പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ്: അധികാര നിര്‍വചനവും ഭരണകൂട താല്‍പര്യവും

പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ്, വസ്തുതാപരമോ അവലംബനീയമോ ആയ മാര്‍ഗമല്ലെന്നും സങ്കുചിത രാഷ്ട്രീയ നേട്ടമേ അതുകൊണ്ട് നേടാന്‍ കഴിയൂ എന്നുമാണ് നോം ചോംസ്‌കിയുടെ കണ്ടെത്തലുകള്‍.

Update: 2024-09-10 13:10 GMT
Advertising

അധികാരം, രാഷ്ട്രീയ വിനിയോഗം, പൊളിറ്റിക്കല്‍ ഹെജിമണി തുടങ്ങിയ മേഖലകളില്‍ നിന്ന് രാജ്യത്തെ പൗരരെ മാറ്റിനിര്‍ത്താന്‍ കഴിയാത്തൊരു സാഹചര്യത്തിലാണ് നാം ഓരോരുത്തരും. ഇത്തരമൊരു സാഹചര്യം മുന്‍ നിര്‍ത്തി സുതാര്യമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് സത്യാനന്തര കാലത്തെ പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ് മെത്തഡോളജി എന്നത്. ഇവ്വിഷയകമായി ധാരാളം അക്കാദമിക് റിസര്‍ച്ചുകള്‍ നടന്നിട്ടുണ്ടങ്കിലും അവയൊന്നും കാര്യമായി വായിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ല എന്നതാണ് യാഥാര്‍ഥ്യം. പൊള്ളയായ ഇത്തരം വസ്തുതകളെ വലിയൊരു ജനതക്കുമുമ്പില്‍ യുക്തിയില്ലായ്മയോടെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കപടതയെയാണ് 'ഓണ്‍ ബുള്‍ഷിറ്റ്' എന്ന പുസ്തകത്തില്‍ ആദ്യമായി ഈ മെത്തഡോളജിയെ പരിചയപ്പെടുത്തിയ ഫ്രാങ്ക്ഫര്‍ട്ട് നിര്‍വചിച്ചത്.

നിരവധി പഠനങ്ങളില്‍ പ്രത്യയശാസ്ത്രപരമായ നിലപാടുകളും കപടമായ ബുള്‍ഷിറ്റിലേക്കുള്ള സ്വീകാര്യതയും തമ്മിലുള്ള ബന്ധം തെളിയിച്ചിട്ടുണ്ട്. അമേരിക്കന്‍ തത്വചിന്തകനായ നോം ചോംസ്‌കി തന്റെ ആര്‍ട്ടിക്കിളില്‍ യുഎസിലെ ബുള്‍ഷിറ്റിന്റെ സാധ്യതയെ വിവരിക്കുന്നിടത്ത് അവിടത്തെ നവലിബറലുകളും റിപ്പബ്ലിക്കന്‍ അനുകൂലികളും യാഥാസ്ഥികരും ബുള്‍ഷിറ്റിന് അടിമയാണെന്ന് വ്യക്തമാക്കുന്നതിനോടൊപ്പം അത് വരുത്തിവെക്കുന്ന അനന്തര സാഹചര്യങ്ങളെ വിവരിക്കുന്നുണ്ട്.

പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ്, മുഖ്യമായും അതിലടങ്ങിയ പ്രസ്താവനകളെയാണ് വിവരിക്കുന്നത്. ഇതിലൂടെ രാഷ്ട്രീയക്കാര്‍ ലക്ഷീകരിക്കുന്നത് വോട്ടര്‍മാരെയും ഒന്നും പറയാതെ എന്തെങ്കിലും പറയുക എന്ന അടിസ്ഥാനമില്ലായ്മയെയുമാണ്. പലപ്പോഴും ഇത് പ്രാവര്‍ത്തികമാക്കുന്നതിലൂടെ ചില സങ്കുചിത രാഷ്ട്രീയ ഒളിയജണ്ടകളെ വെളുപ്പിക്കാനും ആള്‍ ബലം പെരുപ്പിക്കാനും സാധ്യമായിട്ടുണ്ട്. ബുള്‍ഷിറ്റ്, രാഷ്ട്രീയത്തിലുപരി സാഹിത്യത്തിലും കടന്നുവന്നതിനെ പറ്റി പെന്നികൂക്കും സഹപ്രവര്‍ത്തകരും പരാമര്‍ശിച്ചത് തിയറിയായി വിവരമില്ലായ്മയെ ലളിതവത്കരിക്കാനുള്ള ശ്രമമെന്നോണമാണ്. അത്തരം പ്രബുദ്ധരായ, എന്‍സൈക്ലോപീഡിയക്കു മുമ്പില്‍ സദാസമയവും ചിലവഴിക്കുന്നവരാണ് ഇത്തരമൊരു അപചയത്തിനു പിന്നില്‍.

പൊളിറ്റിക്കല്‍ ബുള്‍ഷിറ്റിനെ സമര്‍ഥമായി ഉപയോഗിക്കുകയാണ് നിലവിലെ വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍. ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍, വിശിഷ്യ ഫാസിസ്റ്റ് മാനിപ്പുലേറ്റ് പാര്‍ട്ടികള്‍ തുടരുന്ന രീതിയും ഇതുതന്നെയാണ്.

പൊളിറ്റിക്കല്‍ സ്പെക്ട്രത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള വ്യക്തികള്‍ കൂടുതല്‍ രാഷ്ട്രീയ വിഡ്ഢിത്വം അറിഞ്ഞ് തന്നെ ഉപയോഗിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ അനുഭവ ഗവേഷണം ആവശ്യമായി വരുമ്പോള്‍ ഇന്ത്യന്‍ സമകാലീന രാഷ്ട്രീയത്തെ നമുക്ക് നോക്കാവുന്നതാണ്. തദ്വിഷയമായി അവലോകനം ചെയ്ത കോര്‍ണല്‍ യൂണിവേഴ്സ്റ്റി അസിസ്റ്റന്റ് പ്രാഫസര്‍ പെന്നികൂക്കിന്റെ അവസാന ഗവേഷണം സൂചിപ്പിക്കുന്നത് ബുള്‍ഷിറ്റും രാഷ്ട്രീയ പ്രത്യയശാസ്ത്രവും തമ്മിലുള്ള ബന്ധത്തിന്റെ ആഴങ്ങളെയാണ്. എന്നിരുന്നാലും, ഇവ താരതമ്യേന വിദൂര നിര്‍മിതികളായതിനാല്‍ രാഷ്ട്രീയ ബുള്‍ഷിറ്റിന്റെ അംഗീകാരം അളക്കുന്നത് കൂടുതല്‍ പ്രസക്തവും ഉള്‍ക്കാഴ്ചയുള്ളതുമാണെന്നതാണ് പെന്നികൂക്കിന്റെ വാദങ്ങള്‍.

ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രാഫസറായ ബെര്‍ട്ടിജന്‍ ഡോസ്ജിയുടെ രാഷ്ട്രീയ ബുള്‍ഷിറ്റിനെക്കുറിച്ചുള്ള നിര്‍വചനം ബുള്‍ഷിറ്റിംഗിന് രണ്ട് വശങ്ങളുണ്ടെന്ന കണ്ടെത്തലുമായി നന്നായി പ്രതിധ്വനിക്കുന്നുണ്ട്. ആംസ്റ്റര്‍ഡാം യൂണിവേഴ്സ്റ്റിയിലെ സോഷ്യല്‍ സൈക്കോളജിയിലെ ഗവേഷകനായ ലിട്രല്‍ പറഞ്ഞതുപ്രകാരം വോട്ടര്‍മാരെ ആകര്‍ഷിക്കുകയും, ഒരു പ്രത്യേക അജണ്ടയ്ക്ക് പിന്തുണ നേടുകയുമാണ് ഒന്നാമത്തെതിലൂടെ ലക്ഷ്യമിടുന്നത്, അതേസമയം രണ്ടാമത്തേത് രാഷ്ട്രീയക്കാര്‍ അവരുടെ ആശയവിനിമയം അമൂര്‍ത്തമായി സൂക്ഷിക്കുകയും ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം നല്‍കുന്നത് ഒഴിവാക്കുന്ന രീതിയെയുമാണ്. ഈ രണ്ട് സവിശേഷതകളുമായി ചേര്‍ന്ന്, രാഷ്ട്രീയക്കാര്‍ വോട്ടര്‍മാരെ പിന്തിരിപ്പിക്കാന്‍ അവ്യക്തമായ പ്രസ്താവനകള്‍ ഉപയോഗിച്ച് പ്രേരിപ്പിക്കാന്‍ ശ്രമിച്ചേക്കാം. ഈ രീതിയില്‍, പൊളിറ്റിക്കല്‍ ബുള്‍ഷിറ്റിനെക്കുറിച്ചുള്ള ബോര്‍ട്ടിജന്‍ ഡോസ്ജിയുടെ കണ്ടത്തലുകള്‍ ശരിയാണ്. 


എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിലെ പ്രാഫസരായ ബെന്‍ റോസമുണ്ട് പറഞ്ഞതു പ്രകാരം പോപ്പുലിസത്തില്‍ നിന്ന് ഉണ്ടാവുന്ന മിഥ്യയും പൊളിറ്റിക്കല്‍ ബുള്‍ഷിറ്റും രണ്ടും വ്യത്യസ്തധാരയാണ്. രാഷ്ട്രീയ ലക്ഷീകരണത്തിനാണ് ഇവ കൂടുതല്‍ ഉപയോഗിച്ചുവരുന്നത്. ഇത്തരം അബദ്ധജഡില പ്രസ്താവനകളെ പ്രയോഗവത്കരിക്കുന്നതിലൂടെ പ്രധാനമായും നേടിയെടുക്കുന്നത് മൂന്ന് രീതിയെയാണ്. ഒന്ന്, പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ് എന്ന ആശയം സൈദ്ധാന്തികമായി രൂപപ്പെടുത്തുക. രണ്ട്, രാഷ്ട്രീയ ബുള്‍ഷിറ്റിലേക്കുള്ള സ്വീകാര്യത പ്രവര്‍ത്തനക്ഷമമാക്കുക. മൂന്ന്, മറ്റ് സ്വഭാവവിശേഷങ്ങള്‍, പ്രത്യയശാസ്ത്രം, വോട്ടിംഗ് സ്വഭാവം എന്നിവയുമായുള്ള രാഷ്ട്രീയ ബുള്‍ഷിറ്റിന്റെ സ്വീകാര്യതയുടെ ബന്ധം പര്യവേക്ഷണം ചെയ്യുക എന്നീ രീതിയെയാണ്. ഈ വിഷയവുമായി മുമ്പത്തെ പഠനങ്ങളിലേതു പോലെ പ്രത്യയശാസ്ത്ര സാമ്പത്തിക വിഷയങ്ങളിലെ ജനകീയതയുമായി ബന്ധപ്പെട്ടിരിക്കുന്ന ചില രാഷ്ട്രീയ വിഡ്ഢിത്ത രീതികള്‍ മാത്രമാണിതൊക്കെ. രാഷ്ട്രീയ ബുള്‍ഷിറ്റ് പ്രസ്താവനകള്‍ എല്ലാം പ്രത്യയശാസ്ത്രപരമായ വേരിയബിളുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും, മുദ്രാവാക്യങ്ങളുടെ അംഗീകാരം തുടങ്ങിയവയിലൊന്നും പരസ്പര ബന്ധമില്ല. മറുവശത്ത്, ബുള്‍ഷിറ്റ് പ്രോഗ്രാമുകള്‍ സാമൂഹിക പ്രത്യയശാസ്ത്രവും നവലിബറലിസ്റ്റിക് പിന്തുണയുമായി കെട്ടുപിണഞ്ഞതായും കാണാന്‍ സാധിക്കുന്നുണ്ട്. മൊത്തത്തില്‍, ഈ രണ്ടിലും പരസ്പര ബന്ധത്തിന്റെ കണിക ബാഹ്യമായി നമുക്ക് കാണാതെ വരുന്നു.

'ബുള്‍ഷിറ്റ് 'എന്ന പദത്തിന് കോളോക്കിയലായി ധാരാളം അര്‍ഥം ഉണ്ടങ്കിലും 'രാഷ്ട്രീയ ശൂന്യത' എന്ന ലേബലില്‍ നിഷ്പക്ഷമായി ഉപയോഗിക്കലാവും കൂടുതല്‍ അനുയോജ്യമാവുക. ഈ ആശയത്തിന്റെ സാമ്യത ഇതിനകം സ്ഥാപിതമായതു പോലെ പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ് എന്ന രീതിയില്‍ പ്രിന്‍സ്റ്റര്‍ യൂണിവേഴ്സ്റ്റിയിലെ പിഡിഎഫ് ഗവേഷകരായ സ്റ്റെര്‍ലിംഗും കൂട്ടരും യുഎസ്, സെര്‍ബിയ, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഇവ എത്രത്തോളം വ്യാപിച്ചു കിടക്കുന്നതാണെന്ന് കണ്ടത്തുന്നുണ്ട്. എഡല്‍മാന്‍ നിര്‍വചിച്ച പോലെ പൊളിറ്റിക്കല്‍ ബുള്‍ഷിറ്റിനെ സമര്‍ഥമായി ഉപയോഗിക്കുകയാണ് നിലവിലെ വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍. ഇന്ത്യന്‍ ഭരണകര്‍ത്താക്കള്‍, വിശിഷ്യ ഫാസിസ്റ്റ് മാനിപ്പുലൈറ്റ് പാര്‍ട്ടികള്‍ തുടരുന്ന രീതിയും ഇതു തന്നെയാണ്. മന്‍കീ ബാതിലെന്നപോലെ വിദേശ രാജ്യങ്ങിലെ ട്രംപും പുടിനും തുടങ്ങി രാഷ്ട്രീയ നേതാക്കള്‍ തള്ള് രാഷ്ട്രീയത്തെ ആധികാരിതയോടെ സമര്‍ഥിക്കുമ്പോള്‍ സോഷ്യോളജിക്കലും സൈക്കോളജിക്കലും പൊളിറ്റിക്കലുമായി അവ ചെലുത്തുന്ന രീതികളെ നാം ആരും മുഖവിലക്കെടുത്ത് പരിശോധിക്കാറില്ല. പൊളിറ്റിക്കല്‍ ബുള്‍ഷിറ്റിനെ കുറിച്ചുള്ള അധിക ജേണലുകളും മതനിരപേക്ഷ സൗഹാര്‍ദ മൂല്യങ്ങളെ കളങ്കപ്പെടുത്തുമെന്നും അവ വരുത്തിവെക്കുന്ന പാര്‍ശ്വഫലങ്ങള്‍ വലുതാണന്നും മുന്നറിയിപ്പ് തരുന്നുണ്ട്. 


പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ് സ്വതന്ത്ര കമ്പോളത്തിനുള്ള പിന്തുണയുമായി നിരന്തരം ബന്ധപ്പെട്ടിരിക്കുന്നുവെങ്കിലും സാമ്പത്തിക പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ല എന്നത് ആശ്ചര്യകരമാണ്. കാരണം, സ്വതന്ത്ര കമ്പോളം വലതുപക്ഷ സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി പൊഫസര്‍ ഹാര്‍വി ഈ പൊരുത്തക്കേടിന് കണ്ടത്തിയത് രണ്ട് പ്രധാന കാരണങ്ങളാണ്. ഒന്നാമതായി, സ്വതന്ത്ര കമ്പോളത്തിനുള്ള പിന്തുണ രണ്ടു ഇനങ്ങളുപയോഗിച്ച് അളന്നു, അതില്‍ നിന്ന് കൃത്യമായി അളവെടുക്കല്‍ സാധ്യമാവാതെ വരുന്നു. രണ്ടാമതായി, സ്വതന്ത്ര കമ്പോളത്തിനും സാമ്പത്തിക പ്രത്യയശാസ്ത്രത്തിനും വേണ്ടിയുള്ള പിന്തുണ ഒരേ നിര്‍മിതികളല്ല എന്നീ കാരണങ്ങളാണ്. രസകരമെന്നു പറയട്ടെ, സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങളില്‍ ബുള്‍ഷിറ്റിന് പ്രത്യയശാസ്ത്രവുമായുള്ള ബന്ധം കുറവാണ്. ബുള്‍ഷിറ്റ് പ്രോഗ്രാമുകളുടെ അംഗീകാരം മാത്രമാണ് സാമൂഹികവും സാമ്പത്തികവുമായ പ്രത്യയശാസ്ത്ര നിലപാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതേസമയം രാഷ്ട്രീയ ബുള്‍ഷിറ്റ് പ്രസ്താവനകള്‍ സാമൂഹിക പ്രത്യയശാസ്ത്രവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ വിഡ്ഢിത്ത കുപ്രചാര നടപടികള്‍ നിരന്തരം പരസ്പരബന്ധിതമായിരുന്നു എന്നത് അതിശയകരമാണ്.

മറ്റൊന്ന് രാഷ്ട്രീയ അപചയത്തിന് വഴിയൊരുക്കുന്നതില്‍ എന്തുകൊണ്ടാണ് പ്രത്യയശാസ്ത്രപരമായ അസമ്മതികള്‍ ഉണ്ടാകുന്നത് എന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ട്. ഡെപ്പെ പറഞ്ഞതു പ്രകാരം വലതുപക്ഷ വ്യക്തികള്‍ക്ക് കൂടുതല്‍ അവബോധജന്യമായ ചിന്താ ശൈലി ഉള്ളതിനാല്‍ ഹ്യൂറിസ്റ്റിക് പ്രോസസ്സിംഗിനെ കൂടുതല്‍ ആശ്രയിക്കുന്നു, ഇതിലൂടെ അതിനെ വ്യക്തത വരുത്തുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. വാസ്തവത്തില്‍, സ്റ്റെര്‍ലിംഗും സഹപ്രവര്‍ത്തകരും കണ്ടെത്തിയതുപോലെ, ഹ്യൂറിസ്റ്റിക്, പക്ഷപാതപരമായ പ്രോസസ്സിംഗും അവബോധത്തിലുള്ള വിശ്വാസവും ഉള്‍പ്പെടുത്തുമ്പോള്‍ നവലിബറലിസവും അഗാധമായ ബുള്‍ഷിറ്റും തമ്മിലുള്ള ബന്ധം അപ്രത്യക്ഷമാകുന്നു. എന്നിരുന്നാലും, യാഥാസ്ഥിതികരും വലതുപക്ഷ വോട്ടര്‍മാരും അവ്യക്തമായ രാഷ്ട്രീയ വാചാടോപങ്ങളോട് സ്വീകാര്യത കാണിക്കാത്തതിന്റെ കാരണങ്ങളുമുണ്ട്. അവര്‍ക്ക് നിശ്ചയദാര്‍ഢ്യം കുറഞ്ഞതിനാലാണെന്നതാണ് ചിരുമ്പോളോയുടെ വാദം.

ലണ്ടന്‍ ഗവണ്‍മെന്റിനു കീഴിലുള്ള പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ എല്‍എസ്ഇ 2018 ജനുവരി മുപ്പതിന് സംഘടിപ്പിച്ച 'ബുള്‍ഷിറ്റ്' സത്യാനന്തര രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ചര്‍ച്ച ചെയ്ത ജൂറിമാരിലൊരാളായ ഡി അന്‍കോണ ഈ പ്രതിഭാസങ്ങളുടെ പ്രോവിഡന്‍സ് വിശദകീരിച്ചപ്പോള്‍ അതു മുഖാന്തരം പരിണിതമാവുന്ന പ്രശ്നങ്ങളെ വളരെ ആഴത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ബിസിനസ്സ് പദപ്രയോഗങ്ങള്‍, പ്രായോഗിക പ്രയോജനമില്ലാത്ത വ്യവഹാരങ്ങള്‍, ഹൈപ്പര്‍-റിയാലിറ്റി, സോഷ്യല്‍ പെര്‍ഫോമന്‍സിവിറ്റി തുടങ്ങിയ കൂടുതല്‍ ദാര്‍ശനിക ആശയങ്ങളടങ്ങിയ പലതരം ബുള്‍ഷിറ്റ് രീതിയെ പാനലിസ്റ്റുകള്‍ ചര്‍ച്ചയില്‍ പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍, അതിശയകരമെന്നു പറയട്ടെ, ബുള്‍ഷിറ്റിന്റെയും ആഗോള രാഷ്ട്രീയത്തിന്റെയും ക്രോസ്-സെക്ഷന്‍ സംഭാഷണത്തില്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഉണ്ടായത്. അത്രയും വ്യാപകമായി ബുള്‍ഷിറ്റ് അനുകൂലികള്‍ നമുക്കിടയില്‍ വളര്‍ന്നെന്നു ചുരുക്കം.

പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ് പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയാന്തരീക്ഷത്തെ വിലയിരുത്തല്‍ ഉചിതമാവുമെന്ന് കരുതുന്നു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍, ഓരോ പൗരനും പതിനായിരം രൂപ, സാധനങ്ങള്‍ക്ക് നിശ്ചിത തുക, കര്‍ഷക കുടുംബങ്ങള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ഡിജിറ്റല്‍ ഇന്ത്യ, ഇന്ധന വില കുറയ്ക്കല്‍, കള്ളപ്പണം പിടിക്കല്‍ തുടങ്ങി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ്വക്കായിട്ടും മോദി സര്‍ക്കാരിനെ തന്നെയാണ് ജനങ്ങള്‍ തെരഞ്ഞടുത്തത്. ഇവിടെ പുനഃപരിശോധിക്കേണ്ട മറ്റൊരു കാര്യം യുപി പോലുള്ള സംസ്ഥാനങ്ങളില്‍ കാര്യമായിട്ട് നേതാക്കള്‍ ഇറങ്ങുക ഇലക്ഷന്‍ മാസങ്ങളിലാണ്. അന്ന് പണമെറിഞ്ഞും വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് അവിടത്തുകാരെ തങ്ങള്‍ക്കനുകൂലമായി അവര്‍ അണിനിരത്തുന്നത്. ഇതൊരു ജനാധിപത്യ പ്രക്രിയക്ക് യോജിച്ചതാണോ എന്ന് തിരക്കിയാല്‍ സത്യാനന്തര രാഷ്ട്രീയം കടന്നു വരലാണ് പതിവ്.

പൊളിറ്റിക്കല്‍ ബുള്‍ഷിറ്റ് വസ്തുതാപരമോ അവലംബനീയമോ ആയ മാര്‍ഗമല്ലെന്നും സങ്കുചിത രാഷ്ട്രീയ നേട്ടമേ അത് നേടൂ എന്നും അതിന്റെ വിന ഏച്ചുകെട്ടാന്‍ സാധിക്കാത്തതുമാണെന്നാണ് നോം ചോംസ്‌കിയുടെ കണ്ടെത്തലുകള്‍. ബുള്‍ഷിറ്റിനെ ഹൈജാക്ക് ചെയ്ത് ഇതര വിഷയങ്ങളെക്കാള്‍ പെരുപ്പിച്ച് കാണിക്കുന്നത് മാധ്യമങ്ങിലെ പതിവു കാഴ്ചയായി മാറിയിരിക്കുകയാണ്.

അറുപത് എഴുപതുകളില്‍ നടന്ന പ്രോപ്പഗണ്ടയുടെ സാമൂഹ്യ ശാസ്ത്ര വീക്ഷണങ്ങള്‍ക്കിടയില്‍ മികച്ച സാമൂഹ്യ ശാസ്ത്രജ്ഞനായ ജസ്സന്‍ സ്റ്റാലിയുടെ പേഴ്‌സണാലിറ്റി 'കള്‍ട്ട് ഓഫ് സ്റ്റാലിന്‍ ഇന്‍ സോവിയറ്റ് പോസ്റ്റേഴ്‌സ്' എന്ന പുസ്തകത്തില പ്രൊപ്പഗണ്ടയുടെ പ്രധാന സഞ്ചാര മാധ്യമമായി രേഖപ്പെടുത്തിയത് മാധ്യമങ്ങളെയാണ്. ലിബറല്‍ ജനാധിപത്യമെന്ന മിഥ്യാധാരണ ജനങ്ങളില്‍ നിറയ്ക്കാനും സ്വതന്ത്ര വ്യവസ്ഥയിലാണെന്ന് ബോധ്യപ്പെടുത്താനും ആന്തരികമായി മനുഷ്യനെ കണ്‍ട്രോള്‍ ചെയ്യാനും മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്ന് ജസ്സന്‍ സ്റ്റാലി പറഞ്ഞുതരുന്നുണ്ട്. സത്യാനന്തര കാലത്ത് വിലയില്ലാതെ പോകുന്ന ധാര്‍മിക മൂല്യങ്ങള്‍ക്ക് കോട്ടംതട്ടാതെ പരിപാലിക്കല്‍ പൗരസമൂഹത്തിന്റെ ബാധ്യതയാണ്.

(ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)



Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഉവൈസ് നടുവട്ടം

Research scholar

Similar News