കുടിലതകളില്‍ കുരുങ്ങാതെ ഖത്തര്‍

കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകോത്തര മാധ്യമങ്ങള്‍ 'വിവാദ ലോകകപ്പ്' എന്ന് തലവാചകം കൊടുക്കുന്നത് പോലും ചില പ്രത്യേകമായ ലക്ഷ്യങ്ങളൊടെയാണ്. ഇന്ന് ലോകകപ്പിനു തിരശ്ശീല ഉയരുമ്പോള്‍ എന്തുകൊണ്ടാകാം ഇത്രയേറെ രാജ്യങ്ങള്‍ ഒന്നിച്ച് ഖത്തറിനെ ഉന്നം വെക്കുന്നത്. വിമര്‍ശകരുടെ ഉപജാപങ്ങള്‍ക്ക്‌ പിന്നിലെ വസ്തുതകള്‍ അറിയുമ്പോള്‍ ലോകത്തിനു മുന്നില്‍ പടിഞ്ഞാറിന്റെ മുഖംമൂടികള്‍ വീണ്ടും അഴിഞ്ഞു വീഴും.

Update: 2022-12-31 13:46 GMT

ആഗോള സമൂഹം ഒണടങ്കം ഉറ്റുനോക്കുന്ന കാല്‍പന്തുകളിയുടെ ലോക മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരുമ്പോള്‍ വിവാദക്കുരുക്കിലേക്ക് തള്ളിയിട്ട് ഖത്തറിന്റെ വീര്യം കെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ തുടരുകയാണ്. ഒരു ഭാഗത്ത് യൂറോപ്പും അതിന്റെ മാധ്യമങ്ങളും ദുഷ്പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. മറുഭാഗത്ത് മറ്റു ലോകരാജ്യങ്ങളും അവരുടെ മാധ്യമങ്ങളും അത് അപ്പടി പകര്‍ത്തുന്നു. ചില അറബ് മാധ്യമങ്ങള്‍ പോലും അതില്‍ പെട്ടുപോകുന്നു എന്നതാണ് അതിലേറെ വിചിത്രമായ കാര്യം. ഖത്തറിനത് കഴിയില്ലെന്ന് ആദ്യം പറഞ്ഞ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ''ഖത്തറിനെന്താ കൊമ്പുണ്ടൊ'' എന്നാണ് ഇപ്പോള്‍ ചോദിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകോത്തര മാധ്യമങ്ങള്‍ ''വിവാദ ലോകകപ്പ്'' എന്ന് തലവാചകം കൊടുക്കുന്നത് പോലും ചില പ്രത്യേകമായ ലക്ഷ്യങ്ങളൊടെയാണെന്ന് പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ലോകകപ്പിനു തിരശ്ശീല ഉയരുമ്പോള്‍ എന്തുകൊണ്ടാണ് ഇത്രയേറെ രാജ്യങ്ങള്‍ ഒന്നിച്ച് ഖത്തറിനെ ഉന്നം വെക്കുന്നത്. വിമര്‍ശകരുടെ ഉപജാപങ്ങള്‍ക്ക്‌ പിന്നിലെ വസ്തുതകള്‍ അറിയുമ്പോള്‍ ലോകത്തിനു മുന്നില്‍ പടിഞ്ഞാറിന്റെ മുഖംമൂടികള്‍ വീണ്ടും അഴിഞ്ഞു വീഴുകയാണ്.

മുസ്‌ലിം രാജ്യമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ മദ്യപാനത്തിനു നിയന്ത്രണങ്ങളുണ്ട്. കളികാണാനായി ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും കളി ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പും കളി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും ബിയര്‍ വാങ്ങാനാകുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. മദ്യപിക്കുന്ന ആരാധകര്‍ക്കായി പ്രത്യേകമായ ഇടവും നിശ്ചയിച്ചു കൊടുത്തിട്ടുണ്ടെന്ന് ടൂര്‍ണമെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ ഖാത്തര്‍ അറിയിച്ചിരുന്നു. മത്സര സമയത്ത് മദ്യവില്‍പ്പന അനുവദിക്കില്ലെന്നുള്ളത് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ഒരു കാര്യവുമല്ലെന്നെതാണ്‌ വാസ്തവം. 

ഖത്തര്‍ എന്ന ഈ കൊച്ചു രാജ്യം സ്വതന്ത്രമായിട്ട് 52-വര്‍ഷങ്ങളെ ആയിട്ടുള്ളൂവെങ്കിലും പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള രാജ്യത്തെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി ലോകത്തെ ഏറ്റവും ധനിക രാജ്യങ്ങളൂടെ പട്ടികയില്‍ ഇടം പിടിക്കാന്‍ അവര്‍ക്ക് സാധിച്ചുവെന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളെയടക്കം ആരെയും അമ്പരപ്പിക്കുന്ന നേട്ടമാണെന്നതില്‍ സംശയിമില്ല. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം നടത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്രപദവി ഇനി ഖത്തറിനു സ്വന്തമാവുകയാണ്. ലോകത്തെ മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ മുന്നില്‍ നിന്ന രാജ്യമാണ് ഖത്തര്‍ എന്നതും ചരിത്രമാണ്. ഫലസ്തീനിലും സിറിയയിലും ഇറാഖിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം കാരുണ്യത്തിന്റെ നീരുറവയായി ഖത്തര്‍ നിലകൊണ്ടു. മേഖലയിലെ സംഘട്ടനങ്ങളുടെ നടുവില്‍ സമാധാനത്തിന്റെ ദൂതുമായി മധ്യസ്ഥതയുടെ കര്‍ത്തവ്യം നിറവേറ്റി രാഷ്ടീയമായും ഖത്തര്‍ മുന്നില്‍ നിന്നു.

വിമര്‍ശനങ്ങളുടെ പൊരുള്‍

വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു വിഷയമാണ് എല്‍.ജി.ബി.ടിക്കാരുടെ അനുമതിയുമായി ബന്ധപ്പെട്ടത്. മുസ്‌ലിം രാജ്യമായതുകൊണ്ട് ഉഭയലൈംഗിക ബന്ധക്കാര്‍, സ്വവര്‍ഗരതിക്കാര്‍, ഭിന്നലിംഗക്കാര്‍ എന്നിവര്‍ക്ക് വിസ പോലും നല്‍കില്ലെന്നുമൊക്കെയായിരുന്നു പ്രചാരണം. എന്നാല്‍, ഖത്തറിലേക്ക് ലിംഗ വിവേചനമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാമെന്ന് ലോകകപ്പ് നടത്തിപ്പുകാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. രാജ്യം പിന്തുടരുന്ന പല നിയമങ്ങളിലും ലോകകപ്പ് കാണാനെത്തുന്നവര്‍ക്കായി ഇളവു വരുത്തിയിട്ടുമുണ്ട് എന്നിരിക്കെ വിമര്‍ശകര്‍ വീണ്ടും വീണ്ടും ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്തുന്നത് വാസ്തവങ്ങളുമായി ഒരു ബന്ധവുമില്ല. എല്ലാ രാജ്യത്തിനും അവരവരുടെ നിയമങ്ങള്‍ ഉണ്ടാകും എന്നിരിക്കെ ലോകകപ്പ് നടത്തുന്ന രാജ്യത്തിന്റെ മതവും സംസ്‌കാരവും വിവാദങ്ങളുയര്‍ത്തി പോര്‍ക്കളത്തില്‍ എത്തിക്കുന്നത് പടിഞ്ഞാറിനെ ഏറ്റവും അധികം അലട്ടുന്ന ഇസ്‌ലാമോഫോബിയ അല്ലാതെ മറ്റൊന്നുമല്ല.


മുസ്‌ലിം രാജ്യമായതിനാല്‍ മദ്യം ലഭ്യമാവുകയില്ല, മദ്യപിക്കുന്നവര്‍ ഖത്തറിലേക്ക് വരണമെന്നില്ല, മദ്യപിച്ചാല്‍ കളി കാണാനാകില്ല തുടങ്ങിയവയാണ് തുടക്കം മുതല്‍ വിമര്‍ശകര്‍ ഉന്നയിച്ചു കൊണ്ടിരുന്ന മറ്റൊരു പ്രചാരണം. വാസ്തവത്തില്‍ ഖത്തര്‍ മദ്യ നിരോധിത രാജ്യമൊന്നുമല്ല. ബാറുകളും മദ്യവില്‍പനശാലകളും ഖത്തറില്‍ എമ്പാടും പ്രവര്‍ത്തിക്കുന്നുമുണ്ട്. ഹോട്ടലുകളില്‍ വിദേശികള്‍ക്ക് സുലഭമായി മദ്യലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാല്‍, മുസ്‌ലിം രാജ്യമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ മദ്യപാനത്തിനു നിയന്ത്രണങ്ങളുണ്ട്. കളികാണാനായി ടിക്കറ്റ് എടുത്ത എല്ലാവര്‍ക്കും കളി ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പും കളി കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷവും ബിയര്‍ വാങ്ങാനാകുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു. മദ്യപിക്കുന്ന ആരാധകര്‍ക്കായി പ്രത്യേകമായ ഇടവും നിശ്ചയിച്ചു കൊടുത്തിട്ടുണ്ടെന്ന് ടൂര്‍ണമെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ ഖാത്തര്‍ അറിയിച്ചിരുന്നു. മത്സര സമയത്ത് മദ്യവില്‍പ്പന അനുവദിക്കില്ലെന്നുള്ളത് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട ഒരു കാര്യവുമല്ലെന്നതാണ്‌ വാസ്തവം. ഫിഫ ഫെസ്റ്റിവല്‍ ഇടങ്ങളായി അടയാളപ്പെടുത്തിയ പത്തോളം സ്ഥലങ്ങളിലും അതിഥി സല്‍ക്കാര കേന്ദ്രങ്ങളിലും മദ്യം ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ കൃത്യമായി അറിയിച്ചിട്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടേയിരിക്കുന്നു.

വിദേശ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു, അവര്‍ക്ക് ശമ്പളം നല്‍കാതെ പിരിച്ചുവിടുന്നു, ദുഷ്‌കരമായ തൊഴിലിടത്തില്‍ തൊഴിലാളികള്‍ മരണപ്പെടുന്നു എന്നൊക്കെയാണ് മറ്റൊരു ആരോപണം. ഖത്തറിലെ തൊഴിലിടങ്ങളിലെ മനുഷ്യാവകാശ ലംഘനം വിവാദമാക്കുന്നവര്‍ കേവലം 50 വര്‍ഷത്തെ ചരിത്രമുള്ള ഒരു അറബ് രാജ്യത്തെയാണ് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ലോകത്തുടനീളം കോളനികളുണ്ടാക്കിയ വന്‍ രാജ്യങ്ങളുമായി തുലനം ചെയ്യുന്നത്. ഖത്തറിലെ വിദേശ തൊഴിലാളികള്‍ അവരുടെ തൊഴിലിടങ്ങളില്‍ സന്തുഷ്ടരാണെന്നതിനുള്ള ഏറ്റവും വലിയ തെളിവ് ഖത്തറില്‍ തൊഴിലെടുക്കുന്ന ലക്ഷക്കണക്കിനു മലയാളികള്‍ തന്നെയാണ്. ഏറ്റവും ചെറിയ തസ്തികയിലും ഏറ്റവും ഉയര്‍ന്ന തസ്തികകളിലും മലയാളികള്‍ ജോലിയെടുക്കുന്നു. ഖത്തറില്‍ നാലര വര്‍ഷത്ത പരിചയം ഇതെഴുന്നയാള്‍ക്കുമുണ്ട്. 2016ല്‍ ഖത്തര്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നിയമാവലികള്‍ അനുസരിച്ചുള്ള തൊഴില്‍ പരിഷ്‌കരണം നടപ്പില്‍ വരുത്തിയിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥയിലും മാറ്റം വരുത്തി. 2019ല്‍ വീണ്ടും തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. മിനിമം വേതനം ഉള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങളും നടപ്പാക്കിയിരുന്നു. ഇതൊന്നും അറിയാതെയാണ് വാര്‍ത്തകളും ലേഖനങ്ങളും പടച്ചു വിടുന്നത്.


നടത്തിയവരുടെ ചരിത്രം ചികയാതെ

1930 ഉറുഗ്വേയില്‍ ആദ്യ ലോകകപ്പ് നടക്കുമ്പോള്‍ ആ രാജ്യത്തിന്റെ സംസ്‌കാരവും മനുഷ്യാവകാശ സൂചികയും ആരും ചോദ്യം ചെയ്യുകയുണ്ടായില്ല. 1934 ലും 1990 ലും ലോകകപ്പ് നടത്തിയപ്പോള്‍ മുസ്സോളിനിയെ കുറിച്ചും ലോകത്തെ കാര്‍ന്നു തിന്ന ഫാസിസമെന്ന പ്രത്യയശാസ്ത്രത്തെ കുറിച്ചും ആര്‍ക്കും ഒരു പ്രശ്‌നവും ഇല്ലായിരുന്നു. 1954 സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ലോകകപ്പ് നടത്തിയപ്പോള്‍ അവിടുത്തെ കാലാവസ്ഥയെ ആരും വിമര്‍ശിക്കുകയൊ വിവാദമാക്കുകയോ ചെയ്തില്ല. 1974 ലും 2006ലും ജര്‍മനിയില്‍ ലോകകപ്പ് മത്സരങ്ങള്‍ നടക്കുകയുണ്ടായി. ജര്‍മനിയുടെ മനുഷ്യാവകാശ ലംഘനങ്ങളോ ഹിറ്റ്‌ലര്‍ കൊന്ന ജൂതന്മാരുടെ കണക്കെടുപ്പോ നാസിസമെന്ന അപകടകരമായ പ്രത്യയശാസ്ത്രമോ ജര്‍മനിയുടെ മതമോ അതിനു സഹായിച്ച സംസ്‌കാരമോ ഒരവസരത്തിലും വിമര്‍ശന വിധേയമാക്കിയില്ല. 1978ല്‍ അര്‍ജന്റീന ലോകകപ്പിന് ആതിഥ്യം അരുളിയപ്പോള്‍ അവിടെ നടന്ന പട്ടാള അട്ടിമറികള്‍ ആരും ചര്‍ച്ചക്കെടുക്കുകയുണ്ടായില്ല.

ഭൂമിശാസ്ത്രപരമായി ചെറിയ ഒരു രാജ്യമായിരുന്നിട്ടും ഖത്തറിനു അതിജീവിക്കാന്‍ സാധിക്കുന്നുവെന്നതാണ് പ്രധാനം. 2017ല്‍ അയല്‍രാജ്യങ്ങളും സഖ്യകക്ഷികള്‍ പോലും ബഹിഷ്‌കരിക്കുകയും ഉപരോധിക്കുകയും ചെയ്തിട്ടും അവയെ മറികടക്കാന്‍ ഖത്തറിന് നിഷ്പ്രയാസം സാധിച്ചിരുന്നു. ഉപരോധത്തിന് ആഹ്വാനം ചെയ്തവരെ പോലും നിഷ്പ്രഭമാക്കി കൊണ്ടാണ് ഈ കൊച്ചു രാജ്യം അന്ന് ഉയര്‍ന്നു നിന്നത്. ലോകകപ്പ് കഴിയുമ്പോള്‍ സമാനമായ കാഴ്ച്ചയാണ് വീണ്ടും കാണാനിരിക്കുന്നത്. ഏറ്റവും ഭംഗിയായി ലോകകപ്പ് നടത്തിക്കൊണ്ട് മറുപടി പറയുമെന്ന ഖത്തര്‍ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് അതാണ് സൂചിപ്പിക്കുന്നത്. 

1950 ലും 2014 ലും ബ്രസീല്‍ ലോകകപ്പിന് ആതിഥ്യം അരുളി. 2014 ല്‍ ലോകകപ്പ് നടത്തുന്നതിനു വേണ്ടി എത്രയോ ജനങ്ങളുടെ താമസയിടങ്ങള്‍ ബുള്‍ഡോസറുകള്‍ക്ക് വിധേയമാക്കിയാണ് അവിടെ ലോകകപ്പ് മാമാങ്കം ഒരുക്കിയത്. ലോക മാധ്യമങ്ങള്‍ക്ക് ഇതൊന്നും വിവാദമായിരുന്നില്ല. 1994 ല്‍ അമേരിക്കയിലെ ലോസ്ആഞ്ചല്‍സില്‍ വേള്‍ഡ്കപ്പ് ഫൈനല്‍ നടത്തിയപ്പോള്‍ ഹിരോഷിമയിലും നാഗസാക്കിയിലും ഉള്‍പ്പെടെ അമേരിക്ക ഉപയോഗിച്ച് അറ്റോമിക് ബോംബുകളുടെ കണക്ക് ആരും ചോദിച്ചില്ല. ഇറാഖും അഫ്ഘാനിസ്ഥാനുമുള്‍പ്പെടെ നശിപ്പിച്ച രാജ്യങ്ങളുടെ പട്ടിക ആരും നിരത്തിയിരുന്നില്ല. അമേരിക്കയില്‍ നടക്കുന്ന വംശീയ അധിക്ഷേപങ്ങളെ കുറിച്ച് ആരും ഒരു തരത്തിലും ചര്‍ച്ച ചെയ്തില്ല. ഇനി അടുത്ത ലോകകപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ വിവാദമാക്കുന്നവരെ തിരിയിട്ട് തെരഞ്ഞാലും കാണുകയുമില്ല. 2018ല്‍ റഷ്യയില്‍ വേള്‍ഡ് കപ്പ് നടക്കുമ്പോള്‍ അവിടുത്തെ സ്വവര്‍ഗരതിക്കാര്‍ക്കെതിരെ വലിയ സമരങ്ങള്‍ നടന്നിരുന്നു. 1999 വരെ റഷ്യയില്‍ സ്വവര്‍ഗരതി മാനസിക രോഗം (മെന്റല്‍ ഇല്‍നെസ്സ്) ആയിരുന്നു. 2013 വരെയും സ്വവര്‍ഗരതിക്കെതിരായ സമരത്തെ ഭരണകൂടവും പ്രോത്സാഹിപ്പിച്ചു. അവിടെയും വിമര്‍ശകരെ നാം കാണുകയുണ്ടായില്ല. റഷ്യയില്‍ ലോക കപ്പ് നടക്കുന്ന അതേ സമയത്ത് സിറിയയില്‍ സാധാരണ പൗരന്‍മാര്‍ റഷ്യന്‍ ആക്രമണത്തില്‍ മരിച്ചുവീഴുന്ന സമയം കൂടിയായിരുന്നു. സ്ത്രീകളുടേയും കുട്ടികളൂടെയും സാധാരണ പൗരന്റെയും അവകാശത്തെ പറ്റി ആരെങ്കിലും ചര്‍ച്ച ചെയ്യുന്നത് കണ്ടില്ല. എന്നാല്‍, ഖത്തറിനെതിരെ ഇതെല്ലാം ഒന്നിച്ച് കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നത് സ്വാഭാവികമാണ്.




ഖത്തര്‍ അതിജീവിക്കുന്ന വിധം

12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തര്‍ ലോകകപ്പ് ഖത്തറിലേക്ക് കൊണ്ടുവരാന്‍ അഴിമതി നടത്തിയെന്ന് ആദ്യമായി ആരോപണമുന്നയിച്ചത് അമേരിക്കന്‍ നീതിന്യായ വകുപ്പായിരുന്നു. 2010-ല്‍ ഫിഫ വേള്‍ഡ് കപ്പ് ഖത്തറിനു അനുമതി നല്‍കുമ്പോള്‍ തുടങ്ങിയ വിവാദങ്ങള്‍ക്ക് പിന്നീട് അറുതിയുണ്ടായിട്ടില്ല. ചൂട് കൂടീയ ജൂണ്‍ മാസത്തില്‍ നിന്നും ചൂട് കുറഞ്ഞ നവംബര്‍ മാസത്തിലേക്ക് ടൂര്‍ണമെന്റ് മാറ്റിയതുമുള്‍പ്പെടെ എല്ലാ തീരുമാനങ്ങളും ഫിഫയുടെ പൂര്‍ണ്ണമായ അംഗീകാരത്തോടെയാണെന്നിരിക്കെ രാജ്യത്തെ കാലാവസ്ഥ പോലും വിമര്‍ശകര്‍ വലിയ ആയുധമാക്കുന്നു. എന്നാല്‍, വിമര്‍ശകരുടെ സംഘം ചേര്‍ന്ന പ്രചാരണങ്ങള്‍ക്ക് ഖത്തര്‍ മാന്യമായ മറുപടി നല്‍കി. ഭൂമിശാസ്ത്രപരമായി ചെറിയ ഒരു രാജ്യമായിരുന്നിട്ടും ഖത്തറിനു അതിജീവിക്കാന്‍ സാധിക്കുന്നുവെന്നതാണ് പ്രധാനം. 2017ല്‍ അയല്‍രാജ്യങ്ങളും സഖ്യകക്ഷികള്‍ പോലും ബഹിഷ്‌കരിക്കുകയും ഉപരോധിക്കുകയും ചെയ്തിട്ടും അവയെ മറികടക്കാന്‍ ഖത്തറിന് നിഷ്പ്രയാസം സാധിച്ചിരുന്നു. ഉപരോധത്തിന് ആഹ്വാനം ചെയ്തവരെ പോലും നിഷ്പ്രഭമാക്കി കൊണ്ടാണ് ഈ കൊച്ചു രാജ്യം അന്ന് ഉയര്‍ന്നു നിന്നത്. ലോകകപ്പ് കഴിയുമ്പോള്‍ സമാനമായ കാഴ്ച്ചയാണ് വീണ്ടും കാണാനിരിക്കുന്നത്. ഏറ്റവും ഭംഗിയായി ലോകകപ്പ് നടത്തിക്കൊണ്ട് മറുപടി പറയുമെന്ന ഖത്തര്‍ ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടവരുടെ അറിയിപ്പ് അതാണ് സൂചിപ്പിക്കുന്നത്. വിമര്‍ശനങ്ങളും പരാജയപ്പെടുത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളും വെല്ലുവിളിയായി സ്വീകരിച്ച് പ്രായോഗികമായ പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടുള്ള മാന്യമായ മറുപടിയാണ് ഇതുവരെയും ഖത്തര്‍ നല്‍കുന്നത്. വാക്കുകള്‍ കൊണ്ടുള്ള മറുപടിയേക്കാള്‍ നിശിതമായ മറുപടിയാണത്. ഖത്തര്‍ അതിജീവിക്കുന്നതും സ്വീകരിക്കപ്പെടുന്നതും ഈ മാതൃകയിലാണ്.

ലോകത്ത് വിമര്‍ശനങ്ങള്‍ ഒഴിവുള്ള, യാതൊരു അധിക്ഷേപവും ഇല്ലാത്ത ഏത് രാജ്യത്താണ് ഫിഫക്ക് ലോകകപ്പ് നടത്താന്‍ ആവുക? ഏത് രാജ്യത്തിനാണ് സ്വന്തം കൈകള്‍ സുരക്ഷിതമാക്കി സദാചാരപൊലീസ് ചമയാന്‍ കഴിയുക? യാതൊരു മനുഷ്യാവകാശ ലംഘനങ്ങളും നടക്കാത്ത ഏതു രാജ്യമാണ് ലോകത്ത് അവശേഷിക്കുന്നത്.? വംശീയതയുടെ ആഗോള കലണ്ടറില്‍ ഉന്നതസ്ഥാനമുള്ളവരാണ് മനുഷ്യാവകാശ ലംഘനത്തെ പറ്റി വാചാലരാകുന്നത് എന്നത് അത്ഭുതമുളവാക്കുന്നു. അഞ്ച് ലക്ഷത്തിനു താഴെ ജനസംഖ്യയുള്ള ഒരു രാജ്യം ആ ജനസംഖ്യയുടെ അഞ്ചിരട്ടിയോളം തൊഴിലിടം മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നത് ഏറെ പ്രാധാന്യമുള്ളതാണ്. വിമര്‍ശനമുന്നയിക്കുന്ന രാജ്യങ്ങള്‍ അവയുടെ തൊഴിലിടങ്ങളില്‍ പുറംരാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും അഭയാര്‍ഥികളെയും സ്വീകരിച്ച കണക്കുകളെടുത്താല്‍ അറിയാം ഇതിലുള്ള അന്തരം. വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ ചിന്തിയ രക്തത്തിന്റെയും കൊന്ന മനുഷ്യരുടെയും നശിപ്പിച്ച ജനതതികളുടെയും കണക്കും പരിശോധനക്ക് വെക്കേണ്ടതുണ്ട്. യാതൊരു കഴമ്പുമില്ലാതെ വിഡ്ഢിത്തങ്ങള്‍ വിളമ്പുകയും ശുദ്ധവംശീയത സംസാരിക്കുകയും ചെയ്യുന്ന യൂറോപ്പിനെ അതിജീവിക്കാന്‍ ഖത്തറിനു അധികം വിയര്‍ക്കേണ്ടി വരില്ല. വിമര്‍ശനങ്ങള്‍ പൊള്ളയാണെന്ന് പടിഞ്ഞാറുനിന്നുള്ളവര്‍ ഖത്തറിലെത്തിയപ്പോള്‍ പറഞ്ഞുതുടങ്ങിയിരിക്കുന്നു. തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടെന്ന് ഫ്രാന്‍സ് ക്യാപറ്റന്‍ ഹുഗോ യോറിസും തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് മുന്‍ ജര്‍മന്‍ താരം ഫിലിപ്പ് ലാമും ചുറ്റും നടക്കുന്നത് വംശീയതയാണെന്ന് ഫിഫ പ്രസിഡണ്ട് ഗ്യാനി ഇന്‍ഫന്റിനൊയുമൊക്കെ നല്‍കുന്ന പ്രതികരണങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നത്. വിവാദങ്ങള്‍ പെരുകുംതോറും ഖത്തര്‍ അതിന്റെ ഖ്യാതി വര്‍ധിപ്പിക്കുകയാണ്.

ഖത്തറിനെ ഉന്നം വെക്കുന്നവരുടെ ലക്ഷ്യം

എല്ലാ വിമര്‍ശനങ്ങളുടെ പിന്നിലും ഒരു ആന്തരോദ്ദേശമുണ്ടാകും. അത് കൂടി വ്യക്തമാകുമ്പോഴാണ് പടിഞ്ഞാറന്‍ കാപട്യത്തിന്റെ ചീഞ്ഞളിഞ്ഞ ചിത്രം ഒന്നുകൂടി തെളിയുന്നത്. ഇന്നുവരെ യൂറോപ്പും അമേരിക്കയും നടത്തിപ്പോന്ന (ഒരു തവണ മാത്രമാണ് ആഫ്രിക്കയിലും ഏഷ്യയിലും നടന്നത്) ലോകത്തിലെ ഏറ്റവും വലിയ ഒരു കായിക മാമാങ്കം അറബ് മുസ്‌ലിം രാജ്യം നടത്തിക്കാണിക്കുമ്പോള്‍ അത് വമ്പന്‍ രാജ്യങ്ങള്‍ക്ക് നാണക്കേടുണ്ടാക്കേണ്ട ഒരു കാര്യവുമില്ല. എന്നാല്‍, അറബ് മുസ്‌ലിം രാജ്യത്തിന് ലോകകപ്പ് ആതിഥ്യമരുളാന്‍ കിട്ടിയ അവസരം പടിഞ്ഞാറിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ഖത്തര്‍ പുലര്‍ത്തുന്ന ഇസ്‌ലാമിക മര്യാദകളും ഒരു അറബ് രാജ്യമെന്ന നിലയിലുള്ള ആധികാരികതയും ലോകത്തിനു മുന്നിലുള്ള അവരുടെ വിശ്വാസ്യതയും പടിഞ്ഞാറിനെ അലട്ടുന്നു. ലോകത്തിലെ ഏറ്റവും വലിയ ലോകകപ്പ് നടത്തിക്കൊണ്ട് ലോക കായികഭൂപടത്തില്‍ ഖത്തര്‍ അടയാളപ്പെടുത്താന്‍ പോകുന്നപ്രതിഛായക്ക്‌ ഭംഗം വരുത്തിയില്ലെങ്കില്‍ അത് യൂറോപ്പിന് നാണക്കേടുണ്ടാക്കുമെന്ന് അവര്‍ ഭയക്കുന്നു. കായിക വിനോദങ്ങളില്‍ പോലും അറബ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് നേതൃത്വം കൈവരുന്നത് ചില കേന്ദ്രങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ക്കെതിരെ പടിഞ്ഞാറ് ഉണ്ടാക്കിവെച്ച മോശമായ ചിത്രവും നിര്‍മിത ആഖ്യാനങ്ങളും ഈ ലോകകപ്പ് കഴിയുമ്പോള്‍ ഇല്ലാതാകുമെന്നും ഖത്തറിലേക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിനു ആളുകള്‍ അത് തിരുത്തുമെന്നും ചില കേന്ദ്രങ്ങള്‍ വല്ലാതെ ഭയക്കുന്നു. എന്നാല്‍, പരാജയം കാംക്ഷിക്കുന്നവര്‍ക്ക് മുന്നില്‍ സമാധാനത്തോടുകൂടി വളരെ സമര്‍ഥമായി ഖത്തര്‍ അത് നടത്തിക്കാണിക്കുകയാണ്.


മറ്റൊന്ന് ജൂത ലോബിയുമായി ബന്ധപ്പെട്ടതാണ്. ഖത്തര്‍ എന്നും മനുഷ്യാവകാശങ്ങള്‍ക്ക് ഉയര്‍ന്ന മൂല്യം കല്‍പിച്ചു നല്‍കിയിരുന്നു. ഫലസ്തീന്‍ വിഷയത്തില്‍ നാളിതുവരെ ഫലസ്തീനൊപ്പം നിലകൊണ്ട രാജ്യമാണ് ഖത്തര്‍. ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള പൊതുവേദികളില്‍ ഇസ്രായേലിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. പടിഞ്ഞാറിന്റെ ഇരട്ടത്താപ്പിനെ തുറന്നു കാണിച്ചിട്ടുമുണ്ട്. മറ്റു അറബ് രാജ്യങ്ങള്‍ ഇസ്രായേലിനു പച്ചക്കൊടി കാണിച്ചിട്ടും ഖത്തര്‍, ഫലസ്തീന്‍ വിഷയത്തില്‍ തീര്‍പ്പാകാതെ യാതൊരു അനുനയത്തിന്റെ പ്രശ്‌നവും ഉദിക്കുന്നില്ല എന്ന് തുറന്നടിച്ചതും ലോകം കണ്ടതാണ്. ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ ഫലസ്തീന്‍ കൊടി പാറിപ്പറക്കുമെന്ന വാര്‍ത്തയും ജൂതലോബിയെ വല്ലാതെ കുഴക്കുന്നുണ്ടായിരുന്നു. ഖത്തറിനെ ആക്രമിക്കാനും ലോകകപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇസ്രായേലാണ് ആദ്യം അവിടെയുള്ള പ്രാദേശിക മാധ്യമങ്ങളെ ഉപയോഗിച്ചത്. ലോകത്തെമ്പാടും പരന്നുകിടക്കുന്ന ജൂതന്‍മാരായ മാധ്യമപ്രവര്‍ത്തകര്‍ ഇത് ഏറ്റു പിടിക്കുകയായിരുന്നു.


ഇനിയുമുള്ളത് തികച്ചും രാഷ്ട്രീയപരമായ കാരണമാണ്. ചരിത്രത്തില്‍ ആദ്യമായാണ് എണ്ണയുണ്ടാക്കുന്ന പ്രതിസന്ധിയും പെട്രോളിയം വാതകങ്ങളും ലോകകപ്പ് നടത്തിപ്പിനെ നേരിട്ട് ബാധിക്കുന്നത്. വിവിധങ്ങളായ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഗ്യാസ് സമൃദ്ധിയായി എത്തിച്ചിരുന്നത് റഷ്യയായിരുന്നു. എന്നാല്‍, യുക്രൈന്‍ യുദ്ധാനന്തരം യൂറോപ്പിനു വന്ന ഗ്യാസ് ലഭ്യതയുടെ കുറവ് പരിഹരിക്കാന്‍ ഖത്തറില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ഗ്യാസ് ലഭ്യമാക്കാന്‍ യൂറോപ്പ് കൊണ്ടുപിടിച്ച് ശ്രമിച്ചു. എന്നാല്‍, യൂറോപ്പ് പറയുന്ന വിലക്ക് ഗ്യാസ് നല്‍കാന്‍ ഖത്തര്‍ വഴങ്ങിയില്ല. മറ്റു രാജ്യങ്ങളുമായി നിലവില്‍ ഖത്തര്‍ പുലര്‍ത്തുന്ന കരാര്‍ ലംഘിക്കുവാന്‍ സാധ്യമല്ലെന്നും കൂടിയ അളവില്‍ ഉത്പാദിപ്പിക്കുന്നത് ഖത്തറിനുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് ഖത്തര്‍ കാരണം അറിയിച്ചത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കാണ് ഖത്തര്‍ ഇപ്പോള്‍ ഗ്യാസ് നല്‍കുന്നത്. അതു ഒഴിവാക്കി യൂറോപ്പിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ ഖത്തര്‍ തയ്യാറായില്ല എന്നത് പല യൂറോപ്യന്‍ രാജ്യങ്ങളെയും ചൊടിപ്പിച്ചു. അതുകൊണ്ടു കൂടിയാണ് ''ലോകകപ്പ്'' എന്ന തുറുപ്പുശീട്ട് ഉപയോഗിച്ച് ഖത്തറിനെ മെരുക്കാനുള്ള ശ്രമം യൂറോപ്പിന്റെ ഭാഗത്ത് നിന്നും വ്യാപകമായി നടക്കുന്നത്. ഖത്തര്‍ ഈ ആവശ്യം നിരസിച്ച സമയത്തായിരുന്നു ജര്‍മന്‍ ആഭ്യന്തര മന്ത്രി രോഷം കൊണ്ടതും സ്ഥാനപതിയെ തിരിച്ച് വിളിച്ചതും. ലോകകപ്പിനെതിരെ നില്‍ക്കുവാന്‍ ഔദ്യാഗികമായ കത്തയച്ചതും!

വിമര്‍ശകരെ അവരുടെ വഴിക്ക് വിട്ട് കൊടുത്തു കൊണ്ട് ചരിത്രത്തിലിന്നോളം കാണാത്ത ഒരു ലോകകപ്പ് സ്വന്തം മുതല്‍ മുടക്കില്‍ നടത്തുകയാണ് ഖത്തര്‍. 25 വര്‍ഷങ്ങള്‍ കൊണ്ട് ഒരു രാജ്യത്തിനുണ്ടാകേണ്ട വികസനം ഖത്തറില്‍ 10 വര്‍ഷം കൊണ്ട് സംഭവിക്കുകയാണ്. ഇതുവഴി രാജ്യത്തിന്റെ ഘട്ടംഘട്ടമായ പുരോഗതിയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. മികച്ച റോഡുകള്‍, അന്ത്യന്താധുനിക മെട്രോ സംവിധാനം, സര്‍വ്വ സജ്ജമായ വിനോദ കേന്ദ്രങ്ങള്‍, നൂറോളം പുതിയ ഹോട്ടലുകള്‍ എന്നിവയെല്ലാം രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിന്‌ പകിട്ടേകും. ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തില്‍ ടൂറിസത്തിനു വലിയ സാധ്യതയുമുണ്ട്. ഈ അസുലഭ അവസരം ഖത്തര്‍ നിവാസികള്‍ മാത്രമല്ല, ഖത്തറില്‍ താമസിക്കുന്ന എല്ലാവരും ഒരു പോലെ സന്തോഷത്തോടേ ഏറ്റെടുക്കുകയാണ്. വിദേശ തൊഴിലാളികള്‍ മുന്നിലുണ്ട്. അത് അവരുടെ കൂടി ഉത്സവമാണ് എന്ന് അവര്‍ വിശ്വസിക്കുന്നത് കൊണ്ടാണത്. അതെ, കാല്‍പന്തുകളിയുടെ ആരാധകര്‍ മാത്രമല്ല, ലോകം മുഴുവന്‍ ഇനി ഖത്തറിലേക്ക് ഉറ്റുനോക്കുകയാണ്. വിമര്‍ശനങ്ങളും വ്യാജാരോപണങ്ങളും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി ഇനി ഗോളുകള്‍ പിറക്കുന്നത് നമുക്കും കണ്ടിരിക്കാം.

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ഹകീം പെരുമ്പിലാവ്

contributor

Similar News