നിങ്ങള്‍ക്ക് ആ അവോക്കാഡോകള്‍ കാണാന്‍ കഴിയുന്നുണ്ടോ?; പ്രസിഡന്റ് ബൈഡന് ഒരു തുറന്ന കത്ത് - സാറാ റോയ്

ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ മകളായതിനാലും ഒരു യഹൂദ എന്ന നിലയിലും, ക്യാമ്പില്‍ ഞാന്‍ സന്ദര്‍ശിച്ച എല്ലാ വീടുകളും എന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്തിരുന്നു - അമേരിക്കന്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞ സാറാ റോയ് പ്രസിഡന്റ് ബൈഡന് എഴുതിയ തുറന്ന കത്ത്.

Update: 2023-11-20 09:40 GMT
നിങ്ങള്‍ക്ക് ആ അവോക്കാഡോകള്‍ കാണാന്‍ കഴിയുന്നുണ്ടോ?; പ്രസിഡന്റ് ബൈഡന് ഒരു തുറന്ന കത്ത്
AddThis Website Tools
Advertising

പ്രിയപ്പെട്ട പ്രസിഡന്റ്,

ഇനി എപ്പോഴാണ് നിങ്ങള്‍ക്ക് ഒരു ഫലസ്തീന്‍ കുഞ്ഞിന്റെ മരണം അസ്വീകാര്യമാകുന്നത്? അല്ലെങ്കില്‍ ഞാന്‍ ആ ചോദ്യം മറ്റൊരു രീതിയില്‍ ഉന്നയിക്കാം: നിങ്ങള്‍ എപ്പോഴാണ് ഒരു ഫലസ്തീന്‍ ജീവിതത്തിന് ഇസ്രായേലിക്ക് നല്‍കുന്ന അതേവിശുദ്ധി നല്‍കാന്‍ പോകുന്നത്?

ഇന്നലെ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ കടുത്ത ബോംബാക്രമണം നടത്തിയിരുന്നു. ക്യാമ്പിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുകയും നൂറോളം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്തു. എന്റെ പ്രിയ സുഹൃത്ത് കവി മൊസാബ് അബു തോഹയും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ജബലിയയിലേക്ക് താമസം മാറ്റിയത് അടുത്തിടെയാണ്. കാരണം, ഇസ്രായേല്‍ ക്യാമ്പിന് വടക്കുള്ള ബെയ്ത്ത് ലാഹിയയിലെ അവരുടെ വീട് വിട്ടുപോകാന്‍ മുന്നറിയിപ്പ് ലഭിച്ചു. ബെയ്ത് ലാഹിയയ്ക്ക് നേരെ ഷെല്ലാക്രമണമുണ്ടാകും. അതായിരുന്നു മുന്നറിയിപ്പ്. അതു സംഭവിക്കുകയും ചെയ്തു, മൊസാബിന്റെ വീട് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. രണ്ടു ദിവസത്തെ ആകാംക്ഷാഭരിതമായ ആകുലതകള്‍ക്ക് ശേഷം എനിക്ക് അദ്ദേഹത്തില്‍ നിന്ന് ഒരു ശബ്ദ സന്ദേശം ലഭിച്ചു. 'ഞങ്ങള്‍ നില്‍ക്കുന്നതില്‍ നിന്ന് എഴുപത് മീറ്റര്‍ അകലെയായിരുന്നു ജബലിയ ക്യാമ്പിലെ ബോംബ് സ്ഫോടനം,' അദ്ദേഹം പറഞ്ഞു. 'ഒരു അയല്‍പക്കം മുഴുവന്‍ തുടച്ചുനീക്കപ്പെട്ടു.'

ജബലിയയിലേക്കുള്ള എന്റെ സന്ദര്‍ശനങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് കുട്ടികളെയാണ്: എല്ലായിടത്തും അവര്‍ ചിരിച്ചും കളിച്ചും സന്തോഷിച്ചും ഉണ്ടായിരുന്നു. എന്റെ സ്ത്രീ സുഹൃത്തുക്കളോടൊപ്പം ഞാന്‍ എപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്ന തിരക്കേറിയ ഘോഷമുള്ള മാര്‍ക്കറ്റുകളും എനിക്ക് ഇഷ്ടമായിരുന്നു.

വര്‍ഷങ്ങളായി ഞാന്‍ അങ്ങോട്ട് പോയിട്ടില്ലെങ്കിലും ജബലിയ എനിക്ക് വളരെ പരിചിതമായ സ്ഥലമാണ്. ഗാസയിലെ എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഏറ്റവും വലുതാണ് ഇത്. ഇരുപത്താറു സ്‌കൂളുകളും രണ്ട് ആരോഗ്യ കേന്ദ്രങ്ങളും ഒരു പൊതു ലൈബ്രറിയും അതിന്റെ ഭാഗമായി ഉണ്ട്. 1.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഒരു ലക്ഷത്തിപ്പതിനാറായിരത്തിലധികം പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവിടെ താമസിക്കുന്നു. അര ചതുരശ്ര മൈലില്‍ ഒരു ലക്ഷത്തിലധികം ആളുകളെ തിക്കിത്തിരുകുക എന്നതിന്റെ അര്‍ഥമെന്താണെന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും ധാരണയുണ്ടോ? എന്നിരുന്നാലും, അങ്ങേയറ്റത്തെ ജനസാന്ദ്രത ഉണ്ടായിരുന്നിട്ടും, ഈ ക്യാമ്പ് വളരെ ഊര്‍ജ്ജസ്വലമായ ഒരു സമൂഹമാണ്. ജബലിയയിലേക്കുള്ള എന്റെ സന്ദര്‍ശനങ്ങളില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് കുട്ടികളെയാണ്: എല്ലായിടത്തും അവര്‍ ചിരിച്ചും കളിച്ചും സന്തോഷിച്ചും ഉണ്ടായിരുന്നു. എന്റെ സ്ത്രീ സുഹൃത്തുക്കളോടൊപ്പം ഞാന്‍ എപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്ന തിരക്കേറിയ ഘോഷമുള്ള മാര്‍ക്കറ്റുകളും എനിക്ക് ഇഷ്ടമായിരുന്നു. 


ഞാന്‍ നിങ്ങളോട് ഒരുകാര്യം കൂടി പറയേണ്ടതുണ്ട്. ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ മകളായതിനാലും ഒരു യഹൂദ എന്ന നിലയിലും, ക്യാമ്പില്‍ ഞാന്‍ സന്ദര്‍ശിച്ച എല്ലാ വീടുകളും എന്നെ സന്തോഷത്തോടെ സ്വാഗതം ചെയ്തിരുന്നു. എന്നെ അവര്‍ ആലിംഗനം ചെയ്തിരുന്നു എന്നതാണ് സത്യം. അമേരിക്കയിലെ ആര്‍ട്ട് സ്‌കൂളില്‍ പോകാന്‍ ആഗ്രഹിച്ച എന്റെ ഒരു സുഹൃത്തിന്റെ പന്ത്രണ്ടു വയസ്സുള്ള മകന്‍ എനിക്കായി വരച്ച ഒരു ചിത്രം ഇപ്പോഴും എന്റെ പക്കലുണ്ട്.

ഇസ്രായേല്‍ ഇപ്പോള്‍ കൊലപ്പെടുത്തിയവരില്‍ അല്ലെങ്കില്‍ മാരകമായി പരിക്കേല്‍പ്പിച്ചവരില്‍ എന്റെ പ്രിയ സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും ഉണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ, ഇത് അവര്‍ക്കെതിരെ നടക്കുന്ന ആദ്യത്തെ ക്രൂരതയല്ലെന്നും, അതിനെ തടയാന്‍ ശക്തിയുള്ള നിങ്ങളും മറ്റുള്ളവരും ക്രൂരതയെ ന്യായീകരിക്കുന്നത് തുടരുകയാണെങ്കില്‍ ഇത് അവസാനത്തേതായിരിക്കില്ലെന്നും എനിക്കുറപ്പുണ്ട്. ഇപ്പോള്‍ നിങ്ങള്‍ ഒരു 'മാനുഷിക വിരാമം' (humanitarian pause) ആവശ്യപ്പെടുന്നു, അത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ ഭീകരമായ ഒരു കൂട്ടക്കൊലയുടെ മധ്യത്തില്‍ ഒരു താല്‍ക്കാലിക വിരാമം എന്നതു കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? അതിനര്‍ഥം ആളുകള്‍ക്ക് ഭക്ഷണം കൊടുത്ത്, അടുത്ത ദിവസം കൊല്ലപ്പെടാന്‍ അവരെ അതിജീവിക്കാന്‍ അനുവദിക്കുക എന്നാണോ? അതെങ്ങനെയാണ് മാനുഷികമാകുന്നത്? അതെങ്ങനെ അലിവുള്ളതാകുന്നത്?

മൂവായിരത്തി അഞ്ഞൂറു കുട്ടികളുള്‍പ്പെടെ എണ്ണായിരത്തിലധികം ആളുകളുടെ (ഇതെഴുന്ന സമയത്ത്) ഹത്യ, തലമുറകളെ തുടച്ചു നീക്കിയ കുടുംബങ്ങളുടെ പൂര്‍ണ്ണമായ നാശം, ആശുപത്രികള്‍, സ്‌കൂളുകള്‍, വീടുകള്‍ എന്നിവ ഉള്‍പ്പെടെ ഗാസയിലെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും നിരപ്പാക്കിയ ഒരു പ്രവൃത്തി സ്വയം പ്രതിരോധമല്ലെന്നും, മറിച്ച് ഒരു യുദ്ധക്കുറ്റമാണെന്നും വിളിക്കാന്‍ നിങ്ങള്‍ക്ക് ഇനിയും എത്ര തെളിവുകള്‍ ആവശ്യമുണ്ട്? തീര്‍ച്ചയായും ഹമാസ് പോരാളികളേക്കാള്‍ എത്രയോ കൂടുതല്‍ സാധാരണക്കാരെയാണ് ഇസ്രായേല്‍ ഗാസയില്‍ കൊലപ്പെടുത്തിയിരിക്കുന്നു.

സ്വയം പ്രതിരോധമല്ല, ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കി ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള അവരുടെ ഭൂമി തട്ടിപ്പറിച്ചു കൂട്ടിച്ചേര്‍ക്കാനുള്ള ആഗ്രഹമാണ് ഇവിടെ പ്രയോഗിക്കുന്നത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് അത് പൂര്‍ണ്ണമായും അറിയാം. എന്നാല്‍, നിങ്ങള്‍ക്കതിനെ എങ്ങനെ കുറ്റവിമുക്തമാക്കാന്‍ കഴിയുന്നു?

ദയവായി ഇതിന് ഉത്തരം നല്‍കുക: ഒരു അധിനിവേശക്കാരന് അവന്‍ അടിച്ചമര്‍ത്തുകയും, പുറന്തള്ളുകയും, ദരിദ്രരാക്കുകയും, ഇപ്പോള്‍ കൊടും പട്ടിണിയുടെ വക്കിലെത്തുകയും ചെയ്യുന്ന ജനതക്കെതിരെ സ്വയം പ്രതിരോധത്തിനുള്ള അവകാശം എങ്ങനെയാണ് ലഭിക്കുന്നത്? സ്വയം പ്രതിരോധമല്ല, ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കി ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള അവരുടെ ഭൂമി തട്ടിപ്പറിച്ചു കൂട്ടിച്ചേര്‍ക്കാനുള്ള ആഗ്രഹമാണ് ഇവിടെ പ്രയോഗിക്കുന്നത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് അത് പൂര്‍ണ്ണമായും അറിയാം. എന്നാല്‍, നിങ്ങള്‍ക്കതിനെ എങ്ങനെ കുറ്റവിമുക്തമാക്കാന്‍ കഴിയുന്നു?

ആയിരത്തി നാനൂറ് ഇസ്രായേലി നിരപരാധികളെ ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയതിന്, അവരോട് പ്രതികാരം ചെയ്യാനുള്ള ശ്രമത്തില്‍ ഇസ്രായേലും യു.എസും ധാര്‍മികതയുടേയും കാരുണ്യത്തിന്റേയും എല്ലാ കണികകളും ഉപേക്ഷിച്ച്, പ്രതിരോധമില്ലാത്തതും യാതൊരു സുരക്ഷിതത്വവുമില്ലാത്തതുമായ ഫലസ്തീനികള്‍ക്കൊപ്പം ഒരു പൊതു മനുഷ്യത്വത്തെക്കുറിച്ചുള്ള സ്ഥായിയായ സങ്കല്‍പ്പത്തെ തന്നെ ബഹിഷ്‌കരിച്ചാല്‍ അത് വിശുദ്ധീകരിക്കപ്പെടില്ല. ഇങ്ങനെയാണോ ഇസ്രായേല്‍ തങ്ങളുടെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോകുന്നത്? ഇങ്ങനെ തന്നെയാണോ നിങ്ങള്‍ അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

ഈ ഭയാനകമായ യുദ്ധത്തിന്റെ തുടക്കത്തില്‍, ആളുകള്‍ ഷോപ്പിംഗിന് ഇറങ്ങുന്ന സമയത്ത്, ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ ഒരു വ്യോമാക്രമണത്തെക്കുറിച്ച് മൊസാബ് എന്നോട് പറയുകയുണ്ടായി. ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷം ആ ആക്രമണത്തിന്റെ ശേഷിപ്പുകള്‍ കാണിക്കുന്ന ഒരു ഫോട്ടോ അദ്ദേഹം എനിക്ക് അയച്ചുതന്നിരുന്നു - ചലനമറ്റ ശരീരങ്ങള്‍ക്ക് സമീപം ചിതറിക്കിടക്കുന്ന അവോക്കാഡോകള്‍. 'നിങ്ങള്‍ക്ക് ആ അവക്കാഡോകള്‍ കാണാമോ?' അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് അത് കഴിയുന്നുണ്ട്. നിങ്ങള്‍ക്ക് അതിന് കഴിയുമോ, പ്രസിഡന്റ് ബൈഡന്‍?

അവലംബം: ലണ്ടണ്‍ റിവ്യൂ ഓഫ് ബുക്ക്‌സ്

വിവര്‍ത്തനം: അഫ്താബ് ഇല്ലത്ത്

സാറാ റോയ് ഒരു അമേരിക്കന്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞയും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസില്‍ സീനിയര്‍ റിസര്‍ച്ച് സ്‌കോളറുമാണ്. റോയിയുടെ ഗവേഷണങ്ങളും നൂറിലധികം പ്രസിദ്ധീകരണങ്ങളും ഗാസയുടെ സമ്പദ്വ്യവസ്ഥയിലും ഹമാസിലും ഈയിടെയായി കേന്ദ്രീകരിക്കുന്നു. 2007-ല്‍ പ്രസിദ്ധീകരിച്ച ''പരാജയപ്പെടുന്ന സമാധാനം: ഗാസയും ഫലസ്തീനിയന്‍-ഇസ്രായേലി സംഘര്‍ഷവും'' എന്ന പുസ്തകവും അവരുടെതായി ഉണ്ട്.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഷെല്‍ഫ് ഡെസ്‌ക്

MeidaOne Shelf

Similar News