയങ്ങോട്ടുള്ള നോവലിനെക്കുറിച്ചും കൂടി ചിന്തിക്കേണ്ട ഒരു കാലമാണ്. കാരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് പറയുന്ന നിര്‍മിത ബുദ്ധി നോവല്‍ എഴുതുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത്. ആമസോണ്‍, ചാറ്റ് ജി.പി.ടിയിലേക്ക് പതിനൊന്നായിരത്തിലേറെ നോവലുകള്‍ ഫീഡ് ചെയ്തു കഴിഞ്ഞു. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ചാറ്റ് ജിപി.ടി സ്വന്തമായി നോവലുകള്‍ എഴുതാന്‍ തുടങ്ങും എന്ന് പറയുന്നു. ഒരു നോവല്‍ എഴുത്തു രീതിയെ ഇത് ഏത് രീതിയില്‍ ബാധിക്കുമെന്നാണ് അജയ്ക്ക് തോന്നുന്നത്?
ചോദ്യത്തിന്റെ പൊരുള്‍ ഈ നോവല്‍ എഴുതുന്ന ആളുകള്‍ക്ക് പണിയില്ലാതെ ആവുമോ എന്നാണ് അല്ലെ? യന്ത്രങ്ങള്‍ മനുഷ്യന്റെ സൃഷ്ടിയാണല്ലോ. മിക്കവാറും യന്ത്രങ്ങള്‍ മനുഷ്യന്റെ സൗകര്യത്തിനു വേണ്ടി ഉണ്ടാക്കി വെച്ചതായതുകൊണ്ട് യന്ത്രങ്ങള്‍ക്ക് സര്‍ഗാത്മക രചന നടത്താനുള്ള അവസരം കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. അതിലേക്ക് ഫീഡ് ചെയ്യപ്പെടുന്ന നോവലുകള്‍ മുന്‍പ് എഴുതപ്പെട്ടതാകും, അതിന്റെ ഡാറ്റാ ബേസില്‍ നിന്നാണ് യന്ത്രങ്ങള്‍ നോവല്‍ എഴുതുന്നതും. യന്ത്രത്തെക്കുറിച്ചുള്ള നമ്മുടെ പ്രധാനമായ ഒരു സങ്കല്‍പം അത് പിഴവില്ലാത്തതാണ് എന്നുള്ളതാണ്. ഒരു ടെക്‌നോളജി നമ്മള്‍ അപ്ലൈ ചെയ്യുമ്പോള്‍ അതില്‍ പിഴവ് വരാന്‍ പാടില്ല. പിഴവ് വന്നു കഴിയുമ്പോള്‍ നമ്മള്‍ അതിനെ അപകടം എന്ന് വിളിക്കുന്നു. ഉദാഹരണത്തിന്, ഒരു എയര്‍ക്രാഫ്റ്റിന്റെ പ്രവര്‍ത്തനം തകരാറിലാവുമ്പോള്‍ അതൊരു ദുരന്തമായി മാറുന്നു. നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ പിഴവില്ലാതെ പ്രവര്‍ത്തിക്കണം. അതില്‍ തെറ്റ് വരാന്‍ പാടില്ല എന്നതാണ്. ആ അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ ലക്ഷണമൊത്ത നോവല്‍ എഴുതാന്‍ ചാറ്റ് ജി.പി.ടിക്ക് കഴിയേണ്ടതാണ്. കാരണം, അത്തരത്തിലുള്ള നോവലുകള്‍ അതിന്റെ ഡേറ്റാ ബെയ്‌സിലുണ്ടല്ലോ.
ചെസ്സ് മാസ്റ്റേഴ്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കളിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഒരു കളിപോലും തോല്‍ക്കാത്ത ആളുകള്‍ പോലും തോല്‍ക്കുന്നുണ്ട്. അങ്ങനെ തോല്‍ക്കണം മനുഷ്യന്‍. മനുഷ്യന്‍ അങ്ങനെ തോറ്റു കഴിയുമ്പോഴാണ് അവന്റെ കലാ സൃഷ്ടിക്ക് മേന്മയുണ്ടാവുന്നത്. അതുകൊണ്ട് ആ തരത്തിലുള്ള ഒരു figth ക്രിയേറ്റിവ് ലിറ്ററേച്ചറില്‍ വരികയാണെങ്കില്‍ അത് മനുഷ്യന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വലിയൊരു വികാസം ആയിരിക്കും. അതിനെ എഴുത്തുകാര്‍ ഭയപ്പെടേണ്ട ആവശ്യമില്ല.
മനുഷ്യന്റെ പ്രത്യേകത സ്ഥിരമായി തെറ്റ് വരുത്തുന്നു എന്നുള്ളതാണ്. ഒരാളോട് പ്രണയത്തിലുള്ളയാള്‍ വേറൊരാളോട് പ്രണയത്തിലാവുമ്പോള്‍ അത് പിഴവില്ലാത്ത പ്രേമം അല്ല. അതിനോട് കൂടെ വേറൊരാളെ കൂടി പ്രേമിക്കാന്‍ അവസരം കിട്ടിയാല്‍ അയാളത് ചെയ്യുന്നു എന്നുള്ളതാണ്. യന്ത്രമാണെങ്കില്‍ അത് ചെയ്യില്ല, യന്ത്രം അങ്ങനെ ചെയ്താല്‍ അതിന്റെ സിസ്റ്റം തകരാറിലായിപ്പോവും. പക്ഷെ, മനുഷ്യനത് ചെയ്യുകയാണെങ്കില്‍ അവിടെ ക്ഷോഭമുണ്ടാവുന്നു, പലതരം വികാരം ഉണ്ടാവുന്നു. അങ്ങനെ ഈ തെറ്റുകള്‍ക്കകത്ത് നിന്നിട്ടാണ് മനുഷ്യന്റെ ഈ ഭാവന പ്രവര്‍ത്തിക്കുന്നത്. മനുഷ്യ സൃഷ്ടിയായിട്ടുള്ള വര്‍ക്ക് ഓഫ് ആര്‍ട് എടുക്കുകയാണെങ്കില്‍, അതില്‍ ഒന്നോ അതിലധികമോ പിഴവുകളുണ്ടാവും. ആ പിഴവായിരിക്കും അതിനു സൗന്ദര്യം കൊണ്ടുവരിക എന്നതാണ്. ഒരു കഥാപാത്രം ചിലപ്പോള്‍ അത് അപൂര്‍ണ്ണമായിരിക്കും. വായനക്കാരനെ സംബന്ധിച്ചിടത്തോളം - വായനക്കാരന്‍ അത് വായിക്കുമ്പോള്‍ ഈ കഥാപാത്രം അപൂര്‍ണ്ണമാണല്ലോ? ഈ കഥാപാത്രത്തിന് എന്ത് സംഭവിച്ചു? ഈ കഥാപാത്രം ഇങ്ങനെയല്ലല്ലോ ഉണ്ടാവേണ്ടിയിരുന്നതെന്ന് എന്നെല്ലാം ചിന്തിക്കുന്ന നിമിഷമാണ് ആ കലാ സൃഷ്ടി മനോഹരമായിത്തീരുന്നത്.
മുന്‍കാലത്ത് ഷേക്‌സ്പിയറിന്റെ നാടകത്തിന് ആരോപിച്ചിരുന്ന കുറ്റം നാടകതത്വങ്ങള്‍ അത് കൃത്യമായി പാലിക്കുന്നില്ല എന്നുള്ളതാണ്. ഷേക്‌സ്പിയറിയന്‍ നാടകം ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എഴുതുകയാണെങ്കില്‍ നാടക തത്വങ്ങള്‍ കൃത്യമായി പാലിക്കും. എന്നാല്‍, നാടകതത്വം കൃത്യമായി പാലിച്ചാല്‍ അത് നമുക്ക് ആസ്വദിക്കാന്‍ കഴിയില്ല. എന്തെങ്കിലും ഒരു പോരായ്മ ആ കലാസൃഷ്ടിയില്‍ വരണം എന്നതാണ്. ചെസ്സ് മാസ്റ്റേഴ്‌സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കളിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ഒരു കളിപോലും തോല്‍ക്കാത്ത ആളുകള്‍ പോലും തോല്‍ക്കുന്നുണ്ട്. അങ്ങനെ തോല്‍ക്കണം മനുഷ്യന്‍. മനുഷ്യന്‍ അങ്ങനെ തോറ്റു കഴിയുമ്പോഴാണ് അവന്റെ കലാ സൃഷ്ടിക്ക് മേന്മയുണ്ടാവുന്നത്. അതുകൊണ്ട് ആ തരത്തിലുള്ള ഒരു figth ക്രിയേറ്റിവ് ലിറ്ററേച്ചറില്‍ വരികയാണെങ്കില്‍ അത് മനുഷ്യന്റെ അടുത്ത ഘട്ടത്തിലേക്കുള്ള വലിയൊരു വികാസം ആയിരിക്കും. അതിനെ എഴുത്തുകാര്‍ ഭയപ്പെടേണ്ട ആവശ്യമില്ല. അമ്പത് വര്‍ഷം മുമ്പ് വയര്‍ലെസ്സ് ആയിട്ടുള്ള ഇന്റര്‍നെറ്റ്, ലോകത്തെ ഇത്രത്തോളം നിയന്ത്രിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാവില്ല. ഇപ്പോള്‍ മനുഷ്യന്‍ കയറാത്ത പോര്‍വിമാനങ്ങള്‍ പോലും അനങ്ങുന്ന എന്തിനെയും പിന്തുടര്‍ന്ന് പോയി ഒരു രാജ്യമൊക്കെ മുഴുവനായി നശിപ്പിക്കാന്‍ ശേഷി നേടിയതായി നമ്മള്‍ കണ്ടു കഴിഞ്ഞു. ഗസ്സ പോലെ ഒരു സ്ഥലത്ത് ഡ്രോണുകളാണ് പോയി ബോംബിടുന്നത്. അമ്പത് ശതമാനത്തോളം വീടുകള്‍ ഇപ്പോള്‍ അവിടെ നശിപ്പിച്ചുകളഞ്ഞു. ആ രീതിയിലൊരു പെര്‍ഫെക്ഷന്‍ യന്ത്രങ്ങള്‍ക്കുണ്ട്. മനുഷ്യനത് ഇല്ല. ഈ പെര്‍ഫെക്ഷന്‍ ഇല്ലായ്മയാണ് നമുക്ക് ഭാവിയിലേക്ക് നോക്കാനും പ്രതീക്ഷയോടെ ജീവിക്കാനും മനുഷ്യനായി തുടരുവാനും സാധിക്കുന്നത്.