കാമ്പസിലെ ഇടിമുറി, അഥവാ ഭ്രമയുഗത്തില മന

സര്‍ഗാത്മകതയുടെയും സംവാദത്തിന്റെയും അന്തരീക്ഷം കാമ്പസുകളില്‍ നിന്ന് അപ്രത്യക്ഷമാക്കുന്നതില്‍ എസ്.എഫ്.ഐ മുഖ്യ കാര്‍മികത്വം വഹിക്കുന്നു. കാമ്പസ് ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കാമ്പസില്‍ നടക്കുന്നത്.

Update: 2024-03-08 15:49 GMT
Advertising

'' രാഷ്ട്രീയമല്ല, നമ്മുടെ കാമ്പസുകളില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന അരാഷ്ട്രീയമായ ആള്‍ക്കൂട്ട പ്രവണതകളാണ് ഇത്തരമൊരു അത്യാഹിതത്തിലേക്ക് നയിച്ചതെന്ന് സംഘം കരുതുന്നു. രാഷ്ട്രീയ-സംഘടനാ വ്യത്യാസമില്ലാതെ സഹപാഠികള്‍ ഒത്തുചേര്‍ന്ന് ഒരാളെ കുറ്റവിചാരണ നടത്തുകയും ശിക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഇത്തരം പ്രവണതകള്‍ അനുവദിച്ചുകൂടാ. ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാന്‍ പുരോഗമന ജനാധിപത്യ വിദ്യാര്‍ഥി സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തകരെ അനുവദിക്കരുത്. കൂടെ ജീവിക്കുന്നവരോട്, ക്രിമിനലുകള്‍ കണക്കെ പെരുമാറുന്നവര്‍ ഭാവിയെ കുറിച്ച് വലിയ ഉത്കണ്ഡ ഉണ്ടാക്കുന്നുട'" - പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.

അരാഷ്ട്രീയ ആള്‍ക്കൂട്ടത്തില്‍ പുരോഗമന വിദ്യാര്‍ഥി സംഘം പെട്ടുപോയതല്ല. മറിച്ച്, എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടന അരാഷ്ട്രീയ ആള്‍ക്കൂട്ടമായി മാറിയതാണ്. കേരളീയ കാമ്പസുകളില്‍ കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തെ കുറിച്ച് പുരോഗമനകലാ സാഹിത്യപ്രവര്‍ത്തകര്‍ക്ക് വലിയ ധാരണകള്‍ ഇല്ലാത്തതുകൊണ്ട് മനസ്സിലായില്ല എന്നതാണ് വസ്തുത. ഏകപാര്‍ട്ടി അരാഷ്ട്രീയ കാമ്പസുകള്‍ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്ന എസ്.എഫ.ഐ, എല്ലാ ജനാധിപത്യ ഇടങ്ങളെയും അവസാനിപ്പിച്ച് ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത കോട്ടകള്‍ നിര്‍മിക്കുകയാണ്. ആ കോട്ടകളില്‍ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ കഴിയാതെ മരിക്കാന്‍ വിധിക്കപ്പെട്ട വിദ്യാര്‍ഥിയാണ് സിദ്ധാര്‍ത്ഥ്. സിദ്ധാര്‍ത്ഥിന്റെ കൊലപാതകം രാഷ്ട്രീയമല്ല, എന്ന് അടിവരയിട്ട് മനസ്സിലാക്കണം. അരാഷ്ട്രീയമായ ഒരു കൊലയാണ് ഇവിടെ നടന്നത്. ഈ കൊലപാതകത്തില്‍ പക്ഷേ എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനം നേതൃത്വം കൊടുത്തു എന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. കേരളത്തിലെ കാമ്പസുകള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്ത അരാഷ്ട്രീയതയുടെ വിളനിലമായി മാറ്റിയെടുക്കുന്നതില്‍ എസ്.എഫ്.ഐ വഹിച്ച പങ്ക് അത്ര ചെറുതല്ല. സ്വന്തമായി ഇടിമുറിയുള്ള ഒരു വിദ്യാര്‍ഥി സംഘടനയാണ് എസ്.എഫ്.ഐ. ഈ ഇടിമുറി ഭ്രമയുഗം എന്ന സിനിമയിലെ മനയെ ഓര്‍മപ്പെടുത്തുന്നു. ഇവിടെ എത്തിപ്പെടുന്നവര്‍ കുരുക്കുകള്‍ അഴിക്കാന്‍ കഴിയാതെ അടിമകളായി ജീവിക്കുകയാണ്.

കേരളത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘ്പരിവാറുകാരനാണ് എന്ന് നമുക്കറിയാം. അദ്ദേഹം എസ്.എഫ്.ഐയെ വിശേഷിപ്പിച്ചത് ബ്ലഡി ക്രിമിനല്‍സ് എന്നാണ്. അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തെ മുഖവിലക്ക് എടുക്കാതെ തള്ളിക്കളയുകയാണ് കേരളീയ സമൂഹം ചെയ്തത്. പക്ഷേ, സിദ്ധാര്‍ത്ഥിന്റെ കൊലപാതകവും തുടര്‍ന്നുവരുന്ന വാര്‍ത്തകളും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നതാണ് എന്ന് ബോധ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ശരിയുടെ അംശത്തെ ആരെങ്കിലും കണ്ടെത്താന്‍ ശ്രമിച്ചാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. 

വിദ്യാര്‍ഥി രാഷ്ട്രീയം ഉത്തമ പൗരനെ സൃഷ്ടിക്കുന്ന പ്രക്രിയയുടെ പേരാണ്. സാമൂഹ്യപ്രതിബദ്ധതയുള്ള അപരനോട് അലിവുള്ള ഒരു സാമൂഹ്യജീവിയെ നിര്‍മിക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ, എല്ലാ രാഷ്ട്രീയത്തെയും റദ്ദ് ചെയ്തു ഏകപാര്‍ട്ടി അരാഷ്ട്രീയ കാമ്പസുകളില്‍ നിന്ന് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. എല്ലാ ക്രിമിനല്‍ പ്രവര്‍ത്തനത്തിനും നേതൃത്വം കൊടുക്കുന്ന ഒരു ഡീപ്പ് സ്റ്റേറ്റ് ആയി കാമ്പസ് മാറുകയാണ്. മാര്‍ക്ക് തിരുത്തലിന്റെയും സഹപാഠിയെ ക്രൂരമായി മര്‍ധിച്ച് ആനന്ദം കണ്ടെത്തുന്നതിന്റെയും വാര്‍ത്തകളാണ് ഇപ്പോള്‍ കാമ്പസില്‍ നിന്നും പുറത്തു വരുന്നത്. ഇന്ത്യ മഹാരാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ വലിയൊരു ദുരന്തത്തിന്റെ നടുവില്‍ ജീവിക്കുമ്പോള്‍ കേരളത്തില്‍ ഒരു വിദ്യാര്‍ഥി സംഘടന ഫാസിസത്തിന്റെ ഉടയാടകള്‍ സ്വയം അണിയാന്‍ ശ്രമിക്കുകയാണ്.   


സര്‍ഗാത്മകതയുടെ സംവാദത്തിന്റെ അന്തരീക്ഷം കാമ്പസുകളില്‍ നിന്ന് അപ്രത്യക്ഷമാക്കുന്നതില്‍ എസ്.എഫ്.ഐ മുഖ്യ കാര്‍മികത്വം വഹിക്കുന്നു. കാമ്പസ് ഇലക്ഷനില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇപ്പോള്‍ കാമ്പസില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മറ്റുള്ള വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി തല്ലി ഓടിക്കുന്ന പ്രവര്‍ത്തനത്തിന്റെ പേരാണ് കാമ്പസ് രാഷ്ട്രീയം. ഇതിനപ്പുറത്ത് ആശയ സംവാദത്തിന്റെ നീതി നിനിഷേധത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന കാമ്പസ് രാഷ്ട്രീയം കാണാന്‍ സാധ്യമാവുന്നില്ല. ഉത്തരേന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത കേരളത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘ്പരിവാറുകാരനാണ് എന്ന് നമുക്കറിയാം. അദ്ദേഹം എസ്.എഫ്.ഐയെ വിശേഷിപ്പിച്ചത് ബ്ലഡി ക്രിമിനല്‍സ് എന്നാണ്. അദ്ദേഹത്തിന്റെ ഈ പരാമര്‍ശത്തെ മുഖവിലക്ക് എടുക്കാതെ തള്ളിക്കളയുകയാണ് കേരളീയ സമൂഹം ചെയ്തത്. പക്ഷേ, സിദ്ധാര്‍ത്ഥിന്റെ കൊലപാതകവും തുടര്‍ന്നുവരുന്ന വാര്‍ത്തകളും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നതാണ് എന്ന് ബോധ്യപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ ശരിയുടെ അംശത്തെ ആരെങ്കിലും കണ്ടെത്താന്‍ ശ്രമിച്ചാല്‍ അതിനെ കുറ്റം പറയാന്‍ കഴിയില്ല. എത്രമാത്രം അസഹിഷ്ണുതയോടെയാണ് കേരളത്തിലെ കാമ്പസുകളില്‍ മറ്റുള്ള വിദ്യാര്‍ഥി സംഘടനകളോട് എസ്.എഫ.്‌ഐ പെരുമാറുന്നത് എന്നത് യാഥാര്‍ഥ്യമായി അംഗീകരിച്ച് എസ.്എഫ്.ഐയെ ജനാധിപത്യത്തിന്റെ ചില പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ സമൂഹം മുന്നോട്ടു വരേണ്ടതുണ്ട്.

കേവല ആള്‍ക്കൂട്ടമായി വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധഃപതിച്ചാല്‍ അതിനേക്കാള്‍ ഭീകരമായ ദുരന്തം നമ്മുടെ കാമ്പസുകള്‍ക്ക് സംഭവിക്കാനില്ല. ഇത്തരം സംഘടിതമായ അരാഷ്ട്രീയ ആള്‍ക്കൂട്ടമായി ഒരു വിദ്യാര്‍ഥി സംഘടന മാറിയാല്‍ സ്വാഭാവികമായും അവിടെ സംഭവിക്കുന്നത് ഇത്തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനം ആയിരിക്കും. അതാണ് ഇപ്പോള്‍ കേരളത്തിലെ പല കാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്നത് . കഴിഞ്ഞമാസം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ ആംബുലന്‍സില്‍ കയറി ആക്രമിച്ച വാര്‍ത്ത നാം അറിഞ്ഞതാണ്. ആ അര്‍ഥത്തില്‍ മാനുഷികതയുടെ എല്ലാ കണികയും നഷ്ടപ്പെടുന്ന സംഘടനാ ബോധം മാത്രം പേറുന്നവര്‍ സ്വാഭാവികമായി എത്തിപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ വൈത്തിരി വെറ്റിനറി കോളജില്‍ നാം കണ്ടത്. 


ഭ്രമയുഗം എന്ന സിനിമയില്‍ കൊടുമണ്‍ പോറ്റിയും മനയും അധികാരത്തിന്റെ ചെകുത്താന്‍ കോട്ടകളെയാണ് പ്രേക്ഷകനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഇത്തരത്തില്‍ കൊടുമണ്‍ പോറ്റിയായി എസ്.എഫ്.ഐയും മനയായി കേരളീയ കാമ്പസും മാറാതിരിക്കണമെങ്കില്‍ സമൂഹത്തിന്റെ നിതാന്ത ജാഗ്രത അനിവാര്യമാണ്. 'അധികാരം കയ്യിലുള്ളവര്‍ക്ക് മറ്റുള്ളവരുടെ സ്വാതന്ത്ര്യം കയ്യില്‍ വച്ച് കളിക്കുന്നത് ഒരു രസാ. നിങ്ങള്‍ക്കൊക്കെ ഒരു വികാരമേയുള്ളൂ, ഭയം.' എന്നിങ്ങനെയുള്ള സംഭാഷണങ്ങള്‍ ഭ്രമയുഗത്തില്‍ നാം കാണുന്നു. ഇതേ ഭയം തന്നെയായിരിക്കാം വയനാട് വെറ്റിനറി കോളജില്‍ വിദ്യാര്‍ഥികളെയും അടക്കി ഭരിച്ചത്. അതുകൊണ്ടായിരിക്കാം ഒരു വിദ്യാര്‍ഥിയെ പതിനെട്ടോളം സഹവി വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ധനത്തിന് ഇരയാക്കുമ്പോഴും അത് നിര്‍വികാരമായി നോക്കി നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അങ്ങനെ മൂന്ന് ദിവസം വെള്ളം പോലും ലഭിക്കാതെ ആ വിദ്യാര്‍ഥി മരണപ്പെടുകയും ചെയ്തു. ഇത്പുറത്ത് പറയാതിരിക്കാന്‍ മാത്രം ആ വിദ്യാര്‍ഥികളെയും ഭയം പിടികൂടിയിരിക്കുന്നു എന്നര്‍ഥം. ഈ ഭയം എല്ലായിടത്തും എല്ലാ കാമ്പസുകളിലും വ്യാപിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കണം. കലിയുഗത്തിന്റ അപഭ്രശമാണ് ഭ്രമയുഗം എന്ന് കൊടുമണ്‍ പോറ്റി പറയുന്നുണ്ട്. അത്‌പോലെ ക്രിമിനലുകള്‍ വാഴുന്ന അരാഷ്ട്രീയ കാമ്പസുകള്‍ എന്തിന്റ അപഭ്രംശമാണെന്ന് പഠന വിധേയമാക്കണം.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ.പി ഹാരിസ്

Writer

Similar News