ലെനിന്റെ വിളിയാളം കേട്ട ഇന്ത്യന്‍ മൗലാനമാര്‍
1918 നവംബര്‍ 23 നാണ് ഖൈരി സഹോദരന്മാര്‍ റഷ്യയിലെത്തി ലെനിനെ കാണുന്നതും ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്തുണ അറിയിക്കുന്നതും. 1917 ല്‍ റഷ്യയില്‍ വിപ്ലവം നടന്നതിനു പിന്നാലെ ഒരു സംഘം ചെറുപ്പക്കാര്‍ ദില്ലിയില്‍ യോഗം ചേര്‍ന്ന് ബോള്‍ഷേവിക്കുകളുടെ വിപ്ലവത്തെ അഭിനന്ദിച്ചിരുന്നു. ആ യോഗത്തില്‍ അംഗീകരിച്ച പ്രമേയവുമായിട്ടാണ് ഖൈരിസഹോദരന്മാര്‍ ലെനിനെ കണ്ടത്. | ചുവപ്പിലെ പച്ച - ഭാഗം: 12
ലെനിനും സ്റ്റാലിനും മുഴക്കിയ വിളിയാളമുണ്ടല്ലോ. റഷ്യയിലും കിഴക്കന്‍ രാജ്യങ്ങളിലുമുള്ള മുസ്‌ലിംകളോടായി നടത്തിയ ആഹ്വാനം. പുതിയൊരു ലോകം പടുത്തുയര്‍ത്താനുള്ള പോരാട്ടത്തിന് ബോള്‍ഷേവിക്കുകള്‍ മുസ്‌ലിംകളുടെ അനുതാപവും പിന്തുണയും കാത്തുനില്‍ക്കുന്നു എന്നാണല്ലോ ലെനിനും സ്റ്റാലിനും പറഞ്ഞത്. അതിന് ആദ്യമായി നേര്‍ക്കുനേര്‍ പ്രതികരണമുണ്ടായത് ഒരു ഇന്ത്യന്‍ മൗലവിയില്‍ നിന്നാണ്. മൗലവി മുഹമ്മദ് ബര്‍ക്കത്തുല്ലാ ഭോപാലിയില്‍ നിന്ന്.
1919 മാര്‍ച്ച് മാസത്തില്‍ മൗലവി ബര്‍ക്കത്തുല്ലയുടെ ഒരു ലഘുലേഖ പുറത്തുവന്നു. 'ബോള്‍ഷേവിസവും മുസ്‌ലിം രാഷ്ട്രീയസ്വത്വവും' എന്ന തലക്കെട്ടില്‍. അതില്‍ ബര്‍ക്കത്തുല്ല പറഞ്ഞു: 'അല്ലയോ മുഹമ്മദീയരേ, ദൈവികമായ ഈ വിളിയാളം കേള്‍ക്കുവിന്‍. സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഈ ആഹ്വാനത്തോടു പ്രതികരിക്കുവിന്‍. സഹോദരന്‍ ലെനിനും റഷ്യയിലെ സോവിയറ്റ് ഗവര്‍മെന്റും കിഴക്കന്‍ രാജ്യങ്ങളിലെ മുസ്‌ലിംകളോടായി പറയുന്നതു കേട്ടില്ലേ? കോണ്‍സ്റ്റാന്റിനോപ്പിളിനെ അധീനപ്പെടുത്തിക്കൊണ്ട്, പുറത്താക്കപ്പെട്ട സാര്‍ ചക്രവര്‍ത്തി ഉണ്ടാക്കിയതും കെരന്‍സ്‌ക്കി ഗവര്‍മെന്റ് അംഗീകരിച്ചതുമായ രഹസ്യക്കരാറുകള്‍ പാഴാണെന്നും തള്ളിക്കളഞ്ഞുവെന്നും അവര്‍ പറയുന്നു. അതുമല്ല, കോണ്‍സ്റ്റാന്റിനോപ്പിള്‍ മുസ്‌ലിംകളുടെ കൈവശമിരിക്കുന്നതാണ് അഭികാമ്യമെന്നും അവര്‍ കരുതുന്നു'.
അതേവര്‍ഷം ജൂണില്‍ സമാന്യം ദീര്‍ഘമായൊരു ലഘുലേഖ ബര്‍ക്കത്തുല്ലയുടെ പേരില്‍ മധ്യേഷ്യയിലെങ്ങും പ്രചരിച്ചു. ഉര്‍ദു, പേര്‍ഷ്യന്‍, തുര്‍ക്കി ഭാഷകളിലാണ് ബര്‍ക്കത്തുല്ലയുടെ ലഘുലേഖകള്‍ പ്രചരിപ്പിച്ചിരുന്നത്.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ഭൗതിക പിന്തുണ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജാ മഹേന്ദ്ര പ്രതാപ് സിംഗും മൗലവി ബര്‍ക്കത്തുല്ലയും ലെനിനുമായി നേരിട്ട് സംസാരിക്കുന്നുണ്ട്. 1919 മെയ് ഏഴിന് മോസ്‌ക്കോവില്‍ ലെനിന്റെ ഓഫീസില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. രാജാ മഹേന്ദ്രപ്രതാപ് സിംഗ്, മൗലവി ബര്‍ക്കത്തുല്ല എന്നിവര്‍ക്കു പുറമെ, അബ്ദുറബ്ബ് ബാര്‍ക്ക്, തിരുമുല്‍ ആചാര്യ, ദിലീപ് സിംഗ് ഗില്‍ എന്നിവരും ബര്‍ക്കത്തുല്ലയുടെ ജോലിക്കാരനായ ഇബ്രാഹിമുമാണ് ആ സംഘത്തിലുണ്ടായിരുന്നത്.
'ഏഷ്യയിലെ എല്ലാ മുസ്‌ലിംകളോടും' എന്ന് തുടങ്ങുന്ന രണ്ടാമത്തെ ലഘുലേഖയില്‍ അഫ്ഘാനിസ്ഥാനിലെ ജര്‍മ്മന്‍ സ്ഥാനപതി എന്ന പദവി രേഖപ്പെടുത്തിക്കൊണ്ടാണ് ബര്‍ക്കത്തുല്ല ഒപ്പുവെച്ചിരുന്നത്. ബോള്‍ഷേവിക്കുകളുമായി സഖ്യം ചേരുന്നതിനുള്ള ആഹ്വാനമാണ് അതിലും മുഴക്കിയിരുന്നത്. ബ്രിട്ടീഷുകാരേയും ബോള്‍ഷേവിക്കുകളേയും താരതമ്യം ചെയ്തുകൊണ്ടാണ് ആ ലഘുലേഖ തുടങ്ങുന്നത്.
'സ്വാതന്ത്ര്യത്തിന്റേയും സമത്വത്തിന്റേയും നേര്‍ക്കുള്ള ആവേശം നിറഞ്ഞ മനോഭാവത്തെ ബ്രിട്ടീഷുകാര്‍ അടിമുടി എതിര്‍ത്തിരുന്നു. പ്രത്യേകിച്ച്, ഏഷ്യയില്‍ ഈ ആവേശം പടര്‍ന്നുപിടിക്കുന്നത് അവരെ ഭയപ്പെടുത്തി. ഇന്ത്യയെ സംബന്ധിച്ചായിരുന്നു അവര്‍ക്ക് ഭയപ്പാട് ഏറെയുണ്ടായിരുന്നത്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ഇടയിലുണ്ടായ ഉണര്‍വ്വാണ്, ഭീതിക്ക് സവിശേഷമായ കാരണം. ബോള്‍ഷേവിക്കുകളുടെ രീതികളും ഔത്സുക്യവും അര്‍പ്പണബോധവും സ്വീകരിക്കുന്ന ഒരൊറ്റ ഭരണമാതൃകയും ഇന്ന് ലോകത്തില്ല'.
അയര്‍ലണ്ടിലെ പോരാളികള്‍ പൊരുതുന്നതു മാതൃകയാക്കി എല്ലാ ബ്രിട്ടീഷധീന പ്രദേശങ്ങളിലേയും മുസ്‌ലിംകള്‍ പോരാടണമെന്ന ആഹ്വാനവും ആ ലഘുലേഖയിലുണ്ട്. അത്തരമൊരു പോരാട്ടം സംഘടിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു അക്കാലത്ത് മൗലവി ബര്‍ക്കത്തുല്ല ഏര്‍പ്പെട്ടിരുന്നത്. അതിന്റെ ഭാഗമായാണ് ബ്രിട്ടനും അമേരിക്കയും ജപ്പാനും ജര്‍മ്മനിയും പിന്നിട്ട് അദ്ദേഹം അഫ്ഘാനിസ്ഥാനില്‍ എത്തിയത്. കാബൂള്‍ ആസ്ഥാനമാക്കി 1915 ല്‍ ജര്‍മ്മനിയുടെ പിന്തുണയോടെ സ്ഥാപിച്ച പ്രവാസ ഇന്ത്യാ ഗവര്‍മെന്റിന്റെ പ്രധാനമന്ത്രിയായത് മൗലവി ബര്‍ക്കത്തുല്ലയാണ്. രാജാ മഹേന്ദ്രപ്രതാപ് സിംഗ് ആയിരുന്നു പ്രവാസ ഗവര്‍മെന്റിന്റെ തലവന്‍. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് ഭൗതിക പിന്തുണ സംഘടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജാ മഹേന്ദ്ര പ്രതാപ് സിംഗും മൗലവി ബര്‍ക്കത്തുല്ലയും ലെനിനുമായി നേരിട്ട് സംസാരിക്കുന്നുണ്ട്. 1919 മെയ് ഏഴിന് മോസ്‌ക്കോവില്‍ ലെനിന്റെ ഓഫീസില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. രാജാ മഹേന്ദ്രപ്രതാപ് സിംഗ്, മൗലവി ബര്‍ക്കത്തുല്ല എന്നിവര്‍ക്കു പുറമെ, അബ്ദുറബ്ബ് ബാര്‍ക്ക്, തിരുമുല്‍ ആചാര്യ, ദിലീപ് സിംഗ് ഗില്‍ എന്നിവരും ബര്‍ക്കത്തുല്ലയുടെ ജോലിക്കാരനായ ഇബ്രാഹിമുമാണ് ആ സംഘത്തിലുണ്ടായിരുന്നത്.
ഇതേ ലക്ഷ്യത്തോടുകൂടി മൗലാനാ ഉബൈദുല്ലാ സിന്ധി മൂന്നുവര്‍ഷത്തിനുശേഷം മോസ്‌കോവിലെത്തി. അപ്പോഴേക്ക് ലെനിന്‍ രോഗം ബാധിച്ച് കിടപ്പിലായതിനാല്‍ ഉബൈദുല്ലാ സിന്ധിക്ക് ലെനിനിനെ കാണാന്‍ കഴിഞ്ഞില്ല. സോവിയറ്റ് വിദേശകാര്യമന്ത്രി ചിചറിനുമായാണ് സിന്ധി സംസാരിച്ചത്.
മൗലവി ബര്‍ക്കത്തുല്ലാ ഭോപാലിയും മൗലാനാ ഉബൈദുല്ലാ സിന്ധിയും സോവിയറ്റ് വിപ്ലവത്തിന് ശേഷം മധ്യേഷ്യയിലും റഷ്യയുടെ മറ്റു പ്രദേശങ്ങളിലും നടത്തിയ യാത്രകള്‍ രാഷ്ട്രീയമായും വിശ്വാസപരമായും പ്രാധാന്യമര്‍ഹിക്കുന്നതാണ്.
'ദേശീയവിപ്ലവത്തിന്റെ ചാമ്പ്യനും ബ്രിട്ടീഷുകാരുടെ ബദ്ധശത്രുവുമായ ബര്‍ക്കത്തുല്ലയുടെ പങ്ക് പഠനാര്‍ഹമാണ്. ഉറച്ച മുസ്‌ലിം മതവിശ്വാസിയായ ബര്‍ക്കത്തുല്ല മോസ്‌കോവിലെ ബോള്‍ഷേവിക്കുകള്‍ക്കായി 'ബോള്‍ഷേവിസം അന്റ് ദി ഇസ്‌ലാമിക് നേഷന്‍സ്' എന്ന പുസ്തകമെഴുതുകയുണ്ടായി. തികഞ്ഞ മൗലികസ്വഭാവമുള്ള ഈ പുസ്തകത്തിന്റെ അപകടം മനസ്സിലാക്കി അതിന് ഭ്രഷ്ട് കല്‍പ്പിക്കുകയും ഇന്ത്യയില്‍ ആ പുസ്തകം നിരോധിക്കുകയും ചെയ്തു' - എന്ന് കോമിന്റേണും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും എന്ന ഗ്രന്ഥത്തില്‍ ശോഭന്‍ലാല്‍ ദത്ത ഗുപ്ത രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, മൗലവി ബര്‍ക്കത്തുല്ലയോ മൗലാനാ ഉബൈദുല്ലയോ അല്ല വിപ്ലവത്തിന്‌ശേഷം ആദ്യമായി ലെനിനെ നേരില്‍കണ്ട് ആശിര്‍വദിച്ച ഇന്ത്യക്കാര്‍. അത് മറ്റുരണ്ടുപേരാണ്. രണ്ട് ദല്‍ഹിക്കാര്‍. അബ്ദുല്‍ ജബ്ബാര്‍ ഖൈരി, അബ്ദുല്‍ സത്താര്‍ ഖൈരി എന്നീ സഹോദരന്മാര്‍. 1918 നവംബര്‍ 23-നാണ് ഖൈരി സഹോദരന്മാര്‍ റഷ്യയിലെത്തി ലെനിനെ കാണുന്നതും ഇന്ത്യന്‍ മുസ്‌ലിംകളുടെ പിന്തുണ അറിയിക്കുന്നതും. 1917 ല്‍ റഷ്യയില്‍ വിപ്ലവം നടന്നതിനു പിന്നാലെ ഒരു സംഘം ചെറുപ്പക്കാര്‍ ദില്ലിയില്‍ യോഗം ചേര്‍ന്ന് ബോള്‍ഷേവിക്കുകളുടെ വിപ്ലവത്തെ അഭിനന്ദിച്ചിരുന്നു. ആ യോഗത്തില്‍ അംഗീകരിച്ച പ്രമേയവുമായിട്ടാണ് ഖൈരിസഹോദരന്മാര്‍ ലെനിനെ കണ്ടത്. ആ ദിവസങ്ങളില്‍ പെട്രോഗാര്‍ഡില്‍ ബോള്‍ഷേവിക് പാര്‍ട്ടി സംഘടിപ്പിച്ച ഒരു യോഗത്തില്‍ അബ്ദുല്‍ ജബ്ബാര്‍ ഖൈരി പ്രസംഗിച്ചതായും ചില രേഖകളില്‍ കാണുന്നുണ്ട്.
വ്യാജപേരുകളിലാണ് ഖൈരിസഹോദരന്മാര്‍ അഫ്ഘാനിസ്ഥാനും മധ്യേഷ്യയും കടന്ന് മോസ്‌കോയിലേക്ക് യാത്ര ചെയ്ത്. പ്രൊഫസര്‍ മുഹമ്മദ് ഹാദി, പ്രൊഫസര്‍ അഹമ്മദ് ഹാരിസ് എന്നീ പേരുകളാണ് സ്വീകരിച്ചത്. സുരക്ഷയെ മുന്‍നിര്‍ത്തിയാവാം ഇങ്ങനെ ചെയ്തതെന്ന് ആനന്ദ് ഗുപ്ത എഡിറ്റ് ചെയ്ത ഇന്ത്യാ ആന്റ് ലെനിന്‍ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ബ്രിട്ടീഷ് ചാരകണ്ണുകള്‍ ലോകമാകെ പരതുന്ന കാലമാണത്. ഖൈരിസഹോദരന്മാര്‍ റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവന്നില്ല. അവര്‍ തുര്‍ക്കിയിലേക്ക് കടക്കുകയാണ് ചെയ്തത്. ഇസ്താംബൂള്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു പിന്നീടവര്‍.
ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോള്‍ ഗദ്ദര്‍പാര്‍ട്ടി സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍വെച്ച് ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നുണ്ട്. അപ്പോള്‍ തലപ്പത്ത് ബര്‍ക്കത്തുല്ലയുണ്ട്. 1915 ല്‍ ജര്‍മന്‍ പാസ്‌പോര്‍ട്ടേടെ ബെര്‍ലിനില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീടാണ് കാബൂളിലെത്തുന്നതും പ്രവാസ ഇന്ത്യാ ഗവര്‍മെന്റില്‍ പ്രധാനമന്ത്രിയാകുന്നതും.
ഒറ്റയ്ക്കും തെറ്റയ്ക്കും യാത്ര ചെയ്ത് റഷ്യയിലെത്തിപ്പെട്ട ഭാഗ്യാന്വേഷികളായിരുന്നില്ല ഇവരൊന്നും. 1914 നു ശേഷം, അതായത് ഒന്നാംലോക മഹായുദ്ധത്തോടെ മുസ്‌ലിംകള്‍ക്കിടയില്‍ പടര്‍ന്ന ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെ ബഹിര്‍സ്ഫുരണവും ഒഴുക്കുമാണത്. ഒന്നാം ലോകമഹായുദ്ധംവരെയും പാന്‍ഇസ്‌ലാമിക് ചിന്താഗതിക്കാരും അല്ലാത്തവരുമായ ബ്രിട്ടീഷ് വിരുദ്ധ മുസ്‌ലിംകളുടെ പ്രധാന ആശ്രയം തുര്‍ക്കിയും ജര്‍മ്മനിയുമായിരുന്നു. ആ ശക്തികളുടെ സഹായത്തോടെ ബ്രിട്ടീഷുകാരെ തോല്‍പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടീഷധീന കോളനികളിലെ പോരാളികള്‍. യുദ്ധം തുടങ്ങിയതതോടെ ആ പ്രതീക്ഷ ഏറി.
ആ കാലഘട്ടത്തിന്റെ പ്രത്യേകത, 'ഇന്ത്യ പരിവര്‍ത്തനത്തിന്റെ ദശയില്‍' എന്ന പുസ്തകത്തില്‍ എം.എന്‍ റോയി വിശദീകരിക്കുന്നുണ്ട്: '1915ല്‍ ബ്രിട്ടീഷിന്ത്യയില്‍ ഗവര്‍മെന്റിന്റെ പട്ടാളശക്തി കുറഞ്ഞ്കുറഞ്ഞ് അടിത്തട്ടോളമെത്തി. കിട്ടാവുന്ന സൈന്യങ്ങളെ മുഴുവന്‍ പുറത്തേക്ക് അയച്ചു കഴിഞ്ഞു. ബ്രിട്ടീഷുകാരും നാടന്മാരുമായ പുതിയ പട്ടാളക്കാര്‍ക്ക് സംഭവ്യമായ ദേശീയമായ ഈ ഉരുള്‍പൊട്ടലിനെ ചെറുക്കാനുള്ള ശേഷിയില്ല. സ്വല്‍പ്പം ഇടത്തരക്കാര്‍ക്കു പുറമെ ഇന്ത്യന്‍ ജനങ്ങളില്‍ എവിടെയെങ്കിലും ദേശീയ വിപ്ലവബോധം ഉണ്ടായിരുന്നെങ്കില്‍ ആഞ്ഞടിക്കാനുള്ള ഏറ്റവുംനല്ല അവസരമായിരുന്നു ഇത്. ഏതുവിധേനയും ഇത് മാരകമായിത്തീര്‍ന്നേനെ' - എന്നാണ് എം.എന്‍. റോയി നിരീക്ഷിച്ചത്. ആ അവസരം പ്രയോജനപ്പെടുത്താന്‍ തുനിഞ്ഞിറങ്ങിയവരാണ് മൗലവി ബര്‍ക്കത്തുല്ലാ ഭോപാലിയും മൗലാനാ ഉബൈദുല്ലാ സിന്ധിയുമൊക്കെ. ബ്രിട്ടീഷധീന പ്രദേശങ്ങളില്‍ ജനകീയ കലാപങ്ങള്‍ ശക്തിപ്പെടുത്താന്‍ തുര്‍ക്കിയും ജര്‍മനിയും ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയവുമാണത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരായ വിപ്ലവകാരികളെല്ലാം ഇസ്താംബൂളിലോ ബര്‍ലിനിലോ ഒത്തുകൂടുന്ന കാലവുമാണ്. അക്കാലത്ത് ഇന്ത്യയില്‍ നിന്ന് പുറത്തു കടന്നവരില്‍ ഒരു വിഭാഗം പിന്നീട് സോഷ്യലിസ്റ്റ് പക്ഷത്തും മറ്റൊരു വിഭാഗം പാന്‍ ഇസ്‌ലാം ആശയത്തിലും ഉറച്ചു എന്ന് സാമാന്യമായി പറയാം. കൃത്യമായി അങ്ങനെ തരംതിരിക്കാനാവില്ലതാനും.
ആവില്ലെന്നതിന്റെ മികച്ച ഉദാഹരണമാണ് മൗലവി ബര്‍ക്കത്തുല്ല. 1854ല്‍ ഭോപാലില്‍ ജനിച്ച അദ്ദേഹം 1897ലാണ് ഇന്ത്യയില്‍ നിന്ന് പുറത്തു കടക്കുന്നത്. ആദ്യം താവളമാക്കുന്നത് ബ്രിട്ടനാണ്. അബ്ദുല്ലാ ക്വില്ലിം എന്ന ബ്രിട്ടീഷ് മുസ്‌ലിം സംഘാടകന്റെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ ആദ്യമായി സ്ഥാപിച്ച മുസ്‌ലിം പള്ളിയിലെ പ്രഥമ ഇമാമായിട്ടാണ് ബര്‍ക്കത്തുല്ലയെ അവിടെ കാണുന്നത്. 1899ല്‍ ലണ്ടനില്‍ പാന്‍ ഇസ്‌ലാമിക് സംഘടനകളുടെ പ്രധാന സംഘാടകന്‍. 1903 ല്‍ അമേരിക്കയിലേക്ക് കടക്കുന്നു. അവിടെ ഗദ്ദര്‍പാര്‍ട്ടി സംഘാടകരുടെകൂടെ കാണാം. 1904 ല്‍ ജപ്പാനിലേക്ക്. ജപ്പാന്‍ വംശജരെ ആദ്യമായി ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുന്നത് മൗലവി ബര്‍ക്കത്തുല്ലയാണ്. 1911 ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തുന്നു. 1914 തിരികെ അമേരിക്കയിലെത്തുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുമ്പോള്‍ ഗദ്ദര്‍പാര്‍ട്ടി സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍വെച്ച് ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നുണ്ട്. അപ്പോള്‍ തലപ്പത്ത് ബര്‍ക്കത്തുല്ലയുണ്ട്. 1915 ല്‍ ജര്‍മന്‍ പാസ്‌പോര്‍ട്ടേടെ ബെര്‍ലിനില്‍ പ്രത്യക്ഷപ്പെടുന്നു. പിന്നീടാണ് കാബൂളിലെത്തുന്നതും പ്രവാസ ഇന്ത്യാ ഗവര്‍മെന്റില്‍ പ്രധാനമന്ത്രിയാകുന്നതും.
1919 മെയ് മാസത്തില്‍ മോസ്‌ക്കോവില്‍ വെച്ച് ഇസ് വെസ്തിയ എന്ന പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മൗലവി ബര്‍ക്കത്തുല്ല തന്റെ നിലപാട് വിശദീകരിക്കുന്നുണ്ട്: 'ഞാനൊരു കമ്മ്യൂണിസ്റ്റോ സോഷ്യലിസ്റ്റോ അല്ല. പക്ഷേ, ഇപ്പോള്‍ എന്റെ രാഷ്ട്രീയ പരിപാടിയില്‍ പ്രധാനം ബ്രിട്ടീഷുകാരെ ഏഷ്യയില്‍ നിന്ന് പുറത്താക്കുക എന്നതാണ്. ഞാന്‍ ഏഷ്യയിലെ യൂറോപ്യന്‍ മുതലാളിത്തത്തിന്റെ കടുത്ത ശത്രുവാണ്. അതുകൊണ്ടുതന്നെ, ഈ രംഗത്ത് ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാനുള്ള വസ്തുതകളുടെ കാര്യത്തില്‍ ഞാനും കമ്മ്യൂണിസ്റ്റുകാരും തമ്മില്‍ തികഞ്ഞ ധാരണയുണ്ട്. ഭാവി എങ്ങനെ ഉരുത്തിരിഞ്ഞുവരുമെന്നൊന്നും എനിക്കറിയില്ല. പക്ഷേ, എല്ലാ രാജ്യത്തേയും ജനങ്ങള്‍ മുതലാളിത്തത്തിന് എതിരെ ജിഹാദ് നടത്തണമെന്ന സോവിയറ്റ് സര്‍ക്കാറിന്റെ ആഹ്വാന്നം ഞങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. മുസ്‌ലിം പ്രദേശങ്ങള്‍ അധീനപ്പെടുത്താനായി റഷ്യയും ബ്രിട്ടനും തമ്മിലുണ്ടാക്കിയിരുന്ന രഹസ്യകരാര്‍ വെളിപ്പെടുത്തിയതും ഞങ്ങള്‍ക്ക് ഇഷ്ടമായി. മാത്രമല്ല, ആ കരാറുകള്‍ സോവിയറ്റ് യൂണിയന്‍ ഏകപക്ഷീയമായി റദ്ദാക്കിയിട്ടുമുണ്ട്. ചെറുതും വലുതുമായ രാഷ്ട്രങ്ങള്‍ക്കിടയില്‍ സമത്വത്തിന്റേയും സമഭാവനയുടേയും തത്വമാണ് സോവിയറ്റ് യൂണിയന്‍ കൈക്കൊള്ളുന്നത്. ബോള്‍ഷേവിക്കുകളുടെ സിദ്ധാന്തമുണ്ടല്ലോ, സോഷ്യലിസം എന്ന് നമ്മള്‍ വിളിക്കുന്നത്, അതിന് ഇന്ത്യയിലെ സാധാരണക്കാരുടെ മനസ്സില്‍ ഇടംകിട്ടിയിട്ടുണ്ട്'. എന്നാണ് ആ അഭിമുഖത്തില്‍ പറഞ്ഞത്.
മൗലവി ബര്‍ക്കത്തുല്ല 1915 ആഗസ്റ്റില്‍ കാബൂളിലെത്തുന്നത് ഒരു അന്താരാഷ്ട്ര സംഘത്തോടൊപ്പമാണ്. തുര്‍ക്കിയും ജര്‍മ്മനിയും സംയുക്തമായി അഫ്ഘാനിസ്ഥാനിലേക്ക് അയച്ച ദൗത്യസംഘത്തോടൊപ്പം. കാബൂള്‍ മിഷന്‍ എന്നറിയപ്പെട്ട ആ സംഘത്തെ നയിച്ചിരുന്നത് ജര്‍മന്‍ സൈനിക ഉദ്യോഗസ്ഥരായ ഓസ്‌കര്‍ നിയഡര്‍മയര്‍, വെര്‍ണര്‍ ഓട്ടോ ഫോണ്‍ എന്റിംഗ് എന്നിവരായിരുന്നു. അന്‍വര്‍ പാഷയുടെ അടുത്ത സഹായിയായ കാസിം ബേ ആണ് തുര്‍ക്കിയെ പ്രതിനിധാനം ചെയ്തത്. സംഘത്തിലെ മൂന്നാം കക്ഷി ഇന്ത്യക്കാരാണ്. ബെര്‍ലിനില്‍ പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ ദേശീയവാദികളുടെ സംഘടനയായ ബെര്‍ലിന്‍ കമ്മിറ്റി. അതിന്റെ പ്രതിനിധികളായി രാജാ മഹേന്ദ്രപ്രതാപ് സിംഗ്, ചെമ്പകരാമന്‍പിള്ള, മൗലവി ബര്‍ക്കത്തുല്ല ഭോപാലി എന്നിവരുമുണ്ട്.
യു.പിയിലെ ഹത്രാസ് എന്ന നാട്ടുരാജ്യത്തെ രാജാവായിരുന്നു രാജാ മഹേന്ദ്ര പ്രതാപ് സിംഗ്. കോണ്‍ഗ്രസ് സഹയാത്രികനും മഹാത്മാഗാന്ധിയുടെ അഭ്യൂദയകാംക്ഷിയുമായ മഹേന്ദ്രപ്രതാപ് സിംഗ് യുദ്ധം തുടങ്ങുന്നതിനു മുമ്പ് ഇന്ത്യ വിട്ടതാണ്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ കറങ്ങുകയായിരുന്ന രാജാവിനെ ബെര്‍ലിനില്‍ വരുത്തിയതും കാബൂള്‍ മിഷനില്‍ ഉള്‍പ്പെടുത്തിയതും പ്രത്യേകമായൊരു രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ബെര്‍ലിന്‍ കമ്മിറ്റിയുടെ നേതാവായ ചാറ്റോ എന്ന വീരേന്ദ്രനാഥ് ചതോപാദ്ധ്യായ ജര്‍മ്മന്‍ കൈസറെ ബോധ്യപ്പെത്തി അംഗീകരിപ്പിച്ച തന്ത്രമാണത്. കൈസറുടെ അറിവോടെയാണ് എല്ലാം ആസൂത്രണം ചെയ്തത്.
ഗവര്‍മെന്റ് ഉണ്ടാക്കുകയാണെങ്കില്‍ തലപ്പത്ത് ഒരു ഇന്ത്യന്‍ രാജാവ് ഇരിക്കുന്നതാണ് നല്ലതെന്ന് വീരേന്ദ്രനാഥ് ചതോപാദ്ധ്യായ സമര്‍ഥിച്ചു. അങ്ങനെയാണ് മഹേന്ദ്ര പ്രതാപ്‌സിംഗിനെ ബെര്‍ലിനില്‍ എത്തിച്ച് കാബൂളിലേക്കയച്ചത്.
യുദ്ധത്തില്‍ പങ്കെടുക്കാതെ നടുനില പാലിച്ചു നില്‍ക്കുന്ന അഫ്ഘാന്‍ അമീര്‍ ഹബീബുല്ലയെ പ്രേരിപ്പിച്ച് ജര്‍മന്‍ - തുര്‍ക്കി പക്ഷത്ത് നിര്‍ത്തുക എന്നതായിരുന്നു ഒരു ദൗത്യം. ഇന്ത്യയ്ക്കുകത്തും ഇന്ത്യയോട് ചേര്‍ന്നുകിടക്കുന്ന ഗോത്രവര്‍ഗപ്രദേശങ്ങളിലും ബ്രിട്ടീഷ് വിരുദ്ധ കലാപം നടത്തുന്നവരെ സഹായിക്കുക എന്നത് രണ്ടാമത്തെ ഉദ്ദേശം. അതിനായി കാബൂളില്‍ താവളമൊരുക്കണം. അക്കാര്യം ചര്‍ച്ചക്ക് വന്നപ്പോഴാണ് കാബൂള്‍ കേന്ദ്രീകരിച്ച് പ്രവാസ ഇന്ത്യാ ഗവര്‍മെന്റ് രൂപീകരിക്കുക എന്ന ആശയം ഉയര്‍ന്നു വന്നത്. കലാപത്തിന് കേന്ദ്രീകൃത സ്വഭാവവും ലക്ഷ്യബോധവും ഉണ്ടാകാന്‍ അതാവശ്യമാണ് എന്ന വിലയിരുത്തലുണ്ടായി. അത്തരമൊരു ഗവര്‍മെന്റ് ഉണ്ടാക്കുകയാണെങ്കില്‍ തലപ്പത്ത് ഒരു ഇന്ത്യന്‍ രാജാവ് ഇരിക്കുന്നതാണ് നല്ലതെന്ന് വീരേന്ദ്രനാഥ് ചതോപാദ്ധ്യായ സമര്‍ഥിച്ചു. അങ്ങനെയാണ് മഹേന്ദ്ര പ്രതാപ്‌സിംഗിനെ ബെര്‍ലിനില്‍ എത്തിച്ച് കാബൂളിലേക്കയച്ചത്.
ബെര്‍ലിനില്‍ നിന്ന് ഇസ്താംബൂള്‍ വരെ എളുപ്പത്തില്‍ എത്തിയെങ്കിലും പേര്‍ഷ്യന്‍ മരുഭൂമി താണ്ടി കാബൂളിലെത്തുക എളുപ്പമായിരുന്നില്ല. കുതിരയാണ് വാഹനം. പേര്‍ഷ്യന്‍ മരുഭൂമിയിലാണെങ്കില്‍, ബ്രിട്ടീഷ്, റഷ്യന്‍ ചാരവലയം ശക്തമാണ്. 1915 മാര്‍ച്ച് ആദ്യവാരത്തില്‍ ബെര്‍ലിന്‍ വിട്ട സംഘം പലതായി പിരിഞ്ഞ്, പപ്പോഴായി, പലവഴിതാണ്ടി ആഗസ്റ്റ് 19നാണ് അഫ്ഘാന്‍ അതിര്‍ത്തിയിലെത്തുന്നത്.
നടുനില പാലിക്കുന്നതില്‍ വിദഗ്ദ്ധനായ ഹബീബുല്ല ആദ്യമൊന്നും അടുത്തില്ല. ജര്‍മന്‍ കൈസറും ഓട്ടോമന്‍ ഖലീഫയും കൊടുത്തയച്ച കത്തുകളും പാരിതോഷികങ്ങളും കൈപ്പറ്റി. പക്ഷേ, അങ്ങോട്ടു ചാഞ്ഞില്ല. എന്നാല്‍, ബുദ്ധിമുട്ടിച്ചുമില്ല. കഴിയുന്നതും ബ്രിട്ടീഷ് രഹസ്യാന്വേഷകരെ അതിഥികളില്‍ നിന്ന് അകറ്റിനിര്‍ത്തി. ശരിക്കും നിഷ്പക്ഷന്‍ തന്നെ!
ഏതാണ്ട് ഡിസംബറായപ്പോഴാണ് ഹബീബുല്ല ഒന്നയഞ്ഞത്. ചര്‍ച്ചകളിലൊക്കെ പങ്കുകൊള്ളാന്‍ തുടങ്ങിയത് അപ്പോഴാണ്. 1915 ഡിസംബര്‍ ഒന്നിന് കാബൂളില്‍ ബാഗേ ബാബറിലെ കൊട്ടാരത്തില്‍ വെച്ച് പ്രവാസ ഇന്ത്യാ ഗവര്‍മെന്റ് രൂപം കൊണ്ടു. നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവാസ മന്ത്രിസഭയുണ്ടാക്കിയത് 1943 ലാണ് എന്നോര്‍ക്കണം. 1943 ഒക്ടോബര്‍ 21ന്. അതിന് 28 വര്‍ഷം മുമ്പാണ് ഇന്ത്യന്‍ വിപ്ലവകാരികള്‍ കാബൂള്‍ കേന്ദ്രമാക്കി സര്‍ക്കാറുണ്ടാക്കിയത്. ജര്‍മന്‍, തുര്‍ക്കി സംഘാംഗങ്ങളുടേയും അഫ്ഘാന്‍ പ്രമുഖരുടേയും സാന്നിധ്യത്തില്‍ രാജാ മഹേന്ദ്ര പ്രതാപ് സിംഗ് മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ചു. മൗലവി മുഹമ്മദ് ബര്‍ക്കത്തുല്ലാ ഭോപാലി പ്രധാനമന്ത്രിയായി.
ബെര്‍ലിന്‍കമ്മിറ്റി നേതാക്കള്‍ എത്തുമ്പോള്‍തന്നെ കാബൂളില്‍ ഇന്ത്യന്‍ പോരാളികളുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്. സ്വാഭാവികമായും അവരേയും മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച മൗലാനാ ഉബൈദുല്ലാ സിന്ധിയാണ് ആഭ്യന്തരമന്ത്രിയായത്. ഇന്ത്യന്‍ കാര്യങ്ങളുടെ ചുമതല ഉബൈദുല്ലാ സിന്ധിക്കായിരുന്നു. മൗലവി മുഹമ്മദ് ബഷീര്‍ (യുദ്ധകാര്യമന്ത്രി) തിരുവനന്തപുരത്തുകാരനായ ചെമ്പകരാമന്‍ പിള്ള (വിദേശകാര്യ മന്ത്രി) ഷംസീര്‍ സിംഗ് എന്ന മധുര സിംഗ് എന്നിവരടങ്ങുന്നതാണ് കാബിനറ്റ്.
ഇവര്‍ക്കുപുറമെ ഒന്‍പതംഗങ്ങള്‍ വേറെയുമുണ്ട്. വിദേശ രാജ്യങ്ങളില്‍ ഗവര്‍മെന്റിനെ പ്രതിനിധീകരിക്കാന്‍ അധികാരമുള്ള സ്വതന്ത്രചുമതലയുള്ള ഒന്‍പത് മന്ത്രിമാര്‍. ഖുദ ഭക്ഷ്, മുഹമ്മദ് ഖുസൂരി, റഹ്മത്ത് അലി സക്കരിയ, സഫര്‍ ഹസന്‍ ഐബക്, അല്ലാഹ് നവാസ്, ഹര്‍മന്‍ സിംഗ്, ഗുജ്ജാര്‍ സിംഗ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ ബാരി എന്നിവരാണത്. കക്ഷിനില ഇങ്ങനെയൊക്കെയാണെങ്കിലും പ്രവാസ സര്‍ക്കാര്‍ രൂപീകരണത്തെ ഹിന്ദു - ജര്‍മന്‍ ഗൂഡാലോചന എന്നാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ രേഖകളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്തുണ തേടി റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളെ പ്രവാസ ഇന്ത്യാ ഗവര്‍മെന്റ് സമീപിച്ചിരുന്നു. ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ഈ രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയച്ചു. റഷ്യയിലെ സാര്‍ ചക്രവര്‍ത്തിക്കുള്ള കത്തുമായി പോയത് മിത്ര സിംഗ്, ഖുഷി മുഹമ്മദ് എന്നിവരാണ്. അവര്‍ താഷ്‌ക്കന്റിലെത്തി കത്ത് തുര്‍ക്കിസ്ഥാന്‍ ഗവര്‍ണറെ ഏല്‍പ്പിച്ചു. ഗവര്‍ണര്‍ ആ കത്ത് സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലേക്ക് കൊടുത്തയച്ചു. സാര്‍ ചക്രവര്‍ത്തിയുടെ മറുപടി പ്രതീക്ഷിച്ച് ദൂതന്മാര്‍ രണ്ടുപേരും മാസങ്ങളോളം താഷ്‌ക്കന്റില്‍ താമസിച്ചു. ഒടുവില്‍, മറുപടി കിട്ടുന്ന മുറയ്ക്ക് അറിയിക്കാമെന്ന വാഗ്ദാനവും നല്ലൊരു യാത്രയയപ്പും നല്‍കി ദൂതന്മാരെ ഗവര്‍ണര്‍ കാബൂളിലേക്ക് തിരിച്ചയച്ചു. ആ കത്തിന് മറുപടി ലഭിച്ചതേയില്ല. അത് വെച്ച് നല്‍കിയ സ്വര്‍ണ്ണത്തളികയടക്കം ആ കത്ത് ബ്രിട്ടീഷുകാര്‍ക്ക് കാണിച്ചുകൊടുത്ത് അവരുമായി വിലപേശുകയാണ് സാര്‍ ചക്രവര്‍ത്തി ചെയ്തത്.
നാലായിരത്തിലധികം പേര്‍ 1915നും 1921നുമിടയില്‍ കാബൂള്‍ കടന്ന് മധ്യേഷ്യയിലെത്തിയതായി ഒരു കണക്ക് പറയുന്നുണ്ട്. 125 പേരെ താന്‍ ഒരുമിച്ച് കമ്മ്യൂണിസ്റ്റ് സ്‌കൂളില്‍ ചേര്‍ത്തതായി എം.എന്‍ റോയി ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ പോയി കമ്മ്യൂണിസ്റ്റുകാരായ ആ മുഹാജിറുകളുടെ ചരിത്രവുമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം.
ഒന്നും ഏറെ നീണ്ടുനിന്നില്ല. 1914-ല്‍ നിന്ന് 1917 ലേക്ക് ഏറെ ദൂരമില്ലല്ലോ. ഒന്നാം ലോകമഹായുദ്ധത്തിന്റെ പര്യവസാനം സംഭവഗതികളെയാകെ മാറ്റിമറിച്ചു. തുര്‍ക്കിയും റഷ്യയും തോറ്റല്ലോ. പരാജയപ്പെട്ട സാര്‍ ചക്രവര്‍ത്തിയെ 1917 ഫെബ്രുവരിയില്‍ റഷ്യക്കാര്‍ താഴെയിറക്കി. പകരംവന്ന കെരന്‍സ്‌ക്കിയുടെ താല്‍ക്കാലിക ഗവര്‍മെന്റിനെ ഒക്ടോബറില്‍ ബോള്‍ഷേവിക്കുകള്‍ താഴെയിറക്കി. തുര്‍ക്കിയില്‍ ഓട്ടോമന്‍ സാമ്രാജ്യം ഇല്ലാതായി. ഖലീഫയുടെ തിരോധാനത്തോടെ പാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് അത്താണി നഷ്ടപ്പെട്ടു. പക്ഷേ, അവര്‍ പരിഭ്രാന്തരായില്ല. പകരമൊന്ന് കണ്ടെത്തിയിരുന്നു. വേറൊന്നുമല്ലത്. ബോള്‍ഷേവിക് റഷ്യ!
'ഹജ്ജ് ടു ഉട്ടോപ്യ' എന്ന പുസ്തകത്തില്‍ മൈയ രാംനാഥ് ചൂണ്ടിക്കാട്ടുന്നതുപോലെ: 'പടിഞ്ഞാറന്‍ സാമ്രാജ്യത്തത്തിന് എതിരായ, വിശേഷിച്ച് അതിന്റെ ഏറ്റവും മുന്തിയ രൂപമായ ബ്രിട്ടീഷ് മുതലാളിത്തത്തിന് എതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷികളാണെന്ന് ബോള്‍ഷേവിക്കുകളും പാന്‍ ഇസ്‌ലാമിസ്റ്റുകളും ഇതിനകം പരസ്പരം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു'. അതിനാല്‍, ഖിലാഫത്തും ഖലീഫയും ഇല്ലാതായെങ്കിലും മുഹാജിറുകള്‍ കാബൂളും കടന്ന് മുന്നോട്ടുതന്നെ പോയി. താഷ്‌ക്കന്റും ബുഖാറയും കടന്ന് മോസ്‌കോയിലും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലും അവരെത്തി. മധ്യേഷ്യയിലെ മുസ്‌ലിംനേതാക്കളേയും റഷ്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളേയും കണ്ടു. ചര്‍ച്ച ചെയ്തു. കരാറുകളുണ്ടാക്കി.
അങ്ങനെ ചെയ്തവരില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേരാണ് മൗലവി മുഹമ്മദ് ബര്‍ക്കത്തുല്ലാ ഭോപാലിയും മൗലാനാ ഉബൈദുല്ലാ സിന്ധിയും. ഖൈരി സഹോദരന്മാര്‍, ഗുലാം അമ്പിയാ ലുഹാനി, അബ്ദുര്‍റബ്ബ് ബാര്‍ഖ്, ഖുഷി മുഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, തുടങ്ങിയൊരു വലിയനിര പിന്നാലെയുണ്ട്. എണ്ണിയാലൊടുങ്ങാത്തത്രയും പേര്‍. നാലായിരത്തിലധികം പേര്‍ 1915നും 1921നുമിടയില്‍ കാബൂള്‍ കടന്ന് മധ്യേഷ്യയിലെത്തിയതായി ഒരു കണക്ക് പറയുന്നുണ്ട്. 125 പേരെ താന്‍ ഒരുമിച്ച് കമ്മ്യൂണിസ്റ്റ് സ്‌കൂളില്‍ ചേര്‍ത്തതായി എം.എന്‍ റോയി ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിജ്‌റ പോയി കമ്മ്യൂണിസ്റ്റുകാരായ ആ മുഹാജിറുകളുടെ ചരിത്രവുമാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം.
അനുബന്ധം:
1. ചെമ്പകരാമന്‍ പിള്ള: 1891 സെപ്റ്റംബര്‍ 15ന് തിരുവനന്തപുരം പട്ടണത്തില്‍ ജനിച്ച ചെമ്പകരാമന്‍പിള്ളയുടെ ജീവിതകഥ ഐതിഹാസികമാണ്. സെക്രട്ടറിയേറ്റിന് സമീപം ഇപ്പോഴത്തെ ഏജീസ് ഓഫീസ് നില്‍ക്കുന്നിടത്തായിരുന്നു ജന്മവീട്. അച്ഛന്‍ ചിന്നസ്വാമി പിള്ള പൊലീസ് കോണ്‍സ്റ്റബിളായിരുന്നു. അമ്മ നാഗമ്മാള്‍. ചെറുപ്പത്തില്‍ത്തന്നെ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുത്തിരുന്നു. പലപ്പോഴും അറസ്റ്റ് ഭീഷണിയുമുണ്ടായി.
അക്കാലത്ത് തിരുവിതാംകൂറില്‍ എത്തിപ്പെട്ട സഞ്ചാരിയും അരാജകവാദിയുമായ സര്‍ വാള്‍ട്ടര്‍ വില്യംസ് സ്ട്രിക് ലാന്‍ഡ് എന്ന ബ്രിട്ടീഷുകാരന്‍ തിരിച്ചു പോകുമ്പോള്‍ ചെമ്പകരാമനെ കൂടെക്കൂട്ടി. 1907-ലാണത്. ഉപരിപഠനത്തിന്നായാണ് കൊണ്ടുപോയത്. ജര്‍മ്മനിയിലെ സൂറിച്ചില്‍ പഠനം പൂര്‍ത്തിയാക്കി. ബെര്‍ലിന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ധനശാസ്ത്രത്തിലും എഞ്ചിനിയറിങ്ങിലും ബിരുദമെടുത്തു. ഇടക്കാലത്ത് ജര്‍മ്മന്‍ നാവികസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ലോകത്തെ വിറപ്പിച്ച എംഡന്‍ എന്ന ജര്‍മ്മന്‍ യുദ്ധക്കപ്പലില്‍ എഞ്ചിനിയറായിരുന്നു. ഇന്ത്യക്കാരായ വിപ്ലവകാരികള്‍ ബെര്‍ലിന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ചെമ്പകരാമന്‍ പിള്ള അതിലെ സജീവാംഗമായി. ഇതിനിടയില്‍ പലപ്പോഴായി മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയ ദേശീയ നേതാക്കളോടൊക്കെ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായി.
1915-ല്‍ കാബൂളിലെത്തി ആദ്യത്തെ പ്രവാസ ഇന്ത്യാ ഗവര്‍മെന്റില്‍ അംഗമായി. അതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷവും വിദേശത്ത് ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1934 മെയ് 26 ന് ജര്‍മനിയില്‍ വെച്ച് അന്തരിച്ചു. വിഷബാധയെ തുടര്‍ന്നുള്ള അസുഖമാണ് മരണത്തിലെത്തിച്ചത്. 1935ല്‍ ഭാര്യ ലക്ഷ്മിഭായി ചിതാഭസ്മം ബോംബെയിലെത്തിച്ചു. 1966-ല്‍ തിരുവനന്തപുരത്ത് കൊണ്ടുവന്നു. ആവര്‍ഷം ഒക്ടോബര്‍ 26ന് കന്യാകുമാരിയില്‍ നിമഞ്ജനം ചെയ്തു. നാസികള്‍ ചെമ്പകരാമന്‍ പിള്ളയ്ക്ക് വിഷം കൊടുത്തതാണെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് ഭ്രാന്താണെന്ന് നാസികള്‍ പ്രചരിപ്പിക്കുകയുണ്ടായി.
2. മഹേന്ദ്രപ്രതാപ് സിംഗ്: ഇപ്പോഴത്തെ യു.പി സംസ്ഥാനത്തെ ഹത്രാസില്‍ ജാട്ട് കുടുംബത്തില്‍ 1886 ഡിസംബര്‍ ഒന്നിന് ജനിച്ചു. രാജാ ഘനശ്യാം സിംഗിന്റെ മൂന്നാമത്തെ മകനാണ്. മൂന്നാം വയസില്‍, ഹത്രാസിലെ ഭരണാധികാരിയായ രാജാ ഹര്‍നാരായണ്‍ സിംഗ് ദത്തെടുത്തു. അതോടെ ഹത്രാസിലെ കിരീടാവകാശിയായി. ഹരിയാനയിലെ ജിന്ദ് എന്ന നാട്ടുരാജ്യത്തെ രാജാവിന്റെ മകളായ ബല്‍വീര്‍ കൗറിനെയാണ് വിവാഹം കഴിച്ചത്. പിന്നീട് അലീഗഡ് യൂണിവേഴ്‌സിറ്റിയായി മാറിയ ആഗ്ലോ - മുഹമ്മദന്‍ കോളജിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1906 ല്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയരംഗത്തിറങ്ങി.
ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നതിന് മുമ്പ് മഹേന്ദ്ര പ്രതാപ് ഇന്ത്യയില്‍ നിന്ന് പുറത്തു കടന്നിരുന്നു. 1914ലാണ് ജര്‍മ്മനിയിലെത്തുന്നത്. പ്രവാസ ഇന്ത്യാ ഗവര്‍മെന്റിന്റെ തലവന്‍ എന്ന നിലയിലും അതിനു ശേഷവും ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. 1919 ല്‍ ലെനിനുമായി കണ്ടപ്പോള്‍ 'സ്‌നേഹത്തിന്റെ മതം' എന്ന സ്വന്തം രചന ലെനിന് സമ്മാനിക്കുകയുണ്ടായി. വിദേശവാസം അവസാനിപ്പിച്ച് 1946ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. മദിരാശിയില്‍ കപ്പല്‍ ഇറങ്ങിയശേഷം വാര്‍ദ്ധ ആശ്രമത്തില്‍ പോയി മഹാത്മജിയെ കണ്ടു.
സ്വതന്ത്ര ഇന്ത്യയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. 1957ലെ തെരഞ്ഞെടുപ്പില്‍ യു.പിയിലെ മഥുരയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ലോക്സഭാംഗമായി. ജനസംഘത്തിന്റെ അടല്‍ ബിഹാരി വാജ്‌പേയി അടക്കം നാലുപേരെ തോല്‍പ്പിച്ചാണ് ജയിച്ചത്. 1979 ഏപ്രില്‍ 29ന് നിര്യാതനായി. 92 വയസ്സായിരുന്നു മരിക്കുമ്പോള്‍.
3. ബര്‍ക്കത്തുല്ലാ ഭോപാലി: മധ്യപ്രദേശിലെ ഭോപാലില്‍ 1854 ജൂലൈ ഏഴിന് ജനിച്ചു. ഭോപാല്‍ സുലൈമാനിയ്യ വിദ്യാലയത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. സുലൈമാനിയ്യ ഹൈസ്‌കൂളില്‍ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി. പിന്നീട് അവിടെത്തന്നെ അദ്ധ്യാപകനായി. അവിടെ ജോലി ചെയ്യുന്ന കാലത്ത് ജമാലുദ്ദീന്‍ അഫ്ഘാനിയുടെ പാന്‍ ഇസ്‌ലാമിക് ആശയങ്ങളില്‍ ആകൃഷ്ടനായി. മതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ഭോപാലില്‍ നിന്ന് ബോംബെയിലേക്ക് കുടിയേറി. ഇംഗ്ലീഷ് ട്യൂഷനെടുത്താണ് ജീവിതമാര്‍ഗം കണ്ടെത്തിയത്. 1897ല്‍ ബ്രിട്ടനിലേക്ക് കടന്നു. പിന്നീട് ജീവിതവും പ്രവര്‍ത്തനവും വിദേശത്തു തന്നെയായിരുന്നു.
ഒരേ സമയം, രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് ആശയക്കാരോടൊപ്പവും സാമൂഹിക രംഗത്ത് മതപണ്ഡിതനെന്ന നിലയിലും പ്രവര്‍ത്തിച്ചു. ജപ്പാനിലും ബ്രിട്ടനിലും അമേരിക്കയിലുമാണ് മതപരമായ ലേഖനങ്ങള്‍ അധികവും പ്രസിദ്ധീകരിച്ചത്. 1926 ല്‍ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തില്‍ വെച്ച് ജവഹര്‍ലാല്‍ നെഹ്‌റുവുമായി കൂടിക്കാഴ്ച നടത്തി. 1927 ല്‍ സാന്‍ഫ്രാന്‍സിസ്‌ക്കോവില്‍ വെച്ച് മരണപ്പെട്ടു. 1988 ല്‍ ഭോപാല്‍ സര്‍വ്വകലാശാലയ്ക്ക് ബര്‍ക്കത്തുല്ലാ ഭോപാലിയുടെ പേര് നല്‍കി.
അവലംബം:
1. ഇന്ത്യ പരിവര്‍ത്തനത്തിന്റെ ദശയില്‍ - എം.എന്‍ റോയി, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.
2. കോമിന്റേണും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും - ശോഭന്‍ലാല്‍ ദത്ത ഗുപ്ത. പരിഭാഷ: ഇ. രാജന്‍, പ്രഭാത് ബുക്ക് ഹൗസ്.
3. lndia and Soviet Union 1917 - 47 - N.Nirula, APH Publishing Corparation, സNew Delhi
4 .Indo - Russia Relations: 1917- 47- selected Doccuments from Archives of The Russian federation, Durani Roy, Shobhanlal Datha Gupta
5. Career of Muhammed Barkatullah (1864- 1927) from intelectual to Anticolonial Revalutionary - Samee Nasim Siddiqui, University of north Carolina.
6. Hajj to utopia - Ramnath Maia, University of California Press.
7. India and Lenin - Anand Gupta (Edited)
8. Raja mahendra Pratap Singh- A visionary ignord by history - Anil Rawta, ivekananda International Fedaration.
9. Mawlana Ubyyd Allah sindhi's mission to Afghanistan and Soviet Russia - Abdulla Khan, islambooks.
10. Germany and the middle east 1871-1945 - Thomas L Hoghes.