വിദ്വേഷത്തെയും വെറുപ്പിനെയും ക്‌ളീന്‍ ബൗള്‍ഡ് ചെയ്ത മുഹമ്മദ് ഷമി
ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മാച്ച് നടക്കുമ്പോള്‍ തൊട്ടടുത്ത് ഇരിക്കുന്ന മുസ്‌ലിമിനോട് 'നിങ്ങള്‍' ആരെ പിന്തുണക്കുമെന്ന 'നിസ്സാര' ചോദ്യത്തില്‍ തുടങ്ങുന്ന 'നിങ്ങളും' 'ഞങ്ങളും' എന്ന വര്‍ഗീയ ദ്വന്ദ്വത്തെ ക്‌ളീന്‍ ബൗള്‍ഡാക്കുന്നു മുഹമ്മദ് ഷമിയെന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍.
കളിക്കളത്തിലെ പ്രകടനമികവ് കൊണ്ട് മാത്രമല്ല മുഹമ്മദ് ഷമി വാര്‍ത്തകളില്‍ ഇടം നേടിയത്. ഇന്ത്യയുടെ മജ്ജയിലും മാംസത്തിലും കാന്‍സര്‍ പോലെ പടര്‍ന്നു പിടിച്ചിരിക്കുന്ന ഇസ്‌ലാമോഫോബിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ സധൈര്യം നേരിട്ട് കൊണ്ടാണ് ആ ചെറുപ്പക്കാരന്‍ തന്റെ പോരാട്ടവീര്യം നിരന്തരം പുറത്തെടുക്കുന്നത്. വെറുപ്പിനും വിവേചനത്തിനും മേലെ കഴിവ് കൊണ്ടും മികവ് കൊണ്ടും ഉയര്‍ന്നു വന്ന ഈ ചെറുപ്പക്കാരന്റെ യാത്ര ക്രിക്കറ്റ് പ്രേമിയായ ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്.
ഉത്തര്‍ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും പ്രഫഷണല്‍ ക്രിക്കറ്ററിലേക്കുള്ള അയാളുടെ യാത്ര അടിമുടി വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. മുന്‍വിധികളോടെയും സംശയങ്ങളോടെയും മാത്രം മുസ്‌ലിംകളെ നോക്കിക്കണ്ടിരുന്ന ഒരു സമൂഹത്തില്‍, തന്റെ കഴിവിനോടുള്ള അചഞ്ചലമായ അര്‍പ്പണബോധം ഒന്ന് കൊണ്ട് മാത്രം പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നോട്ട് വന്നിട്ടുള്ള പ്രതിഭയാണ് ഷമി.
മുസ്‌ലിമാണെന്ന ഒറ്റ കാരണത്താല്‍ തന്നെ അയാളുടെ ദേശീയതയും, ദേശസ്‌നേഹവുമെല്ലാം നിര്‍ദയം ചോദ്യം ചെയ്യപ്പെട്ടു. ഇന്ത്യന്‍ ടീമിലെ 'ബ്ലഡി പാകിസ്താനി' എന്ന ചാപ്പയും മുഹമ്മദ് ഷമിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പാകിസ്താനിലേക്ക് പോകൂ എന്നൊരു വര്‍ഗീയക്കൂട്ടം അയാള്‍ക്ക് നേരെ ആക്രോശിക്കുമ്പോഴും, ഒട്ടും പ്രകോപിതനാകാത്ത അസാമാന്യമായ ഉള്‍ക്കരുത്തിന്റെയും മനോധൈര്യത്തിന്റെയും കൂടി പേരായി മാറി ഷമി.
ന്യൂസിലാന്റിനെതിരായ നിര്‍ണായക ലോകകപ്പ് സെമിയില്‍ ഏഴു വിക്കറ്റെന്ന ചരിത്ര നേട്ടം കുറിച്ച മുഹമ്മദ് ഷമിയെ കുറിച്ച് കോച്ച് ബദറുദ്ദീന്‍ വാചാലനാകുന്നുണ്ട്. 2002ല്‍ സോനക് പൂര്‍ സ്റ്റേഡിയത്തിലേക്ക് വാപ്പയുടെ കൈ പിടിച്ചു വന്ന പന്ത്രണ്ടു വയസ്സുകാരന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിന്റെ തന്നെ ഭാഗമായതില്‍ അദ്ദേഹത്തിന് ഒട്ടും തന്നെ അത്ഭുതമില്ല. അതിന് അദ്ദേഹം പറയുന്ന കാരണം ആ പന്ത്രണ്ടു വയസ്സുകാരനില്‍ കണ്ട തീക്ഷണതയാണ്. മുപ്പത് മിനിറ്റ് ഷമിയെ കൊണ്ട് പന്തെറിയിച്ച അദ്ദേഹം മുപ്പതാം മിനുറ്റിലും ഷമിയില്‍ കണ്ടത് ആദ്യ മിനുട്ടിലെ അതേ ഊര്‍ജ്ജവും കൃത്യതയുമാണ്. പതിനാറാം വയസ്സില്‍ അണ്ടര്‍ 19 സെലക്ഷനില്‍ നിന്നും പുറത്തായതില്‍ നിരാശനായ ഷമിയെ ബദറുദ്ദീന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. പക്ഷേ, ഒന്നും അയാളുടെ മനോധൈര്യത്തെ തളര്‍ത്തിയില്ല, കടുത്ത ചൂടിലും താന്‍ എത്തുന്നതിലും നേരത്തെ സ്റ്റേഡിയത്തിലെത്തി പരിശീലനം ആരംഭിക്കുന്ന ഷമിക്ക് തന്റെ ലക്ഷ്യത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്.
ഒരു പേസ് ബൗളര്‍ എന്ന നിലയില്‍ വളരെ പെട്ടെന്നാണ് ഷമി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ നേടിയത്. 2013 ലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഷമി അരങ്ങേറ്റം കുറിക്കുന്നത്. അന്ന് മുതലിങ്ങോട്ട് ടെസ്റ്റ് ഫോര്‍മാറ്റിലായാലും ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിലായാലും പകരക്കാരനില്ലാത്ത പ്രകടനമികവിന്റെ പേരായി ഷമി. മുഹമ്മദ് ഷമി എന്ന പേസ് ബൗളറെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം നെഞ്ചിലേറ്റിയത് 2019ലെ ഐ. സി.സി ക്രിക്കറ്റ് ലോകകപ്പിലൂടെയാണ്. അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഗണ്യമായ വേഗതയില്‍ പന്ത് സ്വിംഗ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും കൃത്യതയും നിയന്ത്രണവും ക്രിക്കറ്റ് ലോകമൊന്നാകെ പ്രശംസിച്ചു. എന്നാല്‍, പ്രശംസനീയമായ പ്രകടനങ്ങള്‍ കൊണ്ട് മാത്രം അടയാളപ്പെടുത്തേണ്ട ഒരു കരിയറല്ല മുഹമ്മദ് ഷാമിയുടേത്.
2021 ലെ ടി.ട്വന്റി ലോകകപ്പില്‍ പാകിസ്താനെതിരെ നേരിട്ട പരാജയത്തില്‍ ഇന്ത്യന്‍ ടീമിലെ ഏക മുസ്‌ലിം കളിക്കാരനായ മുഹമ്മദ് ഷമി, വലിയ രീതിയിലുള്ള വംശീയ അധിക്ഷേപത്തിന്റെയും വിദ്വേഷത്തിന്റെയും കുത്തൊഴുക്ക് തന്നെ നേരിട്ടു. മുസ്‌ലിമാണെന്ന ഒറ്റ കാരണത്താല്‍ തന്നെ അയാളുടെ ദേശീയതയും, ദേശസ്‌നേഹവുമെല്ലാം നിര്‍ദയം ചോദ്യം ചെയ്യപ്പെട്ടു. ഇന്ത്യന്‍ ടീമിലെ 'ബ്ലഡി പാകിസ്താനി' എന്ന ചാപ്പയും മുഹമ്മദ് ഷമിക്ക് ഏറ്റുവാങ്ങേണ്ടി വന്നു. പാകിസ്താനിലേക്ക് പോകൂ എന്നൊരു വര്‍ഗീയക്കൂട്ടം അയാള്‍ക്ക് നേരെ ആക്രോശിക്കുമ്പോഴും, ഒട്ടും പ്രകോപിതനാകാത്ത അസാമാന്യമായ ഉള്‍ക്കരുത്തിന്റെയും മനോധൈര്യത്തിന്റെയും കൂടി പേരായി മാറി ഷമി.
തനിക്കു നേരെ ഉയര്‍ന്ന വംശീയ ആക്രമണങ്ങള്‍ക്ക് തികഞ്ഞ സമചിത്തതയോടെയാണ് ഷമി മറുപടി നല്‍കിയിട്ടുള്ളത്. വെറുപ്പില്‍ നിന്നും അപരവിദ്വേഷത്തില്‍ നിന്നും മാത്രം ഉയര്‍ന്നു വരുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ തന്റെ പ്രകടനത്തെയോ താന്‍ ഇഷ്ടപ്പെടുന്ന കായികരംഗത്തോടുള്ള പ്രതിബദ്ധതയെയോ ബാധിക്കാന്‍ അദ്ദേഹം ഒരിക്കലും അനുവദിച്ചിട്ടില്ല. വിവിധ മതസ്ഥര്‍ക്കിടയില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും, പൊതുപരിപാടികളിലൂടെയും അദ്ദേഹം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുകയും തന്റെ മതത്തിന്റെ പോസിറ്റീവ് വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തുകൊണ്ട്, സ്റ്റീരിയോടൈപ്പുകള്‍ ഇല്ലാതാക്കുന്നതിലും കൂടുതല്‍ ഇന്‍ക്ലൂസീവായ ഒരു സമൂഹത്തെ വളര്‍ത്തുന്നതിലും ഷമി നിര്‍ണായകമായ പങ്കുവഹിച്ചു.
ക്രിക്കറ്റിലെ ഷമിയുടെ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം മാത്രമാകുന്നില്ല, തുടര്‍ച്ചയായി പാര്‍ശ്വവത്കരിക്കപ്പെടുന്ന, അപരവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഇരകളാകേണ്ടി വരുന്ന മുസ്‌ലിം സമുദായത്തിന് തന്നെ അഭിമാനവും പ്രചോദനവുമാണ്.
മുന്‍വിധികളേയും വിവേചനപരമായ നിലപാടുകളേയും വെല്ലുവിളിച്ചുകൊണ്ടുള്ള, അദ്ദേഹത്തിന്റെ പ്രതിഭയുടെയും അര്‍പ്പണബോധത്തിന്റെയും തെളിവാണ് ഈ കഴിഞ്ഞ ലോകകപ്പിലെ അസാധാരണ പ്രകടനം. പിച്ചിലെ ഷമിയുടെ ബൗളിംഗ് മികവ് കാണേണ്ട കാഴ്ച തന്നെയായിരുന്നു. കുറ്റമറ്റ ലൈനിലും ലെങ്തിലും സ്വിംഗ് ചെയ്യാനും പേസ് സൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ്, ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ വരെ വിറപ്പിക്കുന്ന മനോഹര കാഴ്ച്ചയാണ് നമുക്ക് സമ്മാനിച്ചത്. ഓരോ വിക്കറ്റ് വീഴ്ത്തുമ്പോഴും, ഓരോ റണ്‍സ് നേടുമ്പോഴും, ഓരോ മത്സരത്തിലും വിജയിക്കുമ്പോഴും, ഷമി സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്തു കൊണ്ടേയിരുന്നു. മികവിന് മതപരമോ സാംസ്‌കാരികമോ ആയ അതിരുകളില്ലെന്ന് അയാള്‍ തെളിയിച്ചു.
ക്രിക്കറ്റിലെ ഷമിയുടെ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടം മാത്രമാകുന്നില്ല, തുടര്‍ച്ചയായി പാര്‍ശ്വവത്കരിക്കപ്പെടുന്ന, അപരവിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഇരകളാകേണ്ടി വരുന്ന മുസ്‌ലിം സമുദായത്തിന് തന്നെ അഭിമാനവും പ്രചോദനവുമാണ്. അസാധാരണമായ വൈദഗ്ധ്യവും മാന്യമായ പെരുമാറ്റവും കൊണ്ട്, ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ സഹിഷ്ണുതയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി മാറാന്‍ ഷമിക്ക് കഴിയുന്നു. ദേശീയതയെ അളക്കുന്നത് മതത്തിന്റെയും സമുദായത്തിന്റെയും അളവുകോല്‍ കൊണ്ടാവരുത് എന്നതിന്റെ ശക്തമായ സാക്ഷ്യപത്രമാണ് മുഹമ്മദ് ഷമി. നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടും, നിരന്തരം സ്വയം തെളിയിക്കേണ്ടി വന്നിട്ടും, നിവര്‍ന്നു തന്നെ അയാള്‍ നിന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് മാച്ച് നടക്കുമ്പോള്‍ തൊട്ടടുത്ത് ഇരിക്കുന്ന മുസ്‌ലിമിനോട് 'നിങ്ങള്‍' ആരെ പിന്തുണക്കുമെന്ന 'നിസ്സാര' ചോദ്യത്തില്‍ തുടങ്ങുന്ന 'നിങ്ങളും' 'ഞങ്ങളും' എന്ന വര്‍ഗീയ ദ്വന്ദ്വത്തെ ക്‌ളീന്‍ ബൗള്‍ഡാക്കുന്നു മുഹമ്മദ് ഷമിയെന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍.