മതിയായ കാരണങ്ങളില്ലാതെ മരങ്ങള്‍ മുറിച്ചാല്‍?
വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു, ദൃശ്യപരതയെ പരിമിതപ്പെടുത്തുന്നൂ എന്നീ കാരണങ്ങള്‍ കൊണ്ടൊന്നും മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ആവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നു, സമീപത്തെ കെട്ടിടങ്ങളുടെ ദൃശ്യപരതയെ പരിമിതപ്പെടുത്തുന്നു തുടങ്ങിയ കാരണങ്ങളൊന്നും സംസ്ഥാനത്തിലെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുനീക്കാനുള്ള മതിയായ കാരണങ്ങളല്ലെന്നും, പ്രസ്തുത കാരണങ്ങള്‍ ഉന്നയിച്ച് മരങ്ങള്‍ മുറിച്ചുമാറ്റുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുക്കുന്നു. പൊതുസുരക്ഷാ പ്രശ്നങ്ങളും കെട്ടിടത്തിന്റെ ദൃശ്യപരത തടസ്സപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി തങ്ങളുടെ വസ്തുവിന് സമീപമുള്ള പൊതുമരാമത്ത് വകുപ്പിനു കീഴില്‍ വരുന്ന മരങ്ങള്‍ മുറിക്കാന്‍ അനുമതി തേടിയുള്ള പട്ടാമ്പി വല്ലപ്പുഴ സ്വദേശികളായ മുസ്തഫ, സജീര്‍, ദാവൂദ് എന്നിവരുടെ ഹര്‍ജി കഴിഞ്ഞ ബുധനാഴ്ച്ച പരിഗണിക്കുമ്പോഴായായിരുന്നു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി.
പാലക്കാട് നിന്നും പട്ടാമ്പി വഴി പൊന്നാനി ബന്ധിപ്പിക്കുന്ന സംസ്ഥാനപാതയില്‍ എടത്തറ വില്ലേജിന്റെ വടക്കു വശത്തായാണ് ഹരജിക്കാരുടെ വാണിജ്യ കെട്ടിടം നിലനില്‍ക്കുന്നത്. പ്രസ്തുത കെട്ടിടത്തിന്റെയും, പൊതുനിരത്തിന്റെയും ഇടയിലാണ് ഈ വന്മരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പൊതുസുരക്ഷക്ക് ഭീഷണിയാണെന്നും, തങ്ങളുടെ കെട്ടിടത്തിന് മേല്‍ വീഴാന്‍ സാധ്യതയുണ്ടെന്നും അവകാശപ്പെട്ട് മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അനുമതിക്കായി ഹരജിക്കാര്‍ ആദ്യം പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനിയര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയറുടെ ഭാഗത്തു നിന്നും ഹരജിക്കാര്‍ക്ക് അനുകൂലമായുള്ള റിപ്പോര്‍ട്ട് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സേര്‍വേറ്ററുടെ മേശപ്പുറത്ത് എത്തിയെങ്കിലും വിശദ പരിശോധനകള്‍ നടത്തിയ അസിസ്റ്റന്റ് ഫോറസറ്റ് കണ്‍സേര്‍വേറ്റര്‍ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
മതിയായ കാരണങ്ങളില്ലാതെ മരങ്ങള്‍ മുറിക്കാന്‍ തയ്യാറെടുക്കുന്നത് മാതൃരാജ്യത്തിന്റെ പരിസ്ഥിതിയുടെ കൂട്ടക്കുരുതിയല്ലാതെ മറ്റൊന്നുമല്ല എന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ അടിവരയിട്ടു. അസിസ്റ്റന്റ് ഫോറസ്‌ററ് കണ്‍സേര്‍വേറ്ററുടെ റിപ്പോര്‍ട്ട് തെളിവുകളോടെ കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ 'റോഡരികിലെ മരങ്ങള്‍ സംരക്ഷിക്കലാണ് പൊതുമരാമത്തിന്റെ ചുമതല, അല്ലാതെ അവയെ നശിപ്പിക്കലല്ല' എന്ന് ശക്തമായ ഭാഷയില്‍ തന്നെ ഹൈക്കോടതി ഓര്‍മപ്പെടുത്തി.
പൊതുസുരക്ഷക്ക് ഭീഷണിയായാണ് മരങ്ങള്‍ നിലനില്‍ക്കുന്നതെന്ന വാദം തികച്ചും തെറ്റാണെന്നും, മരങ്ങളുടെ ശിഖരങ്ങള്‍ മാത്രമാണ് ഭീഷണി ഉയര്‍ത്തുന്നതെന്നുമുള്ള അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സേര്‍വേറ്ററുടെ കണ്ടെത്തലുകളായിരുന്നു അനുമതി നിഷേധിക്കപ്പെടാനുള്ള കാരണം. ഈ ഒരു സാഹചര്യത്തിലാണ് ഹരജിക്കാര്‍ റിട്ട് പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. പി ജയറാമും എതിര്‍കക്ഷികള്‍ക്കായി അഥവാ, സംസ്ഥാന വനംവകുപ്പ് ഉള്‍പ്പെടെ പതിനൊന്നോളം വരുന്ന റെസ്പൊണ്‍ഡെന്റ് സൈഡിനായി സ്‌പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍ സംഗീത് സി.യു മാണ് ഹാജരായത്. മെയ്-22 ബുധനാഴ്ച്ച ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ ഉള്‍പ്പെടുന്ന ബെഞ്ച് ആയിരുന്നു കേസിന്റെ വിധി പ്രസ്താവിച്ചത്.
'ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി, ഒരു തൈ നടാം കൊച്ചുമക്കള്‍ക്കു വേണ്ടി' എന്നീ വരികള്‍ കൊണ്ട് തുടങ്ങുന്ന സുഗത കുമാരിയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ ജഡ്ജ്മെന്റ് ആരംഭിക്കുന്നത്. ഈ രാജ്യത്തെ ഓരോ പൗരനും ഓര്‍ത്തിരിക്കേണ്ട വരികളാണ് സുഗത കുമാരി ടീച്ചറുടേതെന്നും, മതിയായ കാരണങ്ങളില്ലാതെ മരങ്ങള്‍ മുറിക്കാന്‍ തയ്യാറെടുക്കുന്നത് മാതൃരാജ്യത്തിന്റെ പരിസ്ഥിതിയുടെ കൂട്ടക്കുരുതിയല്ലാതെ മറ്റൊന്നുമല്ല എന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ അടിവരയിട്ടു. അസിസ്റ്റന്റ് ഫോറസ്‌ററ് കണ്‍സേര്‍വേറ്ററുടെ റിപ്പോര്‍ട്ട് തെളിവുകളോടെ കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ 'റോഡരികിലെ മരങ്ങള്‍ സംരക്ഷിക്കലാണ് പൊതുമരാമത്തിന്റെ ചുമതല, അല്ലാതെ അവയെ നശിപ്പിക്കലല്ല' എന്ന് ശക്തമായ ഭാഷയില്‍ തന്നെ ഹൈക്കോടതി ഓര്‍മപ്പെടുത്തി.
വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നു, ദൃശ്യപരതയെ പരിമിതപ്പെടുത്തുന്നൂ എന്നീ കാരണങ്ങള്‍ കൊണ്ടൊന്നും മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ആവില്ലെന്നായിരുന്നു ഹൈകോാടതിയുടെ നിരീക്ഷണം. സര്‍ക്കാര്‍ ഭൂമിയിലെ മരങ്ങള്‍ മുറിക്കുന്നതിനെയും, നീക്കം ചെയ്യുന്നതിനെയും നിയന്ത്രിക്കുന്ന 2010 ഫെബ്രുവരി 10-ലെ സര്‍ക്കാര്‍ ഉത്തരവ് കൃത്യമായി തന്നെ നടപ്പാക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ശിഖരങ്ങള്‍ വെട്ടിമാറ്റേണ്ടയിടത്ത് മരങ്ങള്‍ തന്നെ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഉണ്ടാവണമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ നിര്‍ദേശങ്ങളിലുണ്ട്. മരം മനുഷ്യന്‍ മാത്രമുള്ളതല്ലെന്നും അത് നിരവധി ജീവജാലങ്ങളുടെ കൂടി ആശ്രയമാണെന്നും ഓര്‍മപ്പെടുത്തിയ ഹൈക്കോടതി, മരങ്ങള്‍ നല്‍കുന്ന ബഹുമുഖ ഗുണങ്ങളെ കൂടി വിധിയിലൂടെ എടുത്തുകാട്ടിയിട്ടുണ്ട്. മതിയായ കാരങ്ങളില്ലാതെ സംസ്ഥാനത്തെ പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റാനോ നീക്കം ചെയ്യാനോ അനുമതിയില്ലെന്ന ജസ്റ്റിസ് കുഞ്ഞികൃഷ്ണന്റെ വാക്കുകള്‍ നമ്മുടെയെല്ലാം പരിസരങ്ങളില്‍ കൂടി പ്രാവര്‍ത്തികമാക്കാനുള്ളതാണ്.
യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂട്ടിലിറ്റി ബിഡര്‍ എന്ന സംഘടനയുടെ 2023 ലെ റിപ്പോര്‍ട്ട് പ്രകാരം 2015 - 2020 വല്‍ഷങ്ങള്‍ക്കിടയിലായി 668,400 ഹെക്ടര്‍ വനനശീകരണമാണ് ഇന്ത്യയില്‍ നടന്നത്. 98 രാജ്യങ്ങളിലെ വനനശീകരണ പ്രവര്‍ത്തനങ്ങളെ വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടിലെ പട്ടിക പ്രകാരം വനനശീകരണം ഏറ്റവും കൂടുതല്‍ നടക്കുന്നത് ബ്രസീലിലും രണ്ടാമത് ഇന്ത്യയിലുമാണ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വനനശീകരണമാണ് അവസാന അഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണ്‍മുന്നില്‍ ഉണ്ടാവുമ്പോള്‍ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയേണ്ട ആവശ്യമില്ല. മതിയായ കാരങ്ങളില്ലാതെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ അനുമതി നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും, വനംവകുപ്പും, പൊതുജനങ്ങളും കൂടുതല്‍ കണ്‍തുറന്നിരിക്കേണ്ടതുണ്ട്. സുഗത കുമാരി ടീച്ചറുടെ വരികള്‍ ഓര്‍മപ്പെടുത്തുന്നത് പോലെ 'ഒരു മരം നടാം, നല്ല നാളേക്ക് വേണ്ടി'. കൂടാതെ അവയെ സംരക്ഷിക്കുക കൂടി ചെയ്യാം.