എസ്. സുധീഷിന്റെ ഖസാക്ക് വിമര്‍ശനങ്ങളും അതിന്റെ ഇളയിടാദി അനുകരണങ്ങളും

മോഷണത്തിലെത്തുമ്പോള്‍ ആശയം നിശ്ചലവും വിപരീതവുമാവും. ഒരാള്‍ നട്ടുനനച്ച വാഴ പാതിരാത്രി വെട്ടിക്കൊണ്ട് പോകുമ്പോലെയല്ല, ആശയ അനുഭവ സ്വീകരണം. നട്ടവന്റെയും (ളുടെയും ) വളര്‍ത്തിയവന്റെയും (ളുടെയും) എല്ലാ വേദനകളും പങ്കിട്ടുകൊണ്ടു തന്റെ സ്ഥലത്ത് പറിച്ചുനടുന്ന പ്രക്രിയയാണ് സര്‍ഗപ്രവര്‍ത്തനം. മോഷ്ടിക്കുന്നവന് അതുണ്ടാക്കിയവന്റെ കഷ്ടപ്പാടുകള്‍ ഇല്ല.

Update: 2024-07-10 15:21 GMT
Advertising

ഖസാക്കിന്റെ ഇതിഹാസം മലയാള ആധുനികതയുടെ പരാജയപ്പെട്ട ക്ലാസ്സിക്ക് ആണെന്നും കൊളോണിയലിസത്തിന്റെ കര്‍മബന്ധങ്ങളാണ് ഇതില്‍ ആവിഷ്‌കരിക്കുന്നതെന്നും പ്രസ്തുത നോവലിന് ഏറ്റവും ഒടുവിലുണ്ടായ പഠനത്തില്‍ രവിശങ്കര്‍ എസ്. നായര്‍ നിരീക്ഷിക്കുന്നു. (കൊളോണിയലിസത്തിന്റെ കര്‍മ്മബന്ധങ്ങള്‍ - ഖസാക്ക് വീണ്ടും വായിക്കുമ്പോള്‍). വ്യാവസായിക മാധ്യമങ്ങള്‍ സൃഷ്ടിച്ച മലയാള ആധുനികത എന്ന ഭാവുകത്വം ദുര്‍ബ്ബലവും അധീശപക്ഷവുമായിരുന്നു എന്നു ഇന്നു തിരിച്ചറിയപ്പെടുന്നുണ്ട്. സ്വത്വവാദ സ്വഭാവമുള്ള ഉത്തരാധുനിക ഭാവുകത്വവും അങ്ങനെയായിരുന്നു എന്നു വരുംകാലങ്ങളില്‍ നിരീക്ഷിക്കപ്പെടും.

ഈ വ്യാജഭാവുകത്വങ്ങളെ ചെറുത്തു നിന്ന അധീശവിരുദ്ധ നിലപാടുകള്‍ തമസ്‌കരിക്കുക എന്ന ദൗത്യം കൂടി മാധ്യമങ്ങളും അക്കാദമികളും നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍, പില്‍ക്കാലത്ത് സ്വഭാവികമായും അതു തിരിച്ചറിയപ്പെടുന്നു. സമകാലത്തെ പ്രശസ്തി എന്നത് അധീശവ്യവസ്ഥയുടെ നിര്‍മിതിയാണ് എന്നര്‍ഥം. മേല്‍പറഞ്ഞ ലേഖനത്തില്‍ എസ്. സുധീഷ് ഇപ്പോള്‍ ഉദ്ധരിക്കപ്പെടുന്നത് അതുകൊണ്ടാണ്. എസ്. സുധീഷിനെ ഇങ്ങനെ രവിശങ്കര്‍ അടയാളപ്പെടുത്തുന്നു:

'' സദാചാര വിരുദ്ധതയുടെയും ലൈംഗിക അരാജകത്വത്തിന്റെയും വിമര്‍ശനങ്ങള്‍ ആദ്യം മുതല്‍തന്നെ ഖസാക്കിനെതിരെ ഉയര്‍ന്നിരുന്നുവെങ്കിലും അവയ്‌ക്കൊന്നും സ്വീകാര്യത ലഭിച്ചില്ല. വാറ്റുചാരായവും നിഷിദ്ധഗമനങ്ങളും രഹസ്യവേഴ്ചകളും നോവലില്‍ ചിത്രീകരിക്കാന്‍ പാടില്ല എന്ന സദാചാരചിന്തയായി താണുപോയിരുന്നു പല വിമര്‍ശനങ്ങളും. എന്നാല്‍ എഴുപതുകള്‍ മുതല്‍തന്നെ എസ്. സുധീഷ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമായി നിലനില്‍ക്കുന്നു. (ചരിത്രവും ഭാവനയും നോവല്‍കലയില്‍, കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2016) 'ബകന്റെ ക്ഷുധാര്‍ത്തിയുള്ള ഒരു ഉപരിവര്‍ഗക്കാരന്‍, കര്‍ഷക ജനവിഭാഗത്തിന്റെ വിളകളെയാകെ കൊയ്തുസംഭരിച്ചു തിന്നുതീര്‍ക്കുന്നതുപോലെ ദര്‍ശനദുഃഖനിര്‍ഭരനായ ഉപരിവര്‍ഗ ഓച്ചിറക്കാള അധഃസ്ഥിത സമുദായത്തിലെ സ്ത്രീകളെയാകെ തിന്ന് തന്റെ ലൈംഗികാര്‍ത്തി ശമിപ്പിക്കാന്‍'' ശ്രമിക്കുന്നതിന്റെ ആഖ്യാനമായും, 'ചൂഷകന്റെ ലൈംഗികാര്‍ത്തിയെ ദാര്‍ശനികതകൊണ്ട് ദുരന്താത്മകമാക്കുക'യും, 'ചൂഷണമെന്ന യാഥാര്‍ഥ്യത്തെ ഭാഷകൊണ്ട് അലസിപ്പിക്കാന്‍ ശ്രമിക്കുക'യും ചെയ്യുന്ന കൃതിയായും 'സുധീഷ് ഖസാക്കിന്റെ ഇതിഹാസത്തെ' വിലയിരുത്തുന്നു. വളരെ ഗൗരവമായി പരിശോധിക്കേണ്ട വിമര്‍ശനങ്ങളാണ് ഇവ; പ്രത്യേകിച്ചും, നോവലിലെ അധിഭൗതിക മാനങ്ങളെയും കാലാന്തരവും ബഹുസ്വരവുമായ അര്‍ഥസത്തയെയും ഉയര്‍ത്തിക്കാണിക്കുന്ന മിക്ക നിരൂപകരും രവിയുടെ ഖസാക്കു ജീവിതത്തെപ്പറ്റി നിശ്ശബ്ദത പാലിക്കുന്ന പശ്ചാത്തലത്തില്‍. '' (https://wtplive.in/Niroopanam-Vimarshanam/ravisankar-s-nair-about-colonial-interventions-and-khasakkinte-ithihasam-rereading-6030)

അംഗീകരിക്കപ്പെട്ട പിതാവിന്റെ പുത്രനായ 'ധര്‍മ്മസന്തതി ', അംഗീകരിക്കപ്പെടാത്ത കുട്ടിയായ 'ജാരസന്തതി' -സമൂഹ മനസ്സിലെ ഈ രണ്ട് ആദിപ്രരൂപ മാതൃകകളെ എസ്. സുധീഷ് കണ്ടെത്തുന്നു.. അധഃസ്ഥിതരാക്കപ്പെട്ട ജനതയെ ജാരസന്തതിയാക്കിയാണ് ജനവിരുദ്ധ, ജനപ്രിയ ആഖ്യാനങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുക എന്ന സിദ്ധാന്തമാണ് എസ്. സുധീഷ് അവതരിപ്പിക്കുന്നത്. കര്‍ണ്ണര്‍ എന്ന ജാരസന്തതി പിതൃദത്തമായ കവചകുണ്ഡലങ്ങളെയും നിഷേധിച്ചുകൊണ്ട് നിലകൊള്ളുമ്പോള്‍ ജനവിരുദ്ധ, ജനപ്രിയ ആഖ്യാനങ്ങളില്‍ പിതൃഭക്തനായ ജാരസന്തതിയെ കൊണ്ടുവന്നാണ് അധഃസ്ഥിതന്റെ ഇച്ഛയെ തമസ്‌കരിക്കുന്നത് എന്നു അദ്ദേഹം നിരീക്ഷിക്കുന്നു.

ഈ സാഹചര്യത്തില്‍ എസ്. സുധീഷിനെ ഉച്ചരിക്കാന്‍ പോലും ധൈര്യമില്ലാതെ അതു അനുകരിച്ചവരെക്കുറിച്ചാണ് ഈ കുറിപ്പില്‍ വിശദീകരിക്കുന്നത്. എസ്. സുധീഷിന്റെ പ്രഭാഷണങ്ങളും വിമര്‍ശന ഗ്രന്ഥങ്ങളും നഗ്‌നമായി അനുകരിക്കുന്ന ഒരുപാടു നിരൂപകരേയും പ്രഭാഷകരെയും കണ്ടിട്ടുണ്ട്. ഖസാക്കിന്റെ നാല്‍പതാം വര്‍ഷത്തില്‍ ഇറക്കിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ (2008 മാര്‍ച്ച് 2) ഖസാക്ക് ലേഖനങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. ഏതാണ്ട് എല്ലാം എസ്. സുധീഷ് പറഞ്ഞ കാര്യങ്ങളുടെ പല രീതിയിലുള്ള അനുകരണമായിരുന്നു.

എസ്. സുധീഷിന്റെ ഖസാക്ക് വിമര്‍ശനം

തിരുവനന്തപുരത്ത് നിന്നു (പ്രമുക്തി ബുക്‌സ്) 1980ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് 'ഏകലവ്യന്റെ കൈവിരല്‍' 1977-79 കാലത്ത് രചിക്കപ്പെട്ട ലേഖനങ്ങളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്. സൗന്ദര്യാനുഭൂതിയെ കുറിച്ചുള്ള പഠനമാണ് ആദ്യഭാഗം. ഖസാക്കിനെക്കുറിച്ച്, ' ഒരു കുഞ്ഞിന്റെ കരച്ചില്‍, നിരാനന്ദത്തിന്റെ ചതി, ആസ്‌ട്രോ ഫിസിക്‌സും ഉപനിഷത്തും, ധര്‍മ്മ ശിശുത്വ ഫാന്‍സിയുടെ പൊരുള്‍ എന്നീ നാലുലേഖനങ്ങള്‍ ആണുള്ളത്. ആ ഭാഗത്ത് തന്നെ ദൈവത്തിന്റെ ധര്‍മ്മ സന്തതിയും ദൈവത്തിന്റെ ജാരസന്തയും എന്ന സൈദ്ധാന്തിക പഠനം കാണാം. 'ഷണ്ഡന്റെ അമര്‍ഷം' എന്ന പേരില്‍ എം.ടി യെക്കുറിച്ചുള്ള സമഗ്ര പഠനവും ഈ പുസ്തകത്തില്‍ ഉണ്ട്.

'' അനുവാചകന്റെ ഗുണപരമായ സംസ്ഥിതി (Quality Status) യുമായി പ്രതിക്രിയ ചെയ്ത് അതിനെ ചലനബദ്ധവും പരിവര്‍ത്തനനിഷ്ഠവും ആക്കിത്തീര്‍ക്കാന്‍ ഒരു കലാസൃഷ്ടിക്കു കഴിയുമ്പോള്‍ അനുവാചകന്‍ അനുഭവിക്കുന്ന അസ്വസ്ഥതയാണ് സൗന്ദര്യാനുഭൂതി. ഗുണപരമായ യാഥാസ്ഥിതികതയില്‍ പതിക്കുന്ന ചലനമാണത്'' ഇങ്ങനെയാണ് കാവ്യാനുഭവത്തെ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് നിര്‍വചിക്കുന്നത്. കൃതിയെ വായനക്കാരന്റെ ക്രിയാനുഭവമായി നിര്‍വചിക്കുകയാണിവിടെ. കര്‍ത്താവില്‍ നിന്നും വ്യത്യസ്തമായി വായനക്കാരനില്‍ വച്ചു സൗന്ദര്യത്തെ നിര്‍വചിക്കുന്നു. കൃതിയില്‍ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യത്തെ വായനക്കാരന്‍ തുറന്നു കാണുന്നു എന്ന കേരളീയ യാഥാസ്ഥിതിക വിമര്‍ശനകരുടെ നിലപാട് ഖണ്ഡിക്കപ്പെടുകയാണ്. അതുപോലെ കൃതി കേവലമായ ഭാഷാ സൗന്ദര്യവസ്തു എന്ന നിലപാടും എതിര്‍ക്കപ്പെടുന്നു. കെ.പി അപ്പനെപ്പോലുള്ള എഴുത്തുകാര്‍ ഭാഷയുടെ കുറ്റിയ്ക്ക് ചുറ്റും ഇത്തിരി വട്ടത്തില്‍ കറങ്ങി.

ഭാഷയെക്കുറിച്ച് എസ്. സുധീഷ് ഇങ്ങനെ എഴുതി:

'' വാക്കുകള്‍ മനുഷ്യന്റെ പക്ഷികളും മൃഗങ്ങളും സസ്യങ്ങളും ആണ്. സൂര്യന്റെ ആകാശവും ഭൂമിയുടെ മണ്ണും സമുദ്രത്തിന്റെ ആഴവും അവയെ പുസ്തകങ്ങള്‍ അല്ലാതെ ആക്കിത്തീര്‍ക്കുന്നു. വാക്കുകള്‍ അനുവാചകനില്‍ സൃഷ്ടിക്കുന്ന അര്‍ഥരുചിക്കും ശബ്ദരുചിക്കും മനുഷ്യന്റെ ഗുണസംസ്‌കൃതിയുടെ രസമാണുള്ളത്. എല്ലാ വാക്കുകള്‍ക്കും മനുഷ്യന്റെ വികാസപരിണാമങ്ങളുടെ ചോര നിറഞ്ഞ വേരുകളുണ്ട്. നവീനതയില്‍ നിന്നും നിഗൂഢമായ പ്രാക്തനതയിലേക്ക് മനുഷ്യനെ ബന്ധിക്കുന്ന വേരുകള്‍. കേവല സൗന്ദര്യവാദത്തിന്റെ അതിഭാവുകത്വ വിലാസലോലതയില്‍ വാക്കുകളെ സ്വതന്ത്രസത്യങ്ങള്‍ എന്ന നിലയില്‍ വിലയിരുത്തുന്നവര്‍ വാക്കുകളില്‍ മനുഷ്യന്റെ ഉപ്പുണ്ട് എന്ന വസ്തുത വിസ്മരിക്കുകയാണ് ' (ഏകലവ്യന്റെ കൈവിരല്‍)

അതുപോലെ, അംഗീകരിക്കപ്പെട്ട പിതാവിന്റെ പുത്രനായ 'ധര്‍മ്മസന്തതി ', അംഗീകരിക്കപ്പെടാത്ത കുട്ടിയായ 'ജാരസന്തതി' -സമൂഹ മനസ്സിലെ ഈ രണ്ട് ആദിപ്രരൂപ മാതൃകകളെ എസ്. സുധീഷ് കണ്ടെത്തുന്നു.. അധഃസ്ഥിതരാക്കപ്പെട്ട ജനതയെ ജാരസന്തതിയാക്കിയാണ് ജനവിരുദ്ധ, ജനപ്രിയ ആഖ്യാനങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുക എന്ന സിദ്ധാന്തമാണ് എസ്. സുധീഷ് അവതരിപ്പിക്കുന്നത്. കര്‍ണ്ണര്‍ എന്ന ജാരസന്തതി പിതൃദത്തമായ കവചകുണ്ഡലങ്ങളെയും നിഷേധിച്ചുകൊണ്ട് നിലകൊള്ളുമ്പോള്‍ ജനവിരുദ്ധ, ജനപ്രിയ ആഖ്യാനങ്ങളില്‍ പിതൃഭക്തനായ ജാരസന്തതിയെ കൊണ്ടുവന്നാണ് അധഃസ്ഥിതന്റെ ഇച്ഛയെ തമസ്‌കരിക്കുന്നത് എന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ('ദേവാസുര'മായാലും 'ലൂസിഫറാ'യാലും ജനപ്രിയ കഥകളില്‍ കാണുന്നത് ഇത് തന്നെയാണല്ലോ) ഇത്തരം നിലപാടില്‍ നിന്നു കൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസത്തെയും അതിന്റെ സമകാലിക വായനകളെയും എസ്. സുധീഷ് വിമര്‍ശിക്കുന്നത്.

എസ്. സുധീഷിന് സൗന്ദര്യബോധമില്ലെങ്കിലും അദ്ദേഹത്തിന്റെ ആശയം മോഷ്ടിക്കുന്നതില്‍ ഒരു ഉളുപ്പുമില്ലാത്ത കെ.കെ ഹിരണ്യന്‍, രവി നിറം കെട്ടുപോയെങ്കിലും വിജയന്‍ ആവിഷ്‌കരിച്ച പ്രാദേശികസംസ്‌കാരത്തിന്റെയും വാമൊഴിയുടെയും കീഴാളതയുടെയും പ്രസക്തി സാംസ്‌കാരിക പഠനത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു.

ഉപനിഷത്തിന്റെയും ആസ്‌ട്രോഫിസിക്‌സിന്റെ രസകരമായ കലര്‍പ്പില്‍ അമേരിക്കന്‍ പ്രഫസറാല്‍ പ്രശംസിക്കപ്പെടുംവിധം ഗവേഷണം നടത്തുന്ന രവി, മുതലാളിത്ത വ്യവസ്ഥാഭക്തിയുടെയും ഇന്ത്യന്‍ വൈദികസ്ഥാപനഭക്തിയുടെയും ബാന്ധവത്തില്‍ നിന്നും ഉണ്ടായ ധര്‍മ്മസന്തതി ആണെന്ന് പല ഉദാഹരങ്ങളിലൂടെ എസ്. സുധീഷ് സ്ഥാപിക്കുന്നു. യുവത്വത്തെ ശൈശവവത്കരിക്കുമ്പോഴും രവിയെ ഉദാത്തീകരിക്കുമ്പോഴും മറുവശത്ത് അനാഥശിശുവിന്റെ ഉരുകുന്ന മനസ്സിനെക്കുറിച്ചുള്ള ബോധം കൂടി ആ നോവലിലുണ്ട്. ഖസാക്കിലെ പ്രതി നായകനായ ഈ അനാഥശിശു നൈസാമലിയാണ്. രവിയുടെ മറുപുറമാണ് നൈസാമലി. രവിയെ മര്‍ദിക്കുന്ന നൈസാമലിയെ നോവലില്‍ കാണാം. എന്നാല്‍, ആ രംഗത്തെ അലസിപ്പിക്കാനുള്ള ബോധശ്രമം വിജയന്‍ നടത്തുന്നു. എങ്കിലും ഈ സംഘര്‍ഷം തന്നെയാണ് നോവലിലെ സാധ്യത എന്ന് എസ്. സുധീഷ് തന്റെ ദീര്‍ഘ പഠനത്തില്‍ പറയുന്നു (കേസരിക്ക് ശേഷം മലയാളത്തില്‍ പൂര്‍ണ്ണാര്‍ഥത്തിലുള്ള സംസ്‌കാര വിമര്‍ശനത്തിന്റെ തുടക്കം ഈ കൃതിയായിരുന്നു)

എസ്. സുധീഷിന്റെ അനുകരണങ്ങള്‍

ഖസാക്ക് വായനയുടെ ചരിത്രം പറയുന്ന മാതൃഭൂമിലേഖനത്തില്‍ കെ.കെ ഹിരണ്യന്‍, എസ്. സുധീഷിന്റെ 'നിരാനന്ദത്തിന്റെ ചതി ' എന്ന ഖസാക്ക് ലേഖനത്തെ (ഏകലവ്യന്റെ കൈവിരലിലെ മറ്റൊരു ലേഖനം), 'കലാസൃഷ്ടിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാതെ ക്ഷോഭിക്കുന്ന സുധീഷിന്റെ പതിവുനാട്യങ്ങളിലൊന്നായി വായനക്കാര്‍ കണക്കാക്കി ' എന്ന് എഴുതുന്നുണ്ട്. എന്നാല്‍, ഇതേ ഹിരണ്യന്‍ അടുത്ത പാരഗ്രാഫില്‍ 'പുതിയ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ രവിയും രവിയുടെ ദുഃഖവും നിറംകെട്ടു പോയി' എന്ന് എഴുതുന്നു. അതായത് ഇതേ കാര്യം മുപ്പത് വര്‍ഷം മുമ്പെഴുതുന്നവരെ സൗന്ദര്യബോധമില്ലെന്ന് പറഞ്ഞാക്ഷേപിക്കും. 2008-ല്‍ തനിക്ക് തിരിച്ചറിവുവരുമ്പോള്‍ അതേകാര്യം സ്വന്തം നിലയില്‍ ലേഖനമാക്കും. ഇതാണ് ഹിരണ്യന്റെ രീതിശാസ്ത്രം. അതത്കാലത്തെ ആധിപത്യഭാവുകത്വത്തിനനുസരിച്ച് സഞ്ചരിക്കുന്ന, സ്വയം ബോധ്യങ്ങളില്ലാത്തവരുടെ തിരിച്ചറിവന്നുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നല്ല സൗന്ദര്യബോധം.

''ആധുനിക നിരൂപണം വാഴ്ത്തിയതൊക്കെ ഒഴിഞ്ഞു പോകുന്നു (ബി.മുരളി) വെന്നും ആസ്‌ട്രോ ഫിസിക്‌സ് ഒരു ഡാവാണ് എന്നും (ഒ.കെ. സുദേഷ്) രവിക്ക് ചരമ കുറിപ്പെഴുതുകയാണ് (സി.ആര്‍ പരമേശ്വരന്‍) എന്നുമൊക്കെ എസ്. സുധീഷ് 40 കൊല്ലം മുന്‍പ് പറഞ്ഞത് പല ഭാഷയില്‍ മേല്‍പ്പറഞ്ഞ മാസികയിലെ ലേഖനങ്ങളില്‍ ആവര്‍ത്തിക്കുന്നുണ്ട്.

എസ്. സുധീഷിന് സൗന്ദര്യബോധമില്ലെങ്കിലും അദ്ദേഹത്തിന്റെ ആശയം മോഷ്ടിക്കുന്നതില്‍ ഒരു ഉളുപ്പുമില്ലാത്ത കെ.കെ ഹിരണ്യന്‍, രവി നിറം കെട്ടുപോയെങ്കിലും വിജയന്‍ ആവിഷ്‌കരിച്ച പ്രാദേശികസംസ്‌കാരത്തിന്റെയും വാമൊഴിയുടെയും കീഴാളതയുടെയും പ്രസക്തി സാംസ്‌കാരിക പഠനത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു.

ബി. മുരളിയാകട്ടെ 'രവി പോയ് മറയുന്നതും നൈസാമലി നിറയുന്നതും' എന്ന മാതൃഭൂമിലേഖനത്തില്‍ കൂടുതല്‍ വിപുലമായതോതില്‍ മോഷ്ടിച്ചിട്ടുണ്ട്. 'അച്ഛന്‍ കോപ്ലക്‌സി'ല്‍ പെട്ടു നടക്കുന്ന രവിയുടെ ചെകിടത്ത് അടിക്കുന്ന ഭാഗം ഉള്‍പ്പെടെ ഉദ്ധരിച്ചുകൊണ്ട് നൈസാമലിയുടെ പ്രസ്തുത പ്രവൃത്തി ആധുനികതയ്ക്ക് മേലുള്ള ആദിമരൂപങ്ങളുടെ താഡനമായി ബി. മുരളി വിലയിരുത്തുന്നു. അപരിഷ്‌കൃതത്വവും നിരക്ഷരത്വവുമായ ജീവിതം നയിക്കുന്ന നൈസാമലി, പരിഷ്‌കൃതനും അച്ഛന്റെ ധര്‍മസന്തതിയുമായ രവിയുടെ ചെകിട്ടത്തടിക്കുന്ന പ്രതിനായകനായ അനാഥ ശിശുവാണ് എന്ന ആശയ (ഏകലവ്യന്റെ കൈവിരല്‍ പു. 108, 109, 111) മാണ് അനുകരിച്ച് വികലീകരിച്ചിരിക്കുന്നത്. ആധുനികകാല വിമര്‍ശനം രവിയിലാണ് ഊന്നുന്നത്, അതായിരുന്നു ആധുനികത എന്നു പറഞ്ഞു കൊണ്ടാണ് ഉത്തരാധുനിക വായന എന്ന നിലയില്‍ ആധുനികകാലത്ത് എഴുതിയ വിമര്‍ശനത്തെ പിന്‍പറ്റുന്നത്. ആധുനിക കാലത്ത് തന്നെ രവിപക്ഷം എതിര്‍ക്കപ്പെട്ടിരുന്നു എന്നതിനാല്‍ പൂര്‍വ്വപക്ഷം തന്നെ അസാധുവായിത്തീരുന്നു; അങ്ങനെ ഉത്തരപക്ഷവും. ഇവിടെ പറയുന്ന എല്ലാ വായനകള്‍ക്കും ഇതു ബാധകമാണ്

(എസ്. സുധീഷിന്റെ ആശയങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഉദ്ധരിക്കാനുള്ള സത്യസന്ധത കണ്ടത് വി.സി ശ്രീജന്‍ മാഷിലാണ്..''എഴുത്തുകാരന്റെ ഉപരിവര്‍ഗ്ഗവ്യവസ്ഥയോടുള്ള മതിപ്പും അധഃസ്ഥിതത്വത്തോടുള്ള നിന്ദാമനോഭാവവും ഇതിഹാസത്തിന്റെ രാഷ്ട്രീയമാണെന്ന് എസ്. സുധീഷ് എടുത്തുകാട്ടിയിട്ടുണ്ട്. സ്വന്തം വര്‍ഗത്തില്‍ നിന്ന് ഉപരിവര്‍ഗത്തിലേക്ക് പോകാനുള്ള അഭിലാഷം രവിയിലുണ്ടെന്ന് സുധീഷ് കാണിക്കുന്നു. ഖസാക്കിനെ ആസ്വദിച്ചുകൊണ്ടേയിരിക്കുന്ന വിമര്‍ശകരാരും സുധീഷിന്റെ വാദമുഖങ്ങളെ ഖണ്ഡിച്ചതായറിവില്ല. ഖണ്ഡിക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.'' വി.സി ശ്രീജന്‍ (വാക്കും വാക്കും, 1996)

ഇതില്‍ രസകരമായ മറ്റൊരു കാര്യം ഇതെഴുതുന്നയാളിന്റെ ഖസാക്ക് വിമര്‍ശനത്തെ ഉപയോഗിച്ചു കൊണ്ട് ('ദുഷന്തന്‍ മാഷും ശൂര്‍പ്പണഖയും' എന്ന പുസ്തകത്തിലെ, 'ഖസാക്ക്: അത്ഭുതവും വ്യവസായവും എന്ന ലേഖനം - ലേഖനത്തിന്റെ മീഡിയവണ്‍ ഷെല്‍ഫ് ലിങ്ക്: Read Alsohttps://www.mediaoneonline.com/art-and-literature/khasakkinte-ithihasam-review-shooba-ks-175288?

സമകാലവിമര്‍ശനത്തെക്കുറിച്ചു എന്‍. പ്രഭാകരന്‍ മാഷ് പ്രഭാഷണം നടത്തിയപ്പോള്‍, (https://www.facebook.com/share/p/d15QN4r7ce5N9q4c/?mibextid=oFDknk) - ഖസാക്ക് വിമര്‍ശനം വി.സി ശ്രീജന്‍ നടത്തിയിട്ടുണ്ട്, അതിനാല്‍, എന്റെ വായനയില്‍ പുതുമയൊന്നുമില്ല എന്നര്‍ഥത്തില്‍ അന്ന് ഒരാള്‍ പ്രതികരിച്ചു. എത്രയോ വര്‍ഷം മുന്‍പ് അത് എസ്. സുധീഷ് നടത്തിയതാണല്ലോ എന്നു എന്‍. പ്രഭാകരന്‍ മാഷ് മറുപടിയും പറഞ്ഞു. അനുകരണങ്ങളെ ആഘോഷിക്കാന്‍ എഴുത്തുകാരെയും അവര്‍ എഴുതുന്നതിനെയും തമസ്‌കരിക്കാറുണ്ട് എന്നര്‍ഥം. എന്നാല്‍, അതു ചിലര്‍ ഓര്‍മിക്കുന്നുണ്ട് എന്നും.) 


ഇളയിടത്തിന്റെ പകര്‍പ്പു രചന

സുനില്‍ പി. ഇളയിടം പതിവ് കോപ്പിയടി ശൈലിയിലാണ് എസ്. സുധീഷിനെ സ്വീകരിച്ചിരിക്കുന്നത്. 'ആധുനികതാവാദ നിരൂപണം ഖസാക്കിന് മേല്‍ ചാര്‍ത്തിക്കൊടുത്ത ഇത്തരം അതീത ധ്വനികള്‍ക്കപ്പുറം അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പൊരുള്‍ തിരഞ്ഞു പോകാനുള്ള ശ്രമങ്ങള്‍ ആദ്യകാലത്ത് ഏറെയൊന്നും ഉണ്ടായില്ല' എന്നു പറഞ്ഞു കൊണ്ടാണ് ഇളയിടം തുടങ്ങുന്നത്. അതായത് അസ്തിത്വദുഃഖവും ദാര്‍ശനികതയും എന്ന രീതിയിലുള്ള ആധുനികതാവിമര്‍ശനത്തെ മറികടക്കുന്ന വെറൈറ്റിയായ ഒരു പ്രോഡക്ടാണ് താന്‍ അവതരിപ്പിക്കാന്‍ പോണത് എന്നാണ് ഭാവം.

' ആധുനികത - ഫ്യൂഡല്‍ ' എന്നതിന് പകരം 'ആധുനികീകരണത്തിന്റെ സാമൂഹിക ബലതന്ത്രം - ആധുനിക പൂര്‍വ്വമായ സാമൂഹിക ബന്ധങ്ങളുടെ അവശിഷ്ട രൂപങ്ങള്‍', എന്ന് ഇളയിടം. ആധുനിക ഫ്യൂഡല്‍ ബന്ധവത്തെ 'കല്പനാമോഹം' എന്ന വാക്കുകൊണ്ട് എസ്. സുധീഷ് ബന്ധിപ്പിക്കുമ്പോള്‍ ഇളയിടം' ഭാവനാത്മകപരിഹാരം 'എന്നാക്കുന്നു. എസ്. സുധീഷില്‍, ഇളയിടം ലേശം റെയ്മണ്ട് വില്യംസ്ഫ്‌ളേവര്‍ ചേര്‍ക്കുന്നു - അത്രമാത്രം

ഉപനിഷത്തിന്റെയും ആസ്‌ട്രോഫിസിക്‌സിന്റെയും അതീതധ്വനിക്കപ്പുറത്ത് അതിന്റെ രാഷ്ട്രീയ അബോധം എസ്. സുധീഷ് അന്നേതന്നെ, ആയിരത്തിത്തൊള്ളായിരത്തിയെഴുപതുകളില്‍ത്തന്നെ കണ്ടെത്തിയല്ലോ എന്ന് ഇനി ഒരാള്‍ ചോദിച്ചാല്‍, ആണോ അങ്ങനെ സംഭവിക്കാം 'ഏറെയൊന്നും നടന്നിട്ടില്ല' എന്നല്ലേ പറഞ്ഞത് അതില്‍ എസ്. സുധീഷ് ഉണ്ടാവാം, ഇല്ലായിരിക്കാം. എന്ന രീതിയിലിരിക്കും മറുപടി. (പക്ഷെ, അതൊക്കെ ഇളയിടമല്ലേ മാതൃഭൂമിയില്‍ എഴുതിയത്. അതില്‍ വരുമ്പോഴല്ലേ വിമര്‍ശനമാകൂ എന്ന ഭാവമായിരിക്കും ചില മലയാളം അധ്യാപകര്‍ക്ക്) അദ്ദേഹത്തിന്റെ PhDയും ഈ വിഷയത്തിലാണത്രെ. ഗവേഷണത്തില്‍ തന്റെ കണ്ടെത്തല്‍ അടങ്ങിയ പൂര്‍വ്വപഠനം മറച്ചു വയ്ക്കുന്നത് കുറ്റമാണ്. ന്യായീകരണ തൊഴിലാളികളായ കുബുദ്ധികള്‍ക്ക് ഇതിന് മറുപടി പറയാന്‍ പ്രയാസമായിരിക്കും. 


എസ്. സുധീഷിന്റെ ആധുനികതാവിമര്‍ശത്തെ കോപ്പി പേസ്റ്റ് ചെയ്ത ശേഷം പുതിയ കണ്ടുപിടിത്തമെന്ന നിലയില്‍ അവതരിപ്പിക്കുന്നു. നിഷ്‌കരുണമായ പകര്‍ത്തിയെഴുത്താണ് ഇളയിടത്തില്‍ കാണുന്നത്. (കോപ്പിയടിക്ക് തന്റേതായ ഒരു ശൈലി രൂപപ്പെടുത്തിയെടുക്കുന്നതില്‍ വിജയിച്ചിട്ടുള്ള ആളാണല്ലോ ഇളയിടം. എം.എന്‍ വിജയന്‍, എസ്. സുധീഷ് തുടങ്ങിയ എഴുത്തുകാരെ കൊപ്പിയടിച്ചയാള്‍ എന്ന നിലയില്‍ ഇളയിടത്തെ ഡോ. രവിശങ്കര്‍ എസ്. നായര്‍ മുന്‍പ് പിടികൂടിയിട്ടുണ്ട്.)

ഒരു ഉദാഹരണം മാത്രം നോക്കാം

എസ്. സുധീഷിന്റെ വാക്യങ്ങള്‍: 'വൈദിക ബ്രാഹ്മണ്യ ഫ്യൂഡല്‍യുഗാധിപത്യത്തില്‍ നിന്ന് ഇന്ത്യയിലുണ്ടായ ദാര്‍ശനികതയുടെ മേല്‍ക്കൂരയില്‍ വൈദേശികതയുടെ ചുവയുള്ള ആധുനികമുതലാളിത്തത്തിന്റെ ധര്‍മസംസ്‌ക്കാരം അതിന്റെ പ്രസക്തി രേഖപ്പെടുത്തിക്കഴിഞ്ഞ കാലഘട്ടമാണിത്. യാഥാസ്ഥിതികതയുടെ ഫ്യൂഡല്‍ധര്‍മസംസ്‌കൃതിയും വൈദേശികമുതലാളിത്തത്തിന്റെ നവീന സംസ്‌കൃതിയും തമ്മിലുള്ള ഈ ബാന്ധവം അതിജുഗുപ്‌സാപരമാണ് രവിയുടെ...ഗവേഷണ പ്രബന്ധത്തിന്റെ വീരാത്മക സ്വാരസ്യം ആസ്‌ട്രോഫിസിക്‌സും ഉപനിഷത്തും തമ്മിലുള്ള രസകരമായ കലര്‍പ്പാണ്. ഈ 'രസകരമായ കലര്‍പ്പ് ' എന്നത് നേരത്തെ സൂചിപ്പിച്ച ബാന്ധവത്തിന്റെ സുഖരസമുള്ള ചുരുക്കെഴുത്താണ് ആസ്‌ട്രോഫിസിക്‌സും ഉപനിഷത്തും ചീത്ത കാര്യങ്ങളാണെന്ന് ഇപ്പറഞ്ഞതിനര്‍ഥമില്ല. എന്നാല്‍, ആധിപത്യ വ്യവസ്ഥിതിയുടെ ഇരയായ ഒരെഴുത്തുകാരന്‍ തന്റെ കല്പനാ മോഹ (wishful fancy) ങ്ങള്‍ക്ക് ഓമനച്ചന്തം വരുത്തുവാന്‍ അവയെ ഉപയോഗിക്കുമ്പോള്‍ അവയുടെ അന്തസ്സാരം കെട്ടുപോകുന്നു'. (എസ്. സുധീഷ്, ഏകലവ്യന്റെ കൈവിരല്‍, 'ആസ്‌ട്രോഫിസിക്‌സും ഉപനിഷത്തും ' പുറം 104)

ആധുനിക - ഫ്യൂഡല്‍ ബാന്ധവത്തെ ചെറിയ രീതിയില്‍ സംഘര്‍ഷപ്പെടുത്തുന്ന, നൈസാമലി പ്രതിനിധാനം ചെയ്യുന്ന ഭാഗത്തെയും തുടര്‍ന്ന് സൂചിപ്പിക്കുന്നു. ഇതേ കാര്യം ഇളയിടം അനുകരിക്കുന്നത് നോക്കുക. പ്രസ്തുത മാതൃഭൂമിയില്‍ ബ്ലര്‍ബ് രൂപത്തില്‍ വലുതാക്കി കൊടുത്തിരിക്കുന്ന ഭാഗം: 'ഖസാക്കിലെ രാഷ്ട്രീയചരിത്രം ആധുനീകരണത്തിന്റെ സാമൂഹിക ബലങ്ങളും ആധുനികപൂര്‍വ്വമായ സാമൂഹികബന്ധങ്ങളുടെ അവശിഷ്ടരൂപങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റേത് കൂടിയായി നിലനില്‍ക്കുന്നു. പ്രമേയത്തിന്റെ പ്രത്യക്ഷതയില്‍ ഈ സംഘര്‍ഷാത്മകത ഒട്ടും തന്നെ പ്രകടമല്ലെങ്കിലും ഖസാക്കിലെ അനുഭവരാശിയെ രൂപപ്പെടുത്തുന്നത് ഈ സംഘര്‍ഷമാണ്. പരാജയപ്പെടുന്ന ആധുനികീകരണത്തിന്റെ കഥയായി ഖസാക്കിലെ ജീവിതത്തെ എഴുതിച്ചേര്‍ത്തുകൊണ്ടാണ് നോവല്‍ ഈ സംഘര്‍ഷത്മകതയ്ക്ക് ഭാവനാത്മകപരിഹാരം നിര്‍ദേശിക്കുന്നത്' (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2008 മാര്‍ച്ച് 2 - 8, പുറം - 31)

' ആധുനികത - ഫ്യൂഡല്‍ ' എന്നതിന് പകരം 'ആധുനികീകരണത്തിന്റെ സാമൂഹിക ബലതന്ത്രം - ആധുനിക പൂര്‍വ്വമായ സാമൂഹിക ബന്ധങ്ങളുടെ അവശിഷ്ട രൂപങ്ങള്‍', എന്ന് ഇളയിടം. ആധുനിക ഫ്യൂഡല്‍ ബന്ധവത്തെ 'കല്പനാമോഹം' എന്ന വാക്കുകൊണ്ട് എസ്. സുധീഷ് ബന്ധിപ്പിക്കുമ്പോള്‍ ഇളയിടം' ഭാവനാത്മകപരിഹാരം 'എന്നാക്കുന്നു. എസ്. സുധീഷില്‍, ഇളയിടം ലേശം റെയ്മണ്ട് വില്യംസ്ഫ്‌ളേവര്‍ ചേര്‍ക്കുന്നു - അത്രമാത്രം

നാല്‍പതിലധികം കൊല്ലം മുന്‍പ് എസ്. സുധീഷ് പറയുമ്പോള്‍ പ്രകോപനപരമായതും ഇന്ന് സാധാരണമായതും ആയ കാര്യങ്ങള്‍ അനുഭവരാശി, അവശിഷ്ടരൂപം തുടങ്ങിയ വാക്കുകളില്‍ പരാവര്‍ത്തനം ചെയ്യുമ്പോള്‍ ഇളയിടനിരൂപണമാകും. ഇനി ആരെങ്കിലും ചോദിച്ചാല്‍ പറയും സുധീഷിന്റെത് ഏകമുദ്ര എന്റെത് വെര്‍ട്ടിക്കലായുള്ള ദ്വിമുദ്ര, വിരല്‍ ശ്രദ്ധിക്കണം, എന്ന്.

സര്‍ഗാത്മക അനുകരണങ്ങളും മോഷണങ്ങളും

സര്‍ഗാത്മക സ്വീകരണങ്ങളും മോഷണങ്ങളും രണ്ടാണ്. എസ്. സുധീഷിന്റെയോ എം.എന്‍ വിജയന്റെയോ ആശയങ്ങള്‍ മറ്റുള്ളവര്‍ ഉദ്ധരണിയായോ അല്ലാതെയോ സ്വീകരിക്കുന്നതില്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടയില്ല. മാത്രമല്ല, അതാണവരുടെ ലക്ഷ്യവും. എന്നാല്‍, മോഷണമെന്നാല്‍, അനുകരണമെന്നാല്‍ അതല്ല. അനുകരണത്തിലൂടെ അത് വിപരീതമാക്കപ്പെടും. രവി പ്രതിധാനം ചെയ്യുന്ന ആധുനികതയും ഖസാക്ക്ഗ്രാമം പ്രതിനിധാനം ചെയ്യുന്ന നവോത്ഥാന പൂര്‍വ്വജന്മിത്ത മൂല്യങ്ങളുടെയും ബാന്ധവമാണ് ഖസാക്ക് എന്ന് എസ്. സുധീഷ് പറയുന്ന കാലത്ത് രവിയുടെ അസ്തിത്വ ദുഃഖത്തിന്റെ അബോധത്തെയാണ് ചോദ്യം ചെയ്യുന്നത്. അന്ന് ആ വായനയെ സമ്മതിച്ചു കൊടുക്കാന്‍ തയ്യാറല്ലായിരുന്ന ഉപരിവര്‍ഗ്ഗബോധം ആധുനികാനന്തരകാലത്ത് അസ്തിത്വദുഃഖം തൊലിപ്പുറത്തൂടെ ഒഴുകിപ്പോയ 40 വര്‍ഷത്തിന് ശേഷം ഇത് ആവര്‍ത്തിക്കുന്നത് അങ്ങനെയല്ലാത്ത നവോത്ഥാന ആധുനികത ഉണ്ടായിരുന്നു എന്ന കാര്യം തമസ്‌കരിക്കാനാണ്. അതായത് മലയാള ആധുനികതയുടെ അധീശ പാരമ്പര്യത്തെ നിഷേധിക്കുന്ന അധഃസ്ഥിത കര്‍തൃത്വത്തെ തമസ്‌കരിക്കാനാണ് അതിലൂടെ ശ്രമിക്കുന്നത്. നവോത്ഥാന ആധുനികതയെയും മുതലാളിത്ത ആധുനികതയെയും ഇടകലര്‍ത്തി അലസിപ്പിക്കാനും.

ചരിത്രത്തെ വൈരുധ്യങ്ങളില്ലാത്ത ഡേറ്റകളായി നിര്‍വചിക്കുക എന്നതാണ് സാഹിത്യചരിത്ര നിര്‍മാതാക്കളും മാധ്യമങ്ങളും ഇത്തരം പകര്‍പ്പ് എഴുത്തുകാരും ചെയ്യുന്നത്. ആശാന്റെ തുടര്‍ച്ചയായ വി.കെ.എന്നും ആധുനിക കാലത്തുണ്ടായിരുന്നു.

( വി.കെ.എന്നിനെ കുറിച്ചുള്ള ഇത്തരത്തില്‍ ആദ്യ ലേഖനം എഴുതുന്നതും എസ്. സുധീഷാണ്. എസ്. സുധീഷിന്റെ 'ആധുനികതയുടെ വിപരീതം' എന്ന വായനയാണ് പിന്നീട് ഇളയിടാദികള്‍ അടിച്ചു മാറ്റി വി.കെ.എന്‍ പഠനങ്ങളാക്കി മാറ്റിയത് )

മുതലാളിത്ത ഫ്യൂഡല്‍ ബാന്ധവം മനുഷ്യനെ പയ്യനാക്കുന്നു, അപ്പുക്കിളിയാക്കുന്നു എന്നും ഖസാക്ക് മോഡല്‍ ചെറ്റപ്പുരകള്‍ സംരക്ഷിക്കപ്പെടേണ്ടത് മുതലാളിത്തത്തിന്റെ ആവശ്യമാണെന്നും, ഖസാക്ക് ഇറങ്ങിയ വര്‍ഷം പ്രസിദ്ധീകരിച്ച 'ആരോഹണ'ത്തിലൂടെ വി.കെ.എന്‍ അവതരിപ്പിക്കുന്നുണ്ട്. ആരോഹണത്തിന്റെ അധികാര വിമര്‍ശനവും സവിശേഷ ഭാഷയുമാണ് നോവല്‍ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. അല്ലാതെ ഖസാക്കിന്റെ ഇതിഹാസമല്ല. സ്ത്രീവിരുദ്ധമായ മിത്തിന്റെ ആവിഷ്‌കാരം എന്ന നിലയില്‍ ചെമ്മീനിനെ വിമര്‍ശിക്കുന്ന ഉത്തരാധുനിക സ്വത്വവാദ ഉപന്യാസകാരന്മാര്‍ (വേലുക്കുട്ടി അരയന്റെ നിരൂപണം ഉപയോഗിച്ചും അല്ലാതെയും) സ്ത്രീവിരുദ്ധ മിത്തുകളുടെ സൂപ്പര്‍ മാര്‍ക്കറ്റായ ഖസാക്കിനെ വിമര്‍ശിക്കുന്നില്ല. ചെമ്മീനിലാകട്ടെ ആ മിത്തിന്റെ ദുരന്തമാണ് ആവിഷ്‌കരിക്കുന്നത്. ഖസാക്കിലാക്കട്ടെ ഇത്തരം മിത്തുകളുടെ മഹത്വവത്കരണമാണുള്ളത്. നവോത്ഥാന ആധുനികതയെ തമസ്‌കരിക്കാന്‍ ലക്ഷ്യം വയ്ക്കുന്ന സ്വത്വരാഷ്ട്രീയത്തിന് നവോത്ഥാനത്തിനുള്ളിലെ വൈരുധ്യങ്ങള്‍ കണ്ടെത്തുക എന്നതല്ല ലക്ഷ്യം. നവോത്ഥാനത്തെ ഒന്നടക്കം തള്ളിപ്പറയുക എന്നതാണ്. അതുകൊണ്ട് ചെമ്മീനിനെ തള്ളിപ്പറയേണ്ടതുണ്ട്. ഖസാക്കിനെ അത്രത്തോളം വിമര്‍ശിക്കേണ്ടതില്ല.

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതം വായിച്ച് ഒരു കൂടല്ലൂര്‍കാരന്‍ രണ്ടാമൂഴമെഴുതുമ്പോള്‍ ആരും സാഹിത്യചോരണമായി കാണാത്തതെന്ത് എന്ന് സി. ആര്‍ പരമേശ്വരന്‍, തന്റെ ഖസാക്ക് പഠനത്തില്‍ ചോദിക്കുന്നുണ്ട്. എം.ടി, ഇരാവതി കാര്‍വ്വയെ നന്നായി ഉപജീവിക്കുകയും അവലംബഗ്രന്ഥങ്ങളില്‍ അത് രേഖപ്പെടുത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അത് ചോരണമോ അനുകരണമോ അല്ലാത്തതിന് കാരണം ഇരാവതി കാര്‍വ്വയുടെ സര്‍ഗാത്കതയെ കൂടുതല്‍ അളവില്‍ രണ്ടാമൂഴം മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ടാണ്.

ഇനി ഖസാക്കിനെ വിമര്‍ശിക്കുമ്പോഴാകട്ടെ, നവോത്ഥാന - നവോത്ഥാനന്തര കാലത്തെ നിഷേധിക്കാനായി ആ അവസരം ഉപയോഗിക്കുന്നു. ആധുനികതയുടെ കാലത്ത് അതിനെ വിമര്‍ശിച്ച, എസ്. സുധീഷിനെയും മറ്റും തമസ്‌കരിക്കാന്‍ അത് ഉപയോഗിക്കുന്നു. ആധുനികതയുടെ സ്ത്രീ-അധഃസ്ഥിത വിരുദ്ധതയെ വിമര്‍ശിച്ച എസ്. സുധീഷ്, വി.പി ശിവകുമാര്‍, സി. അയ്യപ്പന്‍, വി.കെ.എന്‍, കെ.ജി ജോര്‍ജ് തുടങ്ങിയവരെ ആ രീതിയില്‍ മനസ്സിലാക്കാന്‍ അനുവദിക്കാതിരിക്കുംവിധം ആഖ്യാനങ്ങള്‍ നിര്‍മിക്കുന്നു. അതിനു വേണ്ടിയുള്ള ഉപരിപ്ലവ ദ്വന്ദ്വങ്ങള്‍ നിര്‍മിക്കുന്നു.

ആധുനികകാലത്തെ യഥാര്‍ഥദ്വന്ദ്വങ്ങള്‍ ഫ്യൂഡല്‍- മുതലാളിത്ത ബാന്ധവവും അതിന് വിപരീതമായി വരുന്ന നവോത്ഥാന ആധുനികതയും തമ്മിലുള്ളതായിരുന്നു. ഇളയിടം ആധുനിക കാലത്തെ ദ്വന്ദ്വാവസ്ഥയായി സുധീഷിനെ അനുകരിച്ച് ഫ്യൂഡല്‍ (ഖസാക്ക് ഗ്രാമം) / ആധുനികം (രവി) - ഇങ്ങനെ പറയുമ്പോള്‍ ആ രണ്ടിനെയും എതിര്‍ത്ത നൈസാമലിയുടെ ശക്തരൂപങ്ങള്‍ അഥവാ പ്രതി -ആധുനികത എന്നു പറയാവുന്ന ഒരു തലം കാണാതെ പോകാന്‍ കഴിയുന്നു. മേല്‍പ്പറഞ്ഞ ദ്വന്ദ്വത്തില്‍ രവിയെ ഉപേക്ഷിച്ച് ഗ്രാമത്തെയും പ്രാദേശികവത്കരണത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് കൊണ്ട് വളര്‍ന്ന് വരുന്ന, പില്‍ക്കാല മുതലാളിത്തം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ കാണാതെ പോകുന്നു. എസ്. സുധീഷ് നിരീക്ഷിച്ച നൈസാമലിപക്ഷത്തെ അനുകരിച്ച് ആധുനികതയെ അപ്പാടെ വിമര്‍ശിക്കുമ്പോള്‍ നവോത്ഥാന ആധുനികതയുടെ തമസ്‌കരണമായി അത് മാറുന്നു. ചരിത്രത്തിന്റെ വൈരുധ്യാത്മക പ്രവര്‍ത്തനവും സ്‌പൈറല്‍ ഘടനയും മനസിലാക്കാന്‍ ആവാത്തത് കൊണ്ടാണ് ഇവരുടെ സാംസ്‌കാരിക വിമര്‍ശനങ്ങള്‍ അഥവാ പകര്‍ത്തെഴുത്തുകള്‍ ഒരു പ്രകോപനവും ഉണ്ടാക്കാതെ പോകുന്നത്. എസ്. സുധീഷ് നവോത്ഥാന ആധുനികതയെ ഉയര്‍ത്തിക്കാട്ടാനും വ്യാവസായിക ആധുനികതയെ തള്ളിക്കളയാനും പറഞ്ഞ കാര്യങ്ങള്‍ ഇന്ന് അനുകരിക്കുമ്പോള്‍ നവോത്ഥാന ആധുനികതയുടെ തിരസ്‌കാരമായി തീരുന്നു. അത് ആഗോളീകരണകാലത്തിന്റെ അധികാര താല്‍പര്യമായതിനാല്‍ വ്യാവസായിക മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെടുന്നു.

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഭാഷാഭാരതം വായിച്ച് ഒരു കൂടല്ലൂര്‍കാരന്‍ രണ്ടാമൂഴമെഴുതുമ്പോള്‍ ആരും സാഹിത്യചോരണമായി കാണാത്തതെന്ത് എന്ന് സി. ആര്‍ പരമേശ്വരന്‍, തന്റെ ഖസാക്ക് പഠനത്തില്‍ ചോദിക്കുന്നുണ്ട്. എം.ടി, ഇരാവതി കാര്‍വ്വയെ നന്നായി ഉപജീവിക്കുകയും അവലംബഗ്രന്ഥങ്ങളില്‍ അത് രേഖപ്പെടുത്താതിരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും അത് ചോരണമോ അനുകരണമോ അല്ലാത്തതിന് കാരണം ഇരാവതി കാര്‍വ്വയുടെ സര്‍ഗാത്കതയെ കൂടുതല്‍ അളവില്‍ രണ്ടാമൂഴം മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ടാണ്. ''ചിന്താവിഷ്ടയായ സീത''യും അങ്ങനെ തന്നെ. രാമായണത്തെ അനുകരിക്കുമ്പോഴും രാമായണത്തിനുള്ളിലെ അധഃസ്ഥിത സ്ത്രീപക്ഷത്തെ അതു നവോത്ഥാന കാലത്ത് വച്ച് പുനര്‍നിര്‍മിക്കുന്നു. കാട്/നാഗരികത എന്നീ ദ്വന്ദ്വത്തില്‍ ഏതെങ്കിലും ഒന്നിലോ രണ്ടിലുമോ അഭയം തേടാതെ രണ്ടിനെയും, നിര്‍മിക്കപ്പെടുന്ന സ്ഥലകാലത്ത് വച്ച് പ്രശ്‌നവത്കരിക്കുകയാണ് ഇവയിലൊക്കെ. കേവലം ഉപരിപ്ലവ ദ്വന്ദ്വനിര്‍മിതിയല്ല, യഥാര്‍ഥ വൈരുധ്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നതിനെയാണ് സര്‍ഗ്ഗാത്മകത എന്നു പറയുന്നത്. കാട്ടിലെ രാമന്‍ നല്ലതായിരുന്നു എന്നും കൊട്ടാരത്തിലെ രാമന്‍ നല്ലതല്ല എന്നും ആശാന്‍ പറയുമ്പോള്‍ത്തന്നെ കാട്ടില്‍ അവര്‍ കേവലം പക്ഷികളെപ്പോലെയല്ല, ചിറകില്ലാത്ത പക്ഷികളെപ്പോലെയാണ് കഴിഞ്ഞത് എന്നു ആശാന്‍ ''ചിന്താവിഷ്ടയായ സീത''യില്‍ പറയുന്നു. 


കാട് / കൊട്ടാരം എന്ന വ്യവസ്ഥാപിതദ്വന്ദ്വത്തെ ചോദ്യം ചെയ്യുന്നതങ്ങനെയാണ്. അങ്ങനെ ഒരേ സമയം വാല്മീകിയുടെ രാമനെ ചോദ്യം ചെയ്തു കൊണ്ടു നവോത്ഥാന കാല ആഖ്യാനമായി ചിന്താവിഷ്ടയായ സീത പരിവര്‍ത്തിക്കപ്പെടുന്നു. അങ്ങനെ കാടിന്റെ വന്യതയും ചരിത്രത്തെ നിര്‍മിച്ച മനുഷ്യന്റെ ഇച്ഛാശക്തിയും പുരുഷ കൊട്ടാരങ്ങള്‍ തകര്‍ക്കുന്ന സ്ത്രീപ്രണയത്തിന്റെ വെള്ളച്ചാട്ടവും ആശാന്‍ നിര്‍മിച്ചെടുക്കുന്നു. എസ്. സുധീഷിന്റെ വായനയില്‍ ഖസാക്കിലെ ഫ്യൂഡല്‍ അടിമഗ്രാമവും നാഗരിക ഉടമയും മാത്രമല്ല അതിനെ എതിര്‍ക്കുന്ന അധ്വാന കര്‍തൃത്വവുമുണ്ട്. പിതൃരൂപങ്ങളെ എതിര്‍ക്കുന്ന ജാരസന്തതികള്‍ ഉണ്ട്. സുധീഷിനെ അനുകരിക്കുന്ന ഇളയിടത്തിന്റെ ഖസാക്ക് വായനയില്‍ നാഗരികതയും ഗ്രാമവും മാത്രമേ ഉള്ളൂ. ('ആധുനികീകരണത്തിന്റെ സാമൂഹിക ബലതന്ത്രം - ആധുനിക പൂര്‍വ്വമായ സാമൂഹിക ബന്ധങ്ങളുടെ അവശിഷ്ട രൂപങ്ങള്‍', എന്ന് ഇളയിടം) ഇത്തരത്തിലുള്ള ഉപരിതല അനുകരണം അധീശപക്ഷമായി മാറുന്നു. അതില്‍ ജീവിതമില്ല. പ്ലേറ്റോ പറയുന്ന അനുകരണം അതാണ്. ക്രിയയുടെ അനുകരണമെന്നു അരിസ്റ്റോട്ടില്‍ പറയുന്നത് അതിന്റെ വിപരീതമാണ്. കൃതിയിലെ അധ്വാനരഹിതതലവും അധ്വാനപക്ഷതലവും തമ്മിലുള്ള സംഘര്‍ഷത്തെ, പുനഃസൃഷ്ടിക്കപ്പെടുന്ന സ്ഥലകാലത്തിലെ തത്തുല്യ സംഘര്‍ഷവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് സര്‍ഗാത്മക അനുകരണ ( creative imitation)മെന്നും അനുവര്‍ത്തന (adaptation) മെന്നും പറയുന്നത്. (മാക്ബത്ത് ത്രോണ്‍ ഓഫ് ബ്ലഡ് ആകുന്ന രീതി നോക്കുക)കൃതിയിലെ അധീശതലത്തെ മാത്രം നിലനിര്‍ത്തുന്ന രീതിയിലുള്ള അനുകരണത്തെ മോഷണം എന്നോ പകര്‍പ്പുരചന എന്നോ വിളിക്കാം. സര്‍ഗാത്മകമായ ആശയങ്ങള്‍ മോഷ്ടിക്കുമ്പോള്‍ അതു വികലവും അധീശപക്ഷവും ആയ അനുകരണമായി മാറും. .(എഴുത്തുകാരന്റെ അനുവാദത്തോടെ പകര്‍ത്തുമ്പോഴും അതിനുള്ളിലെ സര്‍ഗാത്മകക്രിയാതലത്തെ സ്പര്‍ശിക്കാന്‍ കഴിയാതിരുന്നാല്‍ ഒരു തരത്തില്‍ അതിനെ പകര്‍പ്പ് രചന എന്നു വിളിക്കാം. ബാല്യകാല സഖി, ഭാര്‍ഗവീ നിലയം എന്നിവ പുതിയ കാല സിനിമയായപ്പോള്‍ അതു വേറൊരു തലത്തില്‍ കേവലം പകര്‍പ്പു രചനയായി മാറുന്നു)

മോഷണത്തിലെത്തുമ്പോള്‍ ആശയം നിശ്ചലവും വിപരീതവുമാവും. ഒരാള്‍ നട്ടുനനച്ച വാഴ പാതിരാത്രി വെട്ടിക്കൊണ്ട് പോകുമ്പോലെയല്ല, ആശയ അനുഭവ സ്വീകരണം. നട്ടവന്റെയും (ളുടെയും ) വളര്‍ത്തിയവന്റെയും (ളുടെയും) എല്ലാ വേദനകളും പങ്കിട്ടുകൊണ്ടു തന്റെ സ്ഥലത്ത് പറിച്ചുനടുന്ന പ്രക്രിയയാണ് സര്‍ഗപ്രവര്‍ത്തനം. മോഷ്ടിക്കുന്നവന് അതുണ്ടാക്കിയവന്റെ കഷ്ടപ്പാടുകള്‍ ഇല്ല. ഖസാക്കിനെ ഇന്ന് വിമര്‍ശിക്കാന്‍ പ്രയാസമില്ല. പക്ഷെ, വ്യാവസായിക ആധുനികതയുടെ പ്രഖ്യാതകാലത്ത് വിമര്‍ശിച്ചാല്‍ അധികാരസ്ഥലങ്ങള്‍ ഭയപ്പെടും, അവരുടെ ശത്രുസ്ഥലമായി വിമര്‍ശകന്‍ മാറും. സാഹിത്യ ചരിത്രങ്ങളില്‍ നിന്നും പാഠപുസ്തകങ്ങളില്‍ നിന്നും സമ്മാനിത സ്ഥാനങ്ങളില്‍ നിന്നും എടുത്തെറിയപ്പെടും. ഇന്ന് അതിനെ അനുകരിച്ചു കൊണ്ട് അധീശ പക്ഷമായി ഖസാക്കിനെ വിമര്‍ശിച്ചാല്‍ അവാര്‍ഡുകളേറ്റ് വാങ്ങുകയും പാഠപുസ്തകങ്ങളിലും സാഹിത്യ ചരിത്രങ്ങളിലും ഇടം പിടിച്ച് കുട്ടികള്‍ക്കു തൊട്ടു നോക്കാവുന്ന കൗതുകവസ്തുവായി മാറുകയും ചെയ്യും. മോഷണത്തിലും അനുകരണത്തിലും അധ്വാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഒരു ഉത്പന്നം ഉപഭോഗവസ്തുവായി മാറും.

രവിശങ്കര്‍ എസ്. നായര്‍ ഖസാക്ക് വായനകളുടെ ചരിത്രം പരിശോധിച്ചു കൊണ്ട് എസ്. സുധീഷിനെ ഉദ്ധരിക്കുമ്പോള്‍ മലയാള ആധുനികതയുടെ വ്യാജ ഭാവുകത്വത്തിനെതിരെ യുദ്ധം നയിച്ച അധഃസ്ഥിത പക്ഷ നിലപാടുകളുടെ വീണ്ടെടുപ്പാണ് നടത്തുന്നത്.


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഡോ. ഷൂബ കെ.എസ്‌

contributor

Similar News