അവാര്‍ഡ്: (അ) മുദ്രകളാല്‍ തീര്‍ത്ത രാഷ്ട്രീയ ചൊല്‍കാഴ്ച്ച

നാടകത്തില്‍ ഉടനീളം ചലനങ്ങള്‍ ഉള്ളത് മാധ്യമപ്രവര്‍ത്തകനു മാത്രം ആണ്. ഒരു കഥാപാത്രം തന്റെ മിഴാവിലൂടെ കാണികളുമായി സംവദിക്കുമ്പോള്‍ മറ്റു രണ്ടുപേര്‍ അത് കഥകളി സമാനമായ മുദ്രകളിലൂടെയും സംഭാഷണങ്ങളിലൂടെയും സാധ്യമാക്കുന്നു. | Itfok 2024

Update: 2024-02-15 08:07 GMT
Advertising

അന്താരാഷ്ട്ര നാടകോത്സവത്തിലെ മലയാള നാടകങ്ങളില്‍ ഏറെ ശ്രദ്ധനേടിയ നാടകമാണ് ലിറ്റില്‍ ഏര്‍ത്ത് തിയറ്ററിന്റെ 'അവാര്‍ഡ്'. മലയാള സാഹിത്യ ലോകത്ത് ശ്രദ്ധേയമായ നാടക രചനകള്‍ സമ്മാനിച്ച തുപ്പേട്ടന്റെ നാടകത്തിന്റെ ആനുകാലിക അവതരണമാണ് അവാര്‍ഡ്. 'Contemporary Adaptation of a Classic' എന്ന് നാടക ശീര്‍ഷകത്തില്‍ തന്നെ പറഞ്ഞ് വെക്കുന്നു. ആനുകാലിക രാഷ്ട്രീയ സംഭവങ്ങളുടെ പ്രതീകാത്മക ചൊല്‍കാഴ്ചയായിരുന്നു അരുണ്‍ലാലിന്റെ സംവിധാനത്തില്‍ ലിറ്റില്‍ എര്‍ത്ത് തിയേറ്ററ്റിന്റെ കലാകാരന്മാര്‍ അരങ്ങില്‍ എത്തിച്ചത്.

ചലനങ്ങളെ പൂര്‍ണ്ണമായും കുറച്ച് കൊണ്ട് സംഭാഷണങ്ങളും അവയ്ക്ക് പുറമെ കൈ മുദ്രകളും കൊണ്ട് നാടകം കാണികളുമായി സംവദിക്കുന്നു. തുപ്പേട്ടന്‍ എഴുതിയ നാടകം സംവിധായകന്‍ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചപ്പോള്‍ തികച്ചും മനോഹരമായ ഒരു അനുഭവം ആയി നാടകം മാറി. തുപ്പേട്ടന്റെ രചനകള്‍ ജലം പോലെയാണ്, ഒഴിക്കുന്ന പാത്രത്തിനു അനുസരിച്ച് രൂപം കൈവരിക്കാന്‍ സാധിക്കുന്ന, നിറങ്ങള്‍ ആവശ്യാനുസരണം ചേര്‍ക്കാന്‍ സാധിക്കുന്ന ശുദ്ധജലം. അത്തരത്തില്‍ ഒരു രചനയെ കൃത്യമായി വളരെ കയ്യടകത്തോടെ ആണ് അരങ്ങിലേക്ക് ആവിഷ്‌കരിക്കുന്നത്. 


ജി. പെരിഞ്ചല്ലൂര്‍, ഡബ്ല്യ.ൂ പെരിഞ്ചല്ലൂര്‍ എന്ന രണ്ട് മനുഷ്യര്‍. അവര്‍ക്കിടയിലേക്ക് കടന്നു വരുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍. പെരിഞ്ചല്ലൂരിന് അവാര്‍ഡ് ഉണ്ട് എന്നൊരു വാര്‍ത്ത. അതിനെ ചുറ്റിപ്പറ്റി നടക്കുന്ന രസകരമായ നിമിഷങ്ങള്‍ ഇതാണ് തുപ്പേട്ടന്റെ രചന. ഇവിടെ അരുണ്‍ ലാല്‍ എന്ന സംവിധായകന്‍ അരങ്ങില്‍ ഒരുക്കുന്നത്, മൂന്ന് കഥാപാത്രങ്ങങ്ങളേയാണ്. കഥകളി ആസ്വാധകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മുറി ആസ്വാധകര്‍ ആയ രണ്ട്. പെരിഞ്ചല്ലൂര്‍മാര്‍. അവരുടെ ഒത്ത നടുക്ക് മിഴാവിനോട് സാമ്യം ഉള്ള വാദ്യോപകരണം വായിക്കുന്ന കഥാപാത്രം.

ഒരു ആല്‍മരചുവട്ടില്‍ ആണ് ഈ സംഭവങ്ങള്‍ ഒക്കെ അരങ്ങേറുന്നത്. ഒത്ത നടുക്ക് ഇരിക്കുന്ന വാദ്യ കലാകാരന്‍ പൂര്‍ണ്ണമായും ഒരു ആല്‍മരം ആയി മാറുന്ന കാഴ്ച മനോഹരം തന്നെ. മുഴുസമയവും ഈ ഉപകരണത്തില്‍ വായിച്ചുകൊണ്ടിരിക്കുന്ന ശബ്ദം തന്നെ ആണ് നാടകത്തിന്റെ സംഗീതവും. അവാര്‍ഡ് നിര്‍ണ്ണയം അറിയിക്കാന്‍ ആയി എത്തുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടി എത്തുമ്പോള്‍ നാടകം മനോഹാരിതയുടെ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുന്നു. പിന്നീടുള്ള സംഭാഷണങ്ങളില്‍ നര്‍മത്തിലൂടെ പറയുന്ന രാഷ്ട്രീയം വളരെ നിസ്സാരമായി ആളുകള്‍ക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നുമുണ്ട്. 


തുപ്പേട്ടന്‍

വാര്‍ത്തകളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളുടെ മുഖം ഈ നാടകത്തില്‍ വരച്ചിടുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കപ്പെടുമ്പോള്‍ അത് കാണികള്‍ക്ക് ചിന്തിക്കാനുള്ള പ്രചോദനത്തെ മറ്റൊരു തലത്തിലേക്ക് പ്രവേശിപ്പിക്കുന്നു. മനഃപൂര്‍വ്വം കെട്ടിച്ചമക്കുന്ന യഥാര്‍ഥ്യങ്ങള്‍ കച്ചവടം ആകുമ്പോള്‍ അതിന്റെ തിരിച്ചറിവുകള്‍ ഏത് തരത്തില്‍ ആണ് സാധ്യമാകുന്നത് എന്ന് അവാര്‍ഡ് എന്ന നാടകം പറഞ്ഞ് വെക്കുന്നു.

നാടകത്തില്‍ ഉടനീളം ചലനങ്ങള്‍ ഉള്ളത് കടന്നു വരുന്ന മാധ്യമപ്രവര്‍ത്തകനു മാത്രം ആണ്. ഒരു കഥാപാത്രം തന്റെ മിഴാവിലൂടെ കാണികളുമായി സംവദിക്കുമ്പോള്‍ മറ്റു രണ്ടുപേര്‍ അത് കഥകളി സമാനമായ മുദ്രകളിലൂടെയും സംഭാഷണങ്ങളിലൂടെയും സാധ്യമാക്കുന്നു. രംഗപടങ്ങളുടെ അമിത സാന്നിധ്യം ഇല്ലാതെ വളരെ ലഘുവായി അരങ്ങിനെ മനോഹരമാക്കി കാണികളുടെ പൂര്‍ണ്ണ ശ്രദ്ധ കഥാപാത്രങ്ങളിലേക്ക് എത്തിക്കാന്‍ നാടകത്തിനു സാധിക്കുന്നുണ്ട്. 


ആക്ഷേപഹാസ്യം എന്ന വളരെ ബുദ്ധിമുട്ട് ഏറിയ ഒരു ഒരു മേഖലയെ കയ്യടക്കത്തോടെ അഭിനേതാക്കള്‍ ആയ അനീഷ് ശങ്കര്‍, അനന്ദു, അഖില്‍, സഞ്ജു, സുരേഷ് എന്നിവര്‍ വേദിയില്‍ ആവിഷ്‌കരിക്കുന്നു. ലൈവ് സംഗീതവും കൃത്യമായ രാഷ്ട്രീയ സംഭാഷണങ്ങളും ലഘു ആയ ചലനങ്ങളും രംഗ പടവും തുടങ്ങി നാടകത്തിന്റെ എല്ലാ എലമെന്റുകളും മനോഹരമാക്കി 'അവാര്‍ഡ്' വെളിച്ചം അണയ്ക്കുമ്പോള്‍ പൂര്‍ണ്ണ തൃപ്തിയോടെ കാണികള്‍ വേദി വിടുന്നു. 


അരുണ്‍ ലാല്‍

 ക്ലാസിക്കല്‍ രചനകള്‍, മറ്റൊരു ക്ലാസിക്കല്‍ സ്പര്‍ശത്തോടെ, ആനുകാലിക രാഷ്ട്രീയത്തെ അരങ്ങിലേക്ക് പറിച്ചു നടുമ്പോള്‍ അവിടെ സംഭവിക്കുന്നത് അതിമനോഹരമായ ഒരു കലയാണ്. അരയാല്‍ തറയുടെ ഓര്‍മകളും, കഥകളി മുദ്രകളും (തെറ്റുകളോടെ, തെറ്റുകള്‍ ശരിയായി മാറ്റിയ മുദ്രകള്‍ എന്ന് വേണം പറയാന്‍) നിഷ്‌ക്കളങ്കരായ മനുഷ്യരും തുപ്പേട്ടന്റെ രചനയും അരുണ്‍ലാലിന്റെ സംവിധാനവും കാണികളുടെ നിറഞ്ഞ പ്രതികരണങ്ങളും ചേരുമ്പോള്‍ നാടകം പൂര്‍ണമാകുന്നു. അവാര്‍ഡുകള്‍ അനാവശ്യങ്ങള്‍ ആകുന്ന കാലത്ത്, അര്‍ഹതപ്പെട്ട അവാര്‍ഡുകള്‍ നിരസിക്കപ്പെടുന്ന കാലത്ത്, 'അവാര്‍ഡ്' നാടകം നിറഞ്ഞ വേദികളില്‍ വിഹരിക്കട്ടെ. 



-

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ശ്യാം സോര്‍ബ

Writer

Similar News