ഡല്‍ഹി പ്രളയം: മേല്‍പാലങ്ങള്‍ ക്യാമ്പുകളാക്കിയ മനുഷ്യര്‍

രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും അപ്പുറം, ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് കൃത്യമായ ഇടപെടലും ശാശ്വത പരിഹാരം തേടലും ഇല്ലാത്തിടത്തോളം രാജ്യതലസ്ഥാനം ഇനിയും പ്രളയങ്ങളും ദുരന്തങ്ങളും നേരിടേണ്ടി വരും.

Update: 2023-09-10 14:33 GMT
Advertising

നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ജീവന്‍ചേര്‍ത്ത് പിടിച്ച് സുരക്ഷിതമായ ഇടത്തേക്ക് പലായനം ചെയ്യുന്ന ഒരുകൂട്ടം സാധാരണ മനുഷ്യരെ രാജ്യതലസ്ഥാനം എല്ലാവര്‍ഷവും കാണാറുണ്ട്. മേല്‍വിലാസം ഉള്ള മനുഷ്യരേക്കാള്‍ അതില്ലാതെ ജീവിക്കുന്ന മനുഷ്യരുടെ ഇടമാണ് ഡല്‍ഹി. ഒരു ചാറ്റല്‍ മഴപോലും അവരുടെ നെഞ്ചിടിപ്പ് കൂട്ടും. ഒരു കരിയിലക്കാറ്റിന് പോലും താങ്ങാന്‍ കഴിയാത്ത കൂരയ്ക്കുള്ളിലാണ് അവര്‍ ഓരോരുത്തരുടെയും ജീവിതം.

നഷ്ടപ്പെട്ട വീടുകളും ജീവിതങ്ങളും ഓര്‍മയാക്കി ഈ പ്രളയക്കാലവും കടന്നു പോയേക്കാം. അപ്പോഴും ഈ നഗരം ഇനിയൊരു മഹാപ്രളയത്തിന്റെ ഭീതിയിലാണെന്ന് ഓര്‍ക്കണം. ഇത്തവണയും വില്ലനായി വന്നത് യമുന തന്നെയാണ്. എന്നാല്‍, യമുനയെ മാത്രം പഴിചാരി രക്ഷപ്പെടാന്‍ ഭരണകൂടത്തിന് കഴിയുമോ?! 1978ലെ പ്രളയം കേട്ടറിഞ്ഞ കഥ മാത്രമായിരുന്നെങ്കില്‍ ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം യമുന നിറഞ്ഞൊഴുകി ഡല്‍ഹിയാകെ പ്രളയഭീതിയിലായത് നേരില്‍ കാണുമ്പോഴും പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയതേയില്ല.


1978ലെ പ്രളയത്തില്‍ യമുനയുടെ ജലനിരപ്പ് 207. 46 മീറ്റര്‍ ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 208.66 മീറ്റര്‍ ഉയര്‍ന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചങ്ങള്‍ എല്ലാം തെറ്റിച്ചാണ് യമുന നിറഞ്ഞൊഴുകിയത്. ചരിത്രത്തില്‍ ഇന്നേ വരെ വെള്ളം കയറിയിട്ടില്ലാത്ത രാജ്ഘട്ട് വരെ പ്രളയത്തില്‍ മുങ്ങിപ്പോയി. സുപ്രീം കോടതി, ഐ.ടി.ഒ, സിവില്‍ ലൈന്‍സ്, കശ്മീരി ഗേറ്റ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലൊക്കെ വെള്ളം ഇരച്ചുകയറി. തുടര്‍ച്ചയായി പെയ്ത മഴയും ഹരിയാന സര്‍ക്കാര്‍ ഹാത്‌നികുണ്ട് ഡാമില്‍ നിന്ന് വെള്ളം ഡല്‍ഹിയിലേക്ക് മാത്രം ഒഴുക്കി വിട്ടതുമാണ് യമുനയില്‍ വെള്ളം നിറഞ്ഞതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റൊരു പ്രധാന കാരണം കൂടി നാം മറക്കരുത്. മുന്‍പ് യമുന ഒഴുകിയിരുന്ന ഇടത്തെല്ലാം ഇന്ന് വലിയ കെട്ടിടങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. നദിയുടെ ഒഴുക്കിനെ തന്നെ തടസപ്പെടുത്തുന്ന രീതിയിലാണ് കെട്ടിടങ്ങളും വീടുകളും ഉയര്‍ന്നത്.

വെള്ളം ഒഴുക്കാന്‍ സംവിധാനം വേണം

കോളോണിയല്‍ കാലഘട്ടത്തില്‍ രൂപപ്പെട്ട നഗരാസൂത്രണത്തെ അടിസ്ഥാനമാക്കിയാണ് ഇന്നും ഡല്‍ഹി നഗരം നിലകൊള്ളുന്നത്. 1970കളില്‍ പണികഴിപ്പിച്ച ഡ്രൈനേജ് സിസ്റ്റം ഇന്നും ഒരു മാറ്റവുമില്ലാതെ തുടരുന്നു. ഡ്രൈനേജ് അടഞ്ഞുപോകുന്നതാണ് നഗരത്തില്‍ വെള്ളം കെട്ടിക്കിടക്കുന്നത്തിന്റെ പ്രധാനകാരണം. ഗവണ്മെന്റ് നിര്‍ദേശപ്രകാരം ഐ.ഐ.ടി ഡല്‍ഹി 2018 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ ഗവേണിംഗ് സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയിരുന്നു. യമുനാ നദിയില്‍ നിന്നുള്ള വെള്ളം നഗരത്തിലേക്ക് കടക്കാതിരിക്കാന്‍ സ്ഥാപിച്ച റഗുലേറ്റര്‍ ശക്തമായ ഒഴുക്കില്‍ തകര്‍ന്നതും വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണമായി.

അന്നത്തെ ഡല്‍ഹിയിലെ ജനസംഖ്യ 60 ലക്ഷം മാത്രമായിരുന്നുവെങ്കില്‍ ഇന്നത് നാലിരട്ടിയാണ്. അതായത് ഏകദേശം 2.5 കൊടിയോളം വരും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അനേകം ഗല്ലികളും ഡല്‍ഹിയിലുണ്ട്. ഈ ജനസംഖ്യ വര്‍ധനവിനോട് ചേരുന്ന സംവിധാനം ഇല്ലാത്തകാലത്തോളം ഡല്‍ഹി ഇനിയും മഹാപ്രളയങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും എന്ന യഥാര്‍ഥ്യത്തിന് നേരെയാണ് ഭരണകൂടങ്ങള്‍ കണ്ണടക്കുന്നത്. ഇതെല്ലം ബാധിക്കുന്നത് ആ പാവപ്പെട്ട മനുഷ്യരേയുമാണ്.


ക്യാമ്പുകളിലായ ജീവിതം

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ നിന്നും കാല്‍ലക്ഷത്തോളം മനുഷ്യരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ദുരിതം തൊട്ടത് യമുനയുടെ തീരത്ത് താമസിക്കുന്ന സാധാരണ മനുഷ്യരെയാണ്. അവരുടെ വീടുകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം ഇറങ്ങിയാല്‍ തിരികെ ചെന്ന് താമസിക്കാന്‍ പറ്റുമോയെന്ന് കൂടി അറിയില്ല. പലരും ഒരാഴ്ചയി റോഡരികിലും മേല്‍പ്പാലങ്ങളുടെ അടിയിലുമായാണ് താമസം. വെള്ളവും വെളിച്ചവും പലര്‍ക്കും കിട്ടുന്നില്ല. കുട്ടികളും പ്രായമായവരും അടക്കം ദുരിതത്തിലാണ്. വരുമാനം ഇല്ലാതെ പെരുവഴിയിലായതിന്റെ ദുരിതകഥയാണ് ഇവര്‍ക്ക് പറയാന്‍ ഉള്ളത്. പുറമ്പോക്കുകളില്‍ അടക്കം താമസിച്ചിരുന്നവരും വലിയ ആശങ്കയിലാണ്. ഒരാഴ്ചയായി ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ കുടിവെള്ളവും മുടങ്ങി.


ശാശ്വത പരിഹാരം വേണം

രാഷ്ട്രീയ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും അപ്പുറം, ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് കൃത്യമായ ഇടപെടലും ശാശ്വത പരിഹാരം തേടലും ഇല്ലാത്തിടത്തോളം രാജ്യതലസ്ഥാനം ഇനിയും പ്രളയങ്ങളും ദുരന്തങ്ങളും നേരിടേണ്ടി വരും. കാലാനുസൃതമായ മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കിയെടുത്താല്‍ മാത്രമേ ഡല്‍ഹിയെ പ്രളയഭീതിയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കുകയുള്ളൂ. രാജ്യം സ്വാതന്ത്രത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യതലസ്ഥാനം ആവശ്യപ്പെടുന്നത് സമയാനുസൃതമായ ആസൂത്രണമാണ്. അസാധാരണമായ മഴയെയും ജനസംഖ്യ വര്‍ധനവിനെയും കവച്ചുവെക്കാന്‍ പോരുന്ന പുതിയ ഡ്രൈനേജ് മാതൃകകള്‍ ഉണ്ടാക്കിയെടുക്കുകയെന്നത് ഒരു ജനതയോടുള്ള ഭരണകൂടങ്ങളുടെ ഉത്തരവാദിത്വമാണ്.

(ഡല്‍ഹി യൂണിവേഴ്സിറ്റി മുന്‍ വിദ്യാര്‍ഥിനിയാണ് ശരണ്യ രാജന്‍)


Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ശരണ്യ രാജന്‍

Writer

Similar News