നിര്‍മല കോളജ്, പൊലീസ് റിക്രൂട്ട്‌മെന്റ്, നെയ്യാറ്റിന്‍കര ജില്ല, ന്യൂനപക്ഷ അവകാശം -ഇസ്‌ലാമോഫോബിയ: ജൂലൈ മാസം കേരളത്തില്‍ സംഭവിച്ചത്
2024 ജൂലൈ മാസത്തില്‍ കേരളത്തില്‍ നടന്ന ഇസ്ലാമോഫോബിക് സംഭവങ്ങളുടെ ഡോകുമെന്റേഷന്‍ ഭാഗം: 05.
വിദ്യാഭ്യാസരംഗത്തും സര്‍ക്കാര്‍ സര്‍വീസിലും പ്രാദേശിക വികസന രംഗത്തും പ്രാതിനിധ്യവും അവകാശവും ഉറപ്പുവരുത്താന്‍ മുസ്‌ലിം ന്യൂനപക്ഷ പൗരന്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ വികസിച്ച കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍, ന്യൂനപക്ഷാവകാശ പോരാട്ടങ്ങളെ ചെറുക്കുന്നതിനും ഇകഴ്ത്തുന്നതിനും ഇസ്‌ലാമോഫോബിയയുടെ മാതൃക ധാരാളം ഉപയോഗിക്കപ്പെടുന്നു. നിര്‍മല കോളജുമായി ബന്ധപ്പെട്ടും പൊലീസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ടും മലപ്പുറം ജില്ലാ വികസനവുമായി ബന്ധപ്പെട്ടും നടക്കുന്ന പൊതുചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഹിന്ദുത്വര്‍ മാത്രമല്ല പുരോഗമന മതേതര വ്യവഹാരങ്ങളും മുസ്‌ലിം സാമൂഹിക ചലനത്തെ റദ്ദുചെയ്യുന്ന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നു കാണാം. കേവലാര്‍ഥത്തിലുള്ള വിയോജിപ്പുകളായല്ല, ഇസ്‌ലാമോഫോബിയയെന്ന വംശീയപ്രയോഗമായുമിതു മാറുന്നു. ന്യൂനപക്ഷ അവകാശ നിഷേധത്തിന്റെ രൂപം കൈവരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ മാതൃകകളാണിത്.
നിര്‍മല കോളജിലെ നിസ്‌കാരമുറിയും ഇസ്‌ലാമോഫോബിയയും
മുവാറ്റുപുഴ നിര്‍മല, ക്രൈസ്തവ മാനേജ്മെന്റിനു കീഴിലുള്ള പ്രശസ്തമായ കോളജാണ്. വിവിധ മതസ്ഥരായ നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നു പഠിക്കുന്ന ഈ കോളജില്‍ ചില പെണ്‍കുട്ടികള്‍ റെസ്റ്റ് റൂമില്‍ നിസ്‌കരിക്കാറുണ്ട്. എത്രയോ കാലമായി പ്രത്യേകിച്ച് വിവാദമൊന്നുമാകാതെ അതു തുടര്‍ന്നുവരുന്നു.
ജൂലൈ 25ാം തിയ്യതി വ്യാഴാഴ്ച മൂന്ന് പെണ്‍കുട്ടികള്‍ ഒഴിഞ്ഞ റൂമില്‍ നിസ്‌കരിച്ചു. ഇത് കോളജിലെ ഒരു ജീവനക്കാരന്‍ കാണുകയും പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച, ജൂലൈ 26ാം തിയ്യതി ഉച്ചയ്ക്കുശേഷം കുട്ടികള്‍ അതേ സ്ഥലത്ത് നിസ്‌കരിക്കുമ്പോള്‍ കോളജ് അധികൃതര്‍ അത് തടസ്സപ്പെടുത്തി. പ്രിന്‍സിപ്പലിനെ കാണാന്‍ ആവശ്യപ്പെട്ടു. ഒരു മതേതരസ്ഥാപനമാണ് കോളജെന്നും അതുകൊണ്ട് നിസ്‌കരിക്കാന്‍ അനുവാദമില്ലെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ നിലപാട്. ഇത് കോളജിലെ കുട്ടികള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കി. മുസ്‌ലിംവിദ്യാര്‍ഥികള്‍ മാത്രമല്ല, മറ്റു സംഘടനകളിലും മതങ്ങളിലും ജാതിയിലും ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും ഇതില്‍ അതൃപ്തിയുണ്ടായിരുന്നു. അവര്‍ പ്രതിഷേധിച്ചു (ജൂലൈ 28, 2024, ഇന്ത്യന്‍ എക്സ്പ്രസ്).
പ്രതിഷേധം രൂക്ഷമായപ്പോള്‍ പ്രിന്‍സിപ്പല്‍ പ്രതിഷേധക്കാരെ കാണാന്‍ തയ്യാറായി. പഴയ സ്ഥലത്ത് നിസ്‌കരിക്കാന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ മറ്റൊരു സ്ഥലം വേണമെന്നും കുട്ടികള്‍ ആവശ്യപ്പെട്ടു. കുട്ടികളോട് ഈ ആവശ്യം എഴുതിനല്‍കാന്‍ പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ നിസ്‌കരിച്ച സ്ഥലത്ത് തുടര്‍ന്ന് നിസ്‌കരിക്കാന്‍ അനുവാദം, അല്ലെങ്കില്‍ മറ്റൊരു ഒഴിമുറി സൗകര്യപ്പെടുത്തിത്തരണമെന്നും തിങ്കളാഴ്ചയോടെ ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നുമായിരുന്നു കുട്ടികളുടെ കത്തിലുണ്ടായിരുന്നത്. നാല് പെണ്‍കുട്ടികളാണ് താഴെ ഒപ്പിട്ടിരുന്നത്. ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ചര്‍ച്ചക്കൊടുവില്‍ നിസ്‌കരിക്കാന്‍ 200 മീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് പോകാനും പോയ്‌വരുന്നതുവരെ ഹാജരില്‍ ഇളവ് നല്‍കാമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. നിസ്‌കാരം തടസ്സപ്പെടുത്തിയതില്‍ ക്ഷമചോദിക്കാനും അദ്ദേഹം തയ്യാറായി. പക്ഷേ, കുട്ടികള്‍ അതിന്റെ ആവശ്യമില്ലെന്ന് നിലപാടെടുത്തു. പ്രശ്നം അവിടെ അവസാനിച്ചു (ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ജൂലൈ 28, 2024ലെ വാര്‍ത്തയും അതില്‍ ഉദ്ധരിച്ച പ്രിന്‍സിപ്പല്‍, എം.എസ്.എഫ് എറണാകുളം ജില്ലാ പ്രസിഡന്റ് റമീസ് മുതിരകാലയില്‍, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബു എന്നിവരുടെ കമന്റുകളും).
എന്നാല്‍, പിന്നീട് പ്രിന്‍സിപ്പള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രം പെണ്‍കുട്ടികള്‍ എഴുതിനല്‍കിയ ആഭ്യന്തരസ്വഭാവമുള്ളൊരു അപേക്ഷ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വിദേശ നമ്പറുകള്‍ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണത്രേ ഈ പ്രചാരണം നടന്നത്. സമരം ചെയ്ത ഹിന്ദു-ക്രിസ്ത്യന്‍ വിദ്യാര്‍ഥികളെ ടാര്‍ഗറ്റ് ചെയ്യാനുള്ള ശ്രമവുമുണ്ടായി (എസ്.കെ.എസ്.എസ്.എഫ് വനിതാ വിഭാഗം സംസ്ഥാന കോഡിനേറ്റര്‍ നാജിയ ബദ്റുവിന്റെ കുറിപ്പ്, സുപ്രഭാതം പത്രം ഷെയര്‍ ചെയ്തത്, എഫ്.ബി, ആഗസ്റ്റ് 1, 2024).
ജൂലൈ 27ഓടെ നിസ്‌കാരവിഷയം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നു. പല നിലകളില്‍ വ്യാഖ്യാനിക്കപ്പെട്ടു. പൊതുവിദ്യാലയത്തില്‍ തങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ മുറി വേണമെന്നായിരുന്നു പൊതുവെ പ്രചരിപ്പിക്കപ്പെട്ടത്. ഒപ്പം മുസ്‌ലിം വിഷയങ്ങള്‍ക്കൊപ്പം കടന്നുവരാറുള്ള തീവ്രവാദം, മതമൗലികവാദം, മതം തുടങ്ങിയവയും ചര്‍ച്ചയുടെ ഭാഗമായി. ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സിസ് കണ്ണാടന് പിന്തുണ അറിയിച്ചു. സ്ഥാപനത്തിനു ഭീഷണിയുണ്ടായാല്‍ ബി.ജെ.പി. സംരക്ഷണം നല്‍കുമെന്നും ഉറപ്പുകൊടുത്തു. സംഘ്പരിവാര്‍ സംഘങ്ങള്‍ക്കു പുറമെ യുക്തിവാദികളും മതവിരുദ്ധരും മതേതരസ്വഭാവമുള്ള വ്യക്തികളും പ്രാചാരണത്തിന്റെ ഭാഗമായി. കോളജുകളിലെ നിസ്‌കാരമുറിയെന്ന പ്രശ്നത്തെ മുസ്‌ലിംപള്ളികളിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പെടുത്തിയും ചര്‍ച്ച നടന്നു.
സമാധാന അന്തീരീക്ഷത്തിന് ഭംഗംവരുത്തി:
ക്ലാസ് മുറിയില്‍ നിസ്‌കരിക്കണമെന്നാവശ്യപ്പെട്ട് നിര്‍മലാ കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെവിന്‍ കെ. കുര്യാക്കോസിനെ ഓഫീസില്‍ തടഞ്ഞുവച്ച സംഭവത്തെ കത്തോലിക്കാ കോണ്‍ഗ്രസ് അപലപിച്ചു. കോളേജിന്റെ സമാധാന അന്തരീക്ഷത്തിന് തടസംവരുത്തി, മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ വിദ്യാര്‍ഥി സംഘടനകള്‍ ഇതിന് കൂട്ടുനിന്നു, കലാലയങ്ങളില്‍ നിസ്‌കാര മുറി വേണമെന്ന് നിര്‍ബന്ധം പിടിക്കാതെ മോസ്‌കുകളില്‍ പെണ്‍കുട്ടികള്‍ക്ക് കൂടി നിസ്‌കരിക്കാനുള്ള സൗകര്യമൊരുക്കുകയാണ് വേണ്ടത് - തുടങ്ങിയവയായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രസ്താവനയിലെ പ്രധാന പ്രമേയം. മോസ്‌കുകളില്‍ പ്രവേശനം ഇല്ലാത്തതിന് സഭയുടെ സ്ഥാപനങ്ങളില്‍ വേണ്ട സൗകര്യം ചെയ്തുകൊടുക്കണമെന്ന് നിര്‍ബന്ധബുദ്ധി ആരും പിടിക്കരുതെന്നും പ്രതിഷേധക്കുറിപ്പില്‍ പറയുന്നു (ജൂലൈ 30, 2024, മംഗളം).
തെറ്റായ പ്രചാരണം, നിര്‍മല മാനേജ്മെന്റ്:
നിര്‍മല കോളജ് ഉയര്‍ന്ന മതേതരമൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താന്‍ ശ്രദ്ധപുലര്‍ത്തുന്ന സ്ഥാപനമാണ്. പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് അപേക്ഷയുമായി വന്നത്. ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്‍കിയിരിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിര്‍മല കോളജിനുമുണ്ട്. ആ നയത്തിന്റെ അടിസ്ഥാനത്തിലാണ് നിസ്‌കരിക്കാനുള്ള അവകാശം നല്‍കാത്തത്. ഇനിയും അത് തുടരും. ഈ വിഷയത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കണം. നമസ്‌കാര വിവാദത്തിന്റെ പേരില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകണം (ജൂലൈ 30, 2024, മംഗളം).
എസ്.എഫ്.ഐ സമരത്തിലില്ല:
മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താന്‍വേണ്ടി എസ്.എഫ്.ഐ സമരം നടത്തിയെന്നത് വ്യാജപ്രചാരണമാണ്. കേരളത്തിലെ കാമ്പസുകള്‍ മതേതരമായി നിലനിര്‍ത്തുന്നതിനുവേണ്ടി എന്നും മുന്നില്‍നിന്നിട്ടുള്ള സംഘടനയാണ് എസ്.എഫ്.ഐ. കാമ്പസുകളില്‍ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങള്‍ ചെയ്യാന്‍ അനുവദിച്ചാല്‍ പിന്നീടത് മുഴുവന്‍ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന ഇടമായി മാറും. അത് കാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കും. മൂവാറ്റുപുഴ നിര്‍മല കോളജില്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി എസ്.എഫ്.ഐ സമരം സംഘടിപ്പിച്ചിട്ടില്ല. രണ്ട് വിദ്യാര്‍ഥികള്‍ പ്രാര്‍ഥന നടത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ ഒരു ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥധികളും പ്രിന്‍സിപ്പള്‍ ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധം എസ്.എഫ്.ഐയുടെ തലയില്‍ കെട്ടിവെക്കുന്നത് സംഘ്പരിവാര്‍, കാസ കേന്ദ്രങ്ങളുടെ കുബുദ്ധിയാണ്. സംഘപരിവാര്‍ - കാസ നുണ ഫാക്ടറികളില്‍നിന്ന് പടച്ചുവിടുന്ന നുണ സോഷ്യല്‍ മീഡിയയിലെ ഇടത് പ്രൊഫൈലുകള്‍ ഉള്‍പ്പെടെ ഏറ്റെടുക്കുന്നത് ഖേദകരമാണ് (എസ്.എഫ്.ഐ എഫ്.ബി ഒഫീഷ്യല്‍ പേജ്, ജൂലൈ 28, 2024).
ഖേദം പ്രകടിപ്പിച്ച് മഹല്ല്:
നിസ്‌കാര സ്ഥലം ആവശ്യപ്പെട്ട് ഏതാനും കുട്ടികളും അവരെ പിന്തുണയ്ക്കാനായി മറ്റുള്ളവരും ചേര്‍ന്നു നടത്തിയ സമരം അനിഷ്ടകരമെന്നായിരുന്നു മഹല്ലുകളുടെ സംയുക്ത പ്രതിനിധി സംഘത്തിന്റെ അഭിപ്രായം. അവര്‍ കോളജ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. അറിവില്ലായ്മമൂലം കുട്ടികളും കൂടെക്കൂടിയവരും സൃഷ്ടിച്ച സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചു. പള്ളികളില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ മഹല്ലുകള്‍ പരിഹാരം കാണും. മൂവാറ്റുപുഴയില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന മതസമുദായ സൗഹാര്‍ദ്ദാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നും മുസ്‌ലിം സമൂഹം അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി (ജൂലൈ 30, 2024, മംഗളം).
മതമൗലികവാദം കുത്തിവയ്ക്കുന്നവര്‍:
നിസ്‌കരിക്കാന്‍ പ്രത്യേകം സ്ഥലം വേണമന്ന് ആവശ്യപ്പെട്ട് നിര്‍മല കോളജ് പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവച്ചത് എം.എസ്.എഫ്-എസ്.എഫ.്‌ഐ വിദ്യാര്‍ഥികളാണ്. കോളജിന് സമീപത്തുള്ള മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കരിക്കാന്‍ പോകുന്നതിനു തടസ്സമില്ലാതിരിക്കെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചത് ശരിയല്ല. നിസ്‌കരിക്കുന്നത് ശരിയല്ലെന്ന് അധ്യാപകന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ വളര്‍ന്നുവരുന്ന മതമൗലികവാദം വിദ്യാര്‍ഥികളിലേക്കും കുത്തിവയ്ക്കുന്ന ചിലരാണ് ഇതിനു പിന്നില്‍. ഒരു കോളജില്‍ ഇത് അനുവദിച്ചു കഴിഞ്ഞാല്‍ മറ്റെല്ലാ വിദ്യാലയങ്ങളിലും നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലവും മസ്ജിദും വേണമെന്ന ആവശ്യം ഉയരുമെന്ന് ഉറപ്പാണ് (ദി കര്‍മന്യൂസ്, മതേതര കേരളത്തില്‍ നിര്‍മലയുടെ ചരിത്രമുറി, ജൂലൈ 27, 2024).
സഖാപ്പികളേ, ഇത് പാകിസ്താനല്ല:
തോന്നുന്നിടത്തൊക്കെ നിസ്‌കരിക്കാന്‍ ഇത് പാകിസ്താനല്ലെന്നായിരുന്നു കാസയുടെ വിമര്‍ശനം. കോളജ് അടച്ചുപൂട്ടേണ്ടിവന്നാലും നിസ്‌കാര മുറിയെന്ന അനാവശ്യം അനുവദിച്ചു കൊടുക്കരുത്. ഒരുവന്റെ വിശ്വാസം മറ്റൊരുവന് ബുദ്ധിമുട്ട് ആകരുത് എന്ന സാമാന്യ മര്യാദപോലും പാലിക്കാതെ പൊതുനിരത്തിലും ഇടവഴിയിലും ട്രെയിനിനുള്ളിലെ പാസ്സേജിലും ബാത്റൂമിന്റെ മുന്നിലുംവരെ കൂട്ടമായി നിസ്‌കരിച്ചുകൊണ്ട് ആളുകളെ ബുദ്ധിമുട്ടിക്കുന്നത് ഉത്തരേന്ത്യയിലും ഇന്ത്യക്ക് വെളിയില്‍ അഭയാര്‍ഥികളായി കയറിക്കൂടിയ യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം പതിവ് കാഴ്ചകളാണ്. അതുപോലെയാണ് ഇന്നലെ മൂവാറ്റുപുഴ നിര്‍മല കോളജില്‍ സംഭവിച്ചതും.
കോളജിന്റെ തൊട്ടടുത്ത മോസ്‌കില്‍ പെണ്‍കുട്ടികള്‍ക്ക് വേണമെങ്കില്‍ നിസ്‌കാരം നിര്‍വഹിക്കാം. അതിന് ആ മസ്ജിദിലെ അധികൃതര്‍ സമ്മതിക്കുന്നില്ലായെങ്കില്‍ അതിന് പരിഹാരമായി നിസ്‌കരിക്കാന്‍ സ്ഥലം ഉണ്ടാക്കിത്തരേണ്ടത് ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളജ് അധികൃതരുടെ ചുമതലയല്ല. ഈ 2024ലും സ്ത്രീകളെ സ്വന്തം ആരാധനാലയത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ പോലും പ്രവേശിക്കാന്‍ അനുമതി ലഭിക്കുന്നില്ലായെങ്കില്‍ സിന്ദാബാദ് വിളിക്കേണ്ടത് ആ മസ്ജിദിന്റെ മുന്നിലാണ്. എസ്.എഫ്.ഐക്കാരായ കുട്ടിസ്സഖാപ്പികള്‍ മഹല്ലുകമ്മറ്റിക്കാരായി അധഃപതിച്ചു. ഈ നൂറ്റാണ്ടില്‍പ്പോലും സ്വന്തം മകന്റെയോ സഹോദരന്റെയോ പിതാവിന്റെയോ മൃതശരീരംപോലും അടക്കുന്നത് കാണുവാനോ ഒരിക്കലെങ്കിലും ആ ഖബറില്‍ പോയിനിന്നു പ്രാര്‍ഥിക്കാനോ മസ്ജിദുകളില്‍ പ്രവേശിച്ചു പ്രാര്‍ഥിക്കാനോ ഒപ്പമുള്ള മുസ്‌ലിം സ്ത്രീകള്‍ക്ക് ഇന്നും അനുമതി ലഭിക്കുന്നില്ലായെങ്കില്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയല്ല വേണ്ടത് (ജനം ടി.വി, ജൂലൈ 27, 2024).
തീവ്രവാദപ്രവര്‍ത്തനം, എന്‍.എം പിയേഴ്സണ്‍:
നിസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുന്നത് തീവ്രവാദപ്രവര്‍ത്തനമായാണ് കാണേണ്ടതെന്ന് ഇടത് ചിന്തകനും എഴുത്തുകാരനുമായ എന്‍.എം പിയേഴ്സണ്‍ എ.ബി.സി ചാനലില്‍ അഭിപ്രായപ്പെട്ടു. ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാന ചാനലുകളിലൊന്നും ഇതായിരുന്നു. അവരുടെ ആദ്യ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതും പിയേഴ്സണാണ്: നിസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുന്നത് തീവ്രവാദപ്രവര്‍ത്തനമാണ്. ഹിജാബ് ധരിച്ച് ഓപറേഷന്‍ തിയ്യറ്ററില്‍ കയറണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ സാമൂഹിക പ്രതിഷേധമുണ്ടായതുകൊണ്ട് ആവശ്യക്കാര്‍ പിന്മാറി. ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ചെയ്ത പ്രവര്‍ത്തിയാണിത്. മലപ്പുറത്തുനിന്ന് പ്രവേശനംനേടുന്ന കുട്ടികളെ തീവ്രവാദസംഘങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയാണ്. ഇത്തരക്കാര്‍ മുസ്‌ലിംസമൂഹത്തിന് വലിയ ഉപദ്രവമായി മാറി. മുസ്‌ലിംകള്‍ക്ക് എന്തുംചെയ്യാം, പക്ഷേ, ഹിന്ദുക്കള്‍ക്ക് പാടില്ലെന്ന ചിന്ത വരുന്നുണ്ട്. അങ്ങനെയൊരു ചിന്ത സിപിമ്മിനുമുണ്ട്. സി.പി.എമ്മിന്റെ പരാജയം ഇവിടെയാണ് കാണേണ്ടത്. ഈ സമീപനം മാറണം. ജോസഫ് മാഷിനെതിരേയുണ്ടായ ആക്രമണങ്ങളെ ചെറുക്കാന്‍ ക്രൈസ്തവ മാനേജ്മെന്റുകള്‍ തയ്യാറായില്ല. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. നാളെ ഇവര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിസ്‌കരിക്കണമെന്ന് പറയും. പിന്നെ അതൊരു അവകാശമാകും. അങ്ങനെയതൊരു പള്ളിയാവും. തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അത്. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നതുപോലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളെപ്പോലെയാവും. വിദ്യാലയങ്ങളിലും ആശുപത്രികളിലും മതം അഴിച്ചുവച്ചു കയറിയാല്‍ മതിയെന്നു പറയാന്‍ കഴിയണം. (നിസ്‌കാര മുറി വേണം നിര്‍മല കോളജിലെന്ന് സമരം, എ.ബി.സി മലയാളം, ജൂലൈ 27, 2024)
നിയമസഭയെയും മതപരമാക്കുന്നു:
ഇതേ ചര്‍ച്ച എ.ബി.സി മലയാളം കൂടുതല്‍ വിശാലമാക്കി. സ്‌കൂളുകളില്‍ വെള്ളിയാഴ്ച ക്ലാസുകള്‍ നേരത്തേവിട്ടു പള്ളിയില്‍ പോകാന്‍ സമയംനല്‍കുന്നതിനെ എ.ബി.സി മലയാളം മാധ്യമപ്രവര്‍ത്തകന്‍ വടയാര്‍ സുനില്‍ വിമര്‍ശിച്ചു. നിയമസഭാ സ്പീക്കറായ ഷംസീറിന്റെ താല്‍പര്യപ്രകാരം വെള്ളിയാഴ്ചകളില്‍ ചോദ്യോത്തര സമയം എടുത്തുകളഞ്ഞതിനെയും ചാനല്‍ വിമര്‍ശിച്ചു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ പ്രയര്‍ റൂം ഉണ്ടെന്നും മുസ്‌ലിംകള്‍ ന്യൂനപക്ഷമെന്ന നിലയില്‍ അനാവശ്യമായി നേടിയതാണെന്നും വടയാര്‍ സുനില്‍ ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ അനാവശ്യമായ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നവരായി മാറിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പിയേഴ്സണ്‍ അഭിപ്രായപ്പെട്ടു: എല്ലാ എംഎല്‍എമാര്‍ക്കും വീട്ടിലെത്താന്‍ വേണ്ടി വെള്ളിയാഴ്ചയിലെ ചോദ്യോത്തരവേള വേണ്ടയെന്ന സൗകര്യം ഉപയോഗിക്കും. പിന്നെ മതപരമായ കീഴ്‌വഴക്കമാക്കും. ഇവര്‍ക്കൊന്നും നിയമസഭയില്‍ വന്നിരിക്കാന്‍ നേരമില്ല. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ അവര്‍ക്ക് സൗകര്യമാകും. ഷംസീര്‍ ഇതിനെ വേറെരീതിയിലാണ് ഉപയോഗിക്കുക. വെള്ളിയാഴ്ചകളില്‍ വിദ്യാലയങ്ങളില്‍ നല്‍കുന്ന ഇന്റര്‍വെല്‍ വലിയ കാര്യമായി എടുക്കേണ്ടെങ്കിലും അത് എക്സ്റ്റന്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹം ജാഗ്രത പാലിക്കണം. മറ്റു മതസ്ഥരുടെ സ്വസ്ഥത നഷ്ടപ്പെടുകയാണ്. ഒരുപിടി തീവ്രവാദികളാണ് പ്രശ്നങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരക്കാര്‍ ഉണ്ടാക്കുന്ന പ്രശ്നത്തിന്റെ ഭാഗമായി അന്യസമുദായക്കാരുടെ മനസ്സ് ഇവര്‍ക്കെതിരേ തിരിയും. മതസ്പര്‍ധയുണ്ടാകും. ന്യൂനപക്ഷമെന്ന ആനുകൂല്യമാണ് ഇവര്‍ ഉപയോഗപ്പെടുത്തുന്നത്. അതുപാടില്ല. വെള്ളിയാഴ്ചകളില്‍ പള്ളികളിലെ പ്രാര്‍ഥന കാരണം വഴിയാത്ര തടസ്സപ്പെടുന്നു. എതിര്‍പ്പു വരുമ്പോഴാണ് മാറുന്നത്. പളളിയില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സൗകര്യമുണ്ടാക്കണം. അല്ലാതെ വഴി തടസ്സപ്പെടുത്തരുത്. കടക്കാരന്റെ പേര് എഴുതിവയ്ക്കാന്‍ യു.പിയില്‍ പറയുന്നതുപോലെത്തന്നെയാണ് ഇതും (നിസ്‌കാര മുറി വേണം നിര്‍മല കോളജിലെന്ന് സമരം, എ.ബി.സി മലയാളം, ജൂലൈ 27, 2024).
പിന്നില്‍ മതതീവ്രവാദികള്‍:
മതതീവ്രവാദ ചിന്താഗതിക്കാരാണ് സംഭവത്തിനു പിന്നിലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു: മതതീവ്രവാദ ചിന്താഗതിക്കാരാണ് സംഭവത്തിനു പിന്നില്‍. ഇടതുപക്ഷവും കോണ്‍ഗ്രസും ഇവരെ പിന്തുണക്കുകയാണ്. അവരുടെ വിദ്യാര്‍ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസം മതേതരമാകണമെന്ന് പറയുന്നവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാധിപത്യം അടിച്ചേല്‍പ്പിക്കുന്നത്. മുസ്‌ലിം മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു മതക്കാര്‍ക്ക് പ്രാര്‍ഥിക്കാനിടമില്ല. പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പി സംരക്ഷണം ഒരുക്കും. മൂവാറ്റുപുഴയിലുണ്ടായ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം (ന്യൂസ് 18, ജൂലൈ 28, 2024).
മതമൗലികവാദികളുമായി ബന്ധം:
നിര്‍മല കോളജിലെ സംഭവം അവസാനിച്ചെങ്കിലും ഈ സംഭവത്തിന് മതമൗലികവാദികളുമായി ബന്ധമുണ്ടെന്ന് അല്‍മായ ഫോറം നേതാവ് ടോണി ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു: നിര്‍മല കോളജ് സംഭവത്തെ നിഷ്‌കളങ്കമായ സംഭവമായി എഴുതിത്തള്ളാനാവില്ല. ക്രൈസ്തവസഭാ സ്ഥാപനങ്ങള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും ഉപയോഗിച്ചാണ്. മറ്റുള്ളവരുമായി എന്തെങ്കിലും പ്രശ്നത്തില്‍ ക്രൈസ്തവ സഭ വന്നിട്ടില്ല. കോളജിലെ സംഭവം നിര്‍ണായകമാണ്. മഹല്ല് കമ്മിറ്റി ഖേദം പ്രകടിപ്പിച്ചതും സമരം ചെയ്ത എസ്.എഫ്.ഐ, എം.എസ്.എഫ് സംഘടനകള്‍ പിന്‍മാറുകയും ചെയ്തിട്ടുണ്ട്. സ്വാഗതാര്‍ഹമാണ് ഇത്. കേരളത്തില്‍ മതമൗലികവാദം വളര്‍ന്നുവരികയാണ്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. ഇതിനു പിന്നില്‍ ബാഹ്യശക്തികളുണ്ടായിരിക്കാം. കര്‍ണാടകയിലും മറ്റിടങ്ങളിലും മതമൗലികവാദികള്‍ ശക്തിപ്പെടുന്നു. പുല്‍ക്കൂടു കത്തിച്ചിട്ടുണ്ട്, അമല്‍ ജ്യോതിയില്‍ പ്രശ്നങ്ങളുണ്ടാക്കി, ബൈബിള്‍ കത്തിച്ചു. ഇതൊക്കെ കൂട്ടിവായിക്കണം (ന്യൂസ് 18, കേരള, ജൂലൈ 29, 2024).
മതേതര രാജ്യത്ത് എങ്ങനെ ജീവിക്കുമെന്ന് പഠിപ്പിക്കണം:
ഇതേക്കുറിച്ച് ദീപിക ജൂലൈ 29ന് എഡിറ്റോറില്‍ എഴുതിയിരുന്നു, മതേതര കേരളത്തില്‍ നിര്‍മലയുടെ ചരിത്രമുദ്രയെന്ന പേരില്‍. തീവ്രവാദ ആയുധപരീക്ഷണത്തിന് തുനിഞ്ഞിറങ്ങിയവരെ തള്ളിപ്പറഞ്ഞ് മുസ്‌ലിം സംഘടനാ നേതൃത്വത്തെ ഉയര്‍ത്തിപ്പിടിച്ച ഒന്ന്. അതിലെ പ്രധാന വാദങ്ങള്‍ ഇവയാണ്: നിര്‍മല സംഭവം ഒറ്റപ്പെട്ടതല്ല. ഹിജാബ് വിലക്കിനെതിരേ ഇതുപോലെ സമരം നടന്നു. കോഴിക്കോടും നടന്നിട്ടുണ്ട്. അതൊന്നും അനുവദിക്കാനാവില്ല. അധ്യാപകന്റെ കൈവെട്ടിയ സംഭവം വച്ചുനോക്കുമ്പോള്‍ മുസ്‌ലിംനേതൃത്വത്തിന്റെ നിലപാട് പക്വമാണ്. മസ്ജിദില്‍ പെണ്‍കുട്ടികളെ കയറ്റാത്തതിന് കോളജിലല്ല, സമരം ചെയ്യേണ്ടത്. സാമുദായിക ഐക്യത്തെ ഹനിക്കാനിടയുള്ള പ്രശ്നത്തെ മുസ്‌ലിംനേതൃത്വം മുളയിലേ നുള്ളി. മുസ്‌ലിം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ജനാധിപത്യ-മതേതര ഭരണഘടനയുസരിച്ച് ഒരുമിച്ച് ജീവിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചുകൊടുക്കണം. മതേതര രാഷ്ട്രത്തിന്റെ ചുവരെഴുത്ത് വായിച്ചുമനസ്സിലാക്കാത്തവരെ തള്ളക്കളയം.
ഇസ്‌ലാമോഫോബിയയുടെ രീതിശാസ്ത്രം
നിര്‍മല കോളജിലെ നിസ്‌കാര'വിവാദം' സങ്കീര്‍ണമാണ്. പൊടുന്നനെയൊരു ദിനം മുസ്‌ലിംവിദ്യാര്‍ഥികള്‍ നിസ്‌കരിക്കാനൊരു മുറി ആവശ്യപ്പെട്ടുവെന്നാണ് ആദ്യം പ്രചരിപ്പിക്കപ്പട്ടത്. നിസ്‌കരിക്കാനുള്ള സൗകര്യമൊരുക്കാനാണ് കുട്ടികള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചതെന്നതു ശരിയാണ്. നിസ്‌കാരം തടസ്സപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു അത്. 'പ്രത്യേക മുറി' എന്നത് അവരുടെ ഏക ആവശ്യമായിരുന്നില്ല. പല ഓപ്ഷനുകളില്‍ ഒന്നുമാത്രമായിരുന്നു. പക്ഷേ, പൊതുസമൂഹത്തില്‍നിന്ന് വിമര്‍ശനം നേരിടാനിടയുള്ള വസ്തുതകള്‍ മാത്രം പെറുക്കിയെടുത്ത്, പുറത്തുവിടുകയാണ് തല്‍പരകക്ഷികള്‍ ചെയ്തത്. അതായത്, ഇസ്‌ലാമോഫോബിക് മുന്‍വിധികളെ തങ്ങളുടെ കാര്യലാഭത്തിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു അവര്‍.
പ്രിന്‍സിപ്പള്‍തന്നെ ആവശ്യപ്പെട്ട്, കുട്ടികള്‍ എഴുതിക്കൊടുത്ത അപേക്ഷയുടെ പകര്‍പ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു. അങ്ങനെ കോളജിനുള്ളില്‍ യഥാര്‍ഥത്തില്‍ അവസാനിച്ചൊരു പ്രശ്നത്തില്‍ വീണ്ടും ചര്‍ച്ചതുടങ്ങി. ആ സംഭവത്തെക്കുറിച്ച് ഭാഗികമായ അറിവുവച്ച് വിവിധ കേന്ദ്രങ്ങള്‍ കുപ്രചാരണങ്ങള്‍ നടത്തുകയോ നിഗമനങ്ങളിലെത്തുകയോ ചെയ്തു. സംഘ്പരിവാര്‍ ശക്തികളും ക്രൈസ്തവര്‍ക്കിടയിലെ ചെറുവിഭാഗം സംഘ്പരിവാര്‍ അനുകൂലികളും ഒരുപറ്റം മതേതരവാദികളും ഈ ചര്‍ച്ചയില്‍ ആവേശത്തോടെ പങ്കെടുത്തു. തീവ്രവാദ, മൗലികവാദ, ആരോപണങ്ങള്‍ കുട്ടികള്‍ക്കെതിരേ ഉന്നയിക്കപ്പെട്ടു. ഇപ്പോഴും അത് തുടരുന്നു. ഇസ്‌ലാമോഫോബിയയുടെ പ്രധാന രീതിശാസ്ത്രങ്ങളിലൊന്നാണ് ഇത്.
വിവിധ വിഭാഗങ്ങള്‍ സമഭാവനയോടെ കഴിയുന്ന നമ്മുടെ നാട്ടില്‍ നിസ്‌കാരംപോലുള്ള തങ്ങളുടെ മതപരമായ ആവശ്യങ്ങള്‍ അനുവദിക്കണമെന്ന് ഒരുപറ്റം വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. ഇതേ സാമൂഹിക സമഭാവനയോടെ മാനേജ്മെന്റുകള്‍ക്ക് അത് അനുവദിക്കാവുന്നതുമാണ്. എന്നാല്‍, സാമൂഹികമായ നീക്കുപോക്കുകളെക്കാള്‍ നിയമപരമായ അവകാശത്തിന്റെ പേരിലാണ് മാനേജ്മെന്റ് ആ ആവശ്യം നിഷേധിച്ചത്. തീര്‍ച്ചയായും നിയമപരമായി അവര്‍ക്കതിനവകാശമുണ്ട്.
മതപരമായ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവകാശം ഒരു ബഹുസ്വരസമൂഹത്തില്‍ അസാധാരണമായ ഒന്നല്ല. ഓക്‌സ്ഫഡ്, ഹാവഡ് അടക്കം വിവിധ സര്‍വകലാശാലകളില്‍ ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നിര്‍മലയിലെ വിദ്യാര്‍ഥികള്‍ മാനേജ്മെന്റിനോട് പ്രാര്‍ഥനാലയത്തിനു വേണ്ടി ഇത്തരമൊരു ആവശ്യംപോലും ഉയര്‍ത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എങ്കിലും ഇവ്വിഷയകമായി നിയമങ്ങളും ചട്ടങ്ങളും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായിരുന്നില്ല എന്നതാണ് ആകെ ഉയര്‍ത്താവുന്ന ഒരു വിയോജിപ്പ്.
നിസ്‌കരിക്കാനുള്ള കുട്ടികളുടെ ആവശ്യത്തെ നിരാകരിക്കാന്‍വേണ്ടി വിദ്യാഭ്യാസത്തെ മതബാഹ്യമായ ഒന്നായി വിശദീകരിക്കുകയാണ് ഒരു വിഭാഗം ചെയ്യുന്നത്. മാനേജ്മെന്റുമായി ബന്ധപ്പെട്ടവരും ഇത്തരം വിശകലനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും രസകരമായ കാര്യം ഇതേ നിര്‍മലാ കോളജില്‍ മതപരമായ നിരവധി ചിഹ്നങ്ങളുണ്ടെന്നതാണ്. ളോഹയിട്ട അധ്യാപകര്‍, വിദ്യാര്‍ഥികള്‍, മതചിഹ്നങ്ങള്‍ വഹിക്കുന്ന കാമ്പസ്. അതിനര്‍ഥം ഇത് വാദത്തിനുവേണ്ടിയുള്ള വാദം മാത്രമാണെന്നാണ്.
നിര്‍മലയിലെ വിദ്യാര്‍ഥികളുടെ ആവശ്യത്തെ നിരാകരിച്ച മുസ്‌ലിംസംഘടനകളെ കടുത്ത തോതില്‍ വിമര്‍ശിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. തങ്ങളുടേതായ സമുദായ സങ്കല്‍പ്പത്തില്‍നിന്നുകൊണ്ട് ന്യൂനപക്ഷങ്ങളെ സംബന്ധിച്ച ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുസ്‌ലിംനേതാക്കളതു ചെയ്തതെന്നുവേണം കരുതാന്‍. ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരത നിലനിറുത്തുന്നതില്‍ ഭരണഘടനാപരമായി തടസ്സമൊന്നുമില്ല. അത് മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും ബാധകമാണ്. ക്രൈസ്തവരുടെ ഈ അവകാശത്തെയാണ് മുസ്‌ലിംനേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചത്. മുസ്‌ലിംവിദ്യാര്‍ഥികള്‍ക്കെതിരേ വിമര്‍ശിക്കുന്ന മിക്കവാറും പേര്‍ ഈ അവകാശത്തെ തള്ളിപ്പറയുന്നവരായിരുന്നുവെന്നതാണ് മറ്റൊരു പ്രധാനകാര്യം.
ഒപ്പം, നിര്‍മല കോളജിലെ വ്യാജവിവാദത്തെ മുസ്‌ലിംസ്ത്രീകളുടെ പള്ളിപ്രവേശന അവകാശവുമായി ഒരു വിഭാഗം ബന്ധപ്പെടുത്തി. ഹിന്ദുക്കളിലെ ക്ഷേത്രപ്രവേശനത്തിന്റെ യുക്തിയില്‍ ഇത് മനസ്സിലാക്കാനാവില്ല. അതും ഇസ്‌ലാമോഫോബിയയുടെ തന്ത്രമാണ്. ഇസ്‌ലാമിക നിയമ - കര്‍മശാസ്ത്രമനുസരിച്ച് ഒരാള്‍ പള്ളിയില്‍ നിസ്‌കരിക്കുന്നുവെന്നത് അവകാശമെന്നതിനേക്കാള്‍ (റൈറ്റ്) ചുമതലയാണ് (ഡ്യൂട്ടി); വിശിഷ്യാ, വെള്ളിയാഴ്ചകളില്‍. ഈ ബാധ്യതയാകട്ടെ പുരുഷന്മാരില്‍ നിക്ഷിപ്തമാണ്. സ്ത്രീകള്‍ ഈ ബാധ്യതയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. അവകാശവും ചുമതലയും ആരാധനകളുടെ കാര്യത്തില്‍ കുട്ടികള്‍, വൃദ്ധന്‍മാര്‍, രോഗികള്‍ തുടങ്ങി സ്ത്രീകള്‍, പുരുഷന്‍മാര്‍, ട്രാന്‍സ് - ജെന്‍ഡര്‍ വിഭാഗങ്ങളില്‍വരെ വിവിധ രീതികളില്‍ ഇസ്ലാമിക കര്‍മശാസ്ത്രം ക്രമീകരിച്ചിരിക്കുന്നു. മുസ്‌ലിമായി ഐഡന്റിഫൈ ചെയ്യുന്നവര്‍ക്ക് എളുപ്പം മനസ്സിലാവുന്ന കാര്യവുമാണിത്. ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവകാശ പ്രശ്‌നവും ചുമതലയുടെ പ്രശ്‌നവും വേറെ തന്നെയായി മനസ്സിലാക്കേണ്ടതുണ്ട്. സ്ത്രീ പള്ളിപ്രവേശനത്തിന് ഇസ്‌ലാമില്‍ തത്വത്തില്‍ വിലക്കുകളൊന്നുമില്ല. സമയം, സന്ദര്‍ഭം തുടങ്ങിയ കാര്യങ്ങളിലാണ് മുസ്‌ലിംകള്‍ക്കിടയില്‍ വിയോജിപ്പുള്ളത്.
യഥാര്‍ഥത്തില്‍ നിര്‍മല കോളജ് സംഭവം ഇന്ത്യന്‍ മതേതരത്വത്തിന്റെ സ്വഭാവം സംബന്ധിച്ച ധനാത്മകമായ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കാന്‍ സാധ്യതയുള്ളതായിരുന്നു. ലെയ്‌സിറ്റെ എന്നു സാമൂഹികശാസ്ത്രജ്ഞര്‍ വിളിക്കുന്ന പൊതുവിടങ്ങളില്‍നിന്നു മതത്തെ പൂര്‍ണ്ണമായൊഴിവാക്കുന്ന ഫ്രഞ്ച് സെക്യുലറിസവും എല്ലാ മതങ്ങളെയും തുല്യമായംഗീകരിക്കുന്ന മതസഹിത സെക്യുലറിസമെന്ന ഇന്ത്യന്‍ മാതൃകയും തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഈ പ്രശ്‌നത്തിന്റെ ഒരു വശം കിടക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ നിയമപരമായുള്ളൊരു സ്ഥാപനത്തില്‍ മറ്റൊരു ന്യൂനപക്ഷത്തിന് എത്രമാത്രം അവകാശങ്ങള്‍ അനുവദിക്കപ്പെടേണ്ടതുണ്ട് എന്ന ചര്‍ച്ചയിലേക്കും ഇതു വികസിക്കേണ്ടതായിരുന്നു. മള്‍ട്ടികള്‍ച്ചറലിസം പിന്തുടരുന്ന ഇന്ത്യയില്‍ ഇത്തരം അവകാശങ്ങളുടെ പരിധി നിശ്ചയിക്കേണ്ടത് ആരാണ്, അതില്‍ എന്ത് ഉത്തരവാദിത്വമാണ് സ്റ്റേറ്റിനു വഹിക്കാനുള്ളത് തുടങ്ങിയ കാര്യങ്ങളൊക്കെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരേണ്ടതായിരുന്നു. എന്നാല്‍, ഇസ്‌ലാമോഫോബിയ വ്യാപകമായതോടെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മിലുള്ള 'മതപരമായ തര്‍ക്കം' എന്ന രീതിയില്‍ വിഷയം വഴിമാറുകയും ചെയ്തു.
കേരള പൊലീസ്: മുസ്‌ലിം റിക്രൂട്ട്‌മെന്റ്
കേരള പബ്ലിക് സര്‍വീസ് കമീഷന്‍ മുസ്‌ലിം സമുദായത്തിന് മാത്രമായി പൊലീസ് നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു എന്ന നിലയില്‍ ഒരു പോസ്റ്ററാണ് പ്രചരിച്ചത് : '2024- കേരളാ പൊലീസ് കോണ്‍സ്റ്ററ്റബിള്‍ ആകാം. NCA വിജ്ഞാപനം (മുസ്‌ലിം), യോഗ്യത: പത്താം ക്ലാസ്സ്, ശമ്പളം: 31100-66800 കാറ്റഗറി നമ്പര്‍: 212/2024, അവസാന തിയതി: Eഗസ്റ്റ്14 , https://www.keralapsc.gov.in/' എന്ന വിവരങ്ങളാണ് പോസ്റ്ററിലുള്ളത്.
മുസ്‌ലിംസമുദായത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമായി പൊലീസില്‍ നിയമനമുണ്ട് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: '' കേരള പൊലീസ് സേനയില്‍ മുസ്‌ലിം പൊലീസ് മാത്രം ആയി PSC റിക്രൂട്ട്‌മെന്റ്.... ആരെങ്കിലും അറിഞ്ഞോ. ഇത് സത്യമോ?'' ഫാക്റ്റ് ചെക്കിംഗ് വെബ്‌സൈറ്റ് ഫാക്റ്റ് ക്രസന്‍ഡോ മലയാളം (27 ജൂലൈ 2024) നടത്തിയ പരിശോധനയില്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നു.
വസ്തുത
കേരള പൊലീസ് സേനയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി പൊലീസിലേക്കു PSC റിക്രൂട്ട്‌മെന്റ് നടത്തുന്നുവെന്ന പ്രചാരണം തെറ്റാണ്. ഓരോ സമുദായത്തിനും ന്യൂനപക്ഷത്തിനും പി.എസ്.സി ഭരണഘടനാ ചട്ടം അനുസരിച്ച് സംവരണം നല്‍കുന്നുണ്ട്. ഓരോ സംവരണ വിഭാഗത്തിലും മതിയായ ഉദ്യോഗാര്‍ഥികള്‍ ഇല്ലാതെവന്നാല്‍ എന്‍.സി.എ (No candidate available) പ്രകാരം രണ്ടാമതും മൂന്നാമതും പി.എസ്.സി വിജ്ഞാപനം ഇറക്കും. അങ്ങനെ പുറത്തിറക്കിയ വിജ്ഞാപനമാണ് 212/2024ലേത്. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ വിഭാഗത്തിലേക്ക് മുസ്ലം സംവരണമുള്ള മൂന്ന് ഒഴിവുകളിലേയ്ക്കാണ് പ്രസ്തുത വിജ്ഞാപനം ഇറക്കിയത്. ഇതാണു തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്.
മലപ്പുറവും പൊലീസ് കേസുകളും
'മലപ്പുറത്ത് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു'; പൊലീസിനെ വിമര്‍ശിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍ എന്ന വാര്‍ത്ത പുറത്തുവന്നു. 'ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ദേശീയതലത്തില്‍ മലപ്പുറത്തെക്കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കും' (18 ജൂലൈ 2024 മീഡിയവണ്‍). മലപ്പുറം ജില്ലയില്‍ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. കേസുകളുടെ എണ്ണം വര്‍ധിപ്പിച്ച് ക്രഡിറ്റ് ഉണ്ടാക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ദേശീയതലത്തില്‍ മലപ്പുറത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കും. കേസുകള്‍ എടുക്കാനായി സാധരണ പൊലീസ് ഉദ്യോഗസ്ഥരെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് മന്ത്രി പൊലീസിനെ വിമര്‍ശിച്ചത്. മലപ്പുറത്ത് സര്‍ക്കാര്‍ നയത്തിന് വിപരീതമായാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപമുണ്ട്. പൊലീസ് ജനങ്ങളോട് സൗമ്യമായും മാന്യമായും പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വേദിവിട്ട ശേഷം പ്രസംഗിച്ച ജില്ലാ പൊലീസ് മേധവി ശശിധരന്‍ മന്ത്രിക്ക് മറുപടി നല്‍കി. അനാവശ്യമായി കേസുകള്‍ എടുക്കാറില്ലെന്നും കേസുകള്‍ എടുക്കുന്നത് പൊലീസിന് നല്ലതാണെന്നുമായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രതികരണം.
നെയ്യാറ്റിന്‍കരജില്ലയും മലപ്പുറം ജില്ലാ വിഭജനവും:
തലസ്ഥാന ജില്ലയെ വിഭജിച്ച് നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതി മുഖ്യമന്ത്രിയ്ക്ക് ഭീമ ഹര്‍ജി സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകള്‍ കൂട്ടിയോജിപ്പിച്ച് നെയ്യാറ്റിന്‍കര ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്നതായിരുന്നു ആവശ്യം. അതിന്റെ ഭാഗമായി ജനങ്ങളില്‍നിന്നു സ്വരൂപിച്ച അരലക്ഷം ഒപ്പുകള്‍ അടങ്ങിയ ഭീമഹരജിയും സമിതി ചെയര്‍മാന്‍ ജി. ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയ്ക്ക് കൈമാറി. സംസ്ഥാനത്ത് വയനാടിനെക്കാളും ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്. അവിടെ മാറ്റമുണ്ടാക്കുവാന്‍ ജില്ലാ രൂപീകരണംകൊണ്ടേ സാധ്യമാവുകയുള്ളുവെന്നാണ് അവരുടെ അഭിപ്രായം: 1984 ല്‍ കാസര്‍കോട് ജില്ല രൂപീകരിച്ച ശേഷം പുതിയ ജില്ലകള്‍ രൂപീകരിക്കാത്തതിനാല്‍ കേന്ദ്ര വിഹിതത്തിലും ഏകീകൃത വികസനത്തിലും സംസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടാകുന്നതെന്ന് സംഘടന പറയുന്നു. തമിഴ്നാടും കര്‍ണ്ണാടകയും ആന്ധ്രാപ്രദേശും തെലങ്കാനയും ജില്ലകളുടെ എണ്ണം വര്‍ധിപ്പിച്ച് വലിയ നേട്ടമുണ്ടാക്കി
(ജൂലൈ 11, 2024, മീഡിയവണ്‍). പുതിയ ജില്ല രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചുവെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
എന്നാല്‍, നെയ്യാറ്റിന്‍കര ജില്ല വേണമെന്ന ആവശ്യത്തോടുള്ള പൊതുസമീപനവും അതിനോടുള്ള പ്രതികരണവും ശ്രദ്ധേയമായിരുന്നു. ഇതിനുമുമ്പ് ജില്ല വിഭജിക്കണമെന്ന ആവശ്യം മലപ്പുറത്തുനിന്ന് ഉയര്‍ന്നുവന്നിരുന്നു. തിരൂര്‍ കേന്ദ്രീകരിച്ച് ഒരു ജില്ല എന്നായിരുന്നു ആവശ്യം. ഇതിനെതിരേ കടുത്ത പ്രതികരണങ്ങളാണ് പല കാലങ്ങളിലായി ഉണ്ടായത്. അതിന്റെ ഭാഗമായി നിരവധി നാടകീയ സംഭവവികാസങ്ങളും ഉണ്ടായി. ഈ രണ്ട് സന്ദര്‍ഭങ്ങളെയും താരതമ്യം ചെയ്യുകയാണെങ്കില്‍ നയപരവും വ്യവസ്ഥാപിതവുമായ കാര്യങ്ങളില്‍ ഇസ്‌ലാമോഫോബിയയുടെ സ്വാധീനം മനസ്സിലാക്കാനാവും.
മലപ്പുറം ജില്ലാ വിഭജനം:
കേരളം രൂപീകരിക്കുമ്പോള്‍ ആകെ അഞ്ച് ജില്ലകളാണ് ഉണ്ടായിരുന്നത്. പിന്നീട്, പല ഘട്ടങ്ങളിലായി പല ജില്ലകള്‍ക്കും രൂപംകൊടുത്തു. ഇതില്‍ മലപ്പുറം ജില്ലാ രൂപീകരണ ആവശ്യത്തോടാണ് ഏറ്റവും കടുത്ത വിയോജിപ്പുണ്ടായത്. മലപ്പുറം ജില്ലയെന്ന ആവശ്യം മാപ്പിളസ്ഥാന്‍ രൂപീകരണത്തിന്റെ ഭാഗമാണെന്നും പഴയ പാകിസ്താന്‍വാദത്തിന്റെ ആവര്‍ത്തനമാണെന്നും പ്രചരിപ്പിക്കപ്പെട്ടു. മുസ്‌ലിംലീഗായിരുന്നു മലപ്പുറത്ത് ഒരു ജില്ല വേണമെന്ന ആവശ്യം പ്രധാനമായും ഉന്നയിച്ചത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ 1969ല്‍ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടു. അതിനുശേഷം പിന്നെയും ജില്ലകളുണ്ടായി.
ഹര്‍ത്താലോടെ വിവാദങ്ങള്‍ക്ക് തുടക്കം:
കേരളത്തിലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഒന്നാമതാണ് മലപ്പുറം ജില്ല; ഭൂവിസ്തൃതിയില്‍ മൂന്നാമത്തേതും. വികസനകാര്യത്തില്‍ പിന്നാക്കംനില്‍ക്കുന്ന ജില്ല വിഭജിക്കണമെന്ന ആവശ്യം 2013ലാണ് സംസ്ഥാനതലത്തില്‍ത്തന്നെയൊരു പൊതുചര്‍ച്ചയായി ഉയര്‍ന്നുവന്നത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2006-ല്‍ പുറത്തിറക്കിയ 'കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു' എന്ന അന്വേഷണത്തിന്റെ ഭാഗമായി നടന്ന കേരള പഠനം ആണ് ജില്ലയുടെ വികസന പിന്നാക്കാവസ്ഥ മലപ്പുറം ജില്ലയിലെ വിവിധ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഒരുപരിധി വരെ ജില്ലയില്‍മാത്രം ഒതുങ്ങിനിന്നൊരു ചര്‍ച്ചയായിരുന്നുവിത്. സോളിഡാരിറ്റി, ഐ.എന്‍.എല്‍ അടക്കമുള്ള സംഘടനകള്‍ വര്‍ഷങ്ങളായി ഈയാവശ്യം ഉന്നയിക്കുന്നവരാണ്. ഈയാവശ്യം ഉന്നയിച്ച് എസ്.ഡി.പി.ഐ 2013ല്‍ ജില്ലാ ഹര്‍ത്താല്‍ നടത്തി. 2019ലും അവര്‍ തുടര്‍സമരപരിപാടികള്‍ ആവിഷ്‌കരിച്ചു. (ഉത്തരകാലം, അര്‍ഷക് വാഴക്കാട്, മാര്‍ച്ച് 11, 2019).
ജില്ലാപഞ്ചായത്ത് പ്രമേയം, ന്യൂനപക്ഷപ്രീണനം:
ആദ്യം ജില്ലാ വിഭജന ആവശ്യത്തോട് മൃദുസമീപനമാണ് ലീഗ് കൈക്കൊണ്ടിരുന്നതെങ്കിലും പിന്നീട് അവര്‍തന്നെ മുന്‍കയ്യെടുത്ത് ചര്‍ച്ച സജീവമാക്കി. 2015ല്‍ ജില്ലാ വിഭജനത്തിനുള്ള സാധ്യതാപഠനം നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ജില്ല രണ്ടായി വിഭജിച്ചാല്‍ ഗുണകരമായിരിക്കുമെന്നാണ് പി സൈതലവി അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞിരുന്നത് (മലബാര്‍ ന്യൂസ്, സെപ്തംബര്‍ 8, 2015). പ്രമേയത്തോട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സമ്മിശ്രപ്രതികരണമായിരുന്നു. മുസ്‌ലിം ലീഗ് പ്രമേയത്തെ ശക്തിയായി പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതികരിച്ചതേയില്ല.
ഇടതുപക്ഷം മലപ്പുറം ജില്ലാ വിഭജനപ്പ്രമേയത്തെ എതിര്‍ത്തു. പ്രമേയവും ചര്‍ച്ചയും വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള തന്ത്രമാണെന്നാണ് സി.പി.എം വിലയിരുത്തല്‍. ബി.ജെ.പിയും വിഭജനത്തിനെതിരാണ്. സര്‍ക്കാര്‍ ന്യൂനപക്ഷപ്രീണനം നടത്തുന്നുവെന്ന് ആരോപിക്കുമെന്നായിരുന്നു ജില്ലാ വിഭജനത്തെ എതിര്‍ത്ത പാര്‍ട്ടികളുടെ ഭയം. വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള ശ്രമമെന്നാണ് സി.പി.ഐയുടെ നിലപാട് (മലയാളം വെബ് ദുനിയ, സെപ്തംബര്‍ 2015).
അനിവാര്യം, ഭൂരിപക്ഷ സമുദായത്തെ പ്രകോപിക്കരുത്:
മലപ്പുറം ജില്ല വിഭജിക്കേണ്ടത് ജില്ലയിലെ ഓരോ പൗരന്റെയും ആവശ്യമാണെന്നായിരുന്നു ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട്. വിഭജനം മുസ്‌ലിംലീഗിന്റെ മാത്രമാവശ്യമല്ല. ഇക്കാര്യത്തില്‍ സമവായം ഉണ്ടാകേണ്ടതുണ്ട്. വിഭജനത്തിന്റെ നേട്ടം മുസ്‌ലികള്‍ക്കു മാത്രമാണെന്ന ചിന്ത ശരിയല്ല. ഭൂരിപക്ഷ സമുദായങ്ങളെ പ്രകോപിപ്പിച്ച് ഒന്നും നേടാനില്ലെന്നു പറഞ്ഞ അദ്ദേഹം എന്‍.ഡി.എഫ്‌പോലുള്ള സംഘടനകള്‍ ഭീകരവാദം പഠിപ്പിച്ച് ഭൂരിപക്ഷസമുദായങ്ങളെ പ്രകോപിപ്പിക്കുകയാണെന്നും ആരോപിച്ചു (എക്സ്പ്രസ് കേരള, ഒക്ടോബര്‍ 16, 2015).
വര്‍ഗീയശക്തികളുടെ ആവശ്യം:
മുന്‍മന്ത്രി കെ.ടി ജലീലും മലപ്പുറം ജില്ലാ വിഭജനത്തിന് എതിരായിരുന്നു. രിസാല ഓണ്‍ലൈനിന് അനുവദിച്ച ഒരു അഭിമുഖത്തില്‍ അദ്ദേഹം ഈ പ്രശ്നത്തോട് ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ മലപ്പുറം ജില്ല വിഭജിക്കേണ്ട ആവശ്യമില്ല. പുതിയ ജില്ല ഉണ്ടാവുകയല്ല ജില്ലക്കകത്ത് പുതിയ ഭരണസംവിധാനങ്ങള്‍ രൂപപ്പെടുകയാണ് വേണ്ടത്. ജില്ല പുരോഗമിക്കണമെങ്കില്‍ ജില്ല വിഭജിക്കണം എന്ന വാദം അടിസ്ഥാനരഹിതമാണ്. അത് ചില വര്‍ഗീയശക്തികള്‍ അവര്‍ക്ക് മേല്‍കൈ കിട്ടാന്‍വേണ്ടി ഉയര്‍ത്തികൊണ്ടുവരുന്നതാണ്. അതിനെ എന്തുവില കൊടുത്തും എതിര്‍ക്കണം. വിഭജിക്കണം എന്ന നിലപാടിനോട് ലീഗ് യോജിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം അത്ഭുതപ്പെട്ടു (മലപ്പുറത്ത് സാമുദായിക ധ്രുവീകരണത്തിന്റെ കാലം മാറി, ഡോ. കെ.ടി ജലീല്‍/ ശരീഫ് പാലോളി, രിസാല ഓണ്‍ലൈന്‍, ആഗസ്റ്റ് 11, 2018).
നിയമസഭയിലേക്ക്:
മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന ആവശ്യത്തോട് തുടക്കം മുതല്‍ ചേര്‍ന്നുനിന്ന നേതാവാണ് കെ.എന്‍.എ ഖാദര്‍. 2019 ജൂണില്‍ അദ്ദേഹം നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു. അതു വലിയ വിവാദമായി. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായമുയര്‍ന്നു. കോണ്‍ഗ്രസ്സിന് പ്രമേയത്തോട് വിയോജിപ്പുണ്ടായിരുന്നു. എസ്.ഡി.പി.ഐയുടെ നിലപാടിനൊപ്പം സഞ്ചരിക്കേണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ അഭിപ്രായം (ജൂണ്‍ 27, 2019, മനോരമ). ലീഗിന്റെ ആവശ്യം ഏകപക്ഷീയമാണെന്നും കോണ്‍ഗ്രസ്സിന് പരാതിയുണ്ടായിരുന്നു (ജൂണ്‍ 20, 2019, ഏഷ്യാനെറ്റ്).
സംസ്ഥാനത്തു പുതിയ ജില്ല രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ലെന്നും, മലപ്പുറം ജില്ലയുടെ സമഗ്രമായ വികസനത്തിന് സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു (മീഡിയവണ്‍, ജൂണ്‍ 25, 2019).
നവകേരള സദസ്സിലും ആവശ്യം:
2023ല്‍ മലപ്പുറത്തു നടന്ന നവകേരള സദസ്സില്‍ ഒളകര, പുകയൂരിലെ ഷൗക്കത്തലി ഇതുസംബന്ധിച്ച ഒരു പരാതി സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ വിഭജനം ശാസ്ത്രീയമായ സമീപനമല്ലെന്നും പരിഗണിക്കാനാവില്ലെന്നുമായിരുന്നു മലപ്പുറം കലക്ടറുടെ മറുപടി (ജൂണ്‍ 6, 2024). തിരൂരില്‍ നവകേരള സദസ്സിന്റെ ഭാഗമായി നടന്ന പ്രഭാത സദസ്സിലും അദ്ദേഹം ഇതേ മറുപടിയാണ് നല്‍കിയത് (മലയാള മനോരമ, നവംബര്‍ 28, 2023).
ഇസ്‌ലാമോഫോബിയയും വികസന അവകാശങ്ങളും
തിരുവനന്തപുരത്ത് ജില്ലാ വിഭജനം ആവശ്യപ്പെട്ട് ഒരു വിഭാഗം നല്‍കിയ ആവശ്യത്തോട് യഥാര്‍ഥത്തില്‍ എന്തുനിലപാടാണ് സര്‍ക്കാരിന്റെതെന്ന് വ്യക്തമല്ല. എന്നാല്‍, പൊതുസമൂഹത്തില്‍നിന്ന് കാര്യമായ എതിര്‍പ്പൊന്നും ഉയര്‍ന്നതായി കണ്ടില്ല. എന്നാല്‍, മലപ്പുറം ജില്ലയുടെ വിഭജനം തുടക്കം മുതല്‍ പ്രശ്നകലുഷിതമായിരുന്നു. വര്‍ഗീയത, ന്യൂനപക്ഷപ്രീണനം തുടങ്ങി നിരവധി മാതൃകളിലൂടെയാണ് അത് ചര്‍ച്ചചെയ്യപ്പെട്ടത്. മലപ്പുറം ജില്ലാ രൂപീകരണസമയവും ഇതേ തരത്തില്‍ത്തന്നെയാണ് കൈകാര്യം ചെയ്യപ്പെട്ടത്.
പൊതുവികസന ആവശ്യമാണെങ്കിലും അത് ഉയര്‍ത്തുന്നത് മുസ്‌ലിംകളാണൈങ്കില്‍ അതിനെ സങ്കുചിതത്വമായി മാത്രമല്ല, ദേശവിരുദ്ധതയായിപോലും വിശദീകരിക്കുകയാണ് പതിവ്. മലപ്പുറം ജില്ലാ രൂപീകരണസമയത്ത് ഉയര്‍ന്നുകേട്ട ആരോപണങ്ങളിലൊന്ന് അത് ദേശീയ ഐക്യത്തെ തുരങ്കംവയ്ക്കുമെന്നാണ്. രാജ്യസുരക്ഷയ്ക്ക് ഭീഷണി, വര്‍ഗീയത, പാകിസ്താന്‍ വിഭജനവുമായുള്ള താരതമ്യം, മതംമാറ്റം ഇങ്ങനെ പല രീതിയിലാണ് ചര്‍ച്ചകള്‍ വികസിക്കാറുള്ളത്. വൈദേശിക താല്‍പര്യമെന്ന് പറഞ്ഞവര്‍ പോലുമുണ്ട്. മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോഴും തുടരുന്നു, ഇസ് ലാമോഫോബിയയുടെ പുതിയ ആവിഷ്‌കാരങ്ങള്‍ പ്രദര്‍ശിപ്പിച്ച്. മലപ്പുറത്തിനുശേഷം ഇടുക്കിയും വയനാടും പത്തനംതിട്ടയും കാസര്‍കോഡും രൂപീകരിക്കപ്പെട്ടു. മലപ്പുറം ജില്ലാ രൂപീകരണം ചര്‍ച്ചയായ സമയത്ത് മലനാട് ജില്ലയെക്കുറിച്ച ആലോചനയുമുണ്ടായിരുന്നു. അതാണ് പിന്നീട് ഇടുക്കി ജില്ലയായത്. അതൊന്നും ഇസ്‌ലാമോഫോബിക് ചര്‍ച്ചക്ക് വഴിവച്ചില്ല എന്നതാണ് നമ്മെ സംബന്ധിച്ചിടത്തോളം പ്രധാനം ('മലപ്പുറം ജില്ല, പിറവിയും പ്രയാണവും'; ടി.പി.എം ബഷീര്‍, ഗ്രേസ് ബുക്‌സ്, 2015).
(റിസര്‍ച്ച് കലക്റ്റീവ്: കെ.കെ നൗഫല്‍, മൃദുല ഭവാനി, മുഹമ്മദ് നിയാസ്, റെന്‍സന്‍ വി.എം, മുഹമ്മദ് മുസ്തഫ, നിഹാല്‍ എ.)