പിണറായിയുടെ കാഴ്ചപ്പാടിലെ ജനാധിപത്യ-മതേതര ബദലും സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളും

വര്‍ഗീയ ഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെങ്കില്‍ അതിനെതിരെ ഒരു വിശാലസഖ്യമാണ് ആവശ്യം. അങ്ങനെയൊരു സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും തയ്യാറായാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും.

Update: 2022-09-22 10:11 GMT
Click the Play button to listen to article

കേരളത്തില്‍ രണ്ടു വിരുദ്ധ മുന്നണികളിലായി നിന്ന് പരസ്പരം പോരാടുന്ന ഇടതുപക്ഷ കക്ഷികളും കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ വലിയ സൗഹൃദത്തിലാണ്. ഭരണകക്ഷിയായ ഡി.ഐ.കെ നയിക്കുന്ന മതേതര പുരോഗമന സഖ്യത്തിന് കീഴില്‍ അവര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് കൊണ്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് തമിഴ്നാട് ഇന്നും ഒരു ബാലികേറാ മലയായി തുടരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇവിടുത്തെ ശത്രുതയും അവിടുത്തെ സൗഹൃദവും രണ്ടിടങ്ങളിലെയും വോട്ടര്‍മാര്‍ക്ക് വലിയ പ്രശ്‌നമായി തോന്നിയതുമില്ല.

കേരളത്തോട് തൊട്ടു കിടക്കുന്ന കന്യാകുമാരിയിലെ നിര്‍ണ്ണായകശക്തിയായ സി.പി.ഐ(എം) അവിടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സിന് നിര്‍ണായകമായ സ്വാധീനമുള്ള കോയമ്പത്തൂരില്‍ സി.പി.ഐ(എം) സ്ഥാനാര്‍ഥി വലിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഈ തരത്തിലുള്ള ഒരു സഖ്യം കേരളമൊഴിച്ചുള്ള സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും എന്നും അങ്ങനെ ഹിന്ദുത്വ ഫാസിസത്തെ പരാജയപ്പെടുത്താമെന്നും സി.പി.ഐ(എം) അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറയുമ്പോള്‍ അതിനോട് കാര്യമായ വിയോജിപ്പൊന്നും ഉയരേണ്ട കാര്യമില്ല.


തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സുമായി ഒരേ മുന്നണിയില്‍ മത്സരിക്കുന്നത് പാറശ്ശാലയിലെയും വാളയാറിലെയും പോലും അണികളില്‍ ഒരാശയക്കുഴപ്പവും ഉണ്ടാക്കുന്നില്ല എന്നിരിക്കെ കേരളത്തിലെ ഇടതു നേതാക്കള്‍ക്ക് രാജ്യ വ്യാപകമായി അത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ എന്തെങ്കിലും ബുദ്ധമുട്ടുണ്ടാകേണ്ട കാര്യമില്ല. പശ്ചിമ ബംഗാളിലും അസമിലും കോണ്‍ഗ്രസ്സുമായി ഇടതുപാര്‍ട്ടികള്‍ സഖ്യമുണ്ടാക്കിയിട്ടും കേരളത്തില്‍ എതിര്‍പ്പു തുടരുന്നതില്‍ നാളിതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നും ഓര്‍ക്കണം. എന്നാല്‍, കണ്ണൂരില്‍ നടന്ന സി.പി.ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ഏറ്റവും അധികം പരിശ്രമിച്ചത് അതിന്റെ ദേശീയ നേതൃത്വം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ ഒരു വിശാല മതേതര പുരോഗമന മുന്നണി ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങാതിരിക്കാനാണ്. ചര്‍ച്ചകള്‍ നിറയെ കോണ്‍ഗ്രസ്സ് വിരുദ്ധത സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികള്‍ കുത്തി നിറച്ചു. ഹിന്ദുത്വ ഭീകരതയെ കുറിച്ച് പറയുമ്പോള്‍ എല്ലാം കോണ്‍ഗ്രസ്സ് എന്ന ദേശീയ ബൂര്‍ഷ്വസിയെ തോല്‍പിക്കണമെന്ന ആവര്‍ത്തിച്ചുള്ള ആവശ്യങ്ങള്‍ മുഴങ്ങി.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് മത്സരം മതേതര മുന്നണികള്‍ക്കിടയില്‍ നടക്കുന്ന ഏക സംസ്ഥാനമാണ് കേരളം. മറ്റെല്ലായിടത്തും ബി.ജെ.പിയും അതിന്റെ സഖ്യ ശക്തികളും മതേതര വോട്ടുകളെ ഭിന്നിപ്പിച്ചുകൊണ്ട് അധികാര തുടര്‍ച്ച നേടുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ട്തന്നെ കേരളത്തില്‍ ഇരുമുന്നണികളും ഇതേപോലെ നിലനില്‍ക്കേണ്ടതും മറ്റിടങ്ങളില്‍ ഇരുകൂട്ടരും ഒന്നിച്ചു മുന്നണി ഉണ്ടാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അന്ധമായ കോണ്‍ഗ്രസ്സ് വിരോധവും അന്ധമായ കമ്യൂണിസ്റ്റ് ഇരുപക്ഷവും ഉപേക്ഷിച്ചു കളയേണ്ട സമയത്താണ് കടുത്ത ഉത്തരവാദ രാഹിത്യം കേരളത്തില്‍ ദൃശ്യമാകുന്നത്.


കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പോലും കേരളത്തിലെ കോണ്‍ഗ്രസ്സില്‍ വിള്ളല്‍ ഉണ്ടാക്കുന്ന വിധം കെ.വി തോമസ്സിനെപ്പോലെ ഒരാളെ ക്ഷണിക്കുകയും അതുവെച്ച് കോണ്‍ഗ്രസ്സ് വിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സ് സംഘാടക സമിതി അധ്യക്ഷനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ബി.ജെ.പി വിരുദ്ധ സമീപനങ്ങളും പ്രതിപക്ഷ ഐക്യവുമെല്ലാം ചര്‍ച്ചയായത് കേരളത്തിലെ നേതാക്കളുടെ പരിമിതമായ വീക്ഷണ കോണുകളിലൂടെ ആയിരുന്നു എന്നതാണ് ദയനീയം.

പിണറായിയും കേരളത്തില്‍നിന്നും സംസാരിച്ച പി രാജീവ്, കെ.കെ രാഗേഷ് തുടങ്ങിയ നേതാക്കളും ബി.ജെ.പിയേക്കാള്‍ വലിയ ശത്രുവിനെ കണ്ടത് കോണ്‍ഗ്രസ്സില്‍ ആയിരുന്നു എന്നതാണ് വൈരുധ്യം. ഒരര്‍ഥത്തില്‍ സമാനമായ വീക്ഷണ കോണുകള്‍ ഉള്ളവര്‍ കോണ്‍ഗ്രസ്സിലുമുണ്ട്. എ.കെ ആന്റണിയും കെ.സി വേണുഗോപാലും പോലുള്ള മലയാളികളായ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക നേതാക്കള്‍ക്ക് ബി.ജെ.പിയേക്കാള്‍ വലിയ ശത്രുത സി.പി.ഐ എമ്മിനോടാണ്. കേരളത്തിന് പുറത്തുള്ള സഖ്യങ്ങള്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കില്ല എന്ന് തമിഴ്നാടും ബംഗാളും തെളിയിക്കുമ്പോഴും കേരളത്തിന് പുറത്തുള്ള ഭയാനകമായ സാഹചര്യം ഇരുപക്ഷത്തും തീരുമാനം എടുക്കാനും നടപ്പാക്കാനും പറ്റുന്ന നേതാക്കളില്‍ യാതൊരു ആശങ്കയും സൃഷ്ടിക്കുന്നില്ല എന്നതാണ് നേര്. പൊട്ടകിണറ്റിലെ തവളകളെ പോലെ അവരുടെ മനസ്സുകള്‍ കേരളത്തില്‍ ചുറ്റി തിരിയുന്നു. ഭൂരിപക്ഷ വര്‍ഗീയത ഭരണഘടനാ സ്ഥാപനങ്ങളെ വിഴുങ്ങുന്നതവര്‍ക്ക് ആശങ്കയല്ല. ജനാതിപത്യം തന്നെ ഇല്ലാതാകുന്നതില്‍ അവര്‍ക്ക് ആശങ്കകള്‍ ഇല്ല. തെരഞ്ഞെടുപ്പുകള്‍തന്നെ ഇല്ലാതാകാന്‍ പോകുന്ന ഒരാവസ്ഥയുടെ മുന്നിലും താല്‍കാലിക തെരഞ്ഞെടുപ്പ് ജയങ്ങള്‍ മാത്രം മാനദണ്ഡം ആകുന്നു.

സി.പി.ഐ (എം) ലെ കോണ്‍ഗ്രസ്സ് വിരുദ്ധര്‍ പറയുന്നത് കോണ്‍ഗ്രസ്സിന് ശുദ്ധി പോരെന്നും മതേതര സ്വാഭാവം ഇല്ലെന്നും നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നു എന്നുമാണ്. ചേരാന്‍ കഴിയുന്ന കക്ഷികളുമായെ ചേരാന്‍ പാടുള്ളു എന്നവര്‍ പറയുന്നു.



ആരെല്ലാമായിരിക്കും പിണറായി വിജയനും അനുയായികളും സഖ്യം ചേരാന്‍ യോഗ്യതയുള്ളവരായി കണ്ടെത്തുന്ന പാര്‍ട്ടികള്‍? കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരില്‍ ഘടക കക്ഷിയായ ജനതാദള്‍ (സെക്യുലര്‍) ആയിരിക്കും അവയില്‍ പ്രധാനം. കര്‍ണാടകയില്‍ ബി.ജെ.പിയുടെ ബി ടീം ആണ് ദേവഗൗഡയും മകന്‍ കുമാരസ്വാമിയും നയിക്കുന്ന ആ പാര്‍ട്ടി എന്നും സെക്യുലര്‍ അതിന്റെ പേരില്‍ മാത്രമേ ഉള്ളൂ എന്നുമാണ് കര്‍ണാടകത്തിലെ മതേതര സമൂഹം പറയുന്നത്. സിദ്ധാരാമയ്യയുടെ കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയിട്ടും കോണ്‍ഗ്രസ് അവരുമായി തെരഞ്ഞെടുപ്പ് അനന്തര സഖ്യമുണ്ടാക്കി. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്തു. ആ സഖ്യ സര്‍ക്കാരിനെ പണം ഇറക്കി എം.എല്‍.എ മാരെ കാലുമാറ്റി മറിച്ചിട്ട ബി.ജെ.പിയുടെ കൂടെയാണ് ഇപ്പോള്‍ അച്ഛനും മകനും. അവരാണ് പിണറായിയുടെ മുന്‍പില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മെച്ചപ്പെട്ട ഒരു ബദല്‍. കര്‍ണ്ണാടകയിലെ ഏക മതേതര പ്രസ്ഥാനം അതിന്റെ എല്ലാ പോരായ്മകളോടും കൂടി കോണ്‍ഗ്രസ് മാത്രമാണ്.

ബി.ജെ.പിയുമായി അവസരവാദ സഖ്യങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കുകയും നിര്‍ണ്ണായകമായ സന്ദര്‍ഭങ്ങളില്‍ മതേതര പക്ഷത്തെ നിരാശപ്പെടുത്തി മോദിയുടെ കൂടെ ചേരുകയും ചെയ്ത തെലുങ്കാനയിലെ ചന്ദ്രശേഖര റാവുവാണ് പിണറായിയുടെ മുന്നിലെ മറ്റൊരു സാധ്യത. പ്രാദേശിക രാഷ്ട്രീയത്തിനപ്പുറം യാതൊന്നും പറയാതിരിക്കുകയും മതേതര ശക്തികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയും ചെയ്യുന്ന ആന്ധ്രയിലെ ജഗന്‍മോഹനിലും ഒറീസയിലെ നവീന്‍ പട്‌നായിക്കിലും പിണറായി പ്രതീക്ഷ കാണുന്നുണ്ടോ എന്ന് വ്യക്തമല്ല. ഡല്‍ഹിയിലും പഞ്ചാബിലും ഭരണമുള്ള ആം ആദ്മിയും കജ്രിവാളും ഒരു മതേതര ബദലില്‍ ചേരാന്‍ എത്രമാത്രം യോഗ്യരാണെന്നത് ചര്‍ച്ച ചെയ്യേണ്ടതാണ്. പൗരത്വ സമരവും ഡല്‍ഹി കലാപവുമൊക്കെ സംഭവിച്ചപ്പോള്‍ ആപ്പും അതിന്റെ സര്‍ക്കാരും എടുത്ത സമീപനങ്ങള്‍ ഒട്ടും മതേതരമായിരുന്നില്ല. കോണ്‍ഗ്രസ്സിനുള്ളതായി പിണറായിയും കൂട്ടരും ആരോപിക്കുന്ന കുഴപ്പങ്ങളുടെ നാലിരട്ടി ഇവരിലെല്ലാം ഉണ്ട്. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവാണ് കോണ്‍ഗ്രസ്സ് വിരുദ്ധത കൊണ്ട് പിണറായിയുടെ സഖ്യത്തില്‍ വരാവുന്ന ഒരു നേതാവ്. പക്ഷെ, അവിടെയും മായാവതിയും അഖിലേഷും കോണ്‍ഗ്രസ്സും ഒന്നിച്ചു വന്നാല്‍ മാത്രമേ എന്തെങ്കിലും അത്ഭുതം സംഭവിക്കൂ.

പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനും കോണ്‍ഗ്രസ്സിനും ഒരുപോലെ മുഖ്യശത്രു മമതാ ബാനര്‍ജിയാണ്. പക്ഷെ, മമതയുടെ പങ്കാളിത്തവും ഇടപെടലും ഇല്ലാതെ ഒരു ദേശീയ ബദലും സാധ്യമാകില്ല.

തമിഴ്നാട്ടിലെ ഡി.എം.കെ, ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, മഹാരാഷ്ട്രയിലെ എന്‍.സി.പി-ശിവസേന സഖ്യം, ബീഹാറിലെ രാഷ്ട്രീയ ജനതാദള്‍, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എന്നിവയെല്ലാം കോണ്‍ഗ്രസ്സ് നേതൃത്വം നിലവില്‍ അംഗീകരിക്കുന്നവരാണ്.

കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ആന്റണി രാജു ഗ്രൂപ്പുകളും ഐ.എന്‍.എലും പി.വി അന്‍വറും എല്ലാം ഉള്‍കൊള്ളുന്ന ഒരു മുന്നണിയെ നയിച്ച് കൊണ്ടാണ് നൈതികതയുള്ളവരുടെ മാത്രം ഒരു മുന്നണി ദേശീയതലത്തില്‍ ഉണ്ടാകണം എന്ന് പിണറായി പറയുന്നത്. ലവ് ജിഹാദ് വിഷയത്തില്‍ പോലും സംഘ്പരിവാര്‍ നിലപാടാണ് കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം വച്ച് പുലര്‍ത്തുന്നത്.

ചൈനയിലെ കമ്യൂണിസ്റ്റ് താത്വികനായിരുന്ന ഡെങ് സിയാവോ പിങ്കാണ് പരിഹാരം. അദ്ദേഹം ലളിതമായി ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരേസമയം നിങ്ങള്‍ക്ക് ഒന്നിലധികം മുഖ്യശത്രുക്കള്‍ ഉണ്ടാകരുത്. മുഖ്യശത്രുവിനെ തോല്‍പിക്കാന്‍ ഇതര ശത്രുക്കളുമായി സഖ്യമാകാം. ബി.ജെ.പിക്കെതിരെ ഏതു ചെകുത്താനുമായും ചേരുമെന്ന എം.എ ബേബിയുടെ പ്രസ്താവനയാണ് ശരി.



വര്‍ഗീയ ഫാസിസമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെങ്കില്‍ അതിനെതിരെ ഒരു വിശാലസഖ്യമാണ് ആവശ്യം. അങ്ങനെയൊരു സഖ്യത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും തയ്യാറായാല്‍ അത് സംഭവിക്കുക തന്നെ ചെയ്യും. ഇന്നും മുപ്പത്തിയഞ്ചു ശതമാനം മാത്രം വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിക്കുന്നുള്ളൂ. ബാക്കി ജനത മതേതരര്‍ ആണ്. കോണ്‍ഗ്രസിന് ഇന്നും ഇരുപത്തിരണ്ടു ശതമാനം വോട്ടുകള്‍ ഉണ്ട് രാജ്യത്ത്. അങ്ങനെയൊരു പാര്‍ട്ടിയെ അവഗണിച്ചോ അവഹേളിച്ചോ ഒരു മതേതര ബദലും ഇവിടെ ഉണ്ടാകില്ല. ഇടതുപക്ഷം ശക്തി ക്ഷയിച്ചു പോയ ഒരാവസ്ഥയുണ്ട്. പക്ഷെ, ഇപ്പോഴും കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ്സ് വിരുദ്ധരായ അഖിലേഷിനെയും മായാവതിയെയും ചന്ദ്രശേഖര റാവുവിനെയും ജഗനെയും നവീന്‍ പട്‌നായിക്കിനെയുമെല്ലാം ഒരേ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരാനും ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഒരു ബദല്‍ ഉണ്ടാക്കാനും അതിനു ആശയപരമായ അടിത്തറ കൊടുക്കാനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. കോണ്‍ഗ്രസ്സും ഇടതുപക്ഷവും വിശാലമായി ചിന്തിക്കുകയും കൂട്ടായി നീങ്ങുകയും ചെയ്യുന്നിടത്താണ് മതേതര ഇന്ത്യയുടെ ഭാവി.

പരസ്പരം ഇല്ലാതാക്കിയും പോരടിച്ചും ഈ പ്രസ്ഥാനങ്ങള്‍ നീങ്ങുകയും തട്ടിക്കൂട്ട് മുന്നണികള്‍ ഉണ്ടാക്കുകയും ചെയ്താല്‍ മതേതര ജനാധിപത്യ ബദല്‍ സ്വപ്നം മാത്രമായി അവശേഷിക്കും. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ഇടതുപക്ഷത്തിന് എതിരെ മത്സരിച്ചതുപോലുള്ള സാഹചര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും രണ്ടു പക്ഷവും ശ്രദ്ധിക്കേണ്ടതുണ്ട്. താല്‍കാലിക ലാഭങ്ങള്‍ക്ക് വേണ്ടി കെ.വി തോമസുമാര്‍ക്ക് പിന്നാലെ ഞങ്ങള്‍ നിങ്ങളെ അനാഥരാക്കില്ല ഏന് വിളിച്ചു പറഞ്ഞു നടന്നത് കൊണ്ട് വലിയ കാര്യമൊന്നുമല്ല. ജനാധിപത്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. ഈഗോകള്‍ അല്ല.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - കെ.എ ഷാജി

contributor

Similar News