പതിമൂന്നാമത് ഇറ്റ്‌ഫോക്കിന് വേദികളൊരുങ്ങുമ്പോള്‍

കേരള സംഗീത നാടക അക്കാദമി കേരള സാംസ്‌കാരിക വകുപ്പിന് വേണ്ടി ഫെബ്രുവരി അഞ്ചു മുതല്‍ ഫെബ്രുവരി 14 വരെ നടത്തുന്ന പതിമ്മൂന്നാമത് അന്തര്‍ദേശീയ നാടകോത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. |Itfok2023

Update: 2023-02-13 14:22 GMT

മലയാള നാടക വേദിക്ക് അമൂല്യവും മണ്ണിന്റെ ഗന്ധവുമുള്ള ജീവസ്സുറ്റ നാടകങ്ങള്‍ സംഭാവന ചെയ്ത കെ ടി മുഹമ്മദിന്റെ പേരിലുള്ള വേദി, അനുഗ്രഹീത നാടക പ്രതിഭയായിരുന്ന തോപ്പില്‍ ഭാസിയുടെ പേരില്‍ നാമകരണം ചെയ്തിട്ടുള്ള ബ്‌ളാക്ക് ബോക്‌സ് എന്ന വേദി, കേരളത്തിന് സ്വന്തമായി ഒരു അന്തര്‍ ദേശീയ നാടകോത്സവം വേണമെന്ന് സ്വപ്‌നം കണ്ട് അതിന് തുടക്കം കുറിച്ച മുന്‍ സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന നടന്‍ മുരളിയുടെ പേരിലുള്ള തിയേറ്റര്‍, രാമനിലയം പിന്‍മുറ്റം ഓപ്പണ്‍ എയര്‍ വേദി, ചാരത്തില്‍ നിന്ന് തുറന്ന ആകാശത്തിലേക്ക് എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന അക്ഷരങ്ങള്‍ വെച്ചുള്ള FAOS പ്ലേ ഹൗസ് എന്ന വേദി, ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷോടുള്ള ബഹുമാനാര്‍ത്ഥം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് ഗാലറി, ഇന്‍ഡോര്‍ സ്റ്റേഡിയത്തിനടുത്തുള്ള പവലിയന്‍ വേദി, ടൗണ്‍ ഹാള്‍ ഓപ്പണ്‍ എയര്‍ വേദി, ഫൈന്‍ ആര്‍ട്‌സ് കോളേജ് ഹാള്‍, കില തുടങ്ങിയ വേദികളിലാണ് പതിമൂന്നാമത് ഇറ്റ്‌ഫോക്ക് അരങ്ങേറുക.

ഇറ്റ്‌ഫോക്കിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷ്യമേളയില്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള നാടന്‍ പാചകങ്ങളുമടങ്ങിയ ഭക്ഷ്യമേള പത്തു ദിവസവും ഉണ്ടാകും. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ടിലാണ് ഭക്ഷ്യമേളക്കുള്ള വേദി ഒരുങ്ങുന്നത്.


മുന്നോടിയായി സംഗീത നാടക അക്കാദമി കേരള ലളിതകലാ അക്കാദമിയുമായി സംയുക്തമായി നടത്തുന്ന തെരുവര ഓരോ ദിവസവും മുന്നേറുന്നു. ഇറ്റ്‌ഫോക്കിന്റെ ഒന്നിക്കണം മാനവികത എന്ന സന്ദേശവും ഫെസ്റ്റിവലും പൊതുജനങ്ങളിലെത്തിക്കുക എന്നതാണ് തെരുവരയുടെ ലക്ഷ്യം. കേരളത്തിനകത്തും പുറത്തും നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുനിന്നുപോലുമുള്ള ഇരുപതോളം പ്രഗത്ഭ ചിത്രകാരന്മാരാണ് സ്ട്രീറ്റ് ആര്‍ട്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ നഗരത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ആര്‍ട്ട് ഷോ അരങ്ങേറുന്നത്. തെരുവര ക്യൂറേറ്റ് ചെയ്യുന്നത് പ്രശസ്ത ചിത്രകാരിയായ അന്‍പു വര്‍ക്കിയാണ്. പി ജി ദിനേശ്, സുനില്‍ വല്ലാര്‍പ്പാടം, കെജി ബാബു തുടങ്ങിയ മലയാളി ചിത്രകാരന്മാരും സ്ട്രീറ്റ് ആര്‍ട്ടില്‍ പങ്കെടുക്കുന്നുണ്ട്. കൈരളി ശ്രീ തീയേറ്ററിന് സമീപം, വഞ്ചിക്കുളം ഹെറിറ്റേജ് പ്രോജക്ട്, പാലക്കല്‍ അങ്ങാടി, അരിയങ്ങാടി, കിഴക്കുംപാട്ടുകാര, പടിഞ്ഞാറേക്കോട്ട തുടങ്ങി തൃശൂര്‍ നഗരത്തിന്റെ സുപ്രധാന ചത്വരങ്ങളില്‍ ആണ് സ്ട്രീറ്റ് ആര്‍ട്ട് പുരോഗമിക്കുന്നത്.

ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷോടുള്ള ബഹുമാനാര്‍ത്ഥം ഒരുക്കുന്ന പ്രത്യേക വേദിയാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് ഗാലറി. ആര്‍ക്കിടെക്റ്റുകളായ റെനിയും ലിജോ ജോസും ചേര്‍ന്നാണ് ഈ വേദി പ്രത്യേകമായി ഡിസൈന്‍ ചെയ്യുന്നത്. കോഴിക്കോട് നിന്നുള്ള ബ്രിജേഷ് ഡിസൈന്‍ ആശ്രം ഒരുക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പവലിയന്‍ വേദിയുടെ ജോലികളും പുരോഗമിക്കുന്നു.


2008 ഏഷ്യന്‍ തീയറ്റര്‍, 2009 ഏഷ്യന്‍ ആഫ്രിക്കന്‍ തീയേറ്റര്‍,2010 ലാറ്റിനമേരിക്കന്‍ തീയേറ്റര്‍, 2011 ക്ലാസിക് റീവിസിറ്റഡ്, 2013 ദി പിങ്ക് എഡിഷന്‍, 2014 സംക്രമണം, ലിംഗഭേദം, കാഴ്ചക്കാര്‍, 2015 തിയേറ്ററ്റേഴ് ഓഫ് റെസിസ്റ്റന്‍സ്, 2016 ബോഡി പൊളിറ്റിക്കല്‍, 2017 സ്ട്രീറ്റ് പെര്‍ഫോമന്‍സ്, 2018 റീ ക്ലെയിമിംഗ് ദി മാര്‍ജിന്‍സ്, 2019 റെസിലിയന്‍സ്, 2019 ഇമേജിങ് കമ്മ്യൂണിറ്റിസ് തുടങ്ങിയവയായിരുന്നു ഓരോ വര്‍ഷത്തെയും ഫോക്കസ്സുകള്‍. ഇക്കൊല്ലത്തെ പ്രധാന ഫോക്കസ് ഒന്നിക്കണം മാനവികത എന്നതാണ്. മാനവികമായ പാരസ്പര്യത്തിന്റെ പ്രസക്തിയും മഹത്വവും വിളിച്ചോതുന്നതാണ് രണ്ടു കൊല്ലത്തിനു ശേഷം ഉയരുന്ന ഇറ്റ്‌ഫോക്കിന്റെ തിരശീല.



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - Web Desk

contributor

Similar News