ചൗരി-ചൗരയും മലബാറും

'നമുക്ക് യഥാര്‍ഥത്തില്‍ ഒരു മുന്നേറ്റം നടത്തണമെങ്കില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള തങ്കം പോലെയുള്ള മനസ്സിനുടമകളായ ഈ ബഹുജനങ്ങള്‍ക്ക് ശിക്ഷണം നല്‍കുകയും അവരെ നയിക്കുകയും വേണം. ബുദ്ധിശാലികളും ആത്മാര്‍ഥതയുള്ളവരുമായ ഏതാനും ചില പ്രാദേശികനേതാക്കള്‍ ഉണ്ടായാല്‍ മുഴുവന്‍ രാജ്യത്തെയുംം ബുദ്ധിപൂര്‍വം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കാനും മോബോക്രസിയെ ഡെമോക്രസിയായി പരിവര്‍ത്തിപ്പിക്കാനും സാധിക്കും എന്നായിരുന്നു ഗാന്ധി വിഭാവനം ചെയ്തത്. 1921ലെ ഖിലാഫത്ത് നിസ്സഹകരണ വളണ്ടിയര്‍മാരെ ഇത്തരത്തിലാണ് സംഘടിപ്പിച്ചത്. 'ലിബറല്‍ ഗാന്ധിയും' 'ഫനാറ്റിക് മാപ്പിളയും': ഭാഗം - 04

Update: 2022-11-08 06:23 GMT
Click the Play button to listen to article

ഗാന്ധിയുടെ നേത്യത്വത്തില്‍ നടന്ന ആദ്യത്തെ ദേശീയസമരം 1919ല്‍ റൗലറ്റ് ബില്ലിനെതിരെയുള്ള ബഹുജന മുന്നേറ്റമായിരുന്നു. ഈ സമരം അക്രമത്തിലാണ് കലാശിച്ചത്. അതിന്‌ശേഷമാണ് ആള്‍ക്കൂട്ടത്തിന്റെ പ്രവചിക്കാനാവാത്ത നിഷേധാത്മകബോധത്തെയും അക്രമാസക്തിയെയും കുറിച്ച് ഗാന്ധി ബോധവാനായത് എന്നാണ് ശാഹിദ് അമീന്‍ നിരീക്ഷിക്കുന്നത്. ദേശീയ പ്രചരണങ്ങളുടെ ഭാഗമായി നടത്തിയ ട്രെയിന്‍ യാത്രകളുടെ അനുഭവങ്ങളെ സമാഹരിച്ചുകൊണ്ട് അദ്ദേഹം (ഗാന്ധി) എഴുതിയത് ഇപ്രകാരമായിരുന്നു. ആള്‍ക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം അവരുടെ ശക്തിപ്രകടനമായിരുന്നു. കോണ്‍ഗ്രസ് വിവേകശാലികളായ സ്ത്രീപുരുഷന്മാരാണ് അതിന്റെ സംഘാടകരെങ്കിലും നമ്മുടെ ജനകീയ പ്രകടനങ്ങളെല്ലാം നിസ്സംശയമായും ആള്‍ക്കൂട്ടപ്രകടനങ്ങളായിരുന്നു. ആള്‍ക്കൂട്ടമെന്ന നിലയില്‍ പ്രകടമാക്കപ്പെടുന്ന ജനങ്ങളുടെ ഈ ദേശീയ ബോധത്തിന് അടിയന്തിരമായും അച്ചടക്കത്തിന്റെ ആവശ്യകതയുണ്ട്. 401920 septmeber മാസത്തില്‍ ദര്‍ശനം തേടിവരുന്ന ഈ ആള്‍ക്കുട്ടങ്ങളെ അഥവാ, മോബോക്രസിയെ നിയന്ത്രണവിധേയമാക്കാനായി ഗാന്ധി ഇരുപതിന പരിപാടി തയ്യാറാക്കുകയുണ്ടായി. മോബോക്രസി (Mobocracy) യുടെ ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ രാഷട്രീയ സ്ഥിതിഗതിയെ തരണം ചെയ്യാന്‍ ഗാന്ധി മുന്നോട്ടു വച്ച പരിപാടിയിലെ പ്രധാന ഇനം ആള്‍ക്കൂട്ടത്തെ വളണ്ടിയര്‍മാരുടെ നിയന്ത്രണത്തിന്‍ കീഴിലാക്കുകയും അവരുടെ നിര്‍ദേശങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. 'നമുക്ക് യ്ഥാര്‍ഥത്തില്‍ ഒരു മുന്നേറ്റം നടത്തണമെങ്കില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള തങ്കം പോലെയുള്ള മനസ്സിനുടമകളായ ഈ ബഹുജനങ്ങള്‍ക്ക് ശിക്ഷണം നല്‍കുകയും അവരെ നയിക്കുകയും വേണം. ബുദ്ധിശാലികളും ആത്മാര്‍ഥതയുള്ളവരുമായ ഏതാനും ചില പ്രാദേശികനേതാക്കള്‍ ഉണ്ടായാല്‍ മുഴുവന്‍ രാജ്യത്തെയുംം ബുദ്ധിപൂര്‍വം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിക്കാനും മോബോക്രസിയെ ഡെമോക്രസിയായി പരിവര്‍ത്തിപ്പിക്കാനും സാധിക്കും എന്നായിരുന്നു ഗാന്ധി വിഭാവനം ചെയ്തത് 41. 1921ലെ ഖിലാഫത്ത് നിസ്സഹകരണ വളണ്ടിയര്‍മാരെ ഇത്തരത്തിലാണ് സംഘടിപ്പിച്ചത്. അക്രമരാഹിത്യം അനുഷ്ഠിക്കുമെന്നും ഉദ്യോഗസ്ഥരുടെ ഉത്തരവുകള്‍ അനുസരിക്കുമെന്നും ഹിന്ദുസമുദായത്തിലെ അയിത്താചരണത്തെ എതിര്‍ക്കുമെന്നും ബഹുമതസമൂഹത്തില്‍ മതസഹോദര്യം ഉറപ്പുവരുത്തുമെന്നും, ജയില്‍ശിക്ഷ അടക്കമുള്ള ഏത് ബുദ്ധിമുട്ടും സഹിക്കാന്‍ തയ്യാറാവുമെന്നും അറസ്റ്റ് ചെയ്യപ്പെട്ടാല്‍ കുടുംബത്തിന് വേണ്ടി സാമ്പത്തികസഹായം ആവശ്യപ്പെട്ടില്ലെന്നും ഖദര്‍വസ്ത്രം ധരിക്കുമെന്നും ദൈവനാമത്തില്‍ സത്യം ചെയ്ത നിസ്സഹകരണ വളണ്ടിയര്‍മാരാണ് February 4ന് ചൗരി-ചൗരാ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും 23 പോലീസുകാരെ ഉള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തുകയും ചെയ്തത്. 'വളണ്ടിയര്‍മാരെ ഏല്‍പിച്ച ദൗത്യത്തിന്റെ ഭയാനകമായ ഒരു കീഴ്‌മേല്‍ മറിച്ചിലാണ് സംഭവിച്ചത്. പൊലീസ് സ്‌റ്റേഷന്‍ ഇല്ലാതാക്കിയതോടെ, ഗാന്ധിരാജിന്റെ പ്രാരംഭ ലക്ഷണമാണതെന്ന് ആക്രമത്തില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.42 ബുദ്ധിശാലികളും ആത്മാര്‍ഥതയുള്ളവരുമായ ഏതാനും ചില പ്രാദേശിക നേതാക്കള്‍' ഉണ്ടായിരുന്നിട്ടും ചൗരി-ചൗരയില്‍ ആക്രമം നടത്തിയവര്‍ക്ക് 'ബുദ്ധിപൂര്‍വം' പ്രവര്‍ത്തിക്കാന്‍ സാധിക്കാതിരുന്നതെന്തുകൊണ്ട് എന്ന പ്രശ്‌നം ഗാന്ധി അഭിസംബോധന ചെയ്തത് ഇപ്രകാരമാണ്. 'തെമ്മാടികളായ ഇന്ത്യാക്കാരുടെ മേല്‍ നിയന്ത്രണം സ്ഥാപിച്ചെടുത്താല്‍ മാത്രമെ ആക്രമികളല്ലാത്ത നിസ്സഹകരണക്കാര്‍ക്ക് വിജയം വരിക്കാനാവുകയുള്ളൂ. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ദേശഭക്തിയുടെയും മതവിശ്വാസത്തിന്റെയും പേരില്‍ ചുരുങ്ങിയ പക്ഷം നിസ്സഹകരണസമരം നടക്കുമ്പോഴെങ്കിലും ആക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ഈ തെമ്മാടികളും പഠിക്കുമ്പോഴെ നിസ്സഹകരണ സമരത്തിന് വിജയിക്കാനാവൂ എന്നായിരുന്നു ഗാന്ധിയുടെ സമീപനം.43


ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനത്തിലണിനിരന്ന ഇന്ത്യക്കാരെ 'ബുദ്ധിശാലികള്‍' 'ആത്മാര്‍ഥതയുള്ള ദേശഭക്തര്‍ /അക്രമികള്‍, തെമ്മാടികള്‍' എന്ന രണ്ട് തരമാക്കി തിരിച്ചുകൊണ്ട്് ഗാന്ധി നടത്തുന്ന വര്‍ഗീകരണം', കോളോണിയല്‍ ഭരണകൂടത്തിന്റെ വര്‍ഗീകരണവുമായി ഒത്തുപോവുന്നുവെന്നുമാത്രമല്ല, ആള്‍ക്കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന റാഷണല്‍ വ്യക്തികളെ നിയോഗിച്ചുകൊണ്ട് ഇന്ത്യക്കാരായ തെമ്മാടികളെ നിയന്ത്രിക്കാനും ശിക്ഷിക്കാനും ഭരണകൂട മാതൃക പറ്റുകയും ചെയ്യുന്നു. ചൗരി-ചൗര സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഗ്രാമത്തിന്റെ ചുറ്റുപാടുമുളള എല്ലാ വളണ്ടിയര്‍ഗ്രൂപ്പുകളെയും പിരിച്ചുവിടുകയും February 11 1920ന് മഹാത്മാഗാന്ധിയുടെ പുത്രന്‍ ദേവദാസ് ഗാന്ധി നിയമലംഘനം നിര്‍ത്തിവക്കുന്നതിനെകുറിച്ച് ഗാന്ധി ആലോചിക്കുന്നതായി പ്രസ്താവന കൊടുക്കുകയും ചെയ്തു. February 12ന്് അഖിലേന്ത്യാടിസ്ഥാനത്തില്‍ നിയമലംഘനം നിത്തിവക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത നടപടിയായി കോണ്‍ഗ്രസ് ചെയ്തത് ചൗരി-ചൗരാ സഹായ നിധി പ്രഖ്യാപിക്കുകയായിരുന്നു. ഇരുപക്ഷത്തും ദുരിതാവസ്ഥയിലകപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്കുക എന്നതിന് പുറമെ ഈ അനിഷ്ടസംഭവത്തിന്റെ പേരില്‍ പ്രാശ്ചിത്തം ചെയ്യുകയെന്ന ഉദ്ദേശവും കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ഇതിന് വേണ്ടി പ്രവിശ്യയിലെ ഓരോ ജില്ലകളോടും രണ്ടായിരം രൂപ സംഭാവനചെയ്യാന്‍ ആവശ്യപ്പെട്ടു, എന്നാല്‍, കുറ്റക്കാരായ ഗോരഖ്പൂര്‍കാര്‍ പതിനായിരം രൂപ കൊടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. (10000 രൂപ)44 മലബാര്‍ കലാപാനന്തരം ഏറനാട്ട്, വള്ളുവനാട് താലൂക്കുകളിലെ മാപ്പിളമാരില്‍നിന്നും ഒരു ലക്ഷത്തിലധികം രൂപയാണ് ബ്രിട്ടീഷ് ഭരണകൂടം പിഴയായി ഈടാക്കിയത്. 1921ല്‍ ഏറനാട്ടിലെ ജനസംഖ്യ (236873)യില്‍ 59 ശതമാനവും വള്ളുവനാട്ടിലെ ജനസംഖ്യയില്‍ (131487) 33.3 ശതമാനവുമായിരുന്നു മാപ്പിളമാര്‍.45 ചൗരി-ചൗര സംഭവത്തില്‍ കുറ്റംചാര്‍ത്തപ്പെട്ട 225 പേര്‍ ഉള്‍പ്പെടുന്ന ചൗരി-ചൗര-ധുമ്രി - മുണ്ടേര (Chouri choura Dumri - Mundera) പ്രദേശത്തെ ജനസംഖ്യ അയ്യായിരത്തിലധികമാണ്.46 ജനസംഖ്യയുടെ അനുപാതം വച്ചുനോക്കുമ്പോള്‍ മാപ്പിളമാരില്‍ നിന്നും ബ്രിട്ടീഷുകാര്‍ ഈടാക്കിയ പിഴയെക്കാള്‍ എത്രയോ അധികമാണ് ചൗരി-ചൗരക്കാരില്‍ നിന്നും കോണ്‍ഗ്രസ് ഈടാക്കിയത്. ആരായിരുന്നു ഈ 'തെമ്മാടികളായ ഇന്ത്യക്കാര്‍' ? ബ്രിട്ടീഷ് ഭരണകൂടം വിചാരണചെയ്ത വധശിക്ഷ നടപ്പാക്കിയ പത്തൊമ്പത് വിപ്ലവകാരികളുടെ സാമുദായിക പാശ്ചാത്തലം പരിശോധിച്ചാല്‍ 'തെമ്മാടി ഇന്ത്യക്കാര്‍ എന്ന ഗാന്ധിയുടെ പ്രയോഗത്തിന്റെ യഥാര്‍ഥ സ്വഭാവം അനാവൃതമാകും. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വധശിക്ഷ ഏറ്റുവാങ്ങിയ രക്തസാക്ഷിത്വം വരിച്ച പത്തൊമ്പത് പേരില്‍ (19) പതിനേഴുപേരും ദലിത് പിന്നാക്കജാതികളില്‍പെട്ട ഹിന്ദുക്കളും മുസ്‌ലിംകളുമായിരുന്നു. ചൗരി ചൗര കലാപത്തെ സ്വാതന്ത്രസമരത്തിന്റെ സുപ്രധാന സംഭവമാക്കിമാറ്റിയ വീരപുരുഷന്മാര്‍ ചൗര ഗ്രാമത്തിലെ ലാല്‍ മുഹമ്മദ് (40) (Lalmohammed, S/o Haakim Sha) വളക്കച്ചവടക്കാരനായ നാസ്സര്‍ അലി (30) (Nazar Ali, Son of Jiyan) ഭഗ്‌വാന്‍ ആഹിര്‍ (24) (Bhagwan Ahir, S/o Ramnath Ahir) അബ്ദുള്ള സായിന്‍ എന്ന സുഖായ് (40) (Abdulla Saain Alias Sukhai, son of Gobar) ശിക്കാരി (24) (Shikari, son of Meer Qurban Syed) എന്നിവരാണ്. ഇതില്‍ ശിക്കാരി പിന്നീട് മാപ്പുസാക്ഷിയായി. ഇവര്‍ക്ക് പുറമെ, ഇന്ദ്രജിത് കൊയ്‌രി (Indrajit Koiri) എന്ന സന്യാസിയും ശ്വാംസുന്ദറും (Shyam Sundar) എന്നിവരും നേതൃത്വപരമായ പങ്കുവഹിക്കുകയുണ്ടായി.47 ഖിലാഫത്ത് - നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ആഹ്വാനപ്രകാരം മുണ്ടേര ബസാറില്‍ പിക്കറ്റിങ്ങും മറ്റു പരിപാടികളും നടത്തിക്കൊണ്ടിരുന്ന വളണ്ടിയര്‍മാരില്‍ ഉള്‍പ്പെട്ട, വിമുക്ത ഭടനായിരുന്ന ഭഗവാന്‍ ആഹിറിനെ, സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും സവര്‍ണ സമുദായക്കാരനുമായ ഗുപ്‌തേശ്വര്‍ സിങ്ങ് ഉപദ്രവിച്ചതിനെ വളണ്ടിയര്‍മാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ പോലീസ് വെടിവെപ്പാണ് സംഭവങ്ങള്‍ക്ക്് തുടക്കം കുറിച്ചത്. ഒന്നാം ലോകമഹായുദ്ധത്തില്‍ മെസപൊട്ടോമിയയില്‍ ബ്രിട്ടീഷ് സൈന്യത്തില്‍ സേവനമനുഷ്ഠിച്ച ആളായിരുന്നു ഭഗവാന്‍ ആഹിര്‍. ആഹിര്‍ ജാതിക്കാര്‍ പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണ്. ദലിത് - പിന്നാക്ക വിഭാഗത്തില്‍പെടുന്ന ഹിന്ദുക്കളും മുസ്‌ലിംകളും നടത്തിയ ഈ ജനകീയ മുന്നേറ്റത്തില്‍ പങ്കെടുത്ത വീരപുരുഷന്മാരെ അറസ്റ്റ് ചെയ്യാനും അവര്‍ക്കെതിരെ കള്ളസാക്ഷി പറയാനും അവര്‍ക്ക് ശിക്ഷവാങ്ങിക്കൊടുക്കാനും കൂട്ടുനിന്നത് സ്ഥലത്തെ പ്രധാന ജമീന്ദര്‍മാരാണ്. അവരതിനെ ക്രിമിനല്‍ പ്രവര്‍ത്തനമായിട്ടാണ് കണ്ടത്.48 ഈ കൃത്യം ചെയ്തവര്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ ഗാന്ധിയുടെ ആശയത്തെയും അത്ഭുതശേഷികളെയും ഉപയുക്തമാക്കി. എന്നാല്‍, ലോകമൊട്ടുക്കും അപ്രതിരോധശക്തിയായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊടിക്കൂറ അവര്‍ വലിച്ചു താഴെയിട്ടു. അതോടൊപ്പം ഗാന്ധിസത്തെയും വ്യാജ സ്വരാജിനെയും അവര്‍ തുറന്നുകാട്ടി. ജന്മിമാരുടെ അടിയേറ്റ് പാവപ്പെട്ട മനുഷ്യരുടെ പുറംപൊളിയുമ്പോള്‍ ആ മുറിവില്‍ ഉപ്പും മുളകും തേച്ചു രസിക്കുന്ന അതിക്രമികളായ ഭരണാധികാരികള്‍ക്ക് മുമ്പില്‍ തൊട്ടുകൂടാത്തവര്‍ എന്നറിയപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍, സമൂഹം അടിച്ചേല്‍പ്പിച്ച ജാതിയുടേയും മതത്തിന്റെയും തിട്ടൂരങ്ങള്‍ ലംഘിച്ച് വിപ്ലവത്തിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചു. അതിനവര്‍ക്ക് അഭ്യസ്തവിദ്യരും സൂത്രശാലികളും വക്രബുദ്ധിക്കാരുമായവരുടെ നേതൃത്വം ആവശ്യമില്ലായിരുന്നു. 49


ചൗരി -ചൗരക്കാരനായ സുഭാഷ്ച്ന്ദ്ര ഖുശ്‌വാഹയുടെ വൈകാരികതമുറ്റിയ ഈ വിവരണത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അക്രമാസക്തരാവുന്ന 'തെമ്മാടികളായ ഇന്ത്യക്കാരുടെ' (ഗാന്ധിയുടെ ഭാഷയില്‍) മനോഭാവമെന്തായിരുന്നുവെന്ന് കൃത്യമായി വരച്ചു കാട്ടുന്നുണ്ട്. ലഹളക്കൊരുമ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ക്ക് അവര്‍ക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അവരുടേതായ ധാരണകളുണ്ടായിരുന്നു. ഇത് ചിലപ്പോള്‍ വരേണ്യധാരണകളോടൊത്തുപോവുകയും ചിലപ്പോള്‍ അതില്‍നിന്ന് വേറിട്ട് നില്‍ക്കുകയും ചെയ്തു. 50 ബുദ്ധിശാലികളായ നേതാക്കളുടെ ആഹ്വാനത്തോട് സാധാരണ ജനങ്ങള്‍ അനുകൂലമായി പ്രതികരിക്കുന്നത് നിത്യജീവിതത്തില്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടതകളിലും പീഢനങ്ങളിലുമുള്ള അസന്തുഷ്ടിയെ സംഘടിത പ്രതിഷേധമായി ആവിഷ്‌കരിക്കാന്‍ പര്യാപ്തമായ ഒരു വഴി തുറന്നു കിട്ടുമ്പോഴാണ്. ഖോരഖ്പൂരിലെ ദലിത് മുസ്‌ലിം ജനതയും മലബാറിലെ മാപ്പിളമാരും ഈ സാധ്യതകളെ ഉപയോഗപ്പെടുത്തിയതിലെ വ്യത്യസ്തതകള്‍, തീര്‍ച്ചയായും, ഖൊരഖ്പൂരിനെയും, മലബാറിനെയും വ്യത്യസ്തമാക്കുന്നുണ്ട്. പക്ഷെ, ഗാന്ധിയെ സംബന്ധിച്ചിടത്തോളം, ഈ വ്യത്യസ്തത മലബാര്‍ സമരത്തിലെ ഇസ്‌ലാമിന്റെ സാന്നിധ്യമാണ് എന്ന അന്‍സാരിയുടെ നിരീക്ഷണത്തിനപ്പുറത്താണ് ഗാന്ധിയുടെ സമീപനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള അസ്വസ്ഥതകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ചൗരി-ചൗരയിലെ പൊട്ടിത്തെറിയുണ്ടായത് ജാതിവ്യവസ്ഥക്കുള്ളില്‍ നിന്നാണ്. മലബാറിലെ പൊട്ടിത്തെറി ജാതിവ്യവസ്ഥക്ക് പുറത്ത് നിന്നായിരുന്നു. ചൗരി-ചൗരയില്‍ നടന്നത് രാഷ്ട്രിയ കലാപമാണെന്നും അത് കത്തിപ്പടരാനിടയുളളതാണെന്നും മലബാറിലെ കലാപം വര്‍ഗീയവും, മലബാറില്‍ ഒതുങ്ങതുമാണെന്ന ഗാന്ധിയുടെ വീക്ഷണത്തില്‍, താഴ്ത്തപ്പെട്ട ജാതിക്കാരുടെ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന രാഷ്ടീയവിപത്തിനെ കുറിച്ചുള്ള സൂചനകളുണ്ട്. ഈ നിഗമനം തീര്‍ത്തും ശരിയായിരുന്നുവെന്ന് February 04 നും ഖിലാഫത്ത് - നിസ്സഹകരണ സമരം നിത്തിവെച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായ Feb 11നും ഇടയിലുള്ള സംഭവ വികാസങ്ങള്‍ തെളിയിച്ചു. ചൗരി - ചൗരക്ക് ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ജമീന്ദാര്‍മാരുടെ വിടുകള്‍ക്ക് നേരെ കര്‍ഷക കലാപകാരികള്‍ വ്യാപകമായ അക്രമണമഴിച്ചു വിട്ടു 51. ബ്രിട്ടീഷ് വിരുദ്ധസമരം ജന്മിമാര്‍ക്കെതിരെ തിരിയുന്ന സംഭവങ്ങള്‍ക്ക് ഗൊരഖ്പൂരും സാക്ഷ്യം വഹിക്കുകയുണ്ടായി. പക്ഷെ മലബാറിലെപോലെ ആറുമാസക്കാലം നീണ്ടുനിന്ന ഒരു കര്‍ഷക യുദ്ധമായി അത് രൂപാന്തരപ്പെടുകയുണ്ടായില്ല.




 

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ആള്‍ക്കൂട്ട ഭയത്തിന്റെ കാര്യത്തില്‍ ഗാന്ധിയും ബ്രിട്ടീഷ് ഭരണകൂടവും ഒരേ തട്ടിലായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ആള്‍ക്കൂട്ടങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ രണ്ട് തട്ടിലും. ബ്രിട്ടീഷ് ഭരണകൂടത്തിന് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ആയുധം വെടിയുണ്ടകളായിരുന്നു. വസീറിസ്ഥാനിലെ ബോംബര്‍ വീമാനങ്ങളും ജാലിയന്‍ വാലാ ബാഗില്‍ ജനറല്‍ ഡയറുടെ വെടിയുണ്ടകളും മലബാര്‍ കളക്ടര്‍ തോമസിന്റെ വാഗണ്‍ കൂട്ടക്കൊലയുള്‍പ്പെടെയുള്ള മര്‍ദനമുറകളും ഇതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തങ്ങളായിരുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഗാന്ധിയുടെ ആയുധം 'ധര്‍മ'മായിരുന്നു. ഗാന്ധിയുടെ ഈ ആയുധം., ലിബറല്‍ 'ധര്‍മത്തെ'ക്കാള്‍ മനുസ്മൃതിയുടെ 'ധര്‍മം / ദണ്ടാ' (Dharma / Danda) എന്ന സങ്കല്‍പത്തെയാണ് ആശ്രയിക്കുന്നത്. ദണ്ട് എന്നാല്‍ വടിയെന്നാണ് അക്ഷരാഥം. ബലപ്രയോഗത്തിന്റെ പ്രതീകമായിട്ടാണ് ഈ പദം മനുസ്മ്യതിയില്‍ വ്യവഹരിക്കപ്പെടുന്നത്. ധര്‍മവും (നീതി) ദണ്ടും പരസ്പരപൂരകങ്ങളായ പ്രത്യയമായിട്ടാണ് മനുവിന്റെ നിയമസംഹിത വിഭാവനം ചെയ്യുന്നത്. 'ധര്‍മവും ദണ്ടും തമ്മിലുള്ള ഈ പരസ്പരാശ്രിതത്വത്തെ സംബന്ധിച്ച ചില പ്രസ്താവങ്ങള്‍ ധര്‍മാനുരൂപമായ പെരുമാറ്റം സാധ്യമാവണമെങ്കില്‍ ബലപ്രയാഗവും അനുസരണയും (coerecion and conformity), (ചുരുങ്ങിയ പക്ഷം, സമൂഹത്തിലെ കീഴ്ത്തട്ടിലുള്ളവരുടെ കാര്യത്തിലെങ്കിലും) കൂടാതെ കഴിയില്ല എന്ന് വിചാരിക്കത്തക്കവണ്ണം അപകടകരമായി അടുത്ത് നില്‍ക്കുന്നവയാണ്. ഈ വീക്ഷണമനുസരിച്ച് ധാര്‍മികമായ ശരിതെറ്റുകളെ സ്വേഛാനുസരണം തെരെഞ്ഞെടുക്കാനുള്ള യഥാര്‍ഥ അവസരം ബഹുജനങ്ങള്‍ക്കുണ്ടാവില്ല. ധര്‍മനിഷ്ഠക്ക് പകരം ശിക്ഷയെ കുറിച്ചുള്ള ഭയമാണുണ്ടാവുക.52 അധികാരം, പ്രാമാണികത്വം, ശിക്ഷ (Power, Authority, Punishment) എന്നിവയുടെ സാമൂഹ്യ പ്രയോഗത്തിലൂടെ ധര്‍മം സംസ്ഥാപിതമാക്കാനുള്ള അവകാശം മനുവിന്റെ നിയമ സംഹിതയില്‍ രാജാവില്‍ അര്‍പ്പിതമാണ്. ബ്രിട്ടീഷിന്ത്യയില്‍ രാജഭരണം നിഷ്പ്രഭമായതോടെ, ഈ അധികാരങ്ങള്‍ പ്രയോഗിച്ചിരുന്നത് ഗ്രാമങ്ങളില്‍ രാജതുല്യരായി വാണിരുന്ന ജമീന്ദാര്‍മാരായിരുന്നു. ബ്രീട്ടീഷ് ഭരണകൂടത്തിന് സദ്യശമായ ബലപ്രയോഗത്തിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ 'വ്യവസ്ഥ' (order) യുടെ സുരക്ഷയുറപ്പാക്കാന്‍ ഈ ജമീന്ദാര്‍മാര്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഗാന്ധിയുടെ 'തെമ്മാടികളായ ഇന്ത്യാക്കാരുടെ' കൂട്ടത്തില്‍ ഈ ജമീന്ദാര്‍മാര്‍ ഉള്‍പെടാതിരുന്നതും യാദ്യശ്ചികമല്ല.


മഹാത്മാഗാന്ധി ഒരു മനു ഭക്തനായിരുന്നുവെന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. പക്ഷെ, നിസ്സഹകരണ സമരക്കാലത്ത് അദ്ദേഹം അനുശാസിച്ച ധര്‍മനിഷ്ഠയില്‍ അതായത് അഹിംസാമാര്‍ഗം ഹിന്ദുക്കള്‍ക്ക്, നിര്‍ബന്ധമാക്കുകയും അഹിംസാമാര്‍ഗത്തിലുള്ള നിസ്സഹകരണ സമരം പരാജയപ്പെടുകയാണെങ്കില്‍, ഹിന്ദുക്കള്‍ വിയോജിക്കുകയാണെങ്കില്‍ പോലും, മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ സമരം മുന്നോട്ടു കൊണ്ടുപോവാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്ത ഗാന്ധിയുടെ പ്രസ്താവത്തില്‍ മതധാര്‍മികതയെ സമരമാര്‍ഗത്തിലെ നിര്‍ണായക ഘടകമായി ഗാന്ധി ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട്.53 ആള്‍ക്കൂട്ടങ്ങള്‍ അക്രമാസക്തരാവുന്നതോടെ, ഈ മതധാര്‍മികതയുടെ അടിസ്ഥാന ഘടനയായ ജാതിമേധാവിത്തവും അതിന്റെ സംരക്ഷകരായ സവര്‍ണ്ണ ഭൂപ്രഭുത്വവും അപകടത്തിലാവുമെന്ന ഭീതി ഗാന്ധിക്കുണ്ടായിരുന്നു. ഗോരഖ്പ്പൂരില്‍നിന്നും മലബാറിനെ വ്യത്യസ്തമായി കാണുന്ന ഗാന്ധിയുടെ വീക്ഷണത്തില്‍ ഇസ്‌ലാം വിരോധമല്ല, ഈ 'ധാര്‍മിക തകര്‍ച്ചയെ'കുറിച്ചുള്ള ഭീതിയാണ് മറനീക്കിപുറത്തുചാടുന്നത്.

ചെംസ്‌ഫോര്‍ഡ് പ്രഭുവിന്റെ ആള്‍കൂട്ടഭീതിയും ഗാന്ധിയുടെ ആള്‍കൂട്ട ഭീതിയും പ്രത്യക്ഷത്തില്‍ സാധര്‍മ്യമുള്ളതാണെങ്കിലും ഉള്ളടക്കത്തില്‍ അവരണ്ടും വ്യത്യസ്തമാണ്. കോളോണിയല്‍ ലിബറല്‍ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം നിയമവാഴ്ചയെന്നത് കോളനി ജനതയെ അടക്കിഭരിക്കാനുള്ള നിയമായനുസാരിയായ ആയുധമാണ്. അതിന് ഭീഷണി സ്ൃഷ്ടിക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ കോളനിയധികാരത്തെ വെല്ലുവിളിക്കുന്നവരാണ്. ഗാന്ധിയെ സംബന്ധിച്ചിടത്തോളം അക്രമാസക്തരായ ആള്‍ക്കൂട്ടങ്ങള്‍ അധികാര പങ്കാളിത്തത്തിന് വേണ്ടി ബൂഷ്വാ - ഭൂപ്രഭുവര്‍ഗം നടത്തിക്കൊണ്ടിരുന്ന വിലപേശല്‍ രാഷ്ട്രീയത്തിന് സമാന്തരമായി ഉയര്‍ന്നുവരുന്ന മറ്റൊരു രാഷ്ട്രീയമാണ്. കോണ്‍ഗ്രസ്സിന്റെ വിലപേശല്‍ രാഷ്ട്രീയത്തെ അത് തകരാറിലാക്കുമെന്ന് ഗാന്ധി ഭയപ്പെട്ടു. കര്‍ഷക ജനസാമാന്യത്തിന്റെ ഈ സമാന്തരമുന്നേറ്റം ബ്രിട്ടീഷ് ഭരണത്തിന് മാത്രമല്ല, പ്രാദേശിക ഭരണവര്‍ഗങ്ങള്‍ക്കും ഭീഷണിസൃഷ്ടിക്കുമെന്ന് മുന്‍കൂട്ടിക്കാണാന്‍ ഗാന്ധിക്ക് സാധിച്ചു. കൊളോണിയല്‍ ലിബറല്‍ ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളെ ലിബറല്‍ മര്യാദകളില്‍ ഉറപ്പിച്ചു നിര്‍ത്തുകയെന്നതായിരുന്നു ഗാന്ധിയുടെ തന്ത്രം. പാശ്ചാത്യലിബറല്‍ മര്യാദകളെ മനുസ്മൃതിയുടെ ധര്‍മ/ ദണ്ഡന വിചാരങ്ങളുമായി കൂട്ടിക്കുഴച്ചുകൊണ്ടാണ് ഒരേ സമയം കോളോണിയല്‍ ഭരണകൂടത്തെയും സാമാന്യജനതയുടെ വിപ്ലവശ്രമങ്ങളെയും ഗാന്ധി എതിരിട്ടത്. ഈയര്‍ഥത്തില്‍ നോക്കിയാല്‍, ബ്രിട്ടീഷിന്ത്യയിലെ ബൂര്‍ഷ്വാ-ഭൂപ്രഭു താല്‍പര്യങ്ങളുടെ വിജയത്തിനാവശ്യമുള്ളിടത്തോളം പാശ്ചാത്യ ലിബറല്‍ ചിന്തയുടെയും മനുസ്മ്യതിയുടെ ധര്‍മാദര്‍ശങ്ങളുടേയും അംശങ്ങള്‍ ഗാന്ധിയന്‍ രാഷ്ട്രീയ പ്രയോഗങ്ങളില്‍ ഉള്‍ചേര്‍ന്നു നിന്നിരുന്നുവെന്ന് കാണാവുന്നതാണ്. ഗാന്ധിയെയും ഗാന്ധിസത്തെയും സംബന്ധിച്ച ഇ.എം.എസിന്റെ വിശകലനത്തില്‍ 'സദുദ്ദേശങ്ങള്‍കൊണ്ടുണ്ടാക്കിയ നരകത്തിലേക്കുള്ള പാത'54 എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. സദുദ്ദേശമെന്ന് വിശേഷിപ്പിക്കുന്നത് ബ്രിട്ടീഷാധിപത്യങ്ങളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന കാര്യത്തില്‍ ഗാന്ധിക്ക് നിശ്ചയദാര്‍ഡ്യം പ്രദര്‍ശിപ്പിച്ചുവെന്ന അര്‍ഥത്തിലാണ്. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ ഹിന്ദുക്കുള്‍ക്കും മുസ്‌ലിംകള്‍ക്കും തുല്യാധികാരമുള്ള ഒരു സ്വതന്ത്രരാഷ്ട്രത്തെ ഗാന്ധി വിഭാവനം ചെയ്തിരുന്നുവെന്നതും യാഥാര്‍ഥ്യമാണ്.55 എന്നാല്‍, ഗാന്ധി വിഭാവനം ചെയ്ത ഈ തുല്യത ഹിന്ദു- മുസ്‌ലിം വരേണ്യര്‍ക്കിടയിലെ അധികാര വിഭജനവും തുല്യതയുമാണ്. സാധാരണക്കാരും 'ദരിദ്രനാരായണന്മാരുമായ' ജനകോടികള്‍ക്കിതില്‍ സ്ഥാനമുണ്ടായിരുന്നില്ല. അവരുടെ അധികാരത്തിന്റെ പ്രശ്‌നത്തില്‍ കോളോണിയല്‍ സവര്‍ണ സങ്കല്‍പങ്ങളുടെ ഒരു സങ്കരമെന്നോണം, പിന്നോക്ക ജനതകളെ പരിഷ്‌ക്യതരാക്കുകയും പരിപാലിക്കുയും ചെയ്യേണ്ടത് സവര്‍ണ്ണ ബൂഷ്വാ-ഭൂപ്രഭുത്വത്തിന്റെ കര്‍ത്തവ്യമായിട്ടാണ്, അഥവാ അവരെ പരമാധികാരമില്ലാത്ത പ്രജകളായിട്ടാണ് ഗാന്ധി സങ്കല്പിച്ചത്.


മാപ്പിളമാര്‍ മറ്റുള്ള മുസ്‌ലിംകളില്‍ നിന്നും മറ്റു ഇന്ത്യക്കാരില്‍ നിന്നും വ്യത്യസ്തരാണെന്ന ഗാന്ധിയുടെ വിലയിരുത്തലില്‍ ഇസ്‌ലാമോഫോബിയയുടെ അംശങ്ങളുണ്ട് എന്ന് കരുതുന്നതും അടിസ്ഥാന രഹിതമാണ്. ഗാന്ധിയുടെ ഇത്തരം കാഴ്ചകള്‍ക്ക് കാരണം കോളോണില്‍ നരവംശശാസ്ത്രം രൂപകല്പന ചെയ്ത വര്‍ഗ്ഗീകരണ സമ്പ്രദായമായിരുന്നുവെന്നാണ് കരുതേണ്ടത്. ഇത്തരം വര്‍ഗീകരണങ്ങളില്‍ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍, ജാതിവ്യവസ്ഥയെ സംബന്ധിച്ച സവര്‍ണ്ണ സങ്കല്പങ്ങള്‍, മുസ്‌ലിംകളിലെ ജാതിസമാനമായ അഷ്‌റഫ് (Ashraf) അര്‍സല്‍ (Arzal) തരംതിരിവുകള്‍ എന്നിവയെയെല്ലാം അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം ഉപയുക്തമാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്റര്‍ ആയി പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് അദ്ദേഹത്തിന്റെ കക്ഷികളും അനുയായികളും ആയിരുന്നവരില്‍ ഭൂരിപക്ഷവും സമ്പന്നരായ ഗുജറാത്തി മുസ്‌ലിം കച്ചവടക്കാരായിരുന്നു. ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ ആദ്യ ദശകങ്ങളിലെ ഈ മുസ്‌ലിം സൗഹ്യദത്തില്‍ അസ്വസ്ഥതപൂണ്ടവരെക്കുറിച്ച് ജൂഡിത്. എം. ബ്രൗണ്‍ സൂചിപ്പിക്കുന്നുണ്ട്. കൊളോണിയല്‍ ഇന്ത്യന്‍ എന്ന വ്യാജനാമത്തില്‍ ഒരാള്‍ 1897ല്‍ പത്രത്തിനയച്ച ഒരു കത്തില്‍ സൂചിപ്പിച്ചത് ഇപ്രകാരമായിരുന്നു. 'സര്‍ക്കാരിലേക്കയച്ച പരാതികളില്‍ മിക്കവാറുമെല്ലാം കയ്യൊപ്പിട്ടിട്ടുള്ളത് ഹിന്ദുക്കളെക്കാളും മദ്രാസികളെക്കാളുമധികം അറബികളാണ് (മുസ്‌ലിംകളില്‍ എന്ന് വിവക്ഷ) എന്നാല്‍, നമ്മുടെ ഇന്ത്യന്‍ ബാരിസ്റ്റര്‍ (നമ്മുടെ ഗാന്ധി സാഹിബ്) മറ്റുള്ളവരെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്കാണ് (അറബികള്‍) കൂടുതല്‍ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്.56 ഈ പരാതിക്കാരന്റെ വാക്കുകളില്‍നിന്നും ഗാന്ധിയും ഗുജറാത്തി മുസ്‌ലിംകളും തമ്മിലുണ്ടായിരുന്ന സൗഹൃദബന്ധം വ്യക്തമാണ്. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതകാലത്ത് അദ്ദേഹത്തിന്റെ 'കക്ഷികള്‍' (Clients) ആയിരുന്നവര്‍ തന്നെയായിരുന്നു സമരത്തിലെയും സഖ്യശക്തികള്‍. പ്രസ്തുത പരാതിക്കാരന്റെ 'അറബികള്‍' എന്ന പ്രയോഗത്തില്‍, ഗുജറാത്തികളും ഗാന്ധിയുടെ നാട്ടുകാരുമായ മുസ്‌ലിംകളെ ഹിന്ദുക്കള്‍, മദ്രാസികള്‍, ഗുജറാത്തികള്‍ എന്നിവരില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന വിദേശികളായിട്ടാണ് ചിത്രീകരിക്കുന്നത്.


മുസ്‌ലിംകളെ അറബികള്‍ എന്ന് വിശേഷിപ്പിക്കുന്ന ആശയം മുസ്‌ലിം സമൂഹത്തിനുള്ളില്‍നിന്ന് രൂപപ്പെട്ടതാണോ അതോ മുസ്‌ലിം സമൂഹത്തിലെ വരേണ്യ വിഭാഗം ജാതിവ്യവസ്ഥയില്‍ നിന്നും സ്വായത്തമാക്കിയതാണോ എന്നത് ഒരു തര്‍ക്കവിഷയമാണെങ്കിലും ഉത്തരേന്ത്യയിലെ മുസ്‌ലിം രാജഭരണകാലത്ത് വരേണ്യര്‍ക്കും അല്ലാത്തവര്‍ക്കും തമ്മില്‍ കണിശമായ ഒരു വേര്‍തിരിവ് നിലനിന്നിരുന്നു. പില്‍കാലത്ത് മുഗള്‍, അഫ്ഗാന്‍, തുര്‍ക്കി, ഇറാനിയന്‍ പൈതൃകമവകാശപ്പെടുന്ന ഒരു ശ്രേഷ്ഠവിഭാഗവും പ്രാദേശിക പൈതൃകമുള്ളവരുടെ ഒരു സാധാരണ വിഭാഗവും എന്ന നിലയില്‍ മുസ്‌ലിം സമൂഹത്തില്‍ ഒരു ശ്രേണിവ്യവസ്ഥ രൂപമെടുക്കുകയുണ്ടായി.57 ഈ വിഭജനത്തിനെതിരെയുള്ള വിമര്‍ശനം മുഹമ്മദ് ഇഖ്ബാലിന്റെ കവിതയില്‍ കടന്നുവരുന്നതിങ്ങനെയാണ് - 'നിങ്ങളൊരു സയ്യിദ് ആയിരിക്കാം, നിങ്ങളൊരൂ മിര്‍സാങ്ങായിരിക്കാം, നിങ്ങളൊരൂ അഫ്ഗാനുമായിരിക്കാം നിങ്ങള്‍ സകലതുമാണ്. പറയൂ, നിങ്ങല്‍ ഒരു മുസ്‌ലിം കൂടിയാണോ! (You may be Sayyid, you may be a Mirza, you may be an Afgan, whatever you may be, speak out ; Are you a muslim also ?) 58 കൊളോണിയലിസത്തിന്റെ ആഗമനത്തിന് മുമ്പ്തന്നെ ഇത്തരം വേര്‍തിരിവുകള്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്നിരുന്നു.

ഈ ശ്രേഷ്ഠവിഭാഗം (Ashraf) Good muslim കളും സാധാരണ മുസ്‌ലിംകള്‍(Sabaltern muslim കളും(Arzal) എന്ന ഒരു സാമാന്യധാരണ വര്‍ത്തമാനകാലത്ത് പോലും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ധാരണകള്‍ ഗാന്ധിയെയും സ്വാധീനിച്ചിട്ടുണ്ടാവാം. ഖിലാഫത്ത്-നിസ്സഹകരണ കാലത്ത് ഗാന്ധി സഖ്യം ചേര്‍ന്നത് ഈ അഷ്‌റഫ് മുസ്‌ലിംകളുമായിട്ടാണ്. അവരായിരുന്നു മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വനിരയില്‍ ഉണ്ടായിരുന്നവര്‍ എന്നതും വസ്തുതയാണ്.

39: കെ. കോയട്ടി മൗലവി, അതേ പുസ്തകം, P. 99

40:Shahid Amin,ibid,chapter 2,A narrative of the event.'The congress is a demonstration of themob.Though organized by thoughtful men and women,..our popular demonstrations are unquestionably mob demonstrations.This nationalist manifestation of people as a mob was now in need of an urgent disciplinary solution'.

41:ibid,'Before we can make a real head way,we must train these masses of men who have a heart of gold,who feel for the country,who want to be taught and led.....but a few intelligent,sincere,local workers are needed,and the whole can be organized intelligently,and democracy can be evolved out of mobocracy'

42:Shahid Amin,ibid,

43:Democracy versus Mobocracy,8/9/1921,(CMWG xv111pp242-4)

44:Shahid Amin,ibid.45:Robert L Hardgrve jr.The mappilla rebellion 1921-peasant revolt in Malabar,1977,p59,(table 1,mappilla population).

45:Subhash Chandra Kushwaha,Chouri-Choura :Revolt and freedom struggle,(2021,acumen,Netherlands).46:S.C Kushwaha,ibid,p90

46Subash Chandra Kushwaha,

47,ibid,pp 319-321

48:sc kushwaha,ibid,p90

49:S.C Kushwaha,ibid,'The people who committed this act did use Gandhi's miracles to mobilize the marginal people,but also downed the status of the British Empire that waved the flag of invincibility all through the world and they also exposed the thing called Gandhism and its pseudo-swaraj.It also demonstrated that at a time when the poor people's backs are flayed by lashes and when an arrogant administration derives pleasure by rubbing salt and chilli powder in their wounds,the group that called and treated as untouchables break asunder the bounds of society,caste,religion to raise the banner of revolution high.Then it need no leadership of educated,cunning and crooked people'.p93.

50:Suranjan Das,Communal riots in Bengal (1905-47),Oxford,1993,p59-60. (1918ലെ കല്‍ക്കട്ട ലഹളകള്‍ മുസ്ലിംങ്ങളുടെആവശ്യങ്ങള്‍ക്ക് ബംഗാളിലെ വരേണ്യ ഹിന്ദുക്കളും ബ്രിട്ടീഷ് ഭരണകൂടവും ചെവി കൊടുക്കാന്‍ വേണ്ടി മുസ്ലിം നേതാക്കള്‍ സ്വീകരിച്ച സമ്മര്‍ദ തന്ത്രമായിരുന്നു എന്ന വാദത്തെ ഖണ്ഡിക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുള്ള ഒരു നിരീക്ഷമാണ് ഇത്)

51:S C Kushwaha,ibid,P185,'after chouri-choura revolt,more than a hundred peasants,armed with lathis and brick bats attacked zamindars houses.The police opened fire to defend zamindars.Many peasants were killed.Eka (peasant organization in United province)also held in barabanki .According to news item published in Times of India on March 1922,the speakers openly called for throwing the British rulers by force'.

52:Ranajith Guha,Dominance without Hegemony and its historiography (subaltern studies 6,P239,cited Charles Drekmier,1962,p59,'Some statements on the interdependence of Dharma and Danda come dangerously close to identifying the legal and the moral,to assuming (at least for the lower strata of society)that moral behaviour is possible only through coercion and conformity In this view, there can be no real moral choice on the part of the masses and fear of punishment replaces positive allegiance to Dharma'.

53: പ്രൊഫസര്‍ എം പി എസ് മേനോന്‍: എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും ജ 58 (1920 മാര്‍ച്ച് 19 ന് ബോംബെയില്‍ വെച്ച് കൂടിയ ഖിലാഫത്ത് മീറ്റിംഗില്‍ ഗാന്ധി ഇപ്രകാരം ആഹ്വാനം ചെയ്തത് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ടെണ്ടുല്‍ക്കര്‍ രേഖപ്പെടുത്തിയത് ഉദ്ധരിച്ച് ചേര്‍ത്തത്.(മഹാത്മ DC books P 58)

54:EMS:Mahatma and the Ism,(1959),introduction.

55:EMS,ibid,Prof Irfan Habib,lecture on Mahatma Gandhi organized by Safdar Hashmi Memorial Trust,constitution club, New Delhi on oct 2,,2018,'Gandhi's religious position was totally different from Tilak.To him ,Islam was important in political matters as Hinduism'.

56:Judith.M.Brown,Gandhi's Rise to Power(1972,Cambridge),p9.

57:Richard Eaton:The Rise of Islam and Bengal frontier,(1993)pp 97-103.Eaton cites 15th century Bengali text by Vipradas that maintains Sayyids,Mughals,and Pattans.

58:Mohamed Iqbal,Jawabe Shikhva,1913, Stanza 17,'Yun to Sayyid bhi ho,Afgan bhi ho,Tum sabhi kuch ho,batao to Musalman bhi ho'.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - സി.കെ അബ്ദുല്‍ അസീസ്

Writer

Similar News